Image

സന്തോഷ്‌ പണ്‌ഡിറ്റ്‌ ഹിറ്റാകുമ്പോള്‍

Published on 25 October, 2011
സന്തോഷ്‌ പണ്‌ഡിറ്റ്‌ ഹിറ്റാകുമ്പോള്‍
അതേ, സന്തോഷ്‌ പണ്‌ഡിറ്റ്‌ ഹിറ്റായിരിക്കുകയാണ്‌ മലയാളത്തില്‍. ഏറ്റവും മോശം പാട്ടുകളുടെ പേരില്‍ ഇന്റര്‍നെറ്റില്‍ കുപ്രസിദ്ധി നേടിയ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ അവസാനം കേരളത്തില്‍ എത്തുമ്പോള്‍ നെഗറ്റീവ്‌ ഇമേജിന്റെ കുപ്രസിദ്ധിക്കും അപ്പുറം വിജയം നേടുക തന്നെയാണ്‌ സന്തോഷ്‌ പണ്‌ഡിറ്റ്‌. കേരളത്തിലെ ചാനലുകള്‍ നിയമസഭയിലെ അടിപിടിയും, വാക്‌പോരും മറന്ന്‌ പ്രധാന വാര്‍ത്തയായി സന്തോഷ്‌ പണ്‌ഡിറ്റ്‌ എന്ന നവാഗത സിനിമാക്കാരനെ ചര്‍ച്ച ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ സന്തോഷ്‌ പണ്‌ഡിറ്റ്‌ ഹിറ്റാകുക തന്നെയാണ്‌. സന്തോഷ്‌ പണ്‌ഡിറ്റിന്റെ ചിത്രം കൃഷ്‌ണനും രാധയും റിലീസ്‌ ചെയ്‌ത മൂന്ന്‌ സെന്ററുകളിലും വന്‍ ജനക്കൂട്ടത്തെ (കൂവിവിളിക്കാനാണെങ്കിലും) സൃഷ്‌ടിക്കുമ്പോള്‍ ഒരു സിനിമ സാമ്പത്തികമായി വിജയം നേടുകയാണിവിടെ.

ആരാണ്‌ ഈ സന്തോഷ്‌ പണ്‌ഡിറ്റ്‌. ഇന്‍ര്‍നെറ്റും, ഫേസ്‌ബുക്കും, യൂട്യൂബുമൊക്കെ ഉപയോഗിക്കുന്ന മലയാളികള്‍ക്കെല്ലാം സന്തോഷ്‌ പണ്‌ഡിറ്റിനെ അറിയാം. കൃഷ്‌ണനും രാധയും എന്ന സിനിമയുടെ സംവിധായകന്‍, നായക നടന്‍, നിര്‍മ്മാതാവ്‌, ഗാനരചനയിതാവ്‌, സംഗീത സംവിധായകന്‍, എഡിറ്റര്‍, തിരക്കഥാകൃത്ത്‌ തുടങ്ങി എല്ലാ മേഖലകളും ഒരുപോലെ കൈകാര്യം ചെയ്‌ത വ്യക്തി.

യൂട്യൂബില്‍ ഏറ്റവും മോശം ആല്‍ബം എന്ന വിധിയെഴുത്ത്‌ നേടിയ സില്‍സിലക്ക്‌ ശേഷം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയാണ്‌ സന്തോഷ്‌ പണ്‌ഡിറ്റ്‌. അദ്ദേഹം തന്നെ അഭിനയിച്ച ഒരു വീഡിയോ ക്ലീപ്പിങുമായി. ആരോ കൗതുകത്തിന്‌ ചെയ്‌ത ആല്‍ബമായിരിക്കുമെന്നാണ്‌ ആദ്യം കരുതപ്പെട്ടത്‌. എന്നാല്‍ ഒന്നിന്‌ പിറകെ ഒന്നായി സന്തോഷ്‌ പണ്‌ഡിറ്റ്‌ എന്ന പേരില്‍ ഗാനങ്ങള്‍ എത്തിയപ്പോള്‍ സന്തോഷ്‌ പണ്‌ഡിറ്റും ഹിറ്റായി തുടങ്ങി. ഏറ്റവും മോശം ഗാനങ്ങളുടെ പേരിലാണ്‌ പ്രസിദ്ധി നേടിയത്‌ എന്ന്‌ മാത്രം. എന്നാല്‍ ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ മുഖേനെ തന്റെ സിനിമ റിലീസ്‌ ചെയ്യുന്നതിന്‌ മുമ്പു തന്നെ നല്ല സാമ്പത്തിക ലാഭം സന്തോഷ്‌ പണ്‌ഡിറ്റ്‌ നേടി. ഇത്‌ ഒരു വലിയ മാര്‍ക്കറ്റിംഗ്‌ തന്ത്രമായിരുന്നു എന്നു പോലും ഇപ്പോള്‍ നിരീക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നു.

എന്തായാലും യുട്യൂബിലും ഫേസ്‌ബുക്കിലും കൂടിയായി സന്തോഷ്‌ പണ്‌ഡിറ്റ്‌ ന്യായമായ ചീത്തവിളികേട്ടു എന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം. എന്നാല്‍ അപഹസിക്കപ്പെടുമ്പോഴും നിശബ്‌ദനായി ഇരിക്കുകയായിരുന്നു സന്തോഷ്‌ പണ്‌ഡിറ്റ്‌. രണ്ടു മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്റെ സിനിമ ദിപാവലിക്ക്‌ മുമ്പ്‌ റിലീസിനെത്തുമെന്ന്‌ സന്തോഷ്‌ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ആരുംകാര്യമായിട്ടെടുത്തില്ല. എന്നാല്‍ സന്തോഷ്‌ പറഞ്ഞത്‌ സത്യമായിരിക്കുന്നു. റിലീസിന്‌ മുമ്പേ ഇന്റര്‍നെറ്റിലൂടെ വന്‍ ലാഭം കൊയ്‌ത സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൃഷ്‌ണനും രാധയും തീയേറ്ററുകളിലുമെത്തി. വ്യത്യസ്‌ത മതക്കാരായ ജോണിന്റെയും രാധയുടെയും പ്രണയവും വിവാഹവുമൊക്കെയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

മൂന്ന്‌ തീയേറ്ററുകളാണ്‌ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ റിലീസിനെടുത്തത്‌. മൂന്ന്‌ തീയേറ്ററുകള്‍ ഈ സിനിമക്ക്‌ എങ്ങനെകിട്ടിയെന്ന്‌ ഏവരും അത്ഭുതപ്പെട്ട്‌ നോക്കിയപ്പോഴാണ്‌ കേരളത്തിലെ ചലച്ചിത്രലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു അത്ഭുതം സംഭവിച്ചിരികുന്നത്‌.

മൂന്ന്‌ തീയേറ്ററുകളിലും എല്ലാ ഷോകളും നിറഞ്ഞ സദസ്സിലാണ്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്‌. ടിക്കറ്റ്‌ കിട്ടാതെ നിരവധി പേര്‍ തിരിച്ചു പോകുന്നു. തീയേറ്ററിനുള്ളില്‍ കൂവലുകളും ബഹളങ്ങളും മാത്രമേയുള്ളുവെങ്കിലും ചിത്രം പ്രദര്‍ശനത്തിനെടുത്ത മൂന്ന്‌ തീയേറ്ററുകാരും ഹാപ്പിയാണ്‌. തൃശ്ശൂരില്‍ സന്തോഷിന്റെ സിനിമ വിതരണത്തിനെടുത്ത തീയേറ്റര്‍ ഉടമ പറഞ്ഞത്‌ രജനികാന്തിന്റെ റോബോട്ട്‌ നേടിയ ഇന്‍ഷ്യല്‍ കളക്ഷന്‍ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ മറികടന്നു വെന്നാണ്‌. സംഗതി സത്യവുമാണ്‌. മറ്റൊന്ന്‌ ശരാശരി കണക്കെടുത്താല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമക്ക്‌ ലഭിക്കുന്ന ഇന്‍ഷ്യല്‍ കളക്ഷന്‍ സന്തോഷിനും ലഭിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം.

എറണാകുളത്തെ തീയേറ്ററിലാകട്ടെ ജനത്തിരക്ക്‌ നിയന്ത്രിക്കാന്‍ എല്ലാ ഷോയിക്കും പോലീസ്‌ എത്തേണ്ടിയും വന്നു. ചിത്രം റിലീസ്‌ ചെയ്‌തിട്ട്‌ മൂന്ന്‌ നാല്‌ ദിവസങ്ങള്‍ പിന്നിടുമ്പോഴും തിരക്കിന്‌ യാതൊരു കുറവുമില്ല. ആര്‍ത്തുവിളിക്കുന്ന കൂവിവിളികളും സന്തോഷ്‌ പണ്‌ഡിറ്റിനെതിരെയുള്ള ആക്രോശങ്ങളുമാണ്‌ റിലീസ്‌ ചെയ്‌ത എല്ലാ കേന്ദ്രങ്ങളിലും എങ്കിലും സിനിമ കാണാന്‍ ആളെത്തിയിരിക്കുന്നു എന്നത്‌ സന്തോഷ്‌ പണ്‌ഡിറ്റിന്റെ പോക്കറ്റില്‍ കാശുവിഴ്‌ത്തിയിരിക്കുന്നു. ചിത്രത്തിന്റെ വിതരണവും സന്തോഷ്‌ നേരിട്ടാണ്‌ എന്നതുകൊണ്ട്‌ നല്ല സാമ്പത്തിക നേട്ടം തന്നെയാണ്‌ സന്തോഷിന്‌.

ഏത്‌ അളവില്‍ നോക്കുകയാണെങ്കില്‍ ക്വാളിറ്റിയില്‍ വളരെ മോശം എന്ന്‌ ഏവരും വിധിയെഴുതിയ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമ എങ്ങനെയാണ്‌ ഇത്രയും വിജയം നേടിയത്‌. ഈ സംഗതിയൊന്ന്‌ കാണാനുള്ള ജനത്തിന്റെ താത്‌പര്യവും കൗതുകവുമെന്നൊക്കെ തന്നെ പറയേണ്ടി വരും ഈ പ്രതിഭാസത്തിനെ. ഫേസ്‌ബുക്കില്‍ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ മലയാളത്തില്‍ പൊതുവെയെത്തുന്ന മുന്നാംകിട സിനിമകള്‍ വെച്ച്‌ നോക്കുമ്പോള്‍ സന്തോഷ്‌ പണ്‌ഡിറ്റിന്റെ ചിത്രം വളരെ ഭേദമായിരിക്കുമെന്നാണ്‌.

ഇന്റര്‍നെറ്റില്‍ വിദ്യാസമ്പന്നരായ മധ്യവര്‍ഗമലയാളി യുവത്വം കളിയാക്കിവിടുന്നവരില്‍ ഏറ്റവും പ്രമുഖരാണ്‌ ശ്രീശാന്തും പൃഥ്വിരാജും. ഇപ്പോള്‍ സന്തോഷ്‌ പണ്‌ഡിറ്റിനെയും അവര്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നു എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കൗതുകം. പൃഥ്വിരാജിനെയും സന്തോഷ്‌ പണ്‌ഡിറ്റിനെയും താരതമ്യപ്പെടുത്തി നിരവിധി തമാശകളും ഇന്റര്‍നെറ്റില്‍ സുലഭം.

ഇവിടെ മനസിലാക്കേണ്ട മറ്റൊരു വസ്‌തുത നമ്മുടെ മുഖ്യധാര സിനിമകള്‍ ചിലത്‌ തീയേറ്ററില്‍ വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ സംവിധായകരും താരങ്ങളും ഒരുപാട്‌ ആവേശം കൊള്ളാറുണ്ട്‌. ഒരാഴ്‌ചക്കുള്ളില്‍ ഈ സിനിമകളൊക്കെ തീയേറ്റര്‍ വിടുമ്പോഴും ഇന്‍ഷ്യല്‍ കളക്ഷന്‍ നേടി എന്നതാണ്‌ സിനിമക്കാര്‍ പൊതുവേ ചൂണ്ടിക്കാട്ടാറുള്ളത്‌. എന്നാലിപ്പോള്‍ സന്തോഷ്‌ പണ്‌ഡിറ്റിന്റെ സിനിമയും ഇന്‍ഷ്യല്‍ കളക്ഷന്‍ നേടിയിരിക്കുന്നു എന്നതുകൊണ്ട്‌ ഈ വക കാര്യങ്ങളിലൊന്നും യാതൊരു കഴമ്പുമില്ല എന്നത്‌ മനസിലാക്കാന്‍ കഴിഞ്ഞു എന്നതാണ്‌ സന്തോഷ്‌ പണ്‌ഡിറ്റിനെക്കൊണ്ട്‌ ഉണ്ടായ ഏറ്റവും വലിയ ഗുണം.

ഇപ്പോഴിതാ ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്ന സന്തോഷ്‌ പണ്‌ഡിറ്റ്‌ തന്റെ അടുത്ത രണ്ട്‌ സിനിമകളും അനൗണ്‍സ്‌ ചെയ്‌തു കഴിഞ്ഞു. ജിത്തുഭായ്‌ എന്ന ചോക്ലേറ്റ്‌ ബോയ്‌ എന്നാണ്‌ സന്തോഷ്‌ പണ്‌ഡിറ്റിന്റെ അടുത്ത സിനിമയുടെ പേര്‌. ഇതിന്റെ സോംഗുകള്‍ യൂട്യൂബില്‍ ലഭ്യമായിട്ടുണ്ട്‌. കാളിദാസന്‍ കവിത എഴുതുകയാണ്‌ എന്നതാണ്‌ അതിനടുത്ത ചിത്രം.

ഏറ്റവും വലിയൊരു കോമഡി എന്താണെന്ന്‌ വെച്ചാല്‍ സന്തോഷ്‌ പണ്‌ഡിറ്റിന്‌ മലയാളത്തിലെ ചലച്ചിത്ര സംഘടനകളില്‍ ഒന്നും മെംമ്പര്‍ഷിപ്പില്ല എന്നതാണ്‌. അമ്മയിലോ, ഫെഫ്‌കയിലോ, പ്രൊഡ്യൂസര്‍ അസോസിയേഷനിലോ ഒന്നും സന്തോഷ്‌ പണ്‌ഡിറ്റില്ലോ. തങ്ങളെ ബഹുമാനിക്കാത്ത ആരെയും വിലക്കുന്ന സംഘടനകള്‍ക്ക്‌ സന്തോഷിനെ ഒരു ചുക്കും ചെയ്യാനുമായില്ല. എന്തായാലും മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയും എല്ലാം ഒരുപോലെ അമ്പരപ്പിച്ച്‌ സന്തോഷ്‌ പണ്‌ഡിറ്റിന്റെ ചിത്രം റിലീസ്‌ ചെയ്‌ത കേന്ദ്രങ്ങളില്‍ പ്രദര്‍ശന വിജയത്തിലേക്ക്‌ തന്നെ നീങ്ങുകയാണ്‌.
സന്തോഷ്‌ പണ്‌ഡിറ്റ്‌ ഹിറ്റാകുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക