Image

രംഗമൊരുങ്ങി; ഇന്ത്യ പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഇങ്ങടുത്ത്.

ടാജ് മാത്യു Published on 24 October, 2011
രംഗമൊരുങ്ങി; ഇന്ത്യ പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഇങ്ങടുത്ത്.
സോമര്‍സെറ്റ് (ന്യൂജേഴ്‌സി): “മാധ്യമ ലോകത്തിന്റെ സഹയാത്രികനല്ല, ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍ ‍. എന്റെ ബിരുദാനന്തര ബിരുദം ജേര്‍ണലിസത്തിലാണ്. കലാകൗമുദിയിലും സ്‌റ്റേറ്റ്‌സ്മാനിലും പത്രപ്രവര്‍ത്തകനായിരുന്നു എനിക്ക് മികച്ച റിപ്പോര്‍ട്ടിംഗിനുളള കേരള സംസ്ഥാന അവാര്‍ഡും കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിന്റെ സുപ്രധാനമായ ഒരു ചടങ്ങില്‍ ഭാഗമാവാന്‍ ലഭിച്ച അവസരം സഹപ്രവര്‍ത്തകരുടെ അംഗീകാരമായാണ് കാണുന്നത്”, ദേശീയ അവാര്‍ഡ് നേടിയ സായാഹ്‌നം എന്ന ചിത്രത്തിന്റെ സംവിധായകനായ ശരത് പറഞ്ഞു. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ നാലാമത് കോണ്‍ഫറന്‍സ് അരങ്ങേറുന്ന ഹോളിഡേ ഇന്നില്‍ കോണ്‍ഫറന്‍സ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പ്രസ്‌ക്ലബ്ബ് ദേശീയ ഭാരവാഹികളും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

പ്രസ്‌ക്ലബ്ബ് സമ്മേളന നടത്തിപ്പ് സുഗമമാക്കുന്നതിനായാണ് ഹോളിഡേ ഇന്നില്‍ ഓഫി സ് തുറന്നത്. കോണ്‍ഫറന്‍സ് നടക്കുന്ന മൂന്നു ദിവസങ്ങളിലു ഓഫിസ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഓഫിസില്‍ നിന്നും ഏതു സമയത്തും പത്രപ്രവര്‍ത്തകര്‍ക്ക് ലോകത്തിന്റെ ഏതു കോണിലേക്കും വാര്‍ത്തകള്‍ അയക്കാം. പൊതു ജനങ്ങള്‍ക്കും ഏത് ആവശ്യങ്ങള്‍ക്കായും ഓഫിസിലെത്താമെന്ന് പ്രസ് ക്ലബ്ബ് ദേശീയ പ്രസിഡന്റ്‌റെജി ജോര്‍ജ് പറഞ്ഞു.

മാധ്യമലോകം ഏറെ കരുത്താര്‍ജിച്ചിരിക്കുന്ന കാലഘട്ടമാണിതെന്ന് സംവിധായകന്‍ ശരത് ഓര്‍മ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ ഈ നാലാംതൂണിനെ പ്രതീക്ഷയോടെയാണ് സാധാരണ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. പത്തുവര്‍ഷം മുമ്പ് നടക്കാതിരുന്ന പല കാര്യങ്ങളും മാധ്യമലോകം സജീവമായതോടെ ഇന്ന് നടക്കുമെന്നായിരിക്കുന്നു. ആരെയും ഭയക്കാതെ അഴിമതി നടത്തിയിരുന്നവര്‍ക്ക് ഇന്ന് അത് പുറംലോകം അറിയുമെന്നുളള ഭയപ്പാടുണ്ട്. ഭരണകര്‍ത്താക്കളുടെ ഓരോ ചലനങ്ങളും ലോകമറിയുമെന്നുളളതു കൊണ്ടാണിത്. മാധ്യമ രംഗത്തിന്റെ വളര്‍ച്ച തന്നെയാണ് ജനങ്ങളുടെ സ്വരവും നിരീക്ഷണവും ഇത്രയും തീഷ്ണ മാക്കിയതിനു പിന്നിലെ പ്രധാന കാരണം.

ആധുനിക സാങ്കേതിക വിദ്യയാണ് മാധ്യമരംഗത്തിന് ഇത്ര ശക്തി പകരുന്നതെന്ന് ശരത് ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ തുടക്കങ്ങളുണ്ടാകുന്നതോ അമേരിക്കയില്‍ നിന്നും. ആ അമേരിക്കയില്‍ നിന്നു തന്നെയുളള മലയാള മാധ്യമ പ്രവര്‍ത്തകരുടെ ഈ കൂ ട്ടായ്മക്ക് അതിനാല്‍ തന്നെ പ്രസക്തിയേറുന്നുവെന്ന് ശരത് വിലയിരുത്തി. വരും കാലങ്ങളില്‍ ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന് കഴിയട്ടെയെ ന്നും അദ്ദേഹം ആശംസിച്ചു.

ഒക്‌ടോബര്‍ 28, 29, 30 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുളള ഹോളിഡേ ഇന്നില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ നാലാമത് കോണ്‍ഫറന്‍സിന്റെ അവസാനഘട്ട തയാറെടുപ്പുകള്‍ക്കായി കോണ്‍ഫറന്‍സ് കമ്മിറ്റി സമ്മേളന വേദിയില്‍ തന്നെ യോഗം ചേരുകയുണ്ടായി. ഇതുവരെയുളള കാര്യങ്ങള്‍ സുഗമമായി നീങ്ങിയതില്‍ സംതൃപ്തി രേഖപ്പെടുത്തിയ യോഗം അവസാനഘട്ട മിനുക്കു പണികള്‍ ചെയ്തു.

കേന്ദ്രമന്ത്രി ഇ. അഹമ്മദാണ് പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുക. ഒക്‌ടോ ബര്‍ 28 വൈകുന്നേരം ഏഴുമണിക്കാണ് ഉദ്ഘാടന സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്‌ക്ലബ്ബിന്റെ പ്രധാന ഭാഗമായ സെമിനാറുകള്‍ക്ക് 28 വെളളിയാഴ്ച രാവിലെ മുതല്‍ തുടക്കമാവും. ഡി. വിജയമോഹന്‍ (മലയാള മനോരമ), ജോണ്‍ ബ്രിട്ടാസ് (ഏഷ്യാനെറ്റ്), ബി.സി
ജോജോ (കേരള കൗമുദി), റോയി മാത്യു (സൂര്യ ടി.വി) എന്നിവരാണ് സെമിനാറുകള്‍ 28, 29 തീയതികളിലായി അവതരിപ്പിക്കുക. 29 ന് വൈകുന്നേരം ഏഴുമണിക്കാണ് സമാപന സമ്മേളനം.

കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ; പ്രകാശം അകലെയാണോ? എന്ന വിഷയത്തെ അധികരിച്ച് ഡോ.എം.വി പിളള നയിക്കുന്ന ചര്‍ച്ചാ സമ്മേളനം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിന്റെ പ്രധാന ഹൈലൈറ്റാണ്. നാട്ടില്‍ നിന്നെത്തുന്ന അതിഥികളും ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും തമ്മിലുളള സംവാദത്തിനും ചര്‍ച്ചാ സമ്മേളനം അവസരമൊരുക്കും.

പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിന്റെ തല്‍സമയ സംപ്രേക്ഷണം നടത്താനുളള സജ്ജീകരണങ്ങള്‍ മലയാളം ടെലിവിഷന്‍ ഒരുക്കിയിട്ടുണ്ടെന്ന് സുനില്‍ ട്രൈസ്റ്റാര്‍ അറിയിച്ചു. അമേരിക്കയിലെ മലയാളികള്‍ക്കായി അമേരിക്കയില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്ന മലയാളം ടെലിവിഷന്‍ സമൂഹത്തെ കോര്‍ത്തിണക്കുന്ന പ്രധാന ഘടകം മാധ്യമങ്ങളാണെന്ന വസ്തുത കണക്കിലെടുത്താണ് പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് തല്‍സമയം സംപ്രേക്ഷണം ചെയ്യാനുളള തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് കൂടിയാണ് സുനില്‍ ട്രൈസ്റ്റാ
ര്‍ ‍.

പ്രസ്‌ക്ലബ്ബ് ദേശീയ പ്രസിഡന്റ്‌ റെജി ജോര്‍ജ്, ട്രഷറര്‍ ജോര്‍ജ് തുമ്പയി
ല്‍ ‍, വൈസ് പ്രസിഡന്റ്‌ ഡോ. കൃഷ്ണ കിഷോര്‍ , സജി കീക്കാടന്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹിക ളായ സുനില്‍ ട്രൈസ്റ്റാര്‍ ‍, മധു കൊട്ടാരക്കര, സജി എബ്രഹാം, ജിന്‍സ്‌മോന്‍ സഖറിയ, സഞ്ജീവ് വര്‍ഗീസ്, ഫിലിപ്പ് മാരേട്ട്, സജി എബ്രഹാം, രാജു പളളത്ത്, അഡ്‌വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ടാജ് മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രംഗമൊരുങ്ങി; ഇന്ത്യ പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ് ഇങ്ങടുത്ത്.
ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ് അരങ്ങേറുന്ന ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുളള ഹോളിഡേ ഇന്നില്‍ തുറന്ന പ്രസ്‌ക്ലബ്ബ് ഓഫിസ് സംവിധാകന്‍ ശരത് ഉദ്ഘാടനം ചെയ്യുന്നു. പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക