Image

മൂന്നാം പക്കം -(ചെറുകഥ: മാലിനി)

മാലിനി Published on 04 November, 2013
മൂന്നാം പക്കം -(ചെറുകഥ: മാലിനി)
രണ്ടു വലിയ ശരികളുടെ കൂട്ടി ഉരസ്സലിന്നവസാനം, ഒത്തിരി ചോദ്യങ്ങളുടെയും അശാന്തിയുടെയും ഒടുവിലാണ് അവള്‍ ഇറങ്ങി നടന്നത്.
തനിക്കു രവിയെ സ്‌നേഹിയ്ക്കാന്‍ കഴിയുന്നില്ല എന്ന അറിവ്. എന്നാല്‍ അതിനു പകരം മറ്റാരാളെ സ്‌നേഹിയ്ക്കാനില്ല എന്ന നേര്.
രവി തന്നെ സ്‌നേഹം കൊണ്ട് മൂടിപ്പൊതിയുന്നു. മറ്റാരും തന്നെ സ്‌നേഹിയ്ക്കാത്തത്, തനിക്കു മറ്റാരെയും സ്‌നേഹിയ്ക്കാനാകാത്തത് രവി തന്നെ സ്‌നേഹിക്കുന്നു. എന്നിട്ടും തനിക്കു രവിയെ സ്‌നേഹിയ്ക്കാന്‍ കഴിയുന്നില്ല.
നാല്പതു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം എന്തേ മനസ്സിന് ഇങ്ങനെ ഒരു അശാന്തി?
സത്യങ്ങളുടെ തമ്മില്‍തല്ല്.
അവ തമ്മിലടിക്കുമ്പോഴത്തെ നോവ്
എന്തേ ഇതിങ്ങനെ?
ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ അവളുടെ മനസ്സില്‍ പതിയെപ്പതിയെ ഒരു ഭയം തലപൊക്കുന്നു. അനുഭവിച്ചു മറന്ന ഒരു വിഭ്രാന്തിയുടെ സ്പര്‍ശം! അതുണര്‍ത്തുന്ന ഞടുക്കം!
പിന്നെയും ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ ഓരോന്നായി മുന്നില്‍. തന്റെ ആദ്യപ്രസവത്തിനുശേഷം തനിക്കെന്തു പറ്റിയിരുന്നു? അന്നത്തെ കണ്ണുനീര്‍ വേദനയുടേതായിരുന്നുവോ? മുറിവിന്റെ വേദനയായിരുന്നില്ല കണ്ണു നനച്ചത്. പിന്നെ?
ഇവിയുടെ ശ്രദ്ധയത്രയും തനിക്കു കിട്ടുന്നില്ല എന്നു നിശ്ശബ്ദമായി ഭയന്നുവോ?
വന്നുചേര്‍ന്ന ശാരീരിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനായില്ലേ?
ചുരന്നു വന്ന മുലപ്പാല്‍ കുടിയ്ക്കാനാകാതെ കുഞ്ഞിന്റെ ചുണ്ടുകള്‍ തപ്പിത്തടഞ്ഞപ്പോള്‍, താനെന്തേ കുപ്പിപ്പാല്‍ കൊടുത്ത് അതിന്റെ ചുണ്ടടച്ചു?
അതിനെ തലോടിയുറക്കാതെ എന്തേ തന്റെ വിരലുകള്‍ മരവിച്ചിരിക്കുന്നു.?
തന്റെ ചുണ്ടുകള്‍ താരാട്ടുപാടാന്‍ മടിച്ചുനിന്നപ്പോല്‍, പാവം രവി താരാട്ടിയുറക്കി കുഞ്ഞിനെ.
അന്നേരമൊക്കെയും ഒരുതരം നിസ്സംഗത, മരവിപ്പ് തന്നെ പൊതിഞ്ഞിരുന്നു.
കുഞ്ഞിനോടുള്ള സന്തോഷത്തില്‍, തിരക്കില്‍ രവി തന്റെ മൗനം ശ്രദ്ധിച്ചതേയില്ല.
“ഇതൊക്കെ കണ്ട ബന്ധുക്കള്‍ പറഞ്ഞു. ഇവള്‍ക്കെന്താ വല്ല ഡിപ്രഷനുമാണോ?” എന്തെങ്കിലും ചികിത്സ ചെയ്യണം.”
അതുകേട്ടയുടനെ രവി തിരിച്ചടിച്ചു.
“സുഖക്കേട് അവര്‍ക്കാ.”
തനിക്കെന്തെങ്കിലും അസുഖം വരിക എന്നത് രവിക്ക് അംഗീകരിക്കാനായില്ല.
താനും ഡിപ്രഷന്റെ അര്‍ത്ഥം പലതലങ്ങളില്‍, പലയാവര്‍ത്തി ഉരുവിട്ടു.
“വിഷാദരോഗം, വിഭ്രാന്തി, ഉദാസീനത” പിന്നെ പച്ചയായ “ഭ്രാന്ത്”
“ഹേ, എനിക്കെങ്ങും ഒരു കുഴപ്പോം ഇല്ല”
എന്നു പറഞ്ഞു ഞാനും രവിയോടു യോജിച്ചു.
പതിയെപ്പതിയെ, മൗനത്തില്‍ നിന്നും മരവിപ്പില്‍ നിന്നും ഒരു വിടുതല്‍ വന്നു. കൈകാലിളക്കി ചിരിക്കുന്ന കുഞ്ഞ് എങ്ങോ തങ്ങി നിന്നു പോയ സ്‌നേഹം ഒരു പെരുമഴപോലെ പെയ്യുകയായി.
പിന്നെ എന്നും എല്ലാത്തിനും തിക്കായിരുന്നു.  വീട്, ഭര്‍ത്താവ്, കുട്ടികള്‍, ജോലി, രോഗങ്ങള്‍ ആഘോഷങ്ങള്‍, വാഹനവേഗതയില്‍ ദിനചര്യകള്‍. എല്ലാക്കാര്യങ്ങളും സമയസൂചിക്കനുസിച്ചു ചെയ്യപ്പെട്ടു.
ഒരു വൃത്തപരിധിയില്‍, ചുമതലകളുടെ നിയന്ത്രണത്തില്‍ ഒതുങ്ങിയ ദിവസങ്ങള്‍.
നാളുകള്‍ കഴിയെ ആ നിയന്ത്രണത്തിനൊരു മാറ്റം വന്നു.
ഒരു ലാഘവത്തവം, ഒരു നിഷ്‌ക്രിയത്തം, എങ്കിലും ഓടാന്‍ ഒരു ത്വര ബാക്കി നിന്നു.
എന്നാല്‍ ഓടിച്ചെല്ലുമ്പോള്‍ എത്താന്‍ ഒരിടമില്ല എന്ന അറിവ്.
കുട്ടികളുടെ ആവശ്യങ്ങളിലേക്കു ചെല്ലുമ്പോള്‍, "വേണ്ട മമ്മ, ഞാന്‍ തനിയെ ചെയ്‌തോളാം" എന്നുത്തരം.
പിന്നെയും പിന്നെയും അവരിലേക്കു ചെന്ന തന്റെ വാക്കുകളും ഇടപെടലുകളും അവര്‍ക്ക് അരോചകങ്ങളായപ്പോള്‍ "ഇല്ല, വേണ്ട, അറിയില്ല" എന്ന മറുപടി വാക്കുകളില്‍ ആവശ്യങ്ങള്‍ ഒതുങ്ങി.
അവരിലേക്ക് അടുക്കുന്തോറും അവര്‍ തന്നില്‍ നിന്നും ഓടിമാറുന്നു.
അടുപ്പത്തില്‍ അഴിയുന്ന ഇഴകള്‍ ചേര്‍ത്തു വയ്ക്കാന്‍ ഏറെ ശ്രമിച്ച് രവിയോടു പരിഭവിച്ചപ്പോള്‍,  "താനവരുടെ പുറകെ ഇങ്ങനെ നടക്കാതെ, അവരെ വെറുതെ വിട്" എന്ന മറുപടി.
രവിയും പതിയെപ്പതിയെ മാറുകയാണോ?
അക്കങ്ങളെ കോളങ്ങളില്‍ നിരത്തി കാത്തിരിക്കുന്ന കണ്ണുകള്‍. കടലാസില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും തിരിച്ചു കടലാസിലേക്കും കോര്‍ത്തു കിടക്കുന്ന കണ്ണുകള്‍, മറ്റെന്തൊക്കെയോ കാണാന്‍ മറക്കുന്നുവോ?
സംശയങ്ങള്‍വളര്‍ന്നു വളര്‍ന്ന് തന്നെ പൊതിയുകയാണ്. കുട്ടികള്‍ തന്നില്‍ നിന്നകലുകയും അവരിലേക്കുള്ള ദൂരം ഏറുകയും ചെയ്യുന്നുവല്ലോ എന്ന അറിവ് മനസ്സില്‍ വല്ലാത്തൊരു ആധി പടര്‍ത്തി.
വേവലാതിപ്പെട്ട മനസ്സിന് പിന്നെയും പിന്നെയും സംശയങ്ങള്‍. താനിവിടെ ഒറ്റപ്പെടുന്നുവല്ലോ എന്ന തോന്നല്‍. അതു വളര്‍ന്നു വലുതാകെ, ബന്ധങ്ങളുടെ വിള്ളലുകള്‍ വീണ വിടവുകളില്‍ അശാന്തിയുടെ മുളപൊട്ടിത്തുടങ്ങി.
അത് വളര്‍ന്ന് പടര്‍ന്ന് ഒരു മറയായി തന്റെ കാഴ്ചയെയും മറച്ചു.
അടുത്തുള്ളതൊന്നും കാണാനാകാതെ കണ്ണുകള്‍ ദൂരെ  എന്തോ തിരഞ്ഞു.
'ഡിപ്രഷന്‍' കണ്ടുനിന്നവര്‍ വീണ്ടും പറഞ്ഞു.
ഡിപ്രഷന്റെ അര്‍ത്ഥവ്യാപ്തിയില്‍ ഭയന്ന് സ്വയം പറഞ്ഞു:
ഏയ്, എനിക്കങ്ങനെയൊന്നുമില്ല.
“തന്റെ സംരക്ഷണത്തില്‍ ഇവള്‍ക്കെന്തെങ്കിലും രോഗം” രവിക്കും അതംഗീകരിക്കാനായില്ല.
അക്കളിലേക്കുള്ള ദൂരം കുറയ്ക്കാന്‍ കൊച്ചുമക്കള്‍ കാരണമാകും എന്നൊരു സന്തോഷം ബാക്കിനിന്നു. എങ്കിലും പഴമയുടെ പരിധിയില്‍ ഒതുങ്ങരുത് എന്ന നേരറിഞ്ഞ് മക്കള്‍ അവരെ ഡേക്കെയറില്‍ വളര്‍ത്തി.
പിന്നെയും പരിഭവിച്ചപ്പോള്‍, കണക്കിന്റെ കോളത്തില്‍ നിന്നും കണ്ണുയര്‍ത്തി രവിയുടെ സാന്ത്വനം.
റിട്ടയറായി. "താനിനി സ്വസ്ഥമായിരിക്ക്. മക്കള്‍ അവരവരുടെ കാര്യം നോക്കിക്കൊള്ളും."
പിന്നെ രവിയുടെ ഏറ്റവും സ്‌നേഹപൂര്‍ണ്ണമായ നോട്ടത്തോടെ ഒരു ചോദ്യം കൂടി-
“എടോ, തന്റെ എഴുത്തിനും വായനയ്ക്കും എന്തു പറ്റി?”
അവളും അതു സ്വയം ചോദിച്ചു.
തനിക്കെന്തു പറ്റി? അക്ഷരങ്ങളോടുള്ള സ്‌നേഹം എന്തേ കുറഞ്ഞുപോയി? അക്ഷരങ്ങളെയും താനിപ്പോള്‍ ഭയക്കുന്നുവോ?
മുമ്പൊക്കെയും ഏതു സങ്കടത്തിലും രവിയുടെ ഒരു നോട്ടം, ഒരു തലോടല്‍ ഒരു സാന്ത്വനമായിരുന്നു. ഇന്ന് തനിക്കെന്തേ അതനുഭവപ്പെടുന്നില്ല?
ഇന്നലെ രാത്രിതന്നെ രവിയും പറഞ്ഞിട്ടായിരുന്നുവല്ലോ താന്‍ പഴയ പുസ്തക ശേഖരങ്ങള്‍ തിരഞ്ഞത്. അബദ്ധത്തില്‍ പുസ്തകങ്ങള്‍ തട്ടിമറിഞ്ഞ് വലിയ ശബ്ദമുണ്ടായത്.   
What is She doing at this time of the night to wake this child up?
ശബ്ദം കേട്ട് ഉറക്കമുണര്‍ന്നു കരഞ്ഞ കുഞ്ഞിനെ എടുത്ത് മരുമകള്‍ക്കു പരാതി.
“Mom, why don't you go to sleep? Oh, I forgot, you are trying to get nobel prize?”
മകന്റെ പരിഹാസം.
അവരുടെ വാക്കുകള്‍ ഒരു മൂര്‍ച്ചയായി തന്റെ നെഞ്ചോടു ചേര്‍ന്നു നിന്നതേയുള്ളൂ. പക്ഷേ, അത് ആഴ്ന്നിറങ്ങിയത് രവി വന്നെത്തി നോക്കി “ഹാ തനിയ്ക്കിതെന്താ” എന്നു പറഞ്ഞ് ഈര്‍ഷ്യയോടെ തിരിഞ്ഞു നടന്നപ്പോഴാണ്.
ആ നിസ്സഹായാവസ്ഥയില്‍ ദൈവത്തെ വിളിച്ചവള്‍ കരഞ്ഞു ചോദിച്ചു.
“ഈശ്വരാ, തനിയ്ക്കിതെന്താ ഇങ്ങനെ?”
“താനെന്താ ചെയ്യുക?”   
താന്‍ ഏതിനുവേണ്ടി പ്രാര്‍ത്ഥിക്കണം?
ഏതിനുവേണ്ടി സന്തോഷിക്കണം?
ഒന്നിനും മറ്റൊന്നിനെ ജയിക്കാനാകുന്നില്ല എന്ന തോന്നല്‍. ആ തോന്നലിനുമേലെയും എന്തിനോ വേണ്ടി പോരാടുകയാണ്.
ഒന്നും ജയിക്കുന്നില്ല..
തമ്മില്‍ തല്ലുകയാണ്.
തമ്മില്‍ ഉരസുകയാണ്.
ആ ഉരസ്സലില്‍ തീപ്പൊരികള്‍ പറക്കുന്നു.
പിന്നെയവ തീ നാളങ്ങളായ് ഉയര്‍ന്നു പൊങ്ങുന്നു.
ആളിത്തിമര്‍ത്ത് അഗ്നിസ് രൂപങ്ങളായാ ഉയരുന്നു.
പിന്നെയവ അഗ്നിഗോളങ്ങളായ് അടര്‍ന്നു വീഴുന്നു.
അഗ്നികണങ്ങള്‍ ദേഹാസകലം പറ്റിപ്പിടിക്കുന്നു.
കാല്‍വെള്ളയില്‍ അവ ഒട്ടിപ്പിടിക്കുന്നു.
ആ ചൂട് സഹിക്കാനാകാതെ ജനുവരിയുടെ ഒരു
തണുത്ത രാത്രിയില്‍ ആണ് അവള്‍ ഇറങ്ങി നടന്നത്. രവി അവള്‍ക്ക് ഉദയാസ്തമയങ്ങള്‍ കാണിച്ചുകൊടുത്തിരുന്ന നദിക്കരയിലേക്ക്.
രവി അവളോടു സ്‌നേഹം പറഞ്ഞിരുന്ന നദിക്കരയിലേക്ക്. അപ്പോഴവിടെ സൂര്യന്റെ ചുവപ്പുനിറം ഉണ്ടായിരുന്നില്ല. പകരം ചന്ദ്രന്റെ വിളറിയ മുഖം.
നദിക്കരയിലേക്ക് നീണ്ട നടപ്പാതയില്‍ മഞ്ഞു മൂടിക്കിടന്നു.
പൊള്ളിത്തിണര്‍ത്ത പാദങ്ങളില്‍ തണുപ്പരിച്ചു.
ചൂടും തണുപ്പും തമ്മില്‍ത്തല്ലി.
അവയുടെ മത്സരത്തില്‍ അവള്‍ക്കു ശ്വാസം മുട്ടി.
അവള്‍ കിതച്ചു.
ഭയന്നോടി.
നദിക്കരയിലേക്ക് നീണ്ടു കിടക്കുന്ന നടപ്പാത.
അതിനൊടുവില്‍ സഞ്ചാരം നിയന്ത്രിച്ച് മടക്കി ഒതുക്കി വച്ചിരിക്കുന്ന പാലം.
അവിടെ അനിവാര്യമായ വിധി അശ്രദ്ധയുടെ രൂപത്തില്‍ പാലത്തിന്റെ ഇരുണ്ട ഗെയിറ്റുകള്‍ തുറന്നു കിടക്കുന്നു.
തടയേണ്ടുന്ന വാതിലുകള്‍ തുറന്നിരിക്കുന്നു.
അവള്‍ നടത്തം തുടര്‍ന്നു.
താഴെ നിശ്ചലമായ ജലത്തില്‍ തിളങ്ങുന് ചന്ദ്രബിംബം.
അപ്പോള്‍ അവള്‍ക്കൊരു വെളിപാടുണ്ടായി. തനിക്കെന്തേ രവിയെ സ്‌നേഹിക്കാനാകാത്തതെന്ന്.
ചന്ദ്രന്‍.
ചന്ദ്രന്‍ അവളെ നോക്കി കൈകാട്ടി വിളിക്കുന്നു.
തുറിച്ചു നോക്കുന്നു.
മന്ദഹസിക്കുന്നു.
വിരലുകളും കൈകളും ഇല്ലാത്ത ജലരാശികൊണ്ട് ആലിംഗനം ചെയ്യാനൊരുങ്ങി നില്‍ക്കുന്നു.
ചന്ദ്രന്റെ വിലാപമുഖം.
ജലപ്പരപ്പിലെ അനക്കങ്ങളില്‍ ചന്ദ്രന്റെ സ്വരം.
ചന്ദ്രനു നേരെ മന്ദഹസിച്ചവള്‍ മുന്നോട്ടു നടന്നു.
ഉറക്കത്തിന്റെ തീവ്രനിമിഷത്തിലെങ്കിലും അവളുടെ കിതപ്പ് രവിയെ വിളിച്ചുണര്‍ത്തി.
ശൂന്യമായ കിടക്ക.
നിലാവില്‍, മഞ്ഞില്‍പ്പതിഞ്ഞ കാല്‍പ്പാദങ്ങള്‍.
രവിയുടെ ശ്വാസംപ്പോലും അവളെത്തേടി.
താഴെ നദി വിരലുകളും കൈകളുമില്ലാതെ അവളെ ആലിംഗനം ചെയ്യാനൊരുങ്ങി നില്‍ക്കെ, ചന്ദ്രന്റെ മുഖം കൂടുതല്‍ അവളോടടുത്തപ്പോള്‍ ്, തെറിച്ചുവീണ ഒരു തുള്ളി വെള്ളത്തിന്റെ സ്പര്‍ശത്തില്‍ ഒന്നിളകി അവള്‍ തിരിഞ്ഞു നോക്കെ,
രവിയുടെ വിരലുകള്‍, കൈകള്‍, മുന്നോട്ടു നടക്കാന്‍ ആകാത്തവിധം അവളെ മുറുകെ പുണര്‍ന്നിരുന്നു.


മൂന്നാം പക്കം -(ചെറുകഥ: മാലിനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക