Image

ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ റിപ്പോര്‍ട്ട്‌ തിരസ്‌കരിക്കണം: എസ്‌.എം.സി.സി

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2011
ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ റിപ്പോര്‍ട്ട്‌ തിരസ്‌കരിക്കണം: എസ്‌.എം.സി.സി
ന്യൂയോര്‍ക്ക്‌: കുട്ടികള്‍ രണ്ടുമതിയെന്നും, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ സര്‍ക്കാര്‍ സഹായങ്ങള്‍ പാടില്ലെന്നും വിഭാവനം ചെയ്യുന്ന ജസ്റ്റീസ്‌ കൃഷ്‌ണയ്യരുടെ വനിതാ കോഡ്‌ ബില്‍ തിരസ്‌കരിക്കണമെന്ന്‌ ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ദേശീയ നിര്‍വ്വാഹക സമിതിയുടേയും ദേശീയ ഉപദേശക സമിതിയുടേയും സംയുക്ത യോഗം ഐകകണ്‌ഠ്യേന കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും, ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ശുപാര്‍ശകള്‍ കൊലപാതകത്തിന്‌ പ്രേരിപ്പിക്കുന്നതിനു തുല്യമാണെന്നും യോഗം വിലയിരുത്തി.

എസ്‌.എം.സി.സി ദേശീയ നേതാക്കളും, ബോര്‍ഡ്‌ അംഗങ്ങളേയും കൂടാതെ അമേരിക്കയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ്‌.എം.സി.സിയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ജോസി പൈലിയുടേയും, ലീന ആലപ്പാട്ടിന്റേയും പ്രാര്‍ത്ഥനാ ഗാനത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. ബ്രോങ്ക്‌സ്‌ ഇടവക വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

സഭയ്‌ക്ക്‌ കൂടുതല്‍ കരുത്ത്‌ നല്‍കത്തക്കവിധം അത്മായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന്‌ അച്ചന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. ശുശ്രൂഷിക്കപ്പെടാനല്ല, മറിച്ച്‌ ശുശ്രൂഷിക്കാനാണ്‌ എസ്‌.എം.സി.സിയുടെ നേതൃത്വത്തിലേക്ക്‌ വരുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്നും അച്ചന്‍ പറഞ്ഞു. പ്രസിഡന്റ്‌ പോള്‍ കൂള യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ജോസഫ്‌ കാഞ്ഞമല 2009- 2011 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി അക്കൗണ്ട്‌സ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുശേഷം ഇരു റിപ്പോര്‍ട്ടുകളും യോഗം പാസാക്കി.

കേരള വനിതാ കോഡ്‌ ബില്ലിനെതിരേയുള്ള പ്രമേയം ജനറല്‍ കണ്‍വീനര്‍ ഷോളി കുമ്പിളുവേലി അവതരിപ്പിച്ചു. തുടര്‍ന്ന്‌ വിവിധ ചാപ്‌റ്ററുകളെ പ്രതിനിധീകരിച്ച്‌ വില്‍സണ്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡി.സി), ആന്റണി ചെറു (ഹൂസ്റ്റണ്‍), ജോര്‍ജ്‌ ജോസഫ്‌ അങ്ങാടിയത്ത്‌ (ഫ്‌ളോറിഡ), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍), ജോസ്‌ ഞാറക്കുന്നേല്‍ (ബ്രോങ്ക്‌സ്‌), ജിബി തോമസ്‌ (ന്യൂജേഴ്‌സി), ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ (കാലിഫോര്‍ണിയ), ഡെയ്‌സി തോമസ്‌ (സ്റ്റാറ്റന്‍ഐലന്റ്‌), സിറിയക്‌ കുര്യന്‍ (ന്യൂജേഴ്‌സി), ബോബന്‍ തോട്ടം (ഹെംസ്റ്റഡ്‌), അലക്‌സ്‌ തോമസ്‌ (റോക്ക്‌ലാന്റ്‌) തുടങ്ങിയവര്‍ സംസാരിച്ചു.

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ ഞാറക്കുന്നേല്‍ സ്വാഗതവും, നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി ലൈസി അലക്‌സ്‌ നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ 2011- 2013 വര്‍ഷത്തേക്കുള്ള എസ്‌.എം.സി.സിയുടെ ദേശീയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടന്നു. ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ്‌ ജോസഫ്‌, അംഗങ്ങളായ തോമസ്‌ പാലത്തറ, ക്ലാര ജോബ്‌ എന്നിവര്‍ തെരഞ്ഞെടുപ്പ്‌ നടപടികള്‍ നിയന്ത്രിച്ചു.

എസ്‌.എം.സി.സിയുടെ ദേശീയ പ്രസിഡന്റായി സേവി മാത്യു (ഫ്‌ളോറിഡ) ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സിറിയക്‌ കുര്യന്‍ (ന്യൂജേഴ്‌സി) ആണ്‌ പുതിയ ജനറല്‍ സെക്രട്ടറി. ഏലിക്കുട്ടി ഫ്രാന്‍സീസ്‌ (ടെക്‌സസ്‌)- ട്രഷറര്‍, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (കാലിഫോര്‍ണിയ), പൗലോസ്‌ പെരുമറ്റം (ന്യൂയോര്‍ക്ക്‌)- വൈസ്‌ പ്രസിഡന്റുമാര്‍, സിജില്‍ പാലയ്‌ക്കലോടി (കാലിഫോര്‍ണിയ)- ജോയിന്റ്‌ സെക്രട്ടറി, സോളി ഏബ്രഹാം (മേരീലാന്റ്‌)- ജോയിന്റ്‌ ട്രഷറര്‍, തോമസ്‌ എം. തോമസ്‌, ജോസ്‌ ഞാറക്കുന്നേല്‍, ഷോളി കുമ്പിളുവേലി, ചാക്കോ കല്ലുകുഴി, മാത്യു പൂവന്‍, ലീന ആലപ്പാട്ട്‌ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍.

സേവി മാത്യുവിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ നാഷണല്‍ ഗവേണിംഗ്‌ കമ്മിറ്റിക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ പോള്‍ കൂള, ജോസഫ്‌ കാഞ്ഞമല, എസ്‌.എം.സി.സി നേതാക്കളായ ഡോ. ജയിംസ്‌ കുറിച്ചി, മാത്യു തോയല്‍, ജോസ്‌ മാളിയേക്കല്‍, മോഡി ജേക്കബ്‌, ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ചാപ്‌റ്ററുകള്‍ ഇല്ലാത്ത എല്ലാ സീറോ മലബാര്‍ ഇടവകകളിലും എത്രയും പെട്ടെന്ന്‌ എസ്‌.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും, വൈദീകരുമായി സഹകരിച്ചുകൊണ്ട്‌ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പുതിയ പ്രസിഡന്റ്‌ സേവി മാത്യു തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എസ്‌.എം.സി.സി കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും യുവാക്കളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുകവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ വിജയത്തിനായി സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ജോജോ ഒഴുകയില്‍, ജയിംസ്‌ തെള്ളിയാങ്കല്‍, ബെന്നി ആലപ്പാട്ട്‌, ജോസി പൈലി, ചിന്നമ്മ പുതുപ്പറമ്പില്‍, ഓള്‍ഗാ സുനില്‍ ചാക്കോ, ആലീസ്‌ വാളിപ്ലാക്കല്‍, ജോസഫ്‌ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ റിപ്പോര്‍ട്ട്‌ തിരസ്‌കരിക്കണം: എസ്‌.എം.സി.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക