Image

ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 11 November, 2013
ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആയിരം പൂര്‍ണചന്ദ്രനെ കണ്ട അഭിമാനത്തോടെ 84 തികച്ച കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ കെ.വി. മാമ്മന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം നിയോജകമണ്‌ഡലത്തില്‍ ഞായറാഴ്‌ച പ്രണാമമര്‍പ്പിച്ചു. ``എന്റെ പഠിപ്പിക്കാത്ത ഗുരുവും മാര്‍ഗദര്‍ശിയും'' എന്നായിയിരുന്നു മാമ്മനെ പൊന്നാടയണിയിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്‌.

നൂറ്റിയിരുപത്തിമൂന്നു വര്‍ഷത്തെ ചരിത്രം പേറുന്ന പുതുപ്പള്ളി നിലയ്‌ക്കല്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ സമ്മേളിച്ച ആരാധനാസമൂഹത്തെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഇങ്ങനെ തുടര്‍ന്നു: ``പുതുപ്പള്ളിയില്‍ 55 വര്‍ഷം മുമ്പ്‌ ബാലനായി നടന്ന കാലത്ത്‌ ഇവിടത്തെ ബാലജനസഖ്യം യൂണിയന്റെ പ്രവര്‍ത്തകനായിരുന്നു ഞാന്‍. പിന്നീട്‌ കോട്ടയത്തെ യൂണിയന്‍ ഭാരവാഹിയും ഒടുവില്‍ സഖ്യത്തിന്റെ അഖിലകേരളാ പ്രസിഡന്റുമായി. അന്ന്‌ മലയാള മനോരമ പത്രാധിപസമിതിയിലെ അംഗമെന്ന നിലയില്‍ സഖ്യത്തെ നയിച്ച `ശങ്കരച്ചേട്ടന്‍' ആയിരുന്നു കെ.വി. മാമ്മന്‍. പിന്നീട്‌ പാലാ കെ.എം. മാത്യു വന്നു. എന്നെ ഞാനാക്കിയത്‌ പഠിപ്പിക്കാത്ത ഈ ഗുരുവര്യന്മാരായിരുന്നു'' -മുഖ്യമന്ത്രി അനുസ്‌മരിച്ചു.

1953ല്‍ മലയാള മനോരമയില്‍ ചേര്‍ന്ന കെ.വി. മാമ്മന്‍, ആദ്യകാല പത്രപ്രവര്‍ത്തകരായ എന്‍.എം. ഏബ്രഹാം, പി.സി. കോരുത്‌, എം. കുര്യന്‍ തുടങ്ങിയ മഹാരഥന്മാരുടെ കൂടെ സേവനം ആരംഭിച്ച വ്യക്തിയാണ്‌. പ്രാദേശിക ലേഖകന്മാര്‍ എഴുതി അയയ്‌ക്കുന്ന `ലെക്കും ലെഗാനും കെട്ട' റിപ്പോര്‍ട്ടുകള്‍ നല്ല ഭാഷയിലേക്ക്‌ പരാവര്‍ത്തനം ചെയ്യുകയും അവയിലെ വാര്‍ത്ത കണ്ടെടുക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാമ്മന്‍ ചെയ്‌ത സേവനം മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം രചിച്ചുവെന്ന്‌ പുതുപ്പള്ളി പള്ളി വികാരി ഫാ. സി. ജോണ്‍ ചിറത്തിലാട്ട്‌, നോവലിസ്റ്റും ഇടവകാംഗവുമായ പി.സി. എറികാട്‌ തുടങ്ങിയവര്‍ ഓര്‍ക്കുന്നു.

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവ്‌ ടി.കെ.എ. നായര്‍ (അന്ന്‌ ടി.കെ. അയ്യപ്പന്‍കുട്ടിനായര്‍ (അയിരൂര്‍), പരേതനായ ഹൈക്കോടതി ജഡ്‌ജി മാത്യൂസ്‌ പി. മാത്യു എന്നിവരും കെ.വി. മാമ്മന്റെ കാലത്ത്‌ സഖ്യത്തിലൂടെ ഉയര്‍ന്നുവന്നവരില്‍ ചിലരാണ്‌.

1953-ല്‍ മലയാള മനോരമയില്‍ ചേര്‍ന്ന കെ.വി. മാമ്മന്‍ വൈകാതെ നാഗ്‌പൂരിലെ ഹിസ്‌ലം കോളേജില്‍ ജേര്‍ണലിസം കോഴ്‌സ്‌ ഒന്നാംക്ലാസോടെ പാസായശേഷമാണ്‌ എത്തിച്ചേര്‍ന്നത്‌. ആദ്യകാല പത്രപ്രവര്‍ത്തകരായ കെ.പി.കെ. പിഷാരടി, പി.ഒ. ഏബ്രഹാം, എന്‍.കെ. കൃഷ്‌ണപിള്ള, കെ.പി. കൃഷ്‌ണപിള്ള, പി. ചാണ്ടി, എന്‍.എം. ഏബ്രഹാം, പി.സി. കോരുത്‌, എം. കുര്യന്‍ തുടങ്ങിയ മഹാരഥന്മാരുടെ കൂടെ സേവനമാരംഭിച്ച വ്യക്തിയാണ്‌ മാമ്മന്‍.

ഓര്‍ത്തഡോക്‌സ്‌-യാക്കോബായ സഭകളുടെ ഭിന്നത മൂര്‍ച്ഛിക്കുകയും സുപ്രീംകോടതി വരെ പോയ വ്യവഹാരത്തിലൂടെ പോരടിക്കുകയും ചെയ്‌ത കാലത്ത്‌ ആ വാര്‍ത്തകള്‍ നിഷ്‌പക്ഷമായി വിലയിരുത്തുന്നതില്‍ മാമ്മന്‍ വഹിച്ച പങ്ക്‌ ചരിത്രപ്രാധാന്യമുള്ളതാണ്‌. പത്രപ്രവര്‍ത്തന കാലത്തുതന്നെ സഭയുടെയും സഭാ നേതാക്കളുടെയും ചരിത്രം അവഗാഹം പഠിച്ച്‌ സഭാ ചരിത്രകാരനെന്ന നിലയില്‍ ശോഭിച്ചയാളാണ്‌ അദ്ദേഹം.

അറുപതു പുസ്‌തകങ്ങള്‍ - അവയില്‍ ഭൂരിഭാഗവും സഭാചരിത്ര ഗ്രന്ഥങ്ങളും സഭാപിതാക്കന്മാരുടെ ജീവചരിത്ര പഠനങ്ങളുമാണ്‌ - രചിച്ച ആളാണ്‌ കെ.വി. മാമ്മന്‍. ഓര്‍ത്തഡോക്‌സ്‌ സഭയിലെ ആറു കാതോലിക്കാ ബാവാമാരുടെയും ജീവചരിത്രം ആധികാരികമായി രേഖപ്പെടുത്തിയ മാമ്മന്റെ സംഭാവനകള്‍ ചരിത്രപരമായി വിലപ്പെട്ടതാണെന്ന്‌ പ്രാസംഗികര്‍ പ്രകീര്‍ത്തിച്ചു. ഇടവക ട്രസ്റ്റി ചാക്കോ മെമന്റോ സമ്മാനിച്ചു. കെ.വി. മാമ്മന്‍ മറുപടിപ്രസംഗത്തില്‍, മലങ്കരസഭയും മലയാള മനോരമയുമാണ്‌ തന്റെ ഇഷ്‌ടജീവിതപാതയിലെ വഴിവിളക്കുകള്‍ എന്നും, മനോരമ ഇല്ലായിരുന്നെങ്കില്‍ പ്രതിസന്ധികളില്‍ മലങ്കരസഭ ചിന്നിച്ചിതറി പോകുമായിരുന്നുവെന്നും പറഞ്ഞു. അസിസ്റ്റന്റ്‌ വികാരി ഫാ. ജേക്കബ്‌ വര്‍ഗീസ്‌ കൃതജ്ഞത അറിയിച്ചു.
ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ആയിരം പൂര്‍ണചന്ദ്രനെ കണ്ട അപൂര്‍വ സൗഭഗം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക