Image

രാജരത്‌നത്തിന്‌ ഇന്‍സൈഡര്‍ കേസില്‍ 11 വര്‍ഷത്തെ തടവ്‌ ശിക്ഷ

ജോര്‍ജ്‌ തുമ്പയില്‍ Published on 23 October, 2011
രാജരത്‌നത്തിന്‌ ഇന്‍സൈഡര്‍ കേസില്‍ 11 വര്‍ഷത്തെ തടവ്‌ ശിക്ഷ
ന്യൂയോര്‍ക്ക്‌: ഗാല്യന്‍ ഗ്രൂപ്പ്‌ സ്ഥാപകനും ബില്യണയറും പ്രമുഖ വ്യവസായിയുമായ ശ്രീലങ്കന്‍ സ്വദേശിയായ അമേരിക്കന്‍ പൗരന്‍ രാജ്‌ രാജരത്‌നത്തിന്‌ ഇന്‍സൈഡര്‍ ഡ്രേഡിംഗ്‌ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ 11 വര്‍ഷത്തെ തടവ്‌ ശിക്ഷ. ഇന്‍സൈഡര്‍ ട്രേഡിംഗ്‌ കേസില്‍ ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ ശിക്ഷയാണ്‌ രാജരത്‌നത്തിന്റേത്‌. ഗൂഢാലോചന, സെക്യൂരിറ്റീസ്‌ സ്‌കാം എന്നീ കുറ്റങ്ങളാണ്‌ രാജരത്‌നത്തില്‍ ആരോപിതമായിരിക്കുന്നത്‌. ന്യൂയോര്‍ക്ക്‌ ആസ്ഥാനമായുള്ള ഹെഡ്‌ജ്‌ ഫണ്ട്‌ മാനേജ്‌മെന്റ്‌ സ്ഥാപനരംഗത്തെ വമ്പനായിരുന്ന ഗാല്യന്‍ ഗ്രൂപ്പിന്റെ, സ്ഥാപകനെ ഇന്‍സൈഡര്‍ ട്രേഡിംഗ്‌ ഗൂഢാലോചനയുടെ പേരില്‍ 2009 ഒക്‌ടോബര്‍ 16-ന്‌ എഫ്‌.ബി.ഐ അറസ്റ്റ്‌ ചെയ്‌തിരുന്നു. കഴിഞ്ഞ മെയ്‌ 11-ന്‌ രാജരത്‌നത്തെ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരുന്നു. ഈമാസം പതിമൂന്നാം തീയതിയാണ്‌ 11 വര്‍ഷത്തെ ശിക്ഷ വിധിക്കപ്പെട്ടത്‌.

കോര്‍പറേറ്റ്‌ കരാറുകളേയും മറ്റും സംബന്ധിച്ച്‌ റോബര്‍ട്ട്‌ മൊഫത്ത്‌ (ഐ.ബി.എം എക്‌സിക്യൂട്ടീവ്‌), രാജീവ്‌ ഗോയല്‍ (ഇന്റര്‍ ഗ്രൂപ്പ്‌), അനില്‍കുമാര്‍ (മകിന്‍സ& കമ്പനി) എന്നിവരില്‍ നിന്നൊക്കെ രാജരത്‌നം വിവരങ്ങള്‍ ചോര്‍ത്തിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്‍സൈഡര്‍ ട്രേഡിംഗ്‌ രംഗത്തെ കുറ്റവാളികള്‍ക്കെതിരേ നിയമം കര്‍ശനമാക്കുന്നതിന്റെ സൂചനകളാണ്‌ രാജരത്‌നത്തിന്‌ ലഭിക്കുന്ന 11 വര്‍ഷത്തെ തടവ്‌ ശിക്ഷയില്‍ വ്യക്തമാകുന്നത്‌.

നമ്മുടെ ബിസിനസ്‌ സംസ്‌കാരത്തില്‍ നിന്നും തുടച്ചുനീക്കേണ്ട വൈറസിനെയാണ്‌ രാജരത്‌നത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തുന്നതെന്ന്‌ യു.എസ്‌. ഡിസ്‌ട്രിക്‌ട്‌ ജഡ്‌ജി റിച്ചാര്‍ഡ്‌ ജെ. ഗോവല്‍ ശിക്ഷ വായിക്കവെ വ്യക്തമാക്കി.

`രാജരത്‌നത്തിന്റെ ക്രിമിനല്‍ സ്വഭാവം അസഹ്യവും ദോഷകരവും ലജ്ജയില്ലാത്തതും അഹങ്കാരം നിറഞ്ഞതും വഴിപിഴച്ചതുമാണ്‌. അയാള്‍ പഴയ സ്‌നേഹിതരെ വഞ്ചിച്ചു. കീഴ്‌ജീവനക്കാരെ വഞ്ചിച്ചു. മുഴുവന്‍ മാര്‍ക്കറ്റിനേയും വഞ്ചിച്ചു.' വിധി പ്രസ്‌താവത്തില്‍ പറയുന്നു.

2009-ലെ അറസ്റ്റിനുശേഷം പൊതുവെ സംസാരിക്കാന്‍ വിമുഖത കാട്ടുന്ന രാജരത്‌നം വിധികേട്ടശേഷവും പ്രതികരിച്ചില്ല. ശ്രീലങ്കയിലെ സുനാമി ബാധിതര്‍ക്ക്‌ രാജരത്‌നം നല്‍കിയ സഹായങ്ങളും, സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകള്‍ക്ക്‌ നല്‍കിയ സാമ്പത്തിക സഹായവും രാജരത്‌നം കടുത്ത പ്രമേഹ ബാധിതനാണെന്ന കാര്യവും ജഡ്‌ജി വിധിപ്രസ്‌താവത്തില്‍ പരാമര്‍ശിച്ചു.

കഴിഞ്ഞ അഞ്ചാണ്ടിനുള്ളില്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ സംഭാവനയെന്ന നിലയില്‍ 118,000 ഡോളര്‍ ഇദ്ദേഹം നല്‍കിയതായി ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ചുവളര്‍ന്ന്‌ ഇംഗ്ലണ്ടിലെ സസക്‌സ്‌ വാഴ്‌സിറ്റിയില്‍ നിന്ന്‌ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത രാജരത്‌നം പെന്‍സില്‍വേനിയ വാഴ്‌സിറ്റിയുടെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന്‌ 1983-ല്‍ എം.ബി.എ ബിരുദമെടുത്തു.

ചേസ്‌ മാന്‍ഹട്ടന്‍ ബാങ്ക്‌ ഓഫീസറായിട്ടായിരുന്നു രാജരത്‌നത്തിന്റെ ഔദ്യോകിക വഴികളിലെ തുടക്കം. 1985-ല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കിംഗുമായി ബന്ധപ്പെട്ട നീധം&കമ്പനിയില്‍ ഇലക്‌ട്രോണിക്‌സ്‌ വിഭാഗം അനലിസ്റ്റായി. 1991-ല്‍ കമ്പനിയുടെ പ്രസിഡന്റായി. നീധം ഗ്രൂപ്പിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു രാജരത്‌നം. രാജയുടെ മിടുക്ക്‌ തിരിച്ചറിഞ്ഞ കമ്പനി നിര്‍ദേശിച്ചതനുസരിച്ച്‌ 1992-ല്‍ നീധം എമേര്‍ജിംഗ്‌ ഗ്രൂപ്പ്‌ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ എന്ന പേരില്‍ വിപുലീകരിച്ച സ്ഥാപനത്തിന്‌ പിന്നീട്‌ ഗാല്യന്‍ ഗ്രൂപ്പ്‌ ഹെഡ്‌ജ്‌ ഫണ്ട്‌ എന്ന്‌ രാജരത്‌നം പേരിട്ടു. 400 മില്യന്‍ ഡോളറിലേറെ തുകയുടെ ഇടപാടുമായി വളര്‍ച്ചയുടെ ഉയരങ്ങളിയരങ്ങളിലായിരുന്ന ഗാല്യന്‍ ഗ്രൂപ്പ്‌ എന്ന ഈ മാനേജ്‌മെന്റ്‌ സ്ഥാപനം 2009-ല്‍ രാജരത്‌നത്തിന്റെ അറസ്റ്റിനെതുടര്‍ന്ന്‌ പൂട്ടി. 2010 ജനുവരിയില്‍ നിക്ഷേപകര്‍ക്ക്‌ മുഴുവന്‍ പണവും ലാഭവും നല്‍കിയശേഷമാണ്‌ ഗാല്യന്‍ ഗ്രൂപ്പ്‌ പൂട്ടിയത്‌.
രാജരത്‌നത്തിന്‌ ഇന്‍സൈഡര്‍ കേസില്‍ 11 വര്‍ഷത്തെ തടവ്‌ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക