Image

2ജി സ്‌പെക്‌ട്രത്തില്‍ രാജ വീണു; മറ്റു വമ്പന്മാര്‍ സൈ്വര്യവിഹാരം നടത്തുന്നു: ഗോപീകൃഷ്‌ണന്‍

Published on 13 November, 2013
2ജി സ്‌പെക്‌ട്രത്തില്‍ രാജ വീണു; മറ്റു വമ്പന്മാര്‍ സൈ്വര്യവിഹാരം നടത്തുന്നു: ഗോപീകൃഷ്‌ണന്‍
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: മാധ്യമലോകത്തെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവ്‌ അഥവാ സ്‌കൂപ്പ്‌ ആയ വാട്ടര്‍ഗേറ്റ്‌ അഴിമതി ചോര്‍ത്തിക്കൊടുത്ത `ഡീപ്‌ ത്രോട്ട്‌' ആരെന്ന്‌ വെളിപ്പെട്ടത്‌ 30 വര്‍ഷത്തിനുശേഷമാണ്‌. എന്നാല്‍ 2 ജി സ്‌പെക്‌ട്രം അഴിമതികള്‍ പയനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ജെ. ഗോപീകൃഷ്‌ണന്‌ ചോര്‍ത്തികൊടുത്ത ഉദ്യോഗസ്ഥന്റെ പേര്‌ അടുത്ത വര്‍ഷം അറിയാം. താന്‍ എഴുതുന്ന പുസ്‌തകത്തില്‍ അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാവുമെന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സമ്മേളനത്തില്‍ `എക്‌സ്‌ക്ലൂസീവ്‌ വന്ന വഴി' എന്ന ചര്‍ച്ച നയിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

ടുജി സ്‌പെക്‌ട്രം അഴിമതിയിലെ മുഖ്യകഥാപാത്രം മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്‌ ആള്‍. ഐ.എ.എസുകാരനല്ല. തന്നേക്കാള്‍ രണ്ടുവയസു പ്രായക്കൂടുതല്‍. 44 വയസ്‌. അടുത്തവര്‍ഷം ജോലിയില്‍ നിന്നു വിരമിക്കും- ഇത്രയുംകൂടി ഗോപീകൃഷ്‌ണന്‍ പറഞ്ഞു.

വാട്ടര്‍ഗേറ്റ്‌ വിവരങ്ങള്‍ ബോബ്‌ വുഡ്‌വേര്‍ഡിനു ചോര്‍ത്തിക്കൊടുത്തത്‌ എഫ്‌.ബി.ഐയിലെ രണ്ടാമനായിരുന്ന മാര്‍ക്ക്‌ ഫെല്‍റ്റ്‌ ആണ്‌.

ഇത്തരമൊരു എക്‌സ്‌ക്ലൂസീവ്‌ പുറത്തുവിടാനായത്‌ ഭാഗ്യമോ, ഗുരുത്വമോ, ദൈവാനുഗ്രഹമോ ഒക്കെ കൊണ്ടാണെന്ന്‌ ഗോപീകൃഷ്‌ണന്‍.

വിദ്യാഭ്യാസത്തിനുശേഷം പല ജോലികള്‍ ചെയ്‌തു. പലേടത്തും ചാടി നടന്നു. ഏഷ്യാനെറ്റിലും മനോരമയിലുമടക്കം. പക്ഷെ ഒരിടത്തും `ക്ലച്ച്‌' പിടിച്ചില്ല. ഒടുവില്‍ ഡല്‍ഹിയില്‍ പോയി ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. മികച്ച ജോലിയോ, മികച്ച ശമ്പളമോ ഇല്ല.

2008 മെയിലാണ്‌ 2 ജി സ്‌പെക്‌ട്രം അഴിമതി നടക്കുന്നത്‌. അതേപ്പറ്റി മാധ്യമങ്ങളിലൊക്കെ റിപ്പോര്‍ട്ട്‌ വന്നു. പിന്നെ അഞ്ചാറുമാസം കഴിഞ്ഞാണ്‌ പയനിയറില്‍ ഇതു സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട്‌ വന്നത്‌.

പത്രങ്ങളില്‍ ആദ്യ റിപ്പോര്‍ട്ട്‌ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരൊറ്റ രൂപ താന്‍ വാങ്ങിയിട്ടില്ലെന്നാണ്‌ രാജ പറഞ്ഞത്‌. ഇതേപ്പറ്റി ചോദിക്കുന്ന പത്രക്കാരെയൊക്കെ അപഹസിച്ചു. ചില പത്രക്കാരികള്‍ മാറിനിന്ന്‌ കരഞ്ഞു.

ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്‌ പത്രങ്ങള്‍ക്ക്‌ വരുമാനത്തില്‍ 30 ശതമാനവും പരസ്യമായി ലഭിക്കുക. അതിനാല്‍ മന്ത്രിയെ പിണക്കാന്‍ പത്രങ്ങള്‍ക്ക്‌ വലിയ താത്‌പര്യമില്ല.

അങ്ങനെയിരിക്കെയാണ്‌ ടെലികോമിലെ ഒരു ഉദ്യോഗസ്ഥന്‍ വിവരങ്ങളുമായി സമീപിച്ചത്‌. പ്രസിദ്ധീകരിക്കുമോ എന്ന്‌ എഡിറ്ററോട്‌ ചോദിക്കാനായിരുന്നു അയാളുടെ ആദ്യത്തെ ഉപദേശം. ഏതൊരു സ്ഥാപനത്തിലും `കലിപ്പു'മായി നടക്കുന്ന ഒരാള്‍ ഉണ്ടാവണം.

`ഫോളോ ദി മണി' എന്ന അടിസ്ഥാന തത്വമാണ്‌ താന്‍ സ്വീകരിച്ചത്‌. ധനം വന്ന വഴി ഏത്‌?

പാവപ്പെട്ട ഒരു ദളിതന്‍ കേന്ദ്രമന്ത്രിയായതില്‍ സഹികെട്ട ഉന്നതജാതിക്കാരാണ്‌ തനിക്കെതിരേ ആരോപണമുന്നയിക്കുന്നതെന്ന്‌ രാജ പറഞ്ഞു. കരുണാനിധി അതിനെ പിന്തുണച്ചു.

പക്ഷെ അന്വേഷിച്ചു നോക്കിയപ്പോള്‍ മന്ത്രിയുടെ ഭാര്യയുടെ പേരില്‍ ഒട്ടേറെ കമ്പനികള്‍. ഒരെണ്ണത്തില്‍ മാത്രം 850 കോടിയുടെ ബാലന്‍സ്‌ ഷീറ്റ്‌. നിക്ഷേപങ്ങളിലെല്ലാം മന്ത്രിവസതിയുടെ വിലാസമാണ്‌ കൊടുത്തിരുന്നത്‌. അതൊരു മണ്ടത്തരമായി.

നിക്ഷേപകാര്യം പുറത്തായതോടെ രാജ പണമയയ്‌ക്കുന്ന വഴി മാറ്റി. അങ്ങനെയാണ്‌ കരുണാനിധിയുടെ പുത്രി കനിമൊഴി എം.പിയുടെ അക്കൗണ്ടില്‍ പണമെത്തുന്നതും അവര്‍ അറസ്റ്റിലാകുന്നതും.

റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കും മുമ്പുതന്നെ രാജയുടെ വിശദീകരണം തേടിയിരുന്നു. എത്ര ശമ്പളമുണ്ടെന്നായിരുന്നു രാജയുടെ ആദ്യ ചോദ്യം. ദക്ഷിണേന്ത്യയില്‍ നിന്നുവന്ന നമ്മളൊക്കെ തമ്മില്‍ ഭിന്നത വേണോ എന്നും അഞ്ചാറു തലമുറയ്‌ക്ക്‌ ജീവിക്കാനുള്ള വഴി ഇവിടെ വെച്ച്‌ ഉണ്ടാക്കണമെന്നുംകൂടി പറഞ്ഞു.

എന്തായാലും രാജ പിന്നീട്‌ പത്രസമ്മേളനം നടത്തിയിട്ടില്ല. ഇത്രയും `കൂള്‍' ആയ ഒരു മന്ത്രിയെ കണ്ടിട്ടില്ല. 125 സ്‌പെക്‌ട്രം ലൈസന്‍സില്‍ രാജ തന്നെയാണ്‌ ഒപ്പിട്ടിരിക്കുന്നത്‌.

രാജ മാത്രമല്ല അഴിമതിക്കാരന്‍. വയര്‍ലെസ്‌ ഫോണ്‍ കമ്പനി നടത്തുന്ന രാജീവ്‌ മല്‍ഹോത്ര, താന്‍ ഈ നേതാവിന്റെ ബിനാമിയാണെന്നാണ്‌ സി.ബി.ഐയോട്‌ പറഞ്ഞത്‌. ഒടുവില്‍ കാര്യമായ അന്വേഷണമില്ലാതെ അയാള്‍ രക്ഷപ്പെട്ടു.

രാജ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ആളെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വേണമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. കല്‍ക്കരിപ്പാടം അഴിമതി വന്നപ്പോള്‍ അധികൃതര്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. പിന്നെ അന്വേഷിക്കുകയാണെന്നു പറഞ്ഞ്‌ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണല്ലോ.ഇതിനിടയില്‍ മാസങ്ങള്‍ കടന്നുപോകും. ജഡ്‌ജിമാര്‍ മാറും, ജനം കേസിന്റെ കാര്യം മറക്കും.

കേരളത്തിലെപ്പോലെ അഖിലേന്ത്യാ തലത്തില്‍ മതം വലിയ സ്വാധീന ശക്തിയാണെന്നു പറഞ്ഞുകൂടാ. പക്ഷെ കോര്‍പ്പറേറ്റ്‌ ഭീമന്മരാണ്‌ അവിടെ വിലസുന്നത്‌. അവര്‍ കേന്ദ്ര സര്‍ക്കാരിനെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നു. ഇഷ്‌ടം പോലെ പ്രവര്‍ത്തിക്കുന്നു. അവരെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയാത്തതില്‍ സ്വയം അവജ്ഞ പോലും തോന്നുന്നു.

തട്ടിപ്പുകള്‍ പലതും കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലാണ്‌ കണ്ടുപിടിക്കുന്നത്‌. മുമ്പ്‌ സി.എ.ജി വിനോദ്‌ റായിക്ക്‌ വേണമെങ്കില്‍ 2ജി സ്‌പെക്‌ട്രം കാര്യത്തില്‍ നിശബ്‌ദത പാലിക്കാമായിരുന്നു. അതദ്ദേഹം ചെയ്‌തില്ല.

മുകേഷ്‌ അംബാനി ബോംബെയില്‍ 27 നില കെട്ടിടം പണിതത്‌ വഖഫ്‌ ബോര്‍ഡിന്റെ സ്ഥലത്താണ്‌. അവിടെ യത്തീംഖാനയായിരുന്നു. അവിടെത്തെ കുട്ടികള്‍ എവിടെപ്പോയി? ഹൈദരാബാദില്‍ നിന്ന്‌ സലാവുദ്ദീന്‍ ഉവൈസി എം.പി മാത്രമാണ്‌ ഇക്കാര്യം ചോദിച്ചത്‌.

കോര്‍പറേറ്റ്‌ ലോകത്തെ പത്രമായ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ എഡിറ്റര്‍ ഇല്ല. പലരും ഓരോ വിഭാഗത്തിന്റെ മേധാവികളായി പ്രവര്‍ത്തിക്കുന്നു.

തനിക്ക്‌ കിട്ടിയ വാര്‍ത്തകള്‍ കുറെശ്ശേ ആയി മാത്രമാണ്‌ താന്‍ പത്രത്തിനു നല്‍കിയത്‌. എഡിറ്റര്‍ ചന്ദന്‍ മിശ്രയ്‌ക്ക്‌ കിട്ടിയ വിവരങ്ങള്‍ അദ്ദേഹവും കുറേശ്ശെ ആയി ആണ്‌ തനിക്ക്‌ കൈമാറിയത്‌. പക്ഷെ തനിക്കുള്ള അംഗീകാരം തട്ടിയെടുക്കാന്‍ അദ്ദേഹം ഒരിക്കലും തയാറായില്ല. പക്ഷെ മാധ്യമ ലോകത്ത്‌ അതല്ല സ്ഥിതി.

മാധ്യമങ്ങള്‍ കാണിച്ച കൊള്ളരുതായ്‌മകളിലൊന്നാണ്‌ ആരുഷി വധക്കേസില്‍ കണ്ടത്‌. ഒരു ടിവി ചാനല്‍ ഉടമയും ഡെന്റിസ്റ്റ്‌ ആയിരുന്നു ആരുഷിയുടെ പിതാവ്‌.

നീരാ റാഡിയ കേസിലും മാധ്യമ സിംഹങ്ങളുടെ മുഖംമൂടി തെറിച്ചുവീണു. സംഭവിക്കാന്‍ പോകുന്ന കാര്യം മൂന്നുദിവസം മുമ്പ്‌, ഏഷ്യാനെറ്റിലെ വിനു വി. ജോണുമായുള്ള അഭിമുഖത്തില്‍ പറഞ്ഞതുമാണ്‌.

ആരോപണവിധേയനായ മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എഡിറ്റര്‍ ശേഖര്‍ ഗുപ്‌തയുടെ സ്വത്തുക്കളെപ്പറ്റിയുള്ള വിവരം പുറത്തുവിടുകയുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും ആരോപണം വരാം എന്നു സാരം.

താരതമ്യപഠനത്തിലാണ്‌ 2ജി സ്‌പെക്‌ട്രം അഴിമതിയില്‍ സര്‍ക്കാരിനു നഷ്‌ടം 1.76 കോടി രൂപയെന്ന്‌ സി.എ.ജി വിലയിരുത്തിയത്‌. ആ തീരുമാനമെടുത്തതില്‍ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്‌തശേഷം നഷ്‌ടം രണ്ടായിരം കോടിയെന്ന്‌ തിരുത്തിപ്പറഞ്ഞു. പക്ഷെ അതാരും വിശ്വസിക്കുന്നില്ല.

വിദേശ നിക്ഷേപത്തെ എന്തിനാണ്‌ എതിര്‍ക്കുന്നതെന്ന്‌ പലരും ചോദിക്കാറുണ്ട്‌. സഞ്ചാര്‍ ടെലികോമില്‍ വിദേശ നിക്ഷേപത്തിനുള്ള അപേക്ഷ പോലും ആര്‍ക്കും കൊടുക്കില്ല. പകരം മൗറീഷ്യസിലുള്ള ഒരു ഓഫീസുമായി ബന്ധപ്പെട്ടുവേണം അപേക്ഷ നല്‍കാന്‍.

രാജയെ ഇടയ്‌ക്ക്‌ കോടതിയില്‍ വെച്ച്‌ കാണാറുണ്ട്‌. പരമാവധി ഏഴു വര്‍ഷമാണ്‌ ശിക്ഷ കിട്ടുക. തുകയില്‍ കുറച്ചൊക്കെ കൈയ്യില്‍ കിടക്കും. തനിക്ക്‌ വിവരം ചോര്‍ത്തുന്നയാളെ രാജയ്‌ക്കറിയാം. പണം അയയ്‌ക്കുന്ന റൂട്ട്‌ അറിയാവുന്ന നാലു പേരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ രാജയ്‌ക്ക്‌ ആളെ മനസിലായി. രാജ ചോദിച്ചപ്പോള്‍ അയാള്‍ അതു സമ്മതിക്കുകയും ചെയ്‌തു.

അഴിമതി കഥ പുറത്തുകൊണ്ടുവന്നതുകൊണ്ട്‌ വലിയ ഭീഷണിയൊന്നും ഉണ്ടായില്ല. അതു കൂടുതല്‍ പ്രശ്‌നമാകുമെന്ന്‌ അവര്‍ക്കറിയാം. കേരളത്തിലും ഡല്‍ഹിയിലുമുള്ള മെച്ചമാണത്‌. ആരും പത്രക്കാരെ തൊടാറില്ല. മറ്റു മാധ്യമ പ്രവര്‍ത്തകരില്‍നിന്ന്‌ നല്ല സഹകരണമാണ്‌ ലഭിക്കുന്നതെന്ന്‌ ഗോപീകൃഷ്‌ണന്‍ പറഞ്ഞു. പലരും വിവരങ്ങളും സൂചനകളും അയച്ചുതരികയും ചെയ്‌തു.

അന്വേഷണ പത്രക്കാരില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എഡിറ്ററായിരുന്ന അരുണ്‍ ഷൂരിയോട്‌ ആദരവുണ്ട്‌.

എം.പിയായി മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ്‌ തന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്‌ രാജ്യസഭയിലേക്കാണെങ്കില്‍ നോക്കാമെന്നു ഗോപീകൃഷ്‌ണന്‍. കേരളത്തില്‍ കെ.എസ്‌.യു നേതാവായിരുന്നു. അന്നത്തെ ഗോപീകൃഷ്‌ണന്റെ `ചൂടന്‍' സ്വഭാവം വി.ഡി. സതീശന്‍ എം.എല്‍.എ അനുസ്‌മരിച്ചു.

മുമ്പ്‌ അഴിമതിക്കാര്യം പുറത്താക്കാന്‍ സി.എ.ജി, ടി.എന്‍ ചതുര്‍വേദി ബി.ജെ.പിയില്‍ ചേര്‍ന്നകാര്യവും സതീശന്‍ അനുസ്‌മരിച്ചു.

എതിര്‍പ്പും വ്യക്തിഹത്യയുമൊക്കെ വരുമ്പോള്‍ ആരുടെയെങ്കിലും പിന്തുണയ്‌ക്ക്‌ ശ്രമിക്കുന്നതില്‍ അതിശയിക്കാനില്ലെന്നു ഗോപീകൃഷ്‌ണന്‍ പറഞ്ഞു.

ശക്തമായ ഭരണകൂടത്തിന്റെ അഭാവമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണം. നിയമം ശരിയായി നടപ്പാക്കാനും കഴിയുന്നില്ല.

ജോര്‍ജ്‌ ജോസഫ്‌ ആയിരുന്നു മോഡറേറ്റര്‍.
2ജി സ്‌പെക്‌ട്രത്തില്‍ രാജ വീണു; മറ്റു വമ്പന്മാര്‍ സൈ്വര്യവിഹാരം നടത്തുന്നു: ഗോപീകൃഷ്‌ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക