Image

കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ടുപേര്‍ക്ക് കേരളാ സെന്റര്‍ അവാര്‍ഡുകള്‍ നല്‍കി

Published on 12 November, 2013
കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ടുപേര്‍ക്ക് കേരളാ സെന്റര്‍ അവാര്‍ഡുകള്‍ നല്‍കി
വിവിധ കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ടുപേര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി കേരളാ സെന്റര്‍ ആദരിച്ചു. ഗ്രേറ്റ്‌നെക്കിലെ ലിയനാര്‍ഡ്‌സ് ഹാളില്‍ നടന്ന ഇരുപത്തൊമ്പതാമത് അവാര്‍ഡ് സമ്മേളനം മലയാളി സമൂഹത്തിലെ ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി.

ഗ്രെഗ് ബബീന്ദ്രന്റെ ആമുഖത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഏബ്രഹാം തോമസും കേരളാ സെന്റര്‍ മലയാളം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനം ആലപിച്ചു. പ്രസിഡന്റ് തമ്പി തലപ്പള്ളില്‍, ഡോ. തോമസ് ഏബ്രഹാമിനെ എം.സിയായി ക്ഷണിച്ചു. കേരളാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും അവാര്‍ഡ് നിര്‍ണ്ണയിച്ചതിന്റെ മാനദണ്ഡങ്ങളും അവാര്‍ഡ്‌സ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍കൂടിയായ അദ്ദേഹം വിവരിച്ചു.

സാന്‍ഡി കൊടുങ്കാറ്റ് മൂലം കഴിഞ്ഞവര്‍ഷം അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയാതിരുന്ന അംബാസഡര്‍ വിജയ് നമ്പ്യാരെ, കേരളാ സെന്റര്‍ ബോര്‍ഡ് ചെയര്‍ ഗോപാലന്‍ നായര്‍ പരിചയപ്പെടുത്തി. മുഖ്യാതിഥിയായി പങ്കെടുത്ത അംബാസഡന്‍ നമ്പ്യാര്‍ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. എല്ലാവരും ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന കേരളാ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രഭാഷകനായ പ്രൊഫ. ശ്രീനാഥ് ശ്രീനിവാസനെ ശ്രീധര്‍ മേനോന്‍ പരിചയപ്പെടുത്തി.

അമേരിക്കയിലിപ്പോള്‍ ശ്രീനിവാസന്‍ എന്ന പേരിന് കൈവന്നിരിക്കുന്ന പ്രാധാന്യം മുന്‍ കൊളംബിയ പ്രൊഫസറും, ഇപ്പോള്‍ മെട്രോപ്പോളിറ്റന്‍ മ്യൂസിയത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറുമായ ശ്രീ ഹാസ്യരൂപേണ പഞ്ഞു. പി.ബി.എസിന്റെ ന്യൂസ് അവറിലൂടെ ശ്രദ്ധേയനായ ഹരി ശ്രീനിവാസന്‍. അപ്പീല്‍സ് കോടതി ജഡ്ജിയായ ശ്രീ ശ്രീനിവാസനാണ് മറ്റൊരാള്‍. അദ്ദേഹത്തിന്റെ പിതാവിന്റെ പേരും തന്റെ പിതാവിന്റെ പേരും ഒന്നുതന്നെ- ടി.പി. ശ്രീനിവാസന്‍. രണ്ടുപേരുടെ
പുത്രിമാരുടെ പേരിലും 'മായ' ഉണ്ട്. പക്ഷെ സാദൃശ്യങ്ങള്‍ എല്ലാം അവിടം കൊണ്ടവസാനിക്കുന്നു.

അടുത്തയിടയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വന്നപ്പോള്‍ എംബസിയില്‍ നിന്ന് തനിക്ക് കോള്‍ വന്നു. പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് സംസാരിക്കണം. അക്ഷരാര്‍ത്ഥത്തില്‍ ഒന്നു 'പൊങ്ങി'പ്പോയി. മിസിസ്സ് മന്‍മോഹന്‍ സിംഗ് വിളിച്ച് സംസാരിച്ചു. ടി.പി. ശ്രീനിവാസന്റെ പുത്രന്‍ ശ്രീ ശ്രീനിവാസന്‍ എന്ന് ഉറപ്പുവരുത്തിയാണ് എംബസിക്കാര്‍ കണക്ട് ചെയ്തത്. പക്ഷെ വിളി പോകേണ്ടിയിരുന്നത് ജഡ്ജി ശ്രീനിവാസനായിരുന്നു. എന്തായാലും പേരിന്റെ പേരില്‍ വീണു കിട്ടിയ സംഭാഷണം മറക്കാനാവാത്തതായി.

തന്റെ പത്‌നിയും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഷൂട്ടര്‍ രൂപ ഉണ്ണികൃഷ്ണന്റെ കോച്ച് പ്രൊഫ സണ്ണി തോമസും, പത്‌നി പ്രൊഫ ജോസമ്മയും ചടങ്ങില്‍ പങ്കെടുത്തത് ഏറെ സന്തോഷകരമാണ്.

മലയാളികള്‍ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെങ്കിലും മുഖ്യധാരയില്‍ വരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പര്‍ ബാള്‍ സന്ധ്യയില്‍ അതു കാണുന്നതിനു പകരം മറ്റു പരിപാടികളുമായി പോകുന്ന ജനവിഭാഗം വിരളമാണ്. അതുപോലെ തന്നെ പ്രതിവര്‍ഷം 6.2 മില്യന്‍ പേര്‍ മെട്രോപ്പോളിറ്റന്‍ മ്യൂസിയം സന്ദര്‍ശിക്കുന്നു. അവരില്‍ ഇന്ത്യക്കാരെ കാണുമ്പോള്‍ താന്‍ പോയി സംസാരിക്കാറുണ്ട്. പക്ഷെ ഒരു മലയാളിയെപ്പോലും അക്കൂട്ടത്തില്‍ കാണുന്നില്ല- പ്രൊഫ. ശ്രീ പറഞ്ഞു.

തുടര്‍ന്ന് കേരളാ സെന്റര്‍ സെക്രട്ടറി രാജു തോമസും ദിലീപ് വര്‍ഗീസും ചേര്‍ന്ന് പ്രൊഫ. ജോസ് മാളിയേക്കലിന് വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനത്തിനുള്ള അവാര്‍ഡ് നല്‍കി. റോച്ചസ്റ്ററില്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ (സുനി) സ്‌കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് മാത്തമാറ്റിക്‌സ് (കോളജ് അറ്റ് ബ്രോക്ക്‌പോര്‍ട്ട്) ഡീന്‍ ആണ് ഡോ. ജോസ് മാളിയേക്കല്‍. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെറ്റീരിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ഹാവായില്‍ നിന്ന് പി.എച്ച്.ഡി എടുത്തു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗവേണഷണങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. റോച്ചസ്റ്റര്‍ ഇന്ത്യാ കമ്യൂണിറ്റി സെന്റര്‍ സെക്രട്ടറിയും ചെയര്‍മാനുമായിരുന്നു. നാടകങ്ങളിലും വേഷമിട്ടു.

വൈവിധ്യത്തെപ്പറ്റി പറയുന്നവര്‍ കേരളം സന്ദര്‍ശിക്കണമെന്ന് പ്രൊഫ. ജോസ് പറഞ്ഞു. ആരാധനാലയങ്ങളും, മതവിശ്വാസങ്ങളും തോളോടു തോള്‍ ചേര്‍ന്ന് ഒന്നിച്ചുപോകുന്ന അപൂര്‍വ്വ ദൃശ്യം വേറൊരിടത്തും കാണാനാവില്ല. കേരളത്തെ വ്യത്യസ്തമാക്കുന്നതും വൈവിധ്യത്തിലെ ഐക്യമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിസിനസ് ലീഡര്‍ഷിപ്പിന് ഡോ. രഘു മേനോന് തോമസ് തോട്ടം, പ്രൊഫ. പി. സോമസുന്ദരം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കമ്പനി ലിന്‍ഡിന്റെ അമേരിക്ക റീജിയന്റെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയാണ് ഡോ. രഘു മേനോന്‍. എം.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹം അമേരിക്കന്‍ ഫ്യൂവല്‍ ആന്‍ഡ് പെട്രോകെമിക്കല്‍ മാനുഫാക്‌ചേഴ്‌സ് സംഘടനയുടെ ബോര്‍ഡ് അംഗമാണ്. നേരത്തെ മോബില്‍ ഓയിലില്‍ ജോലി ചെയ്തു. ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ബയോപോളിമേഴ്‌സ് തുടങ്ങിയവയില്‍ വിദഗ്ധന്‍. ഭാര്യ നന്ദിനി പുത്രന്‍ റോഷന്‍ എന്നിവര്‍ക്കൊപ്പം ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്ബറോയില്‍ താമസം.

എന്‍ജിനീയറിംഗിലെ ഉന്നത നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡ് ഡോ. മഹാദേവന്‍ പത്മനാഭന് ജിമ്മി ജോസ്, ഡോ. ഉണ്ണി മൂപ്പന്‍ എന്നിവര്‍ നല്‍കി. മാസച്ചുസെറ്റ്‌സിലെ ഹോള്‍ഡനില്‍ ആല്‍ഡന്‍ റിസേര്‍ച്ച് ലബോറട്ടറിയില്‍ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം അവിടെ ടെക്‌നിക്കല്‍ അഡൈ്വസറാണ്.

വര്‍സസ്റ്റര്‍ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 
അഡ്ജ്ംക്ട് പ്രൊഫസറുമാണ്. തിരുവനന്തപുരത്ത് നിന്ന് എന്‍ജിനീയറിംഗ് ബിരുദമെടുത്തതിനുശേഷം 1976-ല്‍ ജോര്‍ജിയയില്‍ നിന്ന് പി.എച്ച്.ഡി എടുത്തു. ജലം, മലിനജലം എന്നിവയുടെ പ്രവാഹം സംബന്ധിച്ച വിഷയങ്ങളില്‍ അന്താരാഷ്ട്ര വിദഗ്ധനാണ്.

രാഷ്ട്രീയ രംഗത്തെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡ് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് ഡോ. ലിസ് മാത്യു വാഴപ്പള്ളി, ജി. മത്തായി എന്നിവര്‍ ചേര്‍ന്നു നല്‍കി. നയാക് കോളജില്‍
അഡ്ജ്ംക്ട് പ്രൊഫസറായ ഡോ. ആനി പോള്‍ പീഡിയാട്രിക് നേഴ്‌സ് പ്രാക്ടീഷണറാണ്. ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് സ്ഥാപക പ്രസിഡന്റാണ്. വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള വ്യക്തിയാണ് അവര്‍.

ഒരു ദശാബ്ദമേ ആയുള്ളൂ രാഷ്ട്രീയ രംഗത്ത് താന്‍ പ്രവര്‍ത്തനമാരംഭിച്ചി
ട്ടെന്ന്‌  അവര്‍ പറഞ്ഞു. ഈ ബഹുമതി തനിക്ക് മാത്രമല്ല തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കൂടിയുള്ളതാണ്. തന്റെ ഭര്‍ത്താവ് അഗസ്റ്റിന്‍ പോള്‍, ടോം നൈനാന്‍, മാണി നൈനാന്‍ തുടങ്ങി പലരും രാഷ്ട്രീയ രംഗത്ത് തന്നെ കൈപിടിച്ചുയര്‍ത്തിയതാണ്. അവസരങ്ങളുടെ നാടാണ് അമേരിക്ക. എങ്കിലും അതു കണ്ടെത്താനോ ഉപയോഗപ്പെടുത്താനോ നമുക്കാവുന്നില്ലെന്നവര്‍ ചൂണ്ടിക്കാട്ടി. ഈ സ്ഥിതിക്ക് ഒരു മാറ്റം വരണം. നേഴ്‌സ് എന്ന നിലയില്‍ രോഗികളെ താന്‍ ശുശ്രൂഷിക്കുന്നു. പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങളേയും സേവിക്കുന്നു. കൂടുതല്‍ അവസരങ്ങള്‍ രാഷ്ട്രീയ രംഗത്ത് കൈവരുന്നു.

നേഴ്‌സിംഗിലെ മികവിനുള്ള അവാര്‍ഡ് മറിയം പോളിനു ഡെയ്‌സി ബബീന്ദ്രനും ഡോ. ആന്റോ മാളിയേക്കലും ചേര്‍ന്ന് നല്കി. പ്രമുഖ നോണ്‍ പ്രോഫിറ്റ് സ്ഥാനപത്തില്‍ നേഴ്‌സിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മറിയം പോള്‍, സ്ഥാപനത്തിന് പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയെടുക്കാന്‍ നേതൃത്വം നല്‍കി. മികച്ച പേഷ്യന്റ് കെയറിനു ലഭിക്കുന്ന ഉന്നതമായ അംഗീകാരമാണിത്. ഈവര്‍ഷം നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡയറക്‌ടേഴ്‌സ് ഓഫ് നേഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍,
നേഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍  ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കി ബഹുമാനിച്ചു. ഒട്ടേറെ മലയാളി നേഴ്‌സുമാര്‍ക്ക് ജോലി നല്‍കാനും അവരുടെ ഉയര്‍ച്ചയിലും മറിയം പോള്‍ ഏറെ സഹായങ്ങള്‍ നല്‍കി.

ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് ഡോ. അരുണ്‍ സെറാഫിന് ജോണ്‍ പോള്‍, ജെയിംസ് തോട്ടം എന്നിവര്‍ ചേര്‍ന്ന് നല്‍കി.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസിയില്‍ പ്രിന്‍സിപ്പല്‍ അസി. ഡയറക്ടര്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ആണ് ഡോ. അരുണ്‍. ദേശസുരക്ഷ, കൗണ്ടര്‍ ടെററിസം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ഒട്ടേറെ സുപ്രധാന കാര്യങ്ങളില്‍ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്കുന്നു. എം.ഐ.ടിയില്‍ നിന്നു ഇലക്‌ട്രോണിക് മെറ്റീരിയല്‍സില്‍ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. അരുണ്‍ പത്തുവര്‍ഷം സെനറ്റ് കമ്മിറ്റി ഓണ്‍ ആംഡ് സര്‍വീസില്‍ സീനിയര്‍ സ്റ്റാഫ് അംഗമായിരുന്നു.

സ്റ്റോണിബ്രൂക്കില്‍ നിന്നാണ് എന്‍ജിനീയറിംഗ് ബിരുദം നേടിയത്. ഇപ്പോള്‍ വിര്‍ജീനിയയില്‍ ഭാര്യയ്ക്കും നാലു മക്കള്‍ക്കുമൊപ്പം താമസിക്കുന്നു.

മെഡിക്കല്‍, കമ്യൂണിറ്റി സര്‍വീസ് എന്നിവയ്ക്ക് ഡോ. ഫ്രീമു വര്‍ഗീസിന് അവാര്‍ഡ് ഡോ. സിസിലി ആന്റോ, ആല്‍വിന്‍ തലപ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.

ഡയഗ്‌നോസ്റ്റിക് ക്ലിനിക് ഓഫ് ഹൂസ്റ്റണ്‍ പ്രസിഡന്റായ ഡോ. ഫ്രീമു പ്രശസ്ത വൃക്കരോഗ വിദഗ്ധനാണ്. യു.എസിലും ഗള്‍ഫിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വൃക്കരോഗ ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഒട്ടേറെ പരിപാടികള്‍ അമേരിക്കയില്‍ സ്‌പോണ്‍സര്‍ ചെയ്തു കൊണ്ടുവരുന്നു.

കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ജെ. മാത്യൂസിന്, മനോഹര്‍ തോമസ്, എം.ടി. ആന്റണി എന്നിവര്‍ ചേര്‍ന്ന് നല്‍കി.

അവിഭക്ത ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന ജെ. മാത്യൂസ് വൈറ്റ് പ്ലെയിന്‍സിലെ ഗുരുകുലം സ്‌കൂളിന്റെ പ്രിന്‍സിപ്പലും, ജനനി മാസികയുടെ പത്രാധിപരും വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ്. നമ്മുടെ സംസ്‌കാരം പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്നതു തന്റെ ദൗത്യമായി കരുതുന്നുവെന്നും ഭാഷയും സംസ്‌കാരവും ഇവിടെ നിലനിന്നാലെ നമ്മുടെ പൈതൃകം നിലനില്‍ക്കുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക അവാര്‍ഡ് ഉഴവൂര്‍ കോളജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്ന സണ്ണി തോമസിനു നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ദ്രോണാചാര്യ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം ഷൂട്ടിംഗില്‍ ഇന്ത്യ ഒളിമ്പിക്‌സിലും മറ്റു വേദികളിലും മെഡലുകള്‍ വാരിക്കൂട്ടാന്‍ ഒട്ടേറെപ്പേര്‍ക്ക് പരിശീലനം നല്‍കി. തന്റെ കീഴില്‍ പരിശീലനം നേടിയ രൂപ ഉണ്ണികൃഷ്ണനെ ഇവിടെ വെച്ച് വീണ്ടും കണ്ടുമുട്ടിയതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.

അപകര്‍ഷതാബോധം മൂലമാണ് പലപ്പോഴും കായികരംഗത്ത് നാം തിളങ്ങാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സ് തുടങ്ങി 104 വര്‍ഷം കഴിഞ്ഞാണ് ആദ്യ സില്‍വര്‍ മെഡല്‍ ഇന്ത്യയ്ക്ക് കിട്ടുന്നത്. അത് ഷൂട്ടിംഗിലായിരുന്നു. 108 വര്‍ഷമായപ്പോള്‍ രണ്ട് സ്വര്‍ണ്ണം കിട്ടി. അതും ഷൂട്ടിംഗില്‍. ആത്മവിശ്വാസമില്ലാതിരുന്ന പഴയ കാലത്തുനിന്നും നാം ഏറെ മുന്നോക്കം പോയിരിക്കുന്നു. വലിയ നേട്ടങ്ങള്‍ക്ക് അതു വഴിയൊരുക്കും- അദ്ദേഹം പറഞ്ഞു.

കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. സ്റ്റീഫന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എട്ടുപേര്‍ക്ക് കേരളാ സെന്റര്‍ അവാര്‍ഡുകള്‍ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക