Image

വേട്ടയാടപ്പെട്ടവന്റെ മോചനം- ജോസ് കാടാപുറം

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 07 November, 2013
വേട്ടയാടപ്പെട്ടവന്റെ മോചനം- ജോസ് കാടാപുറം
ഇക്കഴിഞ്ഞ നവംബര്‍ 5ന് തിരുവനന്തപുരത്തെ സി.ബി.ഐ. കോടതി വിധി ലോകശ്രദ്ധയാകര്‍ഷിച്ചു. ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകള്‍ തങ്ങളുടെ കൈവിരലുകള്‍ ഈ കോടതിവിധിയില്‍ നിന്ന് വരാനിരുന്ന വിധി കാത്തായിരുന്നു. വേട്ടയാടപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന് അനിവാര്യമായ മോചനമായിരുന്നുയെന്നാല്‍ ആ വിധി അഗ്നിപരീക്ഷകള്‍ കടന്ന് ഒട്ടും പൊള്ളലേല്‍ക്കാതെ പിണറായി വിജയനെന്ന രാഷ്ട്രീയനേതാവ് പുറത്തുവരുമ്പോള്‍ എരിഞ്ഞമര്‍ന്നത് രാഷ്ട്രീയ കുടിലതന്ത്രങ്ങളുടെ കളങ്കപ്പെട്ട രാവണന്‍കോട്ടകളാണ്. നേതാവിനെ തളര്‍ത്തി സാധാരണക്കാരുടെ പാര്‍ട്ടിയെ തകര്‍ക്കാമെന്ന കണക്കുകൂട്ടലുകളാണ്, ഗൂഢാലോചനകളാണ് സി.ബി.ഐ കോടതിയുടെ വിധിയോടെ ചിതറി തെറിച്ചത്.

സാധാരണ നടപടികളുടെ ഭാഗമായി സി.ഐ.ജി. (Comptroller and Auditor General) ഒരു വിശദീകരണം ചോദിച്ചത് മുന്‍നിര്‍ത്തിയായിരുന്നു അഴിമതിയാരോപണത്തിന്റെ ചീട്ടുകൊട്ടാരം കെട്ടിപൊക്കി തുടങ്ങിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായാല്‍ നിയമസഭയുടെ പബ്ലിക്ക് ആക്ഷന്‍സ് കമ്മിറ്റിയുടെ പരിശോധയ്ക്ക് വിടുകയാണ് പതിവ്. ഇവിടെ സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ വിജലന്‍സ് അന്വേഷണത്തിന് വിടുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയന്‍ കുടുങ്ങുമെന്ന് വിശ്വസിച്ചിരുന്നവര്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വച്ചെന്ന് കോടതി അറിയിച്ചു.

പിണറായിയെ പ്രതിയാക്കാന്‍ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്  വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് എഴുതിയ ഉപേന്ദ്രവര്‍മ്മയെ ഉമ്മന്‍ചാണ്ടി പുറത്താക്കി. ആ സമയത്തെ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രാഷ്ട്രീയ വ്യാജ പ്രചരണം അഴിച്ചുവിടാനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. അവരും സമഗ്രമായി അന്വേഷിച്ചില്ല. തങ്ങള്‍ക്ക് അന്വേഷിക്കാനായി ഗൗരവമുള്ള ഒന്നും ഈ കേസിലില്ലെന്ന്. പിണറായിയെന്ന നേതാവിനെ പ്രതിയാക്കാന്‍ ഒന്നുമില്ലെന്ന് സി.ബി.ഐക്ക് സമ്മതിക്കേണ്ടിവന്നു. പിന്നെയെന്തിനാണ് പിണറായിയെ പ്രതിയാക്കിയതെന്ന കോടതിയുടെ ചോദ്യത്തിന്‍ സി.ബി.ഐക്ക് മറുപടിയില്ലായിരുന്നു. അപ്പോഴൊക്കെ കേരള രാഷ്ട്രീയത്തില്‍ രാഷ്ട്രീയനീക്കത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയായിരുന്നു.

യുഡിഎഫ് വിജിലന്‍സ് അന്വേഷണം നടത്തി നോക്കി, കേന്ദ്ര ആദായനികുതി വകുപ്പിനെ കൊണ്ട് അന്വേഷിപ്പിച്ചു, കേന്ദ്ര ധനകാര്യ എന്‍ഫോഴ്‌സ്‌മെന്‌റിനെകൊണ്ട് കേരളത്തിലും, ഇന്‍ഡ്യയിലും ഇന്‍ഡ്യക്ക് പുറത്തും അന്വേഷിപ്പിച്ചുനോക്കി, സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ചു നോക്കി. ഒരന്വേഷത്തിലും പണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ലയെന്ന് മാത്രമല്ല, വിജയന്‍ ലാവ്‌ലിന്‍ കേസില്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി.

സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ ലാവ്‌ലിന്‍ കേസ് ഉണ്ടാകപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ ഇടതുപക്ഷ പാര്‍ട്ടികളോട് ശത്രുതയുള്ളവരും വലതുപക്ഷ പ്രമാണിമാരുമാണ്, അധികാരദല്ലാളന്‍മാരുണ്ട്, ബ്ല്ക്‌മെയില്‍ സംഘങ്ങളുണ്ട്. ഇവരെയൊക്കെ നയ്ക്കാന്‍ ചില രാഷ്ട്രീയ രക്ഷാകര്‍ത്താക്കളും, ഇവരാണ് വിജയന്റെ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം സിംഗപ്പൂരില്‍ ഉള്ളതായി പറഞ്ഞതും, ഗള്‍ഫ് മുതലാളിയുടെ കൊട്ടാരം പോലത്തെ വീട്  പിണറായിയുടെ വീടാണെന്നും പറഞ്ഞ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കൊടുത്തതും.

പിന്നീട് ഗള്‍ഫ് മുതലാളി ഇത് തന്റെ വീടാണെന്ന് ജനങ്ങളോട് പറഞ്ഞപ്പോഴും ഫോട്ടോ പെയ്സ്റ്റ് ചെയ്ത കോട്ടയംകാരനെ സൈബര്‍ സെല്ല് അറസ്റ്റ് ചെയ്തപ്പോഴുമാണ് ജനം സത്യം മനസ്സിലാക്കിയത്. ഇങ്ങനെ എത്രയോ നുണകൊട്ടാരങ്ങള്‍ തകര്‍ന്ന് തരിപ്പണമായി. കോടതിവിധി തീര്‍പ്പ് കല്‍പ്പിച്ചുവന്ന സാഹചര്യത്തില്‍ കള്ളപ്രചരണത്തിന്റെ കരിങ്കോട്ടകള്‍, സത്യത്തിന്റെ ഇടിമിന്നലില്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഒരു പൊതുപ്രവര്‍ത്തകനെ നിരവധി വര്‍ഷങ്ങള്‍ വേട്ടയാടിയത് മുന്‍നിര്‍ത്തി ആരോപണം ഉന്നയിച്ചവരും അതിന് വിശ്വാസ്യത പകര്‍ന്നുകൊടുക്കാന്‍  നോക്കിയവരും മനസ്സാക്ഷിയുടെ കോടതിയില്‍ ശിക്ഷ ഏല്‍േണ്ടിവരുമെന്നുറപ്പ്… നാടിന്‌റെ വികസന താല്‍പര്യങ്ങലെ മുന്‍നിര്‍ത്തി നേര്‍വഴിക്ക് പ്രവര്‍ത്തിക്കുന്നവരെ തീരാത്ത കേസുകളുടെ ചങ്ങലകളില്‍ കുരുക്കിയിടുന്ന രാഷ്ട്രീയസംസ്‌കാരം ഇനിയെങ്കിലും ഇക്കൂട്ടര്‍ അവസാനിപ്പിച്ചെങ്കില്‍… ജനാധിപത്യം വിജയിക്കട്ടെ.


വേട്ടയാടപ്പെട്ടവന്റെ മോചനം- ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക