Image

“ദ ക്രിസ്തുമസ് കാന്‍ഡില്‍” ശക്തമായ സന്ദേശവുമായി ഒരു ക്രിസ്തുമസ് സിനിമ: ഫാ.മാത്യൂ മണക്കാട്ട്

ഫാ.മാത്യൂ മണക്കാട്ട് Published on 22 November, 2013
“ദ ക്രിസ്തുമസ് കാന്‍ഡില്‍” ശക്തമായ സന്ദേശവുമായി ഒരു ക്രിസ്തുമസ് സിനിമ: ഫാ.മാത്യൂ മണക്കാട്ട്
"കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്തുമസ് കാലത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയ സിനിമ  ഏതെങ്കിലും ഒരെണ്ണം ക്രിസ്തുമസിന്‌റെ സന്ദേശം നല്‍കുന്നുണ്ടോ? ക്രിസ്തുവിന്റെ ജനനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഏതെങ്കിലും ഒരു സിനിമ ക്രിസ്തുമസിനോടനുബന്ധിച്ച് റിലീസായിട്ടുണ്ടോ? യേശുവിന്റെ ജനനമാണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രം എന്ന് നമ്മുടെ യുവാക്കള്‍ക്കു മനസ്സിലാക്കാന്‍ ഉതകുന്ന ഏതെങ്കിലും പരിപാടി നമുക്കുണ്ടോ?" ചോദ്യങ്ങള്‍ ഒരു പള്ളിവികാരിയുടേതല്ല, മറിച്ച് പെന്‍സില്‍വേനിയയുടെ മുന്‍ സെനറ്ററും (1995-2007) 2012-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണ്ണര്‍ മിറ്റ് റാംനിക്കുവേണ്ടി പിന്മാറിയ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥിയും അടിയുറച്ച കത്തോലിക്കാ വിശ്വാസിയുമായ റിക്ക്   സ്‌ന്റോറമിന്റേതാണ്.

2013 നവംബര്‍ 22ന് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന "ദ ക്രിസ്തുമസ് കാന്‍ഡില്‍" എന്ന സിനിമയുടെ പ്രിവ്യൂ (Full Screeming) കാണാന്‍ സെനറ്ററര്‍ സന്റോറം നല്‍കിയ ക്ഷണമനുസരിച്ചാണ് ഫിലാഡല്‍ഫിയയിലെ ഫില്‍മോണ്ട് കാല്‍വരി ചാപ്പലിന്റെ ആഡിറ്റോയിത്തില്‍ ഞാനും Mr. ജോസഫ് മാണിയുമെത്തിയത് , നവംബര്‍ 19ന് ഉച്ചയ്ക്ക് 12 മണിക്ക്. ഫിലാഡല്‍ഫിയ അതിരൂപതയിലെ എല്ലാ വൈദികരും ചിത്രത്തിന്റെ പ്രിവ്യൂവിനു ക്ഷണിക്കപ്പെട്ടിരുന്നു. സിനിമ കാണാന്‍ എന്നതിനേക്കാള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ക്കു വിലകൊടുക്കുകയും വര്‍ഷം തോറും വാഷിംഗ്ഡണില്‍ നടക്കുന്ന പ്രോ-ലൈഫ് റാലിയെ അഭിസംബോധന ചെയ്ത് ഭ്രൂണഹത്യക്കെതിരെ തികഞ്ഞ ബോധ്യത്തോടെ സംസാരിക്കുകയും ചെയ്യാറുള്ള സന്റോറമിനെ നേരില്‍ കാണാനുള്ള ആഗ്രഹമാണ് എന്നെ കാല്‍വരി ചാപ്പലിലേക്ക് നയിച്ചത്.

ഇന്നത്തെ അമേരിക്കന്‍ ഗ്രന്ഥകര്‍ത്താക്കളില്‍ പ്രമുഖനായ മാക്‌സ് ലുക്കേഡോ (Maxs Lucado) യുടെ പ്രസിദ്ധമായ ദ ക്രിസ്ത്മസ് കാന്‍ഡില്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് എക്കോലൈറ്റ് സ്റ്റുഡിയോസ്(Echolights Studios) അതേ പേരിലുള്ള ഈ അവധിക്കാലചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ഗ്ലാഡ്ബറി എന്ന മനോഹരമായ ഒരു ഗ്രാമം. കാലം പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന വര്‍ഷങ്ങള്‍. യാഥാസ്ഥികര്‍ വസിക്കുന്ന ഗ്ലാഡ്ബറി ഗ്രാമത്തില്‍ പ്രചുരപ്രചാരം ലഭിച്ച ശക്തമായ ഒരു ഐതീഹ്യമുണ്ട്, ക്രിസ്തുമസിനോടു ബന്ധപ്പെട്ട ഒരു പാരമ്പര്യകഥ. പരമ്പരാഗതമായ മെഴുകുതിരിയുണ്ടാക്കി വില്‍ക്കുന്ന വ്യാപാരിയുടെ വീട്ടില്‍ 25 വര്‍ഷത്തിലൊരിക്കല്‍ ഒരു മാലാഖ സന്ദര്‍ശനം നടത്തുമെന്നും, മാലാഖ സ്പര്‍ശിക്കുന്ന മെഴുകുതിരി വാങ്ങി കത്തിക്കുന്ന വീട്ടില്‍ ക്രിസ്തുമസ് ദിവസം ഒരത്ഭുതം നടക്കും എന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം.
അങ്ങനെയിരിക്കെ, ഗ്ലാഡ്ബറിയിലെ കൊച്ചുപള്ളിയില്‍ ഡേവിഡ് റിച്ച്മണ്ട് എന്നപേരുള്ള ചെറുപ്പക്കാരനും പുരോഗമനവാദിയുമായ ഒരു പാസ്റ്റര്‍ നിയമിതനായി. തികഞ്ഞ മനുഷ്യസ്‌നേഹിയായ അദ്ദേഹം തന്റെ കഠിനാദ്ധ്വാനവും പരസ്‌നേഹപ്രവൃത്തികളും കൊണ്ട് ശ്രദ്ധേയനായെങ്കിലും ഗ്രാമീണരുടെ ക്രിസ്തുമസ് ഐതീഹ്യത്തില്‍ പാസ്റ്റര്‍ക്ക് അശേഷം വിശ്വാസം തോന്നിയില്ല.

മാത്രമല്ല ഹൃദയത്തിന്റെ  നന്മയും കാരുണ്യവും വഴിയാണ് അത്ഭുതങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കൂടാതെ, മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ നിന്ന്, ആ നാളുകളില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച സമ്മാനിച്ച വൈദ്യുതിയുടെ വെള്ളി വെളിച്ചത്താല്‍ തന്റെ കൊച്ചു ദേവാലയത്തെ പ്രശോഭിപ്പിക്കണമെന്നും അദ്ദേഹം തീരുമാനിക്കുന്നു.

മെഴുകുതിരി വ്യാപാരിയുടെ വീട്ടില്‍ നിന്ന് മാലാഖ തൊട്ട തിരി അപ്രത്യക്ഷമാകുമ്പോള്‍ അതിസ്വാഭാവികതതലവും മാനുഷികതലവും തമ്മിലുള്ള ഏററുമുട്ടല്‍ ആ കൊച്ചുഗ്രാമത്തില്‍ അരങ്ങേറുന്നു.  നഷ്ടപ്പെട്ടുവെന്നു കരുതിയ തിരി കണ്ടുകിട്ടുകയും അതു കത്തിച്ച വീട്ടില്‍ രോഗിയായ കുടുംബ നാഥന്‍ അത്ഭുതകരമായി സുഖപ്പെടുകയും ചെയ്യുമ്പോള്‍ പാസ്റ്ററുടെ വിശ്വാസം ദൃഢമാകുന്നു. ഗ്രാമവാസികള്‍ നന്മപ്രവൃത്തികളിലേക്കു തിരിയുന്നു.

മനോഹമായ  ഫോട്ടോഗ്രാഫിയും മാലാഖയെപ്പോലെ പാടുന്ന സൂസന്‍ ബോയ്‌ലിന്റെ ഗാനങ്ങളും ഈ ക്രിസ്തുമസ് ചിത്രത്തിനു ചാരുത പകരുന്ന മറ്റു ഘടകങ്ങളാണ്.

ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമായി "ദ ക്രിസ്തുമസ് കാന്‍ഡില്‍" ക്രൈസ്തവ കുടുംബങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അത്യൂന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം, എന്ന മാലാഖയുടെ ആശംസ മനുഷ്യഹൃദയങ്ങള്‍ക്കു കുളിരേകും, തീര്‍ച്ച. അതോടൊപ്പം ജീവിന്റെ സംരക്ഷണത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന റിക്ക് സന്റോറം പോലുള്ള നേതാക്കന്മാര്‍ക്കും നാം പിന്തുണയാവുകയും ചെയ്യും.


“ദ ക്രിസ്തുമസ് കാന്‍ഡില്‍” ശക്തമായ സന്ദേശവുമായി ഒരു ക്രിസ്തുമസ് സിനിമ: ഫാ.മാത്യൂ മണക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക