Image

ഗദ്ദാഫിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന്‌ ഹിലരി (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 24 October, 2011
ഗദ്ദാഫിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന്‌ ഹിലരി (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന യുഎന്‍ ആവശ്യത്തെ പിന്തുണയ്‌ക്കുന്നുവെന്ന്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ലിബിയയില്‍ അധികാരമേറ്റെടുക്കുന്ന പുതിയ നേതൃത്വവും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു. ഭരണഘടനയുടെയും ഉത്തരവാദിത്ത ഭരണത്തിന്റെയും അടിസ്ഥാനത്തിലാവണം ലിബിയയില്‍ ജനാധിപത്യം പുന:സ്ഥാപിക്കാനെന്നും ഹിലരി വ്യക്തമാക്കി.

ഇറാഖില്‍ നിന്ന്‌ യുഎസ്‌ സേന പിന്‍മാറുന്ന സാഹചര്യം മുതെലെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്‌ടിവരുമെന്നും ഹിലരി മുന്നറിയിപ്പ്‌ നല്‍കി. ഇറാഖില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിച്ചാലും ടര്‍ക്കിയിലും മധ്യേഷ്യയിലും യുഎസ്‌ സൈനിക സാന്നിധ്യമുണ്‌ടാവും. അതിനാല്‍ സാഹചര്യം മുതലെടുക്കാമെന്ന്‌ ആരെങ്കിലും കരുതിയാല്‍ അത്‌ തെറ്റിദ്ധാരണയാണെന്നും ഹിലരി വ്യക്തമാക്കി.

മോണിക്ക ലെവിന്‍സ്‌കി വിവാദം: ക്ലിന്റണെ സ്റ്റീവ്‌ ജോബ്‌സ്‌ ഉപദേശിച്ചിരുന്നു

ന്യൂയോര്‍ക്ക്‌: മോണിക്ക ലെവിന്‍സ്‌കി വിവാദം കൈകാര്യം ചെയ്യുന്നതിന്‌ യുഎസ്‌ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണെ കഴിഞ്ഞ മാസം അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ്‌ ജോബ്‌സ്‌ ഉപദേശിച്ചിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. ജോബ്‌സിന്റെ ആത്മകഥയിലാണ്‌ ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്‌.

ലെവിന്‍സ്‌കിയും ക്ലിന്റണുമായി ബന്ധപ്പെട്ട വിവാദമുണ്‌ടായപ്പോള്‍ ക്ലിന്റണെ ജോബ്‌സ്‌ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. താങ്കള്‍ അതു ചെയ്‌തിട്ടുണ്‌ടോ എന്ന്‌ തനിക്കറിയില്ലെന്ന്‌ പറഞ്ഞ ജോബ്‌സ്‌ അഥവാ അങ്ങനെ ഉണ്‌ടായിട്ടുണ്‌ടെങ്കില്‍ അക്കാര്യം അമേരിക്കന്‍ ജനതയോട്‌ തുറന്നു പറയണമെന്ന്‌ ക്ലിന്റണെ ഉപദേശിച്ചുവെന്നാണ്‌ അദ്ദേഹത്തിന്റെ ആത്മകഥാകാരനായ വാള്‍ട്ടര്‍ ഐസാക്‌സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ജോബ്‌സിന്റെ ഉപദേശത്തിന്‌ മൗനമായിരുന്നു ക്ലിന്റന്റെ മറുപടി. ഇതുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള ജോബ്‌സിന്റെ ബന്ധത്തെപ്പറ്റി വിശദീകരിക്കുന്നതായിരിക്കും തിങ്കളാഴ്‌ച പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ ആത്മകഥയെന്നും ഐസാക്‌സണ്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ പല നയങ്ങളോടും ജോബ്‌സിന്‌ എതിര്‍പ്പുണ്‌ടായിരുന്നുവെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഒബാമയ്‌ക്കായി പരസ്യചിത്രം തയാറാക്കി നല്‍കാമെന്ന്‌ ജോബ്‌സ്‌ വാക്കു നല്‍കിയിരുന്നതായും പുസ്‌തകത്തില്‍ പറയുന്നു. ജോബ്‌സ്‌ 15-ാം വയസില്‍ മരിജുവാന ഉപയോഗിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പുസ്‌തകത്തില്‍ പറയുന്നുണ്‌ട്‌.

ബോബി ജിന്‍ഡാല്‍ വീണ്‌ടും ലൂസിയാനാ ഗവര്‍ണര്‍

ബാറ്റണ്‍ റോഗ്‌: ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ ലൂസിയാനാ ഗവര്‍ണറായി വീണ്‌ടും തെരഞ്ഞെടുക്കപ്പെട്ടു. ശക്തരായ എതിരാളികളുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമാണ്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജിന്‍ഡാല്‍ വീണ്‌ടും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്‌. 66 ശതമാനം വോട്ടു നേടിയാണ്‌ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തിയത്‌.

ഒമ്പത്‌ എതിര്‍സ്ഥാനാര്‍ഥികള്‍ക്കും ജിന്‍ഡാലിനെതിരെ പോരാട്ടംപോലും കാഴ്‌ചവെയ്‌ക്കാനായില്ല. രണ്‌ടാം സ്ഥാനത്തെത്തിയ ടാറ ഹോളിസിന്‌ 18 ശതമാനം വോട്ടു മാത്രമാണ്‌ നേടാനായത്‌. മറ്റ്‌ എട്ടു സ്ഥാനാര്‍ഥികള്‍ക്കും രണ്‌ടക്ക പിന്തുണ പോലും നേടാനായില്ല. 2008ലാണ്‌ ജിന്‍ഡാല്‍ ആദ്യമായി ലൂസിയാന ഗവര്‍ണറായി അധികാരമേറ്റത്‌.

കെനിയയിലെ യുഎസ്‌ പൗരന്മാര്‍ക്കു മുന്നറിയിപ്പ്‌

വാഷിംഗ്‌ടണ്‍: കെനിയയില്‍ യുഎസ്‌ പൗരന്മാര്‍ക്കു ആക്രമണ ഭീഷണിയുളളതായി മുന്നറിയിപ്പ്‌. നെയ്‌റോബിയിലെ യുഎസ്‌ അംബാസിഡര്‍ ആണു യുഎസ്‌ പൗരന്മാര്‍ക്കു നേരെ ആക്രമണമുണ്‌ടാകാന്‍ സാധ്യതയുണെ്‌ടന്നു മുന്നറിയിപ്പു നല്‍കിയത്‌. തട്ടിക്കൊണ്‌ടു പോയ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി സൊമാലിയന്‍ അതിര്‍ത്തിയില്‍ യുഎസ്‌ സൈനികര്‍ തെരച്ചില്‍ നടത്തിയിരുന്നു.

സൊമാലിയയിലെ ഷെബാബ്‌ തീവ്രവാദികളാണു റാഞ്ചലിനു പിന്നിലെന്നു കണെ്‌ടത്തിയതിനെ തുടര്‍ന്നാണു തെരച്ചില്‍ ഊര്‍ജിതമാക്കിയത്‌. ഈ സാഹചര്യത്തില്‍ കെനിയയിലെ വിദേശ ടൂറിസ്റ്റുകള്‍ക്കു നേരെ തീവ്രവാദ ആക്രമണമുണ്‌ടാകുമെന്നാണു സൂചന. കെനിയയില്‍ മാളുകളിലും നൈറ്റ്‌ ക്ലബുകളിലും പോകുന്ന ടൂറിസ്റ്റുകള്‍ക്കു ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്‌ട്‌. 1998ല്‍ കെനിയയിലും ടാന്‍സാനിയയിലും യുഎസ്‌ എംബസികള്‍ക്കു നേരെയുണ്‌ടായ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒബാമ വീണ്‌ടും തെരഞ്ഞെടുക്കപ്പെടില്ലെന്ന്‌ ജോബ്‌സ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു

ന്യൂയോര്‍ക്ക്‌: വ്യവസായ നയങ്ങളില്‍ സമൂലമാറ്റം വരുത്താന്‍ തയാറായില്ലെങ്കില്‍ ബറാക്‌ ഒബാമ അടുത്തവര്‍ഷത്തെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ വീണ്‌ടും തെരഞ്ഞെടുക്കപ്പെടാന്‍ ഇടയില്ലെന്ന്‌ അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ്‌ ജോബ്‌സ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ജോബ്‌സിന്റെ ആത്മകഥയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം ഒബാമയുമായുള്ള കൂടിക്കാഴ്‌ചയിക്കിടെയാണ്‌ ജോബ്‌സ്‌ ഒബാമയോട്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഒബാമയുടെ സാമ്പത്തിക നയങ്ങളില്‍ ജോബ്‌സിന്‌ വലിയ മതിപ്പില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മകഥാകരനായ ഐസാക്‌സണ്‍ പറഞ്ഞു. അനാവശ്യച്ചെലവുകള്‍ വെട്ടികുറയ്‌ക്കണമെന്നും വ്യാവസായിക നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കൂടിക്കാഴ്‌ചയില്‍ ജോബ്‌സ്‌ ആവശ്യപ്പെട്ടിരുന്നു.

കാലിഫോര്‍ണിയില്‍ ഫാക്‌ടറിക്ക്‌ സ്ഥാപിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ തനിക്ക്‌ ചൈനയില്‍ ഫാക്‌ടറി സ്ഥാപിക്കാനാവുമെന്നും ജോബ്‌സ്‌ പറഞ്ഞു. ഒബാമ നേരിട്ട്‌ ക്ഷണിക്കാത്തതിനാല്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ ജോബ്‌സ്‌ ആദ്യം വിസമ്മതിച്ചിരുന്നുവെങ്കിലും ഭാര്യ ലോറന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഒടുവില്‍ അദ്ദേഹം കൂടിക്കാഴ്‌ചയ്‌ക്ക്‌ തയാറാവുകയായിരുന്നുവെന്നും ഐസാക്‌സണ്‍ പറഞ്ഞു.

ട്രൈവാലിയിലെ 435 വിദ്യാര്‍ഥികള്‍ക്ക്‌ മറ്റു സ്ഥാപനങ്ങളില്‍ ചേരാന്‍ അനുമതി

വാഷിംഗ്‌ടണ്‍: തട്ടിപ്പു നടത്തിയതിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടിയ കാലിഫോര്‍ണിയയിലെ ട്രൈവാലി യൂണിവേഴ്‌സിറ്റിയിലെ ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 435 പേര്‍ക്കു മറ്റു സ്ഥാപനങ്ങളിലേക്കു മാറുന്നതിനു യുഎസ്‌ അധികൃതര്‍ അനുമതി നല്‌കി. 145 പേര്‍ക്ക്‌ അനുമതി നിഷേധിക്കുകയും ചെയ്‌തു.

അറുന്നൂറില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു സ്ഥാപനമാറ്റം നിഷേധിക്കാന്‍ താത്‌പ്പര്യപ്പെടുന്നതായി കാണിച്ചു നോട്ടീസ്‌ അയച്ചിട്ടുണ്‌ട്‌. ശേഷിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യം വിശദമായി പരിശോധിച്ചുവരുകയാണ്‌. ഓരോ വിദ്യാര്‍ഥിയുടെയും കേസുകള്‍ പ്രത്യേകം പരിശോധിച്ചാണു തീരുമാനം എടുത്തത്‌. വന്‍ കുടിയേറ്റ തട്ടിപ്പു നടത്തിയിട്ടുണെ്‌ടന്നു കണെ്‌ടത്തിയതിനെത്തുടര്‍ന്ന്‌ ഈ വര്‍ഷമാദ്യം യൂണിവേഴ്‌സിറ്റിയില്‍ റെയ്‌ഡ്‌ നടത്തി അടച്ചുപൂട്ടുകയായിരുന്നു.

ഇതിനെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ യുഎസ്‌ തയാറാകണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വ്യാജ യൂണിവേഴ്‌സിറ്റികളില്‍നിന്നു വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ വേണ്‌ട നടപടികള്‍ കഴിഞ്ഞയാഴ്‌ച വാഷിംഗ്‌ടണില്‍ നടന്ന പ്രഥമ ഇന്ത്യ-യുഎസ്‌ ഉന്നതവിദ്യാഭ്യാസ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക