Image

അമ്മ-(ചെറുകഥ: മീട്ടു റഹ്മത്ത് കലാം)

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 11 November, 2013
അമ്മ-(ചെറുകഥ: മീട്ടു റഹ്മത്ത് കലാം)
മനസ്സിന്റെ ക്ലോക്കിന് പതിവില്ലാതെ അബദ്ധം പിണഞ്ഞു. വിളിച്ചുണര്‍ത്താന്‍ മറ്റാരുമില്ലാത്തത് ഓര്‍മ്മ വച്ച കാലം മുതല്‍ ശീലമായതുകൊണ്ട് തന്നെ അലാം പോലും വയ്ക്കാതെ നിവേദിത ഉണരാറുള്ളതാണ്. ലേഖനം എഴുതിക്കൊടുക്കാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് പണി ഒരു വഴിക്കാക്കാന്‍ കഴിയാതെ വളരെ വൈകിയാണ് തലേദിവസം ഉറങ്ങാന്‍ കിടന്നത്. എട്ടു മണി ആയപ്പോള്‍ സ്വീകരണമുറിയിലെ കുക്കുക്ലോക്കില്‍ നിന്നുകേട്ട ശബ്ദമാണ് അവളെ ഉണര്‍ത്തിയത്. ദേഷ്യത്തില്‍ ചുരുട്ടിയെറിഞ്ഞ കടലാസുകഷ്ണങ്ങളായിരുന്നു കണി. അവ ചവറ്റുകൊട്ടയിലാക്കാന്‍ പോയിട്ട് പ്രാതല്‍ കഴിക്കാനുള്ള നേരം പോലുമില്ല. ക്ലോക്കിലെ കുക്കു ഒന്നുകൂടി ഇറങ്ങിവന്ന് ശകാരിക്കും മുന്‍പേ ഓഫീസിലെത്തണം.

എന്തൊക്കെയോ പിറുപിറുത്ത് ഡ്രസ്സ് ചെയ്ത് മുടി വാരിക്കെട്ടി ഫയലുമെടുത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് കിടപ്പുമുറിയിലെ ഫോണ്‍ റിങ് ചെയ്തത്. മൊബൈല്‍ കയ്യിലില്ലാത്തതാണ്. അത്യാവശ്യ കോള്‍ വല്ലതുമാണെങ്കിലോ എന്ന് കരുതി ഒറ്റയോട്ടത്തില്‍ റിസീവര്‍ ചെവിയോടു ചേര്‍ത്തു.

“നീതു, നാന്‍സീടെ അമ്മ മരിച്ചു. ഇന്നെല്ലാരും അങ്ങോട്ട് പോകുവാ. ഓഫീസ് തുറക്കുന്നില്ല.”
ആ വാര്‍ത്ത നിവേദിതയുടെ കിതപ്പ് ഇരട്ടിപ്പിച്ചു. മറുതലയ്ക്കല്‍ നിന്ന് അനുപമ കുറെ തവണ കേള്‍ക്കുന്നുണ്ടോ എന്ന അര്‍ത്ഥത്തില്‍ ഹലോ ഹലോ എന്ന് ആവര്‍ത്തിച്ചിട്ടും ശബ്ദം പുറത്തുവരാതെ ഒരുതരം മരവിപ്പോടെ അവള്‍ നിന്നു.

സ്വകാര്യ സ്ഥാപനത്തിലെ യാന്ത്രികമായ ജോലിയില്‍ നിന്ന് ഒരു ദിവസത്തെ ഇടവേള അവള്‍ ആഗ്രഹിച്ചതാണ്. തനിയെ സര്‍ഗ്ഗാത്മകതയെ പൊടിതട്ടിയെടുക്കാന്‍ അത് അനിവാര്യമാണെന്ന് തോന്നിയിരുന്നു. എന്നാല്‍, ഒരമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കിട്ടുന്ന ഒഴിവു ദിവസം വേദയുടെ തീച്ചൂളയില്‍ വീര്‍പ്പുമുട്ടിക്കും പോലെയാണ് അനുഭവപ്പെട്ടത്.

 നിവേദിത ഈ ജോലിയില്‍ പ്രവേശിച്ചിട്ട് വെറും മൂന്ന് മാസം ഏറിയാല്‍ അഞ്ച് തവണ മാത്രമേ നാന്‍സിയെ കണ്ടിട്ടുള്ളൂ. അമ്മയ്ക്ക് കാന്‍സര്‍ ആണെന്നും ചികിത്സയ്ക്ക് കൂട്ടിന് മറ്റാരും ഇല്ലാത്തതുകൊണ്ട് ലീവിലാണെന്നും സഹപ്രവര്‍ത്തകരില്‍ നിന്ന് അറിഞ്ഞിരുന്നു. ഓരോ തവണ നാന്‍സിയെക്കുറിച്ചുള്ള സംസാരം വരുമ്പോഴും ആ അമ്മയ്‌ക്കൊന്നും വരുത്തരുതേയെന്ന് നിവേദിത പ്രാര്‍ത്ഥിക്കും. മറ്റുള്ളവരുടെ അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തനിക്കൊരമ്മ ഇല്ലെന്ന് അവള്‍ മറക്കും. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ തന്നെയോര്‍ത്ത് കലങ്ങിയ കണ്ണുകളോടെ അമ്മ ഇരിപ്പുണ്ടോ എന്നും അവള്‍ക്ക് നിശ്ചയമില്ല. ഇല്ലാതിരിക്കുമ്പോഴാണോ ഉണ്ടായിട്ട് നഷ്ടപ്പെടുമ്പോഴാണോ കൂടുതല്‍ വേദനയെന്ന് നീതു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച് അമ്മയ്ക്ക് മരണമില്ല. സങ്കല്‍പത്തില്‍ മാത്രം ഒതുങ്ങുന്ന ഒരാള്‍ ജീവിതവുമായ ഇത്രയധികം ഇഴപിരിയാതെ അടുക്കുമോ എന്ന സംശയമാണ് അമ്മ എന്ന വാക്ക് ഏതോ ഞരമ്പുകളിലൂടെ ബോധമണ്ഡലത്തില്‍ എത്തിക്കൂടുന്ന മാത്രയില്‍ തോന്നുക.

അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പോക്ക് കുറച്ചു ദിവസത്തെ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞപ്പോള്‍ തലയ്‌ക്കൊരു പെരുപ്പായിരുന്നു. എന്നെങ്കിലും പ്രസിദ്ധീകരിക്കാന്‍ തന്റെ അഭിപ്രായങ്ങളും വിചിന്തനങ്ങളും സ്വര്‍ണ്ണപുറം ചട്ടയുള്ള ഡയറിയില്‍ വടിവൊത്ത അക്ഷരങ്ങളില്‍ അവള്‍ കുറിച്ചുവച്ചിരുന്നു. കാമുകന് നാലുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തവളും ഇരട്ടകുഞ്ഞുങ്ങലെ ഗര്‍ഭപാത്രത്തില്‍ നിന്നെടുത്ത് കൊന്ന് അലമാരയില്‍ സൂക്ഷിച്ചവളെയും ഒക്കെ സ്ത്രീയെന്നോ അമ്മയെന്നോ സംബോധന ചെയ്യാന്‍ അവളുടെ തൂലിക മടിച്ചു. മകള്‍ക്കായി കരളിന്റെ ഒരു ഭാഗം പകുത്തുനല്‍കിയ ഒരമ്മയുടെ ചിരിക്കുന്ന മുഖം പത്രത്തില്‍ നിന്ന് വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നു. സ്വന്തം അമ്മയുടെ മുഖമായി സങ്കല്പിക്കാന്‍ ഈ നിറഞ്ഞ ചിരി ധാരാളമെന്നുറപ്പിച്ച് ഏറെ നേരം ആ ഫോട്ടോയില്‍ തന്നെ നീതുവിന്റെ കണ്ണുകള്‍ ഉടക്കിനിന്നു.

സമീപദിവസത്തെ രണ്ട് വാര്‍ത്തകളിലെ വൈരുദ്ധ്യം അടിവരയിട്ട് രേഖപ്പെടുത്തി വച്ചിരുന്നു. മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച വൃദ്ധനായ അമ്മയെ ഗുരുവായൂരിലെ തിരക്കുകള്‍ക്കിടയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മക്കളുടെ വാര്‍ത്ത ചുവന്ന പേനകൊണ്ടാണ് വരച്ചത്. തന്നെയെന്നോ ഉപേക്ഷിച്ച അമ്മയെത്തേടി ദത്തുപുത്രിയായി കടല്‍കടന്ന മകള്‍ വിദേശത്തുനിന്ന് ഒരു മാസത്തേയ്ക്ക് കേരളത്തിലെത്തി അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന് നടത്തുന്ന പെടാപ്പാടുകള്‍ പച്ചമഷികൊണ്ട് അടയാളപ്പെടുത്തി.

ഇവയിലൂടെ കണ്ണോടിച്ചപ്പോള്‍ നൂറ് ചോദ്യങ്ങളാണ് ശരം പോലെ അവളുടെ നെഞ്ചില്‍ തുളച്ചുകയറിയത്. കൊടുത്താല്‍ തത്തുല്യമായി തിരിച്ചുകിട്ടുന്നതാണോ സ്‌നേഹം എന്നതായിരുന്നു അവയില്‍ പ്രധാനം. രക്തത്തിന് ജലത്തെക്കാള്‍ കട്ടിയുണ്ടെന്നതും ദഹിക്കാത്ത വസ്തുതയായി തോന്നി. എല്ലാം ആപേക്ഷികമെന്ന് കരുതാന്‍ നീതു മനസ്സിനെ പഠിപ്പിക്കാന്‍ ശ്രമിച്ചു.

ഇന്നിനി ഒന്നും കുത്തിക്കുറിക്കാന്‍ കഴിയില്ലെന്ന് അവള്‍ക്കുറപ്പാണ്. ഒരമ്മയുടെ മരണവാര്‍ത്ത ഇത്രമാത്രം തന്നെ തളര്‍ത്തുമെന്ന് കരുതിയതല്ല. അമ്മയില്ലാത്തത് നന്നായി എന്ന് അന്നാദ്യമായി അവള്‍ക്കുതോന്നി. അമ്മയെ നഷ്ടപ്പെട്ടാലുള്ള വേദന താങ്ങുവാനുള്ള കരുത്ത് തനിക്കില്ലെന്ന് ദൈവത്തിനറിയാവുന്നത് കൊണ്ടാവും തന്നിട്ട് തിരിച്ചെടുക്കാന്‍ നില്‍ക്കാതിരുന്നത്. മരണമില്ലാത്ത, സങ്കല്പത്തില്‍ മാത്രം ഒതുങ്ങുന്ന ആ അമ്മയെ നിവേദിത ഇറുക്കെ ചുംബിച്ചു. താന് അനാഥയല്ലെന്ന് വിളിച്ചുകൂവാന്‍ അവള്‍ക്ക് തോന്നി. ആ കൈകളിരുന്ന അവളുടെ ഡയറി വിറയ്ക്കുന്നുണ്ടായിരുന്നു.
ഫോണ്‍ വീണ്ടും ശബ്ദിച്ചു.

"നീ ഇതുവരെ പുറപ്പെട്ടില്ലേ, ഓഫീസിന്റെ വക റീത്ത് വയ്ക്കുന്നത് ഞാനാ. ഹലോ കേള്‍ക്കുന്നുണ്ടോ…”

അനുപമയുടെ ശബ്ദത്തില്‍ ഒരു തരത്തിലെയും വിഷാദം പ്രകടമായിരുന്നില്ല. റീത്തിലെ പുഷ്പങ്ങളില്‍ ഉറഞ്ഞുകിടന്ന ദുഃഖത്തിന്റെയും മരണത്തിന്റെയും അമ്മമണം നീതു മാത്രമേ അറിഞ്ഞുള്ളൂ.



അമ്മ-(ചെറുകഥ: മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക