Image

അമേരിക്കയില്‍ മലയാളം എഴുത്തിനു വേണം ക്രിയാത്മകമായ വിമര്‍ശനം (ജോണ്‍ മാത്യു)

Published on 28 November, 2013
അമേരിക്കയില്‍ മലയാളം എഴുത്തിനു വേണം ക്രിയാത്മകമായ വിമര്‍ശനം (ജോണ്‍ മാത്യു)
വടക്കെ അമേരിക്കയിലെ മലയാള എഴുത്തുകാരുടെ സംഘടനയായ ലാനയുടെ വാര്‍ഷിക സമ്മേളനം ചിക്കാഗോയില്‍ നടക്കുകയായി. ഒന്നോ രണ്ടോ ദിവസത്തെ ചര്‍ച്ചയില്‍ വിശദമായ പഠനങ്ങള്‍ക്കൊന്നും നേരമില്ലായിരിക്കാം. പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനു പരിമിതികള്‍ ഉണ്ടായിരിക്കാം. എങ്കിലും, കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി തുടര്‍ച്ചയായുള്ള ലാന സമ്മേളനങ്ങള്‍ മലയാളസാഹിത്യചരിത്രത്തില്‍ വിസ്‌മരിക്കാന്‍ കഴിയുകയില്ല. അമേരിക്കയിലെ വിവിധ നഗരങ്ങളിലും യൂറോപ്പിലും കേരളത്തിലും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതുതന്നെ അഭൂതപൂര്‍വ്വമായ നേട്ടമായി കണക്കാക്കുന്നു.

പലപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യമാണ്‌ ലാന എന്തു ചെയ്യുന്നു? ഒരു സംഘടന രൂപീകരിച്ചുവെന്ന്‌ കരുതി ഏതാനും നാളുകള്‍ക്കുള്ളില്‍ നൂറായിരം കാര്യങ്ങള്‍ ചെയ്‌തുകൂട്ടാനൊന്നും കഴിയുകയില്ല, അത്‌ പ്രായോഗികവുമല്ല. പരാതികള്‍ ആര്‍ക്കും പറയാം, നിഷേധമനസ്സുകള്‍ക്ക്‌ ഒഴികഴിവുകളും ഏറെ.

സംഘടന എന്ന വെറുമൊരു പേര്‌ എന്തെങ്കിലും ചെയ്യുമോ? അതില്‍ പങ്കെടുക്കുന്നവരുടെ പ്രവര്‍ത്തനത്തിന്റെ നിലവാരമാണ്‌ ഉല്‍കൃഷ്‌ടമായ ഫലപ്രാപ്‌തിയുണ്ടാക്കുന്നത്‌. ഏതാണ്ട്‌ ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ കൂടിവരുന്നു, അവരുടെ കൃതികള്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാക്കുന്നു. സാഹിത്യരംഗത്തുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്തുന്നു. അക്കാദമിക്ക്‌ സ്വഭാവത്തോടുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിനെല്ലാം ഉപരിയായി സൗഹൃദം പുതുക്കാനുള്ള അവസരവുമാണ്‌ എഴുത്തുകാരുടെ ഈ കൂടിവരവുകള്‍.

അമേരിക്കയിലെ മലയാളം എഴുത്ത്‌ ഗൗരവമേറിയ പഠനത്തിന്‌ വിധേയമാക്കേണ്ടുന്ന കാലം വൈകിയിരിക്കുന്നു. സ്വയം ഏര്‍പ്പാടാക്കിയുള്ള പൊങ്ങച്ചനിരൂപണ ആസ്വാദനങ്ങള്‍ക്ക്‌ പകരം പഠനത്തിനും വിമര്‍ശനത്തിനുംകൂടി എഴുത്തുകാര്‍ വിധേയരാവണം.

ലാനയുടെ വിജയം ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മാത്രമല്ല എല്ലാ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സഹൃദയര്‍ക്കുംകൂടി അവകാശപ്പെട്ടതാണ്‌. അത്‌ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടുമിരിക്കുന്നു. കഴിഞ്ഞ പതിനാറുവര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന്റെയും വിജയത്തിന്റെയും സൂചകമായി ഈ സംഘടനയുമായി അമേരിക്കയിലെ മലയാളസാഹിത്യകാരന്മാര്‍ തുടര്‍ന്നും സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ കരുതട്ടെ.

കുടിയേറ്റസമൂഹത്തിന്റെ എഴുത്തുകള്‍ക്ക്‌ മറ്റാര്‍ക്കും പകര്‍ത്താനാവാത്ത അനുഭവചരിത്രമാണുള്ളത്‌. അവരുടെ മനസ്സില്‍ ഇന്നും കൊണ്ടുനടക്കുന്നത്‌ ചെറുപ്പകാലത്തിന്റെ ഓര്‍മ്മകളായിരിക്കും അതുകൊണ്ടാണ്‌ അറിയാതെ ചിലപ്പോഴെങ്കിലും അമ്പലക്കുളവും ആല്‍ത്തറയും പള്ളിപ്പെരുന്നാളുകളും എഴുതുമ്പോള്‍ നാമൊക്കെ വാചാലരാകുന്നത്‌. അമേരിക്കയുടെ യാഥാര്‍ത്ഥ നാട്ടിന്‍പുറജീവിതം എന്നും നമുക്ക്‌ അന്യമാണ്‌. അമേരിക്കയിലെ വിവിധജനപദങ്ങളുടെ സ്വകാര്യജീവിതരീതികള്‍ നാം അറിയുന്നത്‌ ഭാവനയില്‍ക്കൂടിയും, മാദ്ധ്യമങ്ങളില്‍ക്കൂടിയും. എങ്കിലും, നമ്മുടെ പഴയതും പുതിയതുമായ ലോകങ്ങളെ കുറെയെങ്കിലും ബന്ധിപ്പിക്കാന്‍ കഴിയുന്നത്‌ കേരളത്തിന്റെയും അമേരിക്കയുടെയും രീതികള്‍ പരിചയമുള്ളവര്‍ക്കുമാത്രമാണ്‌.

നമ്മുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഇനിയും പകര്‍ത്താന്‍ കഴിയാത്ത മഹത്തായ കുടിയേറ്റത്തിന്റെ മാനസികാവസ്ഥ എഴുതാന്‍ നമ്മുടെ സാഹിത്യകാരന്മാര്‍ക്ക്‌ കഴിയണം. പ്രമേയങ്ങള്‍ക്ക്‌ ദൂരെയൊന്നും പോകേണ്ട, നമ്മുടെ പഴയ ജീവിതത്തിന്റെ പുനരാവിഷ്‌ക്കാരണത്തിനുള്ള ശ്രമമാണ്‌ സമൂഹമായി ഇന്ന്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. നമ്മുടെ ആരാധനാലയങ്ങളും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ വ്യഗ്രതയും, കിടമത്സരങ്ങളും നാടന്‍ ഭക്ഷണത്തില്‍ സമ്പന്നതയുടെ കൊഴുപ്പുചേര്‍ക്കലും മറ്റെവിടെയാണ്‌ കാണാന്‍ കഴിയുക. അമേരിക്കയിലെ മലയാളികളുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകള്‍വരെ നമ്മുടെ ജീവിതത്തിന്‌ പുതിയ നിറങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. അതായത്‌ ഒരു പുതുലോകസൃഷ്‌ടിയുടെ ഒത്തമദ്ധ്യത്തില്‍ത്തന്നെയാണ്‌ നാമൊക്കെ ജീവിക്കുന്നത്‌. ഇതുതന്നെയല്ലേ അനുഭവസമ്പത്ത്‌. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ സാഹിത്യത്തില്‍ പാഠഭേദങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടുതന്നെ മുഖ്യധാരയില്‍ എത്താനുള്ള പ്രചോദനം എഴുത്തുകാര്‍ക്ക്‌ കൊടുക്കാന്‍ സാഹിത്യസംഘടനകള്‍ക്ക്‌ കഴിയണം.

സംഘടന, അനുഭവങ്ങള്‍, ചര്‍ച്ചകള്‍, പ്രമേയം, ശില്‌പഭംഗി എല്ലാംതന്നെ സാഹിത്യസൃഷ്‌ടിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌, സംശയമില്ല. ഇതിനോടൊപ്പം സൃഷ്‌ടിയുടെ പിന്നിലുള്ള വ്യക്തിയാണ്‌ കലാരൂപങ്ങള്‍ക്ക്‌ തനിമ നല്‍കുന്നത്‌. അനുഭവങ്ങള്‍ കടലാസിലേക്ക്‌ പകര്‍ത്തുമ്പോള്‍ ആ ശൈലിയാണ്‌ ശ്രദ്ധിക്കപ്പെടുക. ശൈലി, അതേ ശൈലിതന്നെ. എഴുത്ത്‌ എഴുത്തുകാരന്റെ സ്വന്തം, സംഘടനകള്‍ അതിന്‌ സഹായിക്കുന്നുവെന്നുമാത്രം.

ഇപ്പോള്‍ ലാനയുടെ നേതൃത്വം യുവാക്കളിലേക്ക്‌ മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ എഴുത്തിന്റെ രംഗത്ത്‌ പുതിയ കുതിപ്പുകള്‍ സൃഷ്‌ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെയാണ്‌ കേരളത്തിലെ സാഹിത്യ അക്കാദമിയുടെയും മറ്റും സഹകരണം അമേരിക്കയിലെ സാഹിത്യസംഘടനകള്‍ക്ക്‌ ആവശ്യം. അവാര്‍ഡുകള്‍ക്കൊണ്ടുള്ള അംഗീകാരമല്ല, നിരൂപണങ്ങള്‍ക്കൊണ്ടും പഠനങ്ങള്‍ക്കൊണ്ടുള്ള ക്രിയാത്മകമായ കൈത്താങ്ങലാണ്‌ വേണ്ടത്‌!
അമേരിക്കയില്‍ മലയാളം എഴുത്തിനു വേണം ക്രിയാത്മകമായ വിമര്‍ശനം (ജോണ്‍ മാത്യു)
Join WhatsApp News
Matrhew Joys 2013-12-01 12:42:51
വിമര്‍ശനങ്ങള്‍ പൊതുവേ ആര്‍ക്കും ഇഷ്ടമല്ലല്ലോ. ഓരോരുത്തരും എഴുതിയത്  ഏറ്റവും നല്ലതെന്ന് സ്വയം അഭിമാനിക്കയും ചെയ്യുന്നവരാണ് നമ്മളില്‍ അധികവും. ഈലേഖനം വളരെ ശ്രദ്ധേയമാണ്  പ്രത്യേകിച്ചും "സ്വയം ഏര്‍പ്പാടാക്കിയുള്ള പൊങ്ങച്ചനിരൂപണ ആസ്വാദനങ്ങള്‍ക്ക്‌ പകരം പഠനത്തിനും വിമര്‍ശനത്തിനുംകൂടി എഴുത്തുകാര്‍ വിധേയരാവണം" എന്ന നല്ല ഉപദേശം എല്ലാ എഴുത്തുകാരും ഗൌരരവമായി എടുത്തിരുന്നെങ്കില്‍. ഇതുപോലെയുള്ള  വിഷയങ്ങള്‍ കുറഞ്ഞത്‌ അര ദിവസ്സമെങ്കിലും ചര്‍ച്ചക്കും വിലയിരുത്തലിനും വിധേയമാക്കിയാല്‍, തുടര്‍ന്നുള്ള എഴുത്തുകാര്‍ക്ക് മാര്‍ഗനിര് ദേശമാവുകയും  മലയാളത്തിലെ എഴുത്തുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉപകരിക്കുമായിരുന്നു. ഇതുപോലെ ഈ കാര്യങ്ങളില്‍ പ്രാവീണ്യമുള്ള എഴുത്തുകാര്‍ ഒരുമിച്ചു ഉണര്‍ന്നു   യത്നിക്കേണ്ട സമയം ഇപ്പോള്‍ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക