Image

നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍; താങ്ക്‌സ്‌ ഗിവിംങ്ങ്‌ (മണ്ണിക്കരോട്ട്‌ )

Published on 27 November, 2013
നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍; താങ്ക്‌സ്‌ ഗിവിംങ്ങ്‌ (മണ്ണിക്കരോട്ട്‌ )
നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു ചെറിയ വാക്ക്‌. എങ്കിലും ഈ വാക്കു കേള്‍ക്കുന്ന മനുഷ്യമനസുകളില്‍ അംഗീകാരത്തിന്റെ അലകള്‍ സൃഷ്ടിക്കാനും ആത്മസംതൃപ്‌തി അനുഭവിക്കാനും സഹാ യിച്ചെന്നു വാരം. ചിലപ്പോള്‍ ഇഷ്‌ടമില്ലാത്തവരെ ഇഷ്‌ടപ്പെടുത്താനും കോപിക്കുന്നവരെ സമാധാനിപ്പിക്കാനും കഴിയുന്ന വാക്ക്‌. സര്‍വ്വഗുണികനായ ഈ വാക്കുപയോഗിക്കുന്നതിന്‌ ഏറ്റവും ലുബ്‌ദുകാണിക്കുന്ന വരാണ്‌ മലയാളികള്‍. എന്നാല്‍ അതിനൊരു അപവാദമുണ്ട്‌. ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ഈ വാക്ക്‌ ധാരാളമായി ഉപയോഗിക്കുന്നതുകാണാം. അത്‌ നല്ലതുതന്നെ. കാരണം ഈശ്വരന്‍ നമുക്കുതരുന്ന അനുഗ്രഹങ്ങള്‍ക്കും കാരുണ്യത്തിനും നാം എന്നും എപ്പോഴും നന്ദിയുള്ളവരായിരിക്കുണം.

എന്നാല്‍ ഈശ്വരന്‌ നന്ദിയര്‍പ്പിക്കുന്നതിന്‌ വാക്കിനെക്കാള്‍ വളരെ വിലപ്പെട്ട മറ്റൊരു പ്രധാന ഘടക മുണ്ടെന്നുള്ള സത്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു. അതാണ്‌ പ്രവര്‍ത്തി. പ്രവര്‍ത്തിയില്‍കൂടി പ്രദര്‍ശിപ്പിക്കുന്ന നന്ദിയായിരിക്കും ഈശ്വരന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഇഷ്‌ടപ്പെടുന്നതും. ഇതേ സംബന്ധിച്ച്‌ ധാരാളം മഹത്‌ വചനങ്ങള്‍ മതഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

നമുക്കിടയിലുള്ള മറ്റൊരാളിന്റെ നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനോ പുകഴ്‌ത്താനോ മിക്കവരും തയ്യാറാകുകയില്ല. എന്നു മാത്രമല്ല, ഉപകാരം ചെയ്‌തവര്‍ക്ക്‌ ഒരു നന്ദിവാക്കെങ്കിലും പറയാന്‍ നാം പലപ്പോഴും മറന്നുപോകുന്നു. മറിച്ച്‌ പാരയും കുതികാല്‍വെട്ടും ആവോളം ഉണ്ടാകുകയും ചെയ്യും പലപ്പോഴും കുട്ടികള്‍പോലും പറയുന്നതുകേള്‍ ക്കാം എന്തെല്ലാം ചെയ്‌താലും എത്ര നല്ലകാര്യമായാലും ഒരു നന്ദിവാക്കുപോലും ആരില്‍നിന്നും കേള്‍ക്കാനില്ലെന്ന്‌. കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍പോലും മിക്കപ്പോഴും നമ്മുടെ ആളുകള്‍ തയ്യാറാകുന്നില്ല.

എന്നാല്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ അങ്ങനെ ആയിരുന്നില്ല എന്നുള്ളതാണ്‌. അവര്‍ എപ്പോഴും നന്ദിയുള്ളവരായിരുന്നു. ആര്‌ എന്തു നന്മചെയ്‌താലും അവര്‍ നന്ദി അര്‍പ്പിക്കുന്നവരായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. പ്രത്യേകിച്ച്‌ ഈശ്വരനോടു നന്ദിപറയുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു. ആര്‍ഷസംസ്‌ക്കാരത്തിനു തുടക്കമിട്ട ആര്യന്മാരുടെ ഈശ്വരസ്‌തുതിയുടെ ഭാഗമായി ലോകത്തിനു ലഭിച്ചുട്ടുള്ള അമൂല്യ സമ്പത്തുകളാണെല്ലോ വേദങ്ങളും ഉപനിഷത്തുകളും. സുപ്രസിദ്ധി നേടിയിട്ടുള്ള ബൃഹദാരണ്യ കോപനിഷത്തിലെ ഒരു മന്ത്രം (ബി.സി. 800) നോക്കാം.

അസതോ മാ സത്‌ഗമയ

തമസോ മാ ജ്യോതിര്‍ഗമയ

മൃതോര്‍ മാ അമൃതംഗമയ

അസത്യത്തില്‍നിന്ന്‌ സത്യത്തിലേക്കും ഇരുട്ടില്‍നിന്ന്‌ വെളിച്ചത്തിലേക്കും മരണത്തില്‍നിന്ന്‌ ജീവനിലേക്കും നയിക്കേണമേ എന്ന പ്രാര്‍ത്ഥന. മാത്രമല്ല അവര്‍ വിശാല ഹൃദയര്‍കൂടിയായിരുന്നു. അതാണല്ലോ അവര്‍ തുടര്‍ന്ന്‌ പ്രാര്‍ത്ഥിക്കുന്നത്‌.

ലോക സമസ്‌താ സുഖിനോ ഭവന്തു.

അമേരിക്കയിലെ ആദ്യ കുടിയേറ്റക്കാരും ആര്യന്മാരെപ്പോലെ നന്ദി അര്‍പ്പിക്കുന്നവരായിരുന്നു. അവരില്‍ ഒരു ഭാഗക്കാരുടെ നന്ദി അര്‍പ്പിക്കലില്‍നിന്നും ഉരുത്തിരിഞ്ഞതാണെല്ലോ ഇന്ന്‌ അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിച്ചുവരുന്ന താങ്ക്‌സ്‌ ഗിവിംഗ്‌, അല്ലെങ്കില്‍ നന്ദി അര്‍പ്പിക്കല്‍.

ലണ്ടനില്‍നിന്നും മതസ്വാതന്ത്ര്യം തേടി അമേരിക്കയിലേക്ക്‌ യാത്രതിരിച്ച ഒരു സംഘം തീര്‍ത്ഥാടകര്‍. എ.ഡി. 16, 17,18 നൂറ്റാണ്ടുകളില്‍ യൂറോപ്പിലും പ്രത്യേകിച്ച്‌ ലണ്ടനിലും മതത്തില്‍ ഗണ്യമായ പല മാറ്റ ങ്ങളും നടന്ന ഒരു കാലഘട്ടമായിരുന്നു. അതോടൊപ്പം മതത്തോടനുബന്ധിച്ച്‌ മറ്റു ധാരാളം പ്രശ്‌നങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. വേദശാസ്‌ത്രപണ്ഡിതനായ മാര്‍ട്ടിന്‍ ലൂദര്‍ എന്ന ജര്‍മ്മന്‍ പുരോഹിതന്‍ കത്തോലിക്കാ വിശ്വാസത്തിലെ ചില ഭാഗങ്ങളെക്കുറിച്ച്‌ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. അതേക്കുറിച്ചൊക്കെ കടുത്ത ഭാഷയില്‍ സംസാരിച്ചു. മാത്രമല്ല, മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയുമായി. അത്‌ അദ്ദേഹത്തെ സഭയില്‍നിന്നു മുടക്കുന്നതിന്‌ കാരണമാകുകയും ചെയ്‌തു. തുടര്‍ന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ സ്ഥാപിതമായ സഭയാണ്‌ ലൂഥ്‌റന്‍ സഭ.

അതുപോലെ ഫ്രഞ്ച്‌ വേദപണ്ഡിതനായ ജോണ്‍ കാല്‍വിനും പ്രൊട്ടസ്റ്റന്റ്‌ വിശ്വാസത്തിലൂടെ സഭയില്‍ നവീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അത്‌ പില്‍ക്കാലത്ത്‌ കാല്‍വനിസമായി പരിണമിക്കുകയും ചെയ്‌തു. ഈ സമയം ഇംഗ്ലണ്ടില്‍ ഒരു കടുത്ത കത്തോലിക്കാ വിശ്വാസിയായ ബ്രട്ടീഷ്‌ ചക്രവര്‍ത്തി ഹെന്റി എട്ടാമന്റെ ബഹുഭാര്യാപദം കത്തോലിക്കാ സഭയുമായുള്ള ഇടര്‍ച്ചയ്‌ക്കും അകല്‍ച്ചയ്‌ക്കും കാരണ മാക്കി. അതും അതുപോലെ മറ്റു പല കാരണങ്ങളും അദ്ദേഹം കത്തോലിക്കാ സഭയുമായി തെറ്റാന്‍ വഴിതെളി ച്ചു. ക്രമേണ മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശങ്ങള്‍ നിരസിക്കാന്‍ തുടങ്ങി. അങ്ങനെ ഹെന്റി എട്ടാമനെ കത്തോലി ക്കാ സഭയില്‍നിന്ന്‌ മുടക്കുകയും തുടര്‍ന്ന്‌ അദ്ദേഹം ഇംഗ്ലണ്ടിലെ സഭയെ കത്തോലിക്കാ നേതൃത്വത്തില്‍നിന്ന്‌ വിടുവിച്ച്‌ സ്വതന്ത്രസഭയാക്കി മാറ്റുകയും ചെയ്‌തു. എന്നു മാത്രമല്ല, അദ്ദേഹംതന്നെ ആ സഭയുടെ പരമാധി കാരിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തു.

ഈ മാറ്റങ്ങളും പ്രശ്‌നങ്ങളും രാഷ്ട്രീയതലത്തിലും പടര്‍ന്നു പിടിച്ചു. ബ്രിട്ടനിലെ വിശ്വാസജീവിതം പൊതുവെ താറുമാറായി. വിശ്വാസികള്‍ എന്തുചെയ്യണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലാകുകയും ചെയ്‌തു. ഈ മാറ്റങ്ങളിലും അസ്ഥിരതയിലും വീര്‍പ്പുമുട്ടിയ ഒരു കൂട്ടം വിശ്വാസികള്‍ എങ്ങനെയെങ്കിലും അവിടെനിന്ന്‌ രക്ഷപെട്ടാല്‍ മതിയെന്ന ചിന്തയിലായി. ഈ അവസരത്തില്‍ അമേരിക്ക എന്ന പുതിയ രാജ്യത്തെക്കുറിച്ച്‌ യൂറോപ്പിലെങ്ങും അറിവു ലഭിച്ചിരുന്നു. 1492-ല്‍ കൊളംബസ്‌ അമേരിക്ക കണ്ടുപിടിച്ചശേഷം 16-ാം നൂറ്റാണ്ടി ന്റെ തുടക്കം മുതല്‍ യൂറോപ്യന്‍ സഞ്ചാരികള്‍ അമേരിക്കയില്‍ യാത്ര ചെയ്‌തിരുന്നു. എന്നാല്‍ കുടിയേറ്റം ആരംഭിക്കുന്നത്‌ 17-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ്‌. അതില്‍ ബിട്ടീഷുകാരായിരുന്നു കൂടുതലും പ്രബല രും. ഈ അറിവ്‌ ഇംഗ്ലണ്ടില്‍ മതസ്വാതന്ത്ര്യം കാംക്ഷിച്ചവര്‍ക്ക്‌ അനുഗ്രഹവും പ്രചോദനവുമായി.

അവര്‍ ഇംഗ്ലണ്ടിലൈ ഡിവൊന്‍ (Devon) എന്ന സ്ഥലത്തുനിന്ന്‌ ?മെയ്‌ ഫ്‌ളവര്‍? എന്ന കപ്പലില്‍ 102 യാത്രക്കാരും 25-30 ജീവനക്കാരുമായി 1620 സെപ്‌റ്റംബര്‍ 6-ന്‌ അമേരിക്ക ലക്ഷ്യംവച്ച്‌ യാത്രതിരിച്ചു. 66-ദിവസത്തെ കഠിനവും ദുര്‍ഘടവുമായ യാത്രയ്‌ക്കുശേഷം അവര്‍ അമേരിക്കയുടെ കിഴക്കന്‍ തീരസംസ്ഥാനമായ മാസച്ച്യൂസറ്റ്‌സിലെ (Massachusetts) പ്ലിമത്ത്‌ (Plymouth) എന്ന സ്ഥലത്ത്‌ എത്തിച്ചേര്‍ന്നു. വളരെയേറെ പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടാണ്‌ ഈ ഞ്ചാരികള്‍ അവിടെ ജീവിതം ആരംഭിച്ചത്‌. പ്രത്യേകിച്ച്‌ അവിടുത്തെ അതിശൈത്യം അവര്‍ക്ക്‌ താങ്ങാവുന്നതായിരുന്നില്ല. രോഗവും ശൈത്യവും കാരണം വന്നവരില്‍ 46 പേരും അടുത്തവര്‍ഷം മരണത്തിനിടയായി. അവര്‍ ദുഖിതരായെങ്കിലും നിരാശരായില്ല. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട്‌ കഠിനാധ്വാനം ചെയ്‌തു.

അവിടുത്തെ ഭൂമി ഫലഭൂയിഷ്ടമാണെന്ന്‌ ഈ പുതിയ കുടിയേറ്റക്കാര്‍ മനസ്സിലാക്കി. അവിടുത്തെ കാടുകള്‍ വെട്ടിത്തെളിച്ച്‌ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്‌ അവര്‍ കൃഷിയിറക്കി. അവിടെ ഉണ്ടായിരുന്ന ആദിവാസികളായ റെഡ്‌ ഇന്‍ഡ്യന്‍സും (Native Americans) അവരെ സഹായിച്ചു. എന്തായാലും അടുത്ത വര്‍ഷം, സമൃദ്ധവും പ്രതീക്ഷാതീതമായ വിളവെടുപ്പുണ്ടായി. ദൈവത്തിന്‌ നന്ദിയര്‍പ്പിച്ചുകൊണ്ട്‌ ഈ വിളവെടുപ്പ്‌ ഒന്നു ആഘോഷിക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു. അവരെ സഹായിച്ച റെഡ്‌ ഇന്‍ഡ്യക്കാരേയും കൂട്ടി. മൂന്നു ദിവസം നീണ്ടുനിന്ന ഒരു വലിയ നന്ദിയര്‍പ്പിക്കല്‍ ആഘോഷം, അതായത്‌ താങ്ക്‌സ്‌ ഗിവിംങ്ങ്‌. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വമ്പന്‍ ആഘോഷം. പ്രാര്‍ത്ഥനയ്‌ക്കുശേഷം വിഭവസമൃര്‍ദ്ധമായ ഭക്ഷണവുമായിരുന്നു ഈ ആഘോഷത്തിലെ പ്രധാന ഭാഗം. കാട്ടുകോഴി (Turky), കാട്ടുതാറാവ്‌, വാത്ത എന്നിവയുടെ ഇറച്ചിയായിരുന്നു ഭക്ഷണത്തിലെ പ്രധാന ഇനങ്ങള്‍.

പിന്നീട്‌ ഓരോ വര്‍ഷവും ഈ പതിവു തുടര്‍ന്നു. താങ്ക്‌സ്‌ ഗിവിംങ്ങ്‌ വിളവെടുപ്പിനോടനുബന്ധി ച്ചായതുകൊണ്ട്‌ ഈ ആഘോഷത്തെ വിളവെടുപ്പ്‌ മഹോത്സവമെന്നും വിളിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ കഴിയുന്നതിനൊപ്പം ബ്രിട്ടനില്‍നിന്ന്‌ കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടും സമൂഹം വളര്‍ന്നുകൊണ്ടുമിരുന്നു. അമേരിക്കിയില്‍ പല സ്ഥലങ്ങളിലും ബ്രിട്ടീഷ്‌ കോളനികള്‍ ഉയര്‍ന്നു. 1776-ല്‍ അമേരിക്കിയിലെ അന്നത്തെ 13 കോളനികളും ഒന്നുചേര്‍ന്ന്‌ താങ്ക്‌സ്‌ ഗിവിംങ്ങ്‌ ആഘോഷിച്ചു. ഈ 13 കോളനികളാണ്‌. ഡെലവെയര്‍, പെന്‍സില്‍വെനിയ, ന്യുജഴ്‌സി, ന്യൂയോര്‍ക്ക്‌, ന്യൂഹാംഷര്‍, വെര്‍ജിനിയ, ജോര്‍ജിയ, സൗത്ത്‌ കരോളിന, നോര്‍ത്ത്‌ കരോളിന, മെരിലന്‍ഡ്‌, മാസച്ച്യുസറ്റ്‌സ്‌, കണക്‌ടിക്ക്‌റ്റ്‌ (Connecticut), റൊഡെ ഐലന്‍ഡ്‌ എന്നിവ. (ഈ 13 കോളനികള്‍ ചേര്‍ന്നാണ്‌ 1776-ല്‍ അമേരിക്ക ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുന്നത്‌.)

1776-നുശേഷം എല്ലാവര്‍ഷവും ഈ ആഘോഷം തുടര്‍ന്നു. 1863-ല്‍ പ്രസിദ്ധനായ ഏബ്രഹാം ലിങ്കണ്‍ താങ്ക്‌സ്‌ ഗിവിംങ്ങ്‌ ഒരു ദേശിയ ഉത്സമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ താങ്ക്‌സ്‌ ഗിവിംങ്ങ്‌ ഡിസംബറില്‍ വരാനിരിക്കുന്ന ക്രിസ്‌മസിന്റെ മുന്നോടിയായി മാറിയിരിക്കുകയാണ്‌. അതായ്‌ ക്രിസ്‌മസിനുള്ള ഒരുക്കത്തിനു സമയമായി എന്ന വിളിച്ചറിയിക്കല്‍. താങ്ക്‌സ്‌ ഗിവിംഗിനു മുമ്പുതന്നെ കടകമ്പോളങ്ങളില്‍ ക്രിസ്‌മസിന്റെ അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ആരംഭിച്ചിരിക്കും. പിന്നീടങ്ങോട്ട്‌ ക്രസ്‌മസ്‌ ഷോപ്പിംഗിന്റെ കാലമാണെല്ലോ.

ഇന്ന്‌ അമേരിക്കയില്‍ നൊവംബറിലെ നാലാം വ്യാഴാഴ്‌ച ബന്ധുമിത്രാധികളും സുഹൃത്തുക്കളും ഒന്നു ചേര്‍ന്ന്‌ താങ്‌സ്‌ ഗിവിംങ്ങ്‌ ആഘോഷിക്കുക്കുക പതിവാണ്‌. അങ്ങനെ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിക്കുക, എക്കാലവും നന്ദിയുള്ളവരായിരിക്കുക.

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍; താങ്ക്‌സ്‌ ഗിവിംങ്ങ്‌ (മണ്ണിക്കരോട്ട്‌ )നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍; താങ്ക്‌സ്‌ ഗിവിംങ്ങ്‌ (മണ്ണിക്കരോട്ട്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക