Image

എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 14 November, 2013
എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആകാശവാണിയുടെ `ഗ്രാമക്കാഴ്‌ചകള്‍' എന്ന പരമ്പരയില്‍ നവംബര്‍ ഒന്‍പതിനു ചെയ്‌ത പ്രക്ഷേപണം രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു

ആയിരം വര്‍ഷത്തെ ചരിത്രം പേറുന്ന ചെമ്പോലകളുണ്ട്‌, എന്റെ ഗ്രാമത്തിലെ ശ്രീരാമലക്ഷ്‌മണക്ഷേത്രത്തില്‍. ചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രമായതു മുതല്‍ മൂന്നു നൂറ്റാണ്ടുകാലം തെക്കുംകൂറിന്റെ രാജധാനിയായിരുന്നു പാമ്പാടിയുടെ പടിഞ്ഞാറേ അതിര്‍ത്തിയായ വെന്നിമലക്കോട്ട. സംഗീത സാര്‍വഭൗമന്‍ ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മസ്ഥലംകൂടിയാണ്‌ ഇവിടം.

അതെല്ലാം പഴയകഥ. പക്ഷേ, വെന്നിമലയില്‍ ഈയിടെ എസ്‌.എന്‍.ഡി.പി. വക ഒരു എന്‍ജിനീയറിംഗ്‌ കോളജ്‌ തുടങ്ങി - ഗുരുദേവ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ & ടെക്‌നോളജി (ജിസാറ്റ്‌) ഒരുകാലത്ത്‌ ക്ഷത്രിയന്മാരും നമ്പൂതിരിമാരും അടക്കിവാണിരുന്ന കോട്ടയിലാണ്‌ തിരുവിതാംകൂര്‍ പ്രദേശം അകറ്റിനിര്‍ത്തിയിരുന്ന സമുദായം ഇന്നു കോളജ്‌ സ്ഥാപിച്ചിരിക്കുന്നത! ഉള്ളാടന്മാരായിരുന്നു തെക്കുംകൂറിന്റെ സൈന്യം. അരമനയില്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്‌ ക്രിസ്‌ത്യാനികളും.

വെന്നിമലക്കോട്ടയുടെ താഴ്‌വരയിലാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ വലിയ വിദ്യാഭ്യാസ സ്ഥാപനം - രാജീവ്‌ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി. 1991-ലാണ്‌ ഇതു സ്ഥാപിച്ചത്‌. അവിടെ ഏറ്റവും ഒടുവില്‍ വന്ന കോഴ്‌സ്‌ വാസ്‌തുശില്‌പ വിദ്യയാണ്‌. പാമ്പാടിയുടെ ആയിരം വര്‍ഷത്തെ ചരിത്രം പറയുന്ന ചെമ്പോല സൂക്ഷിക്കുന്ന കൈതമറ്റം ഇല്ലത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാലുകെട്ടല്ലേ അവര്‍ ആദ്യം പഠിക്കേണ്ടത?.

തെക്കുംകൂര്‍ കഴിഞ്ഞെത്ര നൂറ്റാണ്ടുകളായി! പക്ഷേ, പാമ്പാടിക്ക്‌ ഇന്നും അഭിമാനത്തിനു വകയുണ്ട്‌. 19-ാമത്‌ മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളം ഭരിക്കുന്നതും പാമ്പാടിയുടെ പ്രതിനിധിയാണ്‌ - പാമ്പാടി ഉള്‍പ്പെടുന്ന പുതുപ്പള്ളി മണ്‌ഡലത്തിന്റെ എംഎല്‍എ ഉമ്മന്‍ ചാണ്ടി.

എന്റെ ഗ്രാമത്തില്‍ ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും ജീവന്‍ വയ്‌ക്കുന്ന കൈത്തോടുകളും കൊച്ചുകൊച്ച്‌ അരുവികളുമല്ലാതെ കേരളത്തിലെ നാല്‌പത്തിനാലു നദികളില്‍ ഒന്നുപോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാല്‍ മീനച്ചിലാറിനും മണിമലയാറിനും നടുവിലാണുതാനും. അതുകൊണ്ട്‌ പാമ്പാടിക്കാരായ ഞങ്ങള്‍ വീമ്പിളക്കാറുണ്ട്‌, വേമ്പനാട്ടുകായലിനും സഹ്യപര്‍വതത്തിനും ഇടയ്‌ക്കുള്ള സസ്യശ്യാമള കോമളമായ നാടാണ്‌ പാമ്പാടിയെന്ന്‌.

ഓര്‍മ്മയില്‍ കണക്കുകള്‍ തെളിയുന്നില്ലെങ്കിലും എന്റെ ചെറുപ്പകാലത്ത്‌ ആഴ്‌ചച്ചന്തയും കാളച്ചന്തയും ഉണ്ടായിരുന്ന എന്റെ കൊച്ചുഗ്രാമത്തില്‍ 300 വീടെങ്കിലും ഉണ്ടാകും, രണ്ടായിരത്തോളം പേരും. പാമ്പാടി വില്ലേജില്‍ ഇന്നു 34,580 (17,495 സ്‌ത്രീകളും 17,085 പുരുഷന്മാരും) പേരുണ്ടെന്ന്‌ 2012-ലെ കണക്ക്‌ പറയുന്നു. കേരളത്തിനു മാത്രം അവകാശപ്പെട്ടതുപോലെ ഇവിടെയും സ്‌ത്രീകളാണു കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ 410 പേരെന്ന്‌ ദീര്‍ഘകാലം പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന റിട്ട. ഹെഡ്‌മാസ്റ്റര്‍ സി.കെ. ജേക്കബ്‌ കരിങ്ങനാമറ്റം പറയുന്നു.

കുന്നും ചെരിവും താഴ്‌വരയുമുള്ള ഞങ്ങളുടെ ഗ്രാമത്തില്‍ തെങ്ങും പ്ലാവും കടപ്ലാവും ചാമ്പയും അമ്പഴവുമൊക്കെ കഴിഞ്ഞാല്‍ ഏറ്റവും പ്രധാന കൃഷി മരച്ചീനിയായിരുന്നു. ഇന്നാകട്ടെ, കാലുകുത്താനിടമുള്ളിടത്തൊക്കെ റബ്ബറായി. മലയിലും മലയോരത്തും താഴ്‌വാരത്തുമെല്ലാം. പാമ്പാടി ഒരു കൊച്ചു പട്ടണമാണിന്ന്‌. അവിടെ റബ്ബര്‍ഷീറ്റ്‌ വാങ്ങി കയറ്റിവിടാന്‍ കടകളുണ്ട്‌. നാളികേരം കൊപ്രയാക്കി ആട്ടിക്കൊടുക്കുന്ന ചക്കുകള്‍ ഒരുകാലത്തുണ്ടായിരുന്നു. കൊപ്രയുമായി എണ്ണയാട്ടാന്‍ പോകുന്നതും ആട്ടിത്തീരുമ്പോള്‍ മധുരം കിനിയുന്ന തേങ്ങാപ്പിണ്ണാക്ക്‌ വാരിത്തിന്നുന്നതും ഓര്‍മയിലുണ്ട്‌. ചക്കുകളെല്ലാം പോയി, യന്ത്രച്ചക്കും എക്‌സ്‌പെല്ലറും വന്നു. തേങ്ങയ്‌ക്കു വിലയിടിഞ്ഞതോടെ അതും അപ്രത്യക്ഷമായി.

കരിമ്പില്‍ കൊച്ചുകുഞ്ഞ്‌ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ്‌ ആഴ്‌ചയില്‍ രണ്ടുവട്ടമുള്ള പച്ചക്കറിച്ചന്ത തുടങ്ങിയത്‌. കുഴിയിടത്തറ ഐപ്പ്‌ കുര്യന്റെ വക എട്ടേക്കര്‍ സ്ഥലത്ത്‌ കാളച്ചന്തയും. നാടിന്റെ നാനാഭാഗത്തുനിന്നും തമിഴ്‌നാട്ടില്‍നിന്നും തേനി, കമ്പം, പീരുമേടു വഴിയും കാളയും എരുമയും പോത്തുമൊക്കെ എത്തി. അന്നു പാമ്പാടി കാളച്ചന്തയും കൊഴുവനാല്‍ കാളച്ചന്തയും പ്രസിദ്ധമാണ്‌. പാലായ്‌ക്കടുത്തുള്ള കൊഴുവനാല്‍നിന്നാണ്‌ ഞാന്‍ കല്യാണം കഴിച്ചത്‌.

നൂറ്റിയിരുപത്തഞ്ചു വര്‍ഷം മുമ്പ്‌ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത്‌ ദിവാന്‍ റ്റി. മാധവറാവു നേതൃത്വം നല്‍കി പണികഴിപ്പിച്ച കെ.കെ. റോഡ്‌ (കോട്ടയം-കുമളി റോഡ്‌) ആണ്‌ പാമ്പാടിയുടെ മുഖച്ഛായ മാറ്റിയത്‌. വേനാട്ടു കായലില്‍നിന്നും കിഴക്കന്‍മലകളിലെ തേയിലക്കാടുകളിലേക്കും ഏലം,കുരുമുളക്‌, ഇഞ്ചി തടങ്ങളിലേക്കും വഴിതുറന്ന രാജപാത. തിരുവിതാംകൂറിലെ ആദ്യത്തെ വന്‍കിട തോട്ടം - രണ്ടായിരം ഏക്കര്‍- സ്ഥാപിച്ച അയര്‍ലന്‍ഡുകാരന്‍ ജോണ്‍ ജോസഫ്‌ മര്‍ഫിയും റോഡിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തി. അതിന്ന്‌ കൊല്ലത്തുനിന്നു തേനി വരെ പോകുന്ന നാഷണല്‍ ഹൈവേ 220 ആണ്‌.

ആലാംപള്ളി കവലയ്‌ക്കടുത്ത്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു തൊട്ടുചേര്‍ന്ന്‌ കുന്നിന്‍ചെരുവിലുള്ള വീട്ടില്‍ നിന്നുകൊണ്ട്‌ ടാറിടാത്തതെങ്കിലും മെറ്റലടിച്ച റോഡില്‍കൂടി ലോറിയില്‍ നിറച്ച വെള്ളം തളിച്ചു പോകുന്നത്‌ കൊച്ചുന്നാളില്‍ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്‌. രാജാവോ കുടുംബാംഗങ്ങളോ ദിവാനോ പീരുമേട്ടിലെ വേനല്‍ക്കാല വസതിയിലേക്ക്‌ സവാരി പോകുമ്പോള്‍ പൊടിയടങ്ങാനാണ്‌ വെള്ളം വിതാനിച്ചു പോകുന്നത്‌.

(തുടരും).
എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)എന്റെ ഗ്രാമം എന്റെ രാജധാനി -1 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക