Image

മാഫിയ സഖ്യം

ഡോ. പി.ജെ. ജയിംസ് Published on 19 November, 2013
 മാഫിയ സഖ്യം

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ശക്തമായ മാഫിയ സഖ്യം രൂപപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലുണ്ടായിട്ടുള്ള ഭൂബന്ധങ്ങളിലെ മാറ്റങ്ങളുടെയും രാഷ്ട്രീയ സാമ്പത്തിക അടിയൊഴുക്കുകളുടെയും പശ്ചാത്തലത്തില്‍ വേണം ഇത് കാണാന്‍. കേരളത്തില്‍ നടപ്പായ, ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്‍െറ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഭാഗങ്ങളാണ്. 1957ല്‍ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിനെതിരെ വിമോചന സമരം സംഘടിപ്പിച്ച അതേ ശക്തികള്‍ ആ പരിഷ്കരണത്തിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയെന്നത് കേരള ചരിത്രത്തിലെ വിരോധാഭാസമാണ്. വിമോചനസമരത്തിലൂടെ നേടിയെടുത്ത പ്രതിലോമ രാഷ്ട്രീയത്തിന്‍െറയും ഭൂമിയിലൂടെ നേടിയ സാമ്പത്തിക പിന്‍ബലത്തിന്‍െറയും പശ്ചാത്തലത്തിലാണ് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപംകൊണ്ടത്. തുടര്‍ന്ന് ഇങ്ങോട്ടുള്ള കേരളത്തിന്‍െറ രാഷ്ട്രീയ അപചയത്തില്‍ കേരള കോണ്‍ഗ്രസ് നിര്‍ണായക ഘടകമാണെന്ന് കാണാം. കഴിഞ്ഞ നാല് ദശാബ്ദത്തിലേറെയായി കേരളം മാറിമാറി ഭരിച്ച സര്‍ക്കാറുകളില്‍ കേരള കോണ്‍ഗ്രസിന്‍െറ ഏതെങ്കിലും ഒരു ഘടകം നിര്‍ണായകമായിരുന്നെന്ന് കാണാം.
’60കള്‍ മുതല്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയിലൂടെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസത്തിന്‍െറയും ’90 കളിലുണ്ടായ നവ ഉദാരീകരണ നയങ്ങളിലൂടെ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്‍െറയും രംഗത്ത് പിടിമുറുക്കാന്‍ ഭൂമിയിന്മേലുള്ള ആധിപത്യം വളരെ സഹായകരമായിട്ടുണ്ട്. 1975ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ആദിവാസി ഭൂസംരക്ഷണ നിയമം 1998ല്‍ അട്ടിമറിച്ച് കൈയേറ്റ മാഫിയക്ക് വിടുപണി ചെയ്തതില്‍ സി.പി.എം നേതൃത്വം നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന കേരള കോണ്‍ഗ്രസും കത്തോലിക്കാ പള്ളിയും എക്കാലവും ആദിവാസികള്‍ക്കും ദലിതര്‍ക്കും പരിസ്ഥിതിക്കും എതിരായിരുന്നു. ‘തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയില്‍ കഞ്ഞി കുടിപ്പിക്കും’ തുടങ്ങിയ വിമോചന സമരകാലത്ത് കേരളത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ക്രിസ്ത്യന്‍ സവര്‍ണ മാടമ്പിത്തരത്തിന്‍െറ, ദലിത് വിരുദ്ധതയുടെ പ്രതിഫലനമാണ്. ഇപ്പോള്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തോലിക്കാ മതമേധാവിത്വത്തിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും നേതൃത്വത്തില്‍ ഇടുക്കിയിലും വയനാട്ടിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ ’59ലെ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്നതാണ്. അന്ന് തൊപ്പിപ്പാളയും കുറുവടിയുമായി തെരുവില്‍ ആഭാസനൃത്തം നടത്തിയ ക്രിസ്ത്യന്‍ മാടമ്പിത്തരം ഇന്ന് കൈയേറ്റ, റിയല്‍ എസ്റ്റേറ്റ്, വന മാഫിയയായി രൂപപ്പെട്ടിരിക്കുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ദലിതരെ ജീവനോടെ കുഴിച്ചുമൂടിയ ‘നിരണം ബേബി’മാരുടെ പൈതൃകം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഇന്ന് ‘അധ്വാനവര്‍ഗ’ സിദ്ധാന്തത്തിന്‍െറ പേരില്‍ മേനിനടിക്കുന്ന കേരള കോണ്‍ഗ്രസും അതിന്‍െറ ആത്മീയ ശക്തിയായ കത്തോലിക്കാ സഭയും. കുടിയേറ്റ കര്‍ഷകന്‍െറയും റബര്‍ കര്‍ഷകന്‍െറയും പേരില്‍ ക്രിസ്ത്യന്‍ സമുദായത്തിലെ നല്ളൊരു വിഭാഗം വോട്ടുകള്‍ ഉറപ്പാക്കുന്ന കേരള കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് വനമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റ് ലോബികളുടെയും താല്‍പര്യങ്ങളാണ്. ഇതെല്ലാമായി കെട്ടുപിണഞ്ഞ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തിറങ്ങാന്‍ കേരള കോണ്‍ഗ്രസിനെയും കത്തോലിക്കാ സഭയെയും നിര്‍ബന്ധിതമാക്കുന്നത്.
പശ്ചിമഘട്ടമടക്കമുള്ള കേരളത്തിലെ പരിസ്ഥിതിയുടെ ഒന്നാം നമ്പര്‍ ശത്രുവായി മാറിയ ഈ സഖ്യത്തിന്‍െറ രാഷ്ട്രീയ പ്രതിനിധിയായ കെ.എം. മാണി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ‘ഭ്രാന്തന്‍ റിപ്പോര്‍ട്ട്’ എന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനാപരമായ പിന്‍ബലമുള്ള ഗാഡ്ഗില്‍ കമ്മിറ്റിയെ ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഇത്ര മ്ളേച്ഛമായ രീതിയില്‍ അപലപിച്ചിട്ടുപോലും കേരളത്തിലെ ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്‍നിന്ന് ഒരഭിപ്രായവും ഉയര്‍ന്നില്ളെന്നത് ശ്രദ്ധേയമാണ്. എല്ലാ അര്‍ഥത്തിലും മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ഥ കര്‍ഷക ജനതയുടെയും ആദിവാസികളുടെയും പാര്‍ശ്വവത്കൃതരായ മറ്റ് പണിയെടുത്ത് ജീവിക്കുന്നവരുടെയും പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഏറ്റവും ശ്ളാഘനീയമായ ‘ഗാഡ്ഗില്‍’ റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസിന്‍െറയും കത്തോലിക്കാ സഭയുടെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിലോമ നീക്കങ്ങളെ അവസരവാദപരമായി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന സി.പി.എം നേതൃത്വത്തിന്‍െറ സമീപനം ഇതിലേറെ മ്ളേച്ഛമാണ്. ഭൂമാഫിയകളുടെയും വിദ്യാഭ്യാസ-ആരോഗ്യ-റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും താല്‍പര്യം സംരക്ഷിക്കുന്നതില്‍ സി.പി.എമ്മും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും എല്ലാം വ്യത്യസ്ത മുന്നണികളില്‍ നില്‍ക്കുമ്പോഴും ഒരേ തൂവല്‍പക്ഷികളാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഈ സവിശേഷമായ രാഷ്ട്രീയ അധ$പതനം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 1977നു മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ എടുത്ത തീരുമാനം ഒരിക്കല്‍പോലും നടപ്പാക്കാന്‍ മുന്‍കൈയെടുക്കാതെ ഇടുക്കിയിലെയും മറ്റും കര്‍ഷകരെ എക്കാലവും മുള്‍മുനയില്‍ നിര്‍ത്തി സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന് ഇരയാക്കുകയാണ് ഇരുമുന്നണിയും ചെയ്യുന്നത്. ഇതിനിടയില്‍ മൂന്നാറിലും വാഗമണിലും മറ്റിടങ്ങളിലുമെല്ലാം എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി റിയല്‍ എസ്റ്റേറ്റ് മാഫിയക്കും വനമാഫിയക്കും പട്ടയം ലഭ്യമാക്കുന്ന ഏര്‍പ്പാട് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംവിധാനത്തിന്‍െറ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും കത്തോലിക്കാ മത മേധാവിത്വവുമാണ്. ഈ വിഭാഗത്തിന്‍െറ താല്‍പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ കര്‍ഷക ജനതയെ മുന്നില്‍ നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലേയോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലേയോ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലാത്ത കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാജ്യത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഛിദ്രശക്തികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളഞ്ഞ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഇപ്പോള്‍ നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ഈ കുപ്രചാരണങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ലക്ഷ്യം ഒരു തരത്തിലുള്ള പരിസ്ഥിതി സംരക്ഷണവും കൈയേറ്റ നിയന്ത്രണവും തങ്ങള്‍ അനുവദിക്കില്ളെന്നതാണ്. ഇത് തിരിച്ചറിഞ്ഞ് കര്‍ഷക പക്ഷത്തുനില്‍ക്കുന്ന പരിസ്ഥിതി വാദികളും രാജ്യസ്നേഹികളും അടിയന്തരമായി രംഗത്തുവരുന്നില്ളെങ്കില്‍ ജനാധിപത്യകേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകരമായ ഒരു സന്ദര്‍ഭമായിരിക്കും രൂപംകൊള്ളുക.

(പശ്ചിമഘട്ട പരിരക്ഷണ ജനകീയപ്രസ്ഥാന ഏകോപന സമിതി കോഓഡിനേറ്ററാണ് ലേഖകന്‍)

(Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക