Image

കേരളവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ( മീട്ടു റഹ്മത്ത് കലാം )

മീട്ടു റഹ്മത്ത് കലാം Published on 19 November, 2013
കേരളവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ( മീട്ടു റഹ്മത്ത് കലാം )
കേരളം ഉള്‍പ്പേടെ ആറുസംസ്ഥാനങ്ങള്‍ ചേരുന്നതാണ് പശ്ചിമഘട്ടം. ഈ സംസ്ഥാനങ്ങളില്‍ സാക്ഷരതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്  നമ്മുടെ നാട്. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഓഫീസ് മെമ്മോറാണ്ടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ഭയാശങ്കകളോടെ ഇളകിമറിഞ്ഞതും മലയാളികളാണ്.

ചുറ്റും നടക്കുന്നതിനെക്കുറിച്ചുള്ള എകദേശ ധാരണ ഉണ്ടാകാത്തിടത്തോളം എത്ര വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള ഹര്‍ത്താലെന്ന് കൊട്ടിഘോഷിച്ച എത്ര പേര്‍ക്കറിയാം എന്താണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന്  ?
സാമൂഹികപാഠത്തിന്റെ പുസ്തകം വായിക്കും പോലുള്ള ചില പദപ്രയോഗങ്ങള്‍ കണ്ട് സാധാരണക്കാര്‍ പത്രവായനയ്ക്കിടയില്‍ ഉപേക്ഷിച്ചു പോയതാകാം ഈ അജ്ഞതയ്ക്ക് കാരണം. ചാനലുകളിലെ ഈ ചൂടന്‍ ചര്‍ച്ചകളും അതിനെക്കുറിച്ച് സാമാന്യ ധാരണ ഇല്ലാത്തവര്‍ക്ക് റിമോട്ടില്‍ വിരലമര്‍ത്തി അതിനേക്കടന്ന് പോകാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ്.

പരിസ്ഥിതിയെക്കാള്‍ വലുതാണ് മനുഷ്യനെന്നോ മനുഷ്യനേക്കാള്‍ പ്രധാനമാണ് പരിസ്ഥിതിയെന്നോ വാദിക്കുന്നതല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. എല്ലാം പരസ്പരപൂരകങ്ങളാണ്. പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഓരോ പൗരന്റെയും കടമയാണ്. നാളെയ്ക്കുവേണ്ടി ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

മലയോര മേഖലകളിലെ തുടര്‍ച്ചയായ ഘനനവും പാറപൊട്ടിക്കലും പശ്ചിമഘട്ടത്തിന്റെ ബാലന്‍സ് തെറ്റിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ച് വര്‍ഷക്കാലത്തേയ്‌ക്കെങ്കിലും ഇവ നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലേതുപോലെ പശ്ചിമഘട്ടം മുഴുവനും (633  പഞ്ചായത്തുകള്‍) പരിസ്ഥിതി ലോലമാണെന്നല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍. തികച്ചും മനുഷ്യത്വപരമായി, പശ്ചിമഘട്ടത്തിലെ 37% പ്രദേശം മാത്രമാണ് കഴിഞ്ഞ ദിവസമിറക്കിയ വിജ്ഞാനമനുസരിച്ച് പരിസ്ഥിതി ലോലമായി കണക്കാക്കപ്പെടുന്നത്. ഇതില്‍പ്പെടുന്ന 123 വില്ലേജുകളാണ് (121 പഞ്ചായത്തുകള്‍) കേരളത്തിലുള്ളത്.

ഇത്തരം പ്രദേശങ്ങളില്‍ താപോര്‍ജനിലയം, 20000 ചതുരശ്രമീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റു നിര്‍മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതെ 1.5 ലക്ഷം ചതുരശ്രമീറ്ററിലേറെ നിര്‍മാണമുള്ളതോ ആയ മേഖലാവികസന പദ്ധതികള്‍, ചുവപ്പുഗണത്തിലുള്ള (പരിസ്ഥിതിക്ക് ഹാനികരമായ) വ്യവസായങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലരുടെയും ആശങ്ക പോലെ ഇതൊരു തരത്തിലും മലയാര കര്‍ഷകരെ ബാധിക്കുന്നതല്ല. ഇത് നിയമപ്രാബല്യത്തില്‍ വന്നാല്‍ മണല്‍ മാഫിയ, റിസോര്‍ട്ടുടമകള്‍ തുടങ്ങി വന്‍തോക്കുകള്‍ക്കാവും പ്രതിസന്ധി.

ശിഖണ്ഡിയെ മുന്‍നിര്‍ത്തി മഹാഭാരതയുദ്ധത്തില്‍ ഭീഷ്മരെ വീഴ്ത്തിയതിന് പാണ്ഡവര്‍ക്ക് നന്മയുടെ ന്യായീകരണമുണ്ട്. എന്നാല്‍, മലയോര കര്‍ഷകരെ മുന്‍നിര്‍ത്തിയുള്ള കളി രാഷ്ട്രീയ ഗൂഢാലോചനയാണ്. വരുന്ന ലോകസഭ ഇലക്ഷന്റെ വോട്ട് ബാങ്കുകള്‍ തന്നെയാണ് ലക്ഷ്യം . ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായതോടെ പുത്തന്‍ ഊര്‍ജ്ജം കൈവരിച്ച ഇടതുപക്ഷം നിലവിലെ മന്ത്രിസഭയുടെ വീഴ്ച കാണാന്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍ വീണുകിട്ടുന്നതന്തും തുറുപ്പുചീട്ടാക്കും.

ഹര്‍ത്താല്‍ എന്ന ആശയം നമ്മുടെ രാജ്യത്ത് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാനായിരുന്നു. സമരങ്ങളും ഉപരോധങ്ങളും അക്രമാസക്തമാകുമ്പോള്‍ പോലും നഷ്ടം വെള്ളക്കാര്‍ക്കായിരുന്നു. നമ്മളിത് സ്വതന്ത്ര ഭാരതത്തില്‍ അനുകരിക്കുമ്പോള്‍ , സ്വന്തം വളര്‍ച്ച മുരടിക്കാനുള്ള നീക്കമായി അത് മാറും. ഹര്‍ത്താല്‍ ആഹ്വനത്തിന് കാരണം കാത്തിരിക്കുമ്പോള്‍ തന്മൂലം സര്‍ക്കാര്‍ ഖജനാവിന് ഒരു ദിവസമുണ്ടാകുന്ന നഷ്ടം 900 കോടിക്കുമേലാണെന്ന് നാം ഓര്‍ക്കാതെ പോകുന്നു. കഴിഞ്ഞ  ഏഴ് വര്‍ഷക്കാലത്തെ നൂറുകണക്കിന് ഹര്‍ത്താലുകള്‍, നമ്മുടെ വികസനത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ചിട്ടുണ്ട്.

ഒരു പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോള്‍ അതിന് പിന്തുണ പ്രഖ്യാപിക്കും മുന്‍പ് കാര്യകാരണങ്ങള്‍ വിശദമാക്കാനൊരു ചോദ്യം ചെയ്യല്‍ നടത്താന്‍ മറ്റു പാര്‍ട്ടികള്‍ക്ക് കഴിയണം. എന്നാല്‍, മതങ്ങളുടെ തലപ്പത്തുള്ളവരെയും കര്‍ഷകരെന്ന പാവങ്ങളെയും അനുകൂലിക്കുന്നില്ല എന്ന തോന്നല്‍ അതിലൂടെ ഉണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് ലഭിക്കേണ്‍ വോട്ട്…ഒഴുകിപ്പോകുമോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്.

കര്‍ഷകരെ കുടിയൊഴുപ്പിക്കാനോ കൃഷിയെ ഉന്മൂലനം ചെയ്യാനോ ഉള്ള തന്ത്രമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ വ്യാഖ്യാനിക്കുമ്പോള്‍ രണ്ട് വര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. അഞ്ച് ജില്ലകള്‍ ഇല്ലാതാകുമെന്ന് പറഞ്ഞ് എന്തായിരുന്നു പുകില് ? ഇപ്പോള്‍ കാണുന്നതും രാഷ്ട്രീയ മുതലെടുപ്പിനപ്പുറം ഒന്നുമല്ല.
മനുഷ്യരെക്കാള്‍ മൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഒന്നല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. സംസ്ഥാനപ്രതിനിധികള്‍ ഒത്തുചേര്‍ന്ന് അംഗീകരിക്കാന്‍ കഴിയാത്തതെന്ത് തന്നെ കണ്ടാലും കേന്ദ്രത്തിലത് ചൂണ്ടിക്കാട്ടി നിയമമാറ്റം വരുത്താനുള്ള അവസരമുണ്ട് .

കേരളത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത് പരിസ്ഥിതി ലോലമായി രേഖപ്പെടുത്തിയിരിക്കുന്ന ആള്‍പ്പാര്‍പ്പുള്ള പ്രദേശങ്ങളെ നിയന്ത്രണരേഖയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക തന്നെ ചെയ്യും. അതൊരിക്കലും പശ്ചിമഘട്ടം ഉള്‍ക്കൊള്ളുന്ന മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ കണക്കിലെടുക്കാതെ ആവരുത്. നമ്മുടെ നിലവാരത്തിനും സംസ്‌കാരത്തിനും യോജ്യമായ സമീപനമാണ് വേണ്ടത്. റിപ്പോര്‍ട്ടുകളെ പഠനവിധേയമാക്കാതെ എടുത്തുചാടിയുള്ള വിവേകശാലികളായ ജനതയ്ക്ക് ചേര്‍ന്നതല്ല.

രാജ്യത്തിന്റെ വികസനവും സഹോദരസംസ്ഥാനങ്ങളുടെ കൂടി ക്ഷേമവും ഏതു ഭാരതീയന്റെയും ഉത്തരവദിത്തമാണ്.കേന്ദ്രത്തിന് മുന്നില്‍ എല്ലാ സംസ്ഥാനങ്ങളും ഒരമ്മയ്ക്ക് മുന്നില്‍ മക്കള്‍ എന്ന പോലെയാണ്. പക്ഷപാതപരമായ തീരുമാനം ഉണ്ടാവുകയില്ല. ഏതൊരു പൗരന്റെയും അവകാശങ്ങളെ വ്രണപ്പെടുത്താതെ അവനെയും വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഭേദഗതികളോടെ കസ്തൂരിരംഗന്‍ സമിതി തീരുമാനങ്ങള്‍ എടുക്കുമെന്ന് തന്നെ പ്രത്യാശിക്കാം.











കേരളവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ( മീട്ടു റഹ്മത്ത് കലാം )
Join WhatsApp News
Mathew Ozhukayil 2013-11-19 13:06:50
ചുവപ്പ് പട്ടികയില്‍പെട്ട വ്യവസ്സായങ്ങള്‍..അറവുശാലകള്‍, മാംസ സംസ്കരണ ശാലകള്‍, പാല്‍ സംസ്കരണ കേന്ദ്രങ്ങള്‍, ഹോട്ടല്‍, പൊടിമില്ല്, ഭക്ഷ്യ,പച്ചക്കറി സംസ്കരണ കേന്ദ്രങ്ങള്‍, കാപ്പിപ്പൊടി,തേയില സംസ്കരണ കേന്ദ്രങ്ങള്‍, മൂന്നു പശുക്കളില്‍ കൂടുതല്‍ വളര്‍ത്തുന്നത്, നാല്പതു കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നത്..ഇവയെല്ലാം ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അപ്രത്യക്ഷമാകും! കൂടാതെ പുതിയ ആശുപത്രികള്‍, വലിയ കെട്ടിടങ്ങള്‍, ഹൈവേ, റോഡിനു വീതികൂട്ടല്‍ ഇതിനെയൊക്കെ റിപ്പോര്‍ട്ട്‌ നടപ്പാകിയാല്‍ പ്രതികൂലമായി ബാധിക്കും. എന്നിട്ടും പറയുന്നു.. വികസനത്തെ ഒട്ടും ബാധിക്കില്ല എന്ന്!!! 30 ശതമാനത്തിൽ അധികം ചരുവുള്ള സ്ഥലങ്ങളിൽ കൃഷി പാടില്ല എന്ന ഒറ്റ നിർദ്ദേശം
ഒന്നുമാത്രം മതിയാകും കസ്തൂരി രംഗൻ റിപ്പോര്ട്ട് തള്ളി കളയണം എന്നാവശ്യപ്പെടുവാൻ ... ഇന്നും അടിസ്ഥാന സവ്കര്യങ്ങളില്ലാതെ കഷ്ടപെടുന്ന മലയോര മേഖലയില്‍ പുതുതായി റോഡുകള്‍ പാടില്ല എന്ന് പറയുന്നത് കൊടും ക്രൂരതയാണ്! കാലക്രമേണ കൃഷികള്‍ നിന്ന് പോകും. ആദിവാസികള്‍ പണ്ട് വനത്തില്‍ കഴിഞ്ഞിരുന്നുവോ, തടവുകാര്‍ ജയിലിനുള്ളില്‍ എങ്ങനെ കഴിയുന്നുവോ, അങ്ങനെ ഈ പ്രദേശവാസികള്‍ക്ക് ജീവിക്കേണ്ടി വരും. എന്നിട്ടും പറയുന്നു... ജനങ്ങളെ ഒട്ടും ബാധിക്കില്ല എന്ന്!!! ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും അവരുടെ സഹകരണത്തോടെയും ഇപ്പോഴുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി പരിസ്ഥിതി സംരക്ഷിക്കുക. നിയമം നടപ്പാകിയെ തീരു എന്നുണ്ടെങ്കില്‍ ഇന്ത്യ മുഴുവന്‍ ഇത് നടപ്പാക്കുക. എന്നിട്ട് വീരവാദം മുഴക്കുക!!                                                           
മണല്‍ വാരിയും, പാറ പൊട്ടിച്ചും, വയല്‍ നികത്തിയും പ്രകൃതിക്ക് ചേരാത്ത കാര്യം ചെയ്യുന്നത് പോക്രിത്തരം തന്നെയാ...അവരെ തടയുന്ന ശക്തമായ നിയമം കൊണ്ടുവാ... അല്ലെങ്കില്‍ നിലവിലുള്ള നിയമം ശക്തമായി നടപ്പാക്ക്....ഇതെല്ലാം കേരളത്തില്‍ എല്ലായിടത്തും നടക്കുന്നുണ്ട് അല്ലെങ്കില്‍ നടന്നിട്ടുണ്ട് !. ഒരു പക്ഷെ വയനാട്ടിലും ഇടുക്കിയിലും നടക്കുന്നതിലും കൂടുതല്‍ മറ്റുള്ള സ്ഥലങ്ങളിലാണ് ഇത് നടക്കുന്നത്,അല്ലെങ്കില്‍ നടന്നിട്ടുള്ളത് !!. അവിടെയെല്ലാം ഇതൊക്കെ ഇനിയും ആകമെന്നാണോ സുഹൃത്തുക്കളെ........?
Moncynkodumon 2013-11-19 20:04:14
I agreed with mathew ozhukayil. 
വിദ്യാധരൻ 2013-11-20 05:14:50
കൊള്ളാം റഹമത്തു ലേഖനം 
എല്ലാം വ്യക്തമായി ചൊല്ലി നീ 
കാള പെറ്റെ കയറെടുത്തൊ എന്ന് കേട്ട് 
ആളുകൾ പാതിവായിച്ച പത്രം ദൂരെ കളഞ്ഞു 
ഹർത്താലിനായി പായുന്നു നേതാവിനോപ്പം 
വ്യർത്തമാക്കുന്നു ജീവിതങ്ങൾ 
കല്ലുകൊണ്ടെറിഞ്ഞും
കൊള്ള ചെയ്യുതും നശിപ്പിക്കുന്നു 
പോതുമുതലുകൾ ഈ-
ചിതലുകൾ 
എന്ന് മാറുമീ അർബുദം 
അന്ന് മാത്രമേ സ്വതന്ത്രമാകു നാം 

  
Shajan.V. Cyriac 2013-11-20 06:50:36
  Very nice report . Keep it up .  
   Wishing you a good tomorrow ....... Shajan .V. Cyriac 
Anthappan 2013-11-20 10:34:13
Vidhyadaran’s comment prompted me to read the article by Ms. Rahamatthu. It is indeed a well written article. And, Vidyadaran has complemented it with the right response. If the trend continues this way the land (Kerala) will be a lost land instead of God’s own land. It is time to take out that name than mocking ourselves with it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക