Image

ആറന്മുള: കെജിഎസ്സിന്റെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം: പൈതൃകഗ്രാമ കര്‍മ്മസമിതി

അനില്‍ പെണ്ണുക്കര Published on 09 November, 2013
 ആറന്മുള: കെജിഎസ്സിന്റെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം: പൈതൃകഗ്രാമ കര്‍മ്മസമിതി
ആറന്മുള : ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 2015 ഡിസംബറില്‍ ആരംഭിയ്ക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാത്രമേ ആറന്മുളക്കാര്‍ കരുതുന്നുള്ളുവെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി അറിയിച്ചു.
പണക്കൊഴുപ്പിലൂടെ ഏതൊക്കെ അനുമതികള്‍ കൈക്കലാക്കിയാലും ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിയ്ക്കുവാന്‍ പൊതുസമൂഹം അനുവദിക്കില്ലായെന്ന് കെജിഎസ്സിന് ബോദ്ധ്യമായിട്ടുള്ളതാണ്. എങ്കിലും ഓഹരിയുടമകളെയും ബാങ്കുകളെയും കബളിപ്പിക്കുവാന്‍ വേണ്ടി ശബരിമല, ഏഴു വീടും പുകപ്പുരയും തുടങ്ങിയ പഴകിയ വാദങ്ങള്‍ നിരത്തി എംഡി നടത്തുന്ന തീവ്രശ്രമമാണ് ഇടയ്ക്കിടയ്ക്കുള്ള പ്രസ്താവനകള്‍.
സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അവകാശവാദങ്ങളെയും നുണപ്രചരണങ്ങളെയും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി ആര്‍ ഷാജി അഭിപ്രായപ്പെട്ടു.
രാഷ്ട്രം പരമോന്നത ബഹുമതികളായ പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങിയവ നല്‍കി ആദരിച്ച മാധവ് ഗാഡ്ഗിലിനെ അവഹേളിയ്ക്കുവാന്‍ എന്തു യോഗ്യതയാണ് കെജിഎസ് എംഡിയ്ക്ക് ഉള്ളതെന്ന് കമ്പനിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് പല കോടതികളിലും കേസുകള്‍ നിലനില്‍ക്കുന്നതും വിജിലന്‍സ് അന്വേഷണം നേരിടുന്നതുമായ കമ്പനിയാണ് കെജിഎസ്. 2015ല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആറന്മുളയില്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ പുറകില്‍ രാഷ്ട്രീയ നേതൃത്വത്തെ വിലയ്‌ക്കെടുത്തതു പോലെ നീതിന്യായ വ്യവസ്ഥയെയും വിലയ്‌ക്കെടുക്കാന്‍ കഴിയുമെന്ന ധാര്‍ഷ്ട്യമാണ.്
പ്രധാനമന്ത്രിയുടെ ഓഫീസിനെയും രാഷ്ട്രപതിയുടെ പ്രസംഗത്തെയും വരെ സ്വാധീനിക്കാന്‍ കഴിഞ്ഞ പ്രസ്തുത ഭൂമാഫിയയുടെ എംഡിയ്ക്ക് ഒരാഴ്ചയ്ക്കകം പാരിസ്ഥിതിക അനുമതി ലഭിയ്ക്കുമെന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയുന്നത് അവരുടെ അവിഹിത സ്വാധീനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഒരുസെന്റ് സ്ഥലം പോലും സ്വന്തം പേരില്‍ ഇല്ലാതിരുന്നപ്പോഴും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ സൈറ്റ് ക്ലിയറന്‍സ് വാങ്ങിച്ച ചരിത്രം ആറന്മുളക്കാര്‍ക്ക് അറിയാം. 74 എം എല്‍ എമാര്‍ വേണ്ട എന്നു പറഞ്ഞ, നിയമസഭാ പരിസ്ഥിതി കമ്മിറ്റി നടപ്പിലാക്കരുതെന്ന് എന്ന് വിലക്കിയ, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും കേന്ദ്ര ധനവകുപ്പും എതിര്‍ത്ത വിമാനത്താവളം 2015 ഡിസംബറില്‍ തുറക്കും എന്നു പറയുന്നത് ഇന്‍ഡ്യന്‍ ജനാധിപത്യത്തോടും ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ അനുകൂലതീരുമാനങ്ങള്‍ തിരുവനന്തപുരത്തും ഡെല്‍ഹിയിലും എടുപ്പിക്കുവാന്‍ കമ്പനിയ്ക്കു കഴിഞ്ഞേക്കും എന്നാല്‍ ആറന്മുളയില്‍ വിമാനത്താവളം പണിയണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഇന്നാട്ടുകാരാണ്. പ്രസ്തുത വെല്ലുവിളിയെ ആറന്മുളയിലെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. തങ്ങളുടെ ജന്മനാടിനും ജീവിതത്തിനും വരും തലമുറയ്ക്കും വേണ്ടി സ്വന്തം മണ്ണ് സംരക്ഷിയ്ക്കുവാന്‍ ആറന്മുളക്കാര്‍ തയ്യാറാണെന്ന കാര്യം കെജിഎസ്സും ഓഹരിയുടമകളും രാഷ്ട്രീയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും ഓര്‍ക്കുന്നത് നല്ലത്. കോണ്‍ഗ്രസിലെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന നേതൃത്വം വിമാനത്താവള പദ്ധതി ഉപേക്ഷിയ്ക്കണമെന്ന പ്രമേയം പാസ്സാക്കിയ നടപടി പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് കര്‍മ്മസമിതി അഭിപ്രായപ്പെട്ടു.
കേരളാ ഹൈക്കോടതിയില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിക്കുകയും മിച്ചഭൂമി കൈവശം വയ്ക്കുകയും ചെയ്തതിന്റെ പേരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എല്ലാം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം പണിയുമെന്ന് കെ ജി എസ് ഗ്രൂപ്പ് എംഡി പറയുന്നത് കോടതിയലക്ഷ്യമാണ്. 2011 ജനുവരി മുതല്‍ പല തീയതികളില്‍ വിമാനമിറങ്ങുമെന്ന് പറഞ്ഞിട്ടും എന്തു കൊണ്ടാണ് ഒരു നുള്ളു മണ്ണു പോലും ആറന്മുളയില്‍ വിമാനത്താവളത്തിനു വേണ്ടി ഇടാന്‍ കഴിയാതെ പോയത് എന്ന് ജനങ്ങളോടു വിശദീകരിക്കണമെന്ന് പി ആര്‍ ഷാജി ആവശ്യപ്പെട്ടു.
Join WhatsApp News
oommen 2013-11-09 09:24:04
Show them another location if not Aranmula. 
വിദ്യാധരൻ 2013-11-09 16:16:28
പതിനെട്ടാം പടിയുമായി നിരപ്പിൽ കിടക്കുന്ന സ്ഥലം ആയാലോ? കട്ടിലേന്നു ഇറങ്ങണ്ട കൈ കഴുകുകേം വേണ്ടാന്നു   പറഞ്ഞത് പോലെ, അയ്യപ്പന്മാർക്ക് നേരെ സന്നിദാനത്തിലേക്ക് പ്ലെയിനേന്നു ഇറങ്ങിയാൽ മതിയല്ലോ?  കള്ള കച്ചവടക്കാരും, രാഷ്ട്രീയ മൂരാച്ചികളും, അമേരിക്കയിലെ ക്രൈസ്തവ മതം മാറ്റക്കാരും കൂടി എന്റെ അയ്യപ്പനെ അവിടെ നിന്നും ഇളക്കി വിടുന്ന മട്ടുണ്ട്.  

സ്വപ്നം കണ്ടു ഉറങ്ങു നീ ഈ ഈ 
മൂരാച്ചികളേ 
സ്വപ്നം കണ്ടു ഉറങ്ങു നീ ഈ ഈ 
ഒരിക്കിലി ഈ സ്വപ്നം 
സാക്ഷാൽക്കരിക്കുമെന്നു 
സ്വപ്നം കണ്ടു ഉറങ്ങു നീ ഈ ഈ 
ആറുമുളക്കാരുടെ 
സ്വപ്‌നങ്ങൾ തകർത്ത് 
അവിടെ നിൻ വിമാനം 
ഇരക്കാമെന്നുള്ള
സ്വപ്നം കണ്ടു ഉറങ്ങു നീ ഈ ഈ
നടക്കില്ല മോനെ 
നടക്കില്ലോരിക്കലും 
നടക്കാത്ത സ്വപ്നം കണ്ടോ നീ ഈ ഈ 
എത്ര വേണേലും കണ്ടോ നീ ഈ ഈ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക