Image

ചാക്കോച്ചനോടൊരു കാമം.... (നര്‍മ്മം: സുധീര്‍പണിക്കവീട്ടില്‍)

Published on 28 November, 2013
ചാക്കോച്ചനോടൊരു കാമം.... (നര്‍മ്മം: സുധീര്‍പണിക്കവീട്ടില്‍)
ചക്കോച്ചന്‍ കോരിത്തരിച്ചുപോയി. കേട്ടത്‌ സ്വപ്‌നത്തിലാണോ എന്നു ശങ്കിച്ചു. മുന്നില്‍ നില്‍ക്കുന്ന സുന്ദരി പെണ്ണിനെനേരെ നോക്കാന്‍ കഴിയാതെനിന്നു ചമ്മി..ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ചാക്കോച്ചനെ ഓര്‍മ്മിപ്പിക്കുന്നപോലെ (ചാക്കോച്ചനെ സംബത്തിച്ചേടത്തോളം കൊതിപ്പിക്കുന്ന പോലെ) കൊഞ്ചി കുഴഞ്ഞ്‌ ആ വാചകം ആവര്‍ത്തിച്ച്‌ അരയന്നപിട പോലെ അവള്‍ നടന്നുപോയി.

'ചാക്കോച്ചനോടെനിക്ക്‌ ഒരു കാമമുണ്ട്‌.'

അതും പറഞ്ഞ്‌ നടക്കുമ്പോള്‍ അവള്‍ ഒന്ന്‌ തിരിഞ്ഞ്‌ നോക്കിപുഞ്ചിരിച്ചു. അവള്‍ നടന്നപ്പോള്‍ സമ്മതഭാവത്തില്‍ അവളുടെ നിതംബങ്ങള്‍ ആടികൊണ്ടിരുന്നു. അക്കാലത്ത്‌ ബോംമ്പെ-ഡൈയിങ്ങ്‌ പുറത്തിറക്കിയിരുന്ന വര്‍ണ്ണഡിസൈനുകളുള്ള വെളുത്ത കോട്ടണ്‍സാരിചുറ്റി ഒരു സിനിമാതാരത്തെ പോലെ സുന്ദരിയായവള്‍. അവള്‍ ഇതാതന്റെ കരവലയങ്ങളില്‍ ഒതുങ്ങാന്‍ പോകുന്നു. ഇതിനെയാണു രതിയോഗം എന്ന്‌ പറയുന്നത്‌. ചാക്കോച്ചന്‍ അറിയാതെ ഒരു ചൂളമടിച്ചു. സൂസി എന്ന അവളുടെ പേര്‌ ചുണ്ടിലൂടെ ഒലിപ്പിച്ച്‌്‌ ആ മധുരം നുണഞ്ഞിറക്കി. ഏദന്‍ തോട്ടത്തില്‍ വച്ച്‌ ഹവ്വയും ഇതാണു ചെയ്‌തിരിക്കുക. ആദാമേ ഈ പഴം വിളഞ്ഞ്‌ കിടക്കുന്നത്‌ നീ കാണുന്നില്ലേ? നമുക്ക്‌പറിച്ചു തിന്നാം. പെണ്ണുങ്ങളായാല്‍ ഇങ്ങനെവെണം. കാമമുണ്ടെങ്കില്‍ അത്‌ ആരോട്‌ തോന്നിയോ അവനോട്‌ അതങ്ങ്‌ തുറന്നുപറയണം. ഏതൊരു വാജീകരണ മരുന്നിനെക്കാള്‍ പുരുഷനെ ഉന്മാദം കൊള്ളിക്കുക ആ കിളി നാദമായിരിക്കും. ചാക്കോച്ചന്‍ മൂന്നാല്‌ ലാര്‍ജ്‌ അകത്താക്കിയ പോലെ ഒന്ന്‌ ആടി. പഞ്ചശരന്റെ അമ്പുകൊണ്ടാല്‍ ആടി പോകും, പാടിപോകും. രതിസുഖ സാരെ ഗതമബി സാരേ മദന മനോഹരവേശം . കുളിര്‍ക്കാറ്റ്‌ കൊഞ്ചുന്നയമുനാതീരത്തില്‍ പ്രേമപരവശനായിനില്‍ക്കുന്ന വനമാലിയുടെ അടുത്തേക്ക്‌ പാദസരങ്ങള്‍ അനക്കാതെനടന്നു പോകുന്നരാധയെ പോലെ സൂസിക്കുട്ടി വരുന്നത്‌ ചക്കോച്ചന്‍ ഒരു നിമിഷം സ്വപ്‌നം കണ്ടുനിന്നു. ഒരാളുടെ ലോകം കീഴ്‌മേല്‍മറിക്കാന്‍ ഒരു പെണ്ണിനു കഴിയുന്നു. ഈ പെണ്ണ്‌്‌ ഒരു അപാര സൃഷ്‌ടിതന്നെയെന്ന്‌ ചാക്കോച്ചന്‍ അത്ഭുതപ്പെട്ടു.അവള്‍ മുന്നില്‍നിന്നും മറഞ്ഞപ്പോള്‍ധൈര്യം സംഭരിക്ല്‌പൊടി ഗമയില്‍ തന്നത്താന്‍ ആത്മഗതം ചെയ്‌തു. എങ്ങനെതന്നോട്‌ കാമം ഉണ്ടാകാതിരിക്കും..വയസ്സ്‌ പത്ത്‌നാല്‍പ്പതായെങ്കിലും ഇപ്പോഴും കണ്ടാല്‍ചുള്ളന്‍ .രണ്ടുപിള്ളേരുടെ തന്തയാണെന്ന്‌ ആരും പറയില്ല.എന്നാലും വിവാഹം കഴിഞ്ഞ്‌ പത്ത്‌ വര്‍ഷം കഴിഞ്ഞിട്ടും ഭാര്യപോലും പറയാത്ത ആ മോഹം മൂന്നുമാസത്തെപരിചയം മാത്രമുള്ള ഒരു സഹപ്രവര്‍ത്തക പറയുന്നു. ആ നിമിഷം എന്തുചെയ്യണമെന്നറിയാതെ ചാക്കോച്ചന്‍ പരവശനായി.ആണായ ചാക്കോച്ചനു അത്‌ കേട്ടിട്ട്‌ നാണം കൊണ്ട്‌മുഖം കുനിഞ്ഞ്‌പോകുന്നു. അവള്‍ ഒരു കൂസലുമില്ലാതെ അത്‌പറഞ്ഞത്‌ ചാക്കോച്ചനെ അത്ഭുതതപ്പെടുത്തി.

ദല്‍ഹി നഗരത്തിന്റെ പ്രാന്തപ്രദേശത്തിലെ വിടെയോ വാടക ലാഭം നോക്കി താമസിക്കുന്ന ചാക്കോച്ചന്‍ ദിനംപ്രതി ജോലിക്ക്‌ വരുന്നത ്‌സൈക്കിളിലാണ്‌. ചാക്കോച്ചന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നെഴ്‌സ്സാണു സൂസി. കുറേവെള്ളരി പ്രാവുകളുടെയിടയില്‍ ഒരു പൂവ്വനായി ചാക്കോച്ചന്‍ വിലസിയെങ്കിലും മറ്റുപ്രാവുകള്‍ ചാക്കോച്ചനെ നോക്കിപ്രേമാര്‍ദ്രമായി ഇതുവരെ കുറുങ്ങിയിട്ടില്ല.അപ്പോഴാണുവന്നിട്ട്‌ മൂന്നുമാസം പോലുമായിട്ടില്ലാത്ത ഈ കൊച്ചുപെണ്ണ്‌ ചാക്കോച്ചനെ ലൈനടിക്കുന്നത്‌. കുംഭമാസനിലാവ്‌ പോലെ കുമാരിമാരുടെ ഹ്രുദയം ഉദിക്കുന്നതെപ്പോഴെന്നറിയില്ല, മങ്ങുന്നതെപ്പോഴെന്നറിയില്ല എന്നു കവികള്‍പാടിയത്‌ വെറുതെയല്ല.പെണ്ണിനു തന്നോട്‌പ്രേമമല്ല, കാമമാണെന്ന ചിന്തചാക്കോച്ചനെ പുളകം കൊള്ളിക്കുന്നുണ്ടു്‌. എന്നാലും ഒരു സംശയം ചാക്കോച്ചനില്‍ തല പൊക്കാന്‍ തുടങ്ങി.സൂസിയുടെ ആങ്ങളമാരും നാത്തൂന്മാരും ഒക്കെ ചാക്കോച്ചന്റെ പരിചയക്കാരാണ്‌. പള്ളിയില്‍വച്ച്‌ അവരെ കാണാറുണ്ട്‌.. ചാക്കോച്ചനെയും ഭാര്യ മറിയാമ്മയേയും കുട്ടികളേയും സൂസിയും കണ്ടിട്ടുള്ളതാണ്‌. സിനിമതാരങ്ങളെ പോലുള്ള വടക്കേ ഇന്ത്യയിലെ ആണ്‍പിള്ളേരുള്ളപ്പോള്‍ സുന്ദരിയും യുവതിയും അവിവാഹിതയുമായ സൂസിക്ക്‌ തന്നോട്‌ എന്തിനു കാമംതോന്നണം. കല്യാണം കഴിച്ചവരുമായിട്ടുള്ള ഇടപാടുകള്‍ സുരക്ഷിതമെന്ന്‌ അവള്‍ക്ക്‌ തോന്നിക്കാണും. അല്ലെങ്കില്‍തന്നെ ഇത്‌പ്രേമമൊന്നുമല്ലല്ലോ? വെറും മാംസദാഹം. സ്‌നേഹവും പ്രേമവും പോലെനിലനില്‍പ്പില്ലാത്ത ഒരു പൊല്ലാപ്പാണിത്‌. ആവശ്യം നിറവേറുന്നവരെയുള്ള ഒരു വെപ്രാളം. എന്തായാലും പെങ്കൊച്ച്‌ ഇങ്ങോട്ട്‌ കേറിമുട്ടിയ സ്‌ഥിതിക്ക്‌ ചാക്കോച്ചന്‍ സമാധാനപ്പെട്ടു.ധൃതികൂട്ടേണ്ട കാര്യമില്ല. പൊന്നില്‍പൊതിഞ്ഞ മധുരം ഉറുമ്പ്‌കേറാതെ അവള്‍ സൂക്ഷിക്കും. എന്നാലും ഇടക്കിടെ കാണുമ്പോള്‍ ചാക്കോച്ചനോട്‌ എനിക്കൊരു കാമമുണ്ട്‌ എന്ന്‌പറയുന്നതല്ലാതെ കാര്യം നടക്കുന്നില്ല.അവളുടെ വായില്‍ നോക്കിനില്‍ക്കുമ്പോള്‍ ചാക്കോച്ചന്‍ ചോദിക്കും. മറ്റേ കാര്യം എന്തുതീരുമാനിച്ചു.?അവള്‍ അതുകേട്ട്‌ ലജ്‌ജിച്ച്‌്‌ തല താഴ്‌ത്തി ചോദിക്കും. ചാക്കോച്ചനു ബുദ്ധിമുട്ടാകുമോ? ഞാനങ്ങനെ ചെയ്യിച്ചു എന്നറിഞ്ഞാല്‍ മറിയമ്മാമ്മ എന്നോട്‌ കോപിക്കയില്ലേ. ചാക്കോച്ചന്‍ അതുകേട്ട്‌ നിസ്സാരഭാവത്തില്‍ പറഞ്ഞു. അവള്‍ക്കിതില്‍ എന്തു കാര്യം? കൊച്ച്‌ സമയവും തീയ്യതിയും നിശ്‌ചയിച്ചോ?ഞാന്‍ എപ്പോഴെ തയ്യാര്‍.അവള്‍ നന്ദിപൂര്‍വ്വം ചാക്കോച്ചനെ നോക്കിനടന്നുപോകും. ഓരോ ധാന്യത്തിലും സ്രുഷ്‌ടാവ്‌ അതനുഭവിക്കാനുള്ളവന്റെ പേരു എഴുതിയിരിക്കുന്നു. അവളുടെ കന്യകാത്വം കവരാനുള്ളനറുക്ക്‌ തനിക്കായിരിക്കും. ഒരു മധുവിധു പനിക്കുളിരില്‍ ചാക്കോച്ചന്‍ ഒന്ന്‌ വിറച്ചു.
ദിവസങ്ങള്‍ക്ക്‌ നീളം കൂടുതല്‍തോന്നി. രാവില്‍ ഉറക്കം വരാതെ അത്‌ ദൂരെ മടിച്ചുനിന്നു. ചാക്കോച്ചന്‍ നിയന്ത്രിക്കാനാവാത്ത കാമലഹരിയില്‍ നട്ടം തിരിഞ്ഞു. കാമദേവന്റെ ഒരു അമ്പുകൊണ്ടാല്‍ പിന്നെ എന്തൊക്കെ സംഭവിക്കയില്ല. ചാക്കോച്ചന്‍ ആ പരവേശത്തിന്റെയിടയിലും ആശയുടെ പിടിവള്ളിയില്‍ തൂങ്ങി കിടന്നു. ഇന്നവള്‍പറയും എന്ന പ്രതീക്ഷയോടെ ഓരോ ദിവസവും കടന്നുപോയി. അങ്ങനെ ആ ദിവസം വന്നു. അവള്‍ അരികില്‍വന്നപ്പോള്‍ ചാക്കോച്ചനു ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. അതേ അവള്‍ ആ തേന്‍ ചോരുന്ന വാചകം ഇതാ പറയാന്‍പോകുന്നു. അവള്‍ കാക്കയെപ്പൊലെ ഇടവും വലവും നോക്കി അതുപറഞ്ഞു.എന്നിട്ടു്‌ ` അപ്പോള്‍പറഞ്ഞപ്പോലെ' എന്നും പറഞ്ഞ്‌ സരിഗമതോണി തുഴഞ്ഞ്‌പോയി.

ചാക്കോച്ചനു ചാക്കോച്ചന്റെ സൈക്കിള്‍ ഒരു ഇറക്കം ഇറങ്ങുകയാണെന്ന്‌ തോന്നി. മലയാളഭാഷക്ക്‌ ശ്രേഷ്‌ഠപദവികൊടുത്ത്‌ അതിനെ മ്ലേച്‌ഛമാക്കാതിരിക്കേണ്ട ആവശ്യകതെയെപ്പറ്റി ആദ്യം ചിന്തിച്ചത്‌ ചാക്കോച്ചനായിരിക്കും. ഈ മറുനാടന്‍ മലയാളികള്‍ ഭാഷയെ വിക്രുതമാക്കുന്നു. അതുകൊണ്ട്‌ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്താണെന്ന്‌ അവര്‍ അറിയുന്നില്ല. വടക്കെ ഇന്ത്യയില്‍വന്ന്‌ ഹിന്ദിപഠിച്ചു കഴിഞ്ഞാല്‍ പിന്നെ അത്‌ മലയാളം കൂട്ടിപറയല്‍ ഒരു വിനോദമായിട്ടാണു എല്ലാവരും കരുതുന്നത്‌. എന്റെ ജേബില്‍ (കീശയില്‍) മിഠായി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ഖിലായിച്ചേനെ ( തീറ്റിയേനെ). ഓ ഞാനിന്നു സുഖമായിനീന്തി. (നീന്ത്‌ =ഉറക്കം) റെയില്‍വെ സ്‌റ്റേഷനില്‍ വച്ച്‌ ഒരു മലയാളി പെണ്‍കുട്ടിയുടെ പെട്ടിപൊക്കിവയ്‌ക്കാന്‍ സഹായിച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ ട്രെയിനില്‍ ഇരുന്ന്‌വിളിച്ചു പറഞ്ഞു. താങ്ങികൊടുക്കടി. പാവം ചാക്കോച്ചന്‍ പറഞ്ഞു ഞാന്‍ തന്നെ താങ്ങിയേക്കാം. പെണ്‍പട പടക്കം പൊട്ടുന്നപോലെ ഒരു ചിരി. അയ്യോ, ചേട്ടാ ഞങ്ങള്‍ താങ്ക്‌ എന്ന ഇംഗ്ഗീഷ്‌ വാക്കു മലയാളീകരിച്ചതാണു. നന്ദിപറയെടി എന്നര്‍ത്ഥം. ചാക്കോച്ചനെ ഭാഷ കബളിപ്പിച്ചു. ഹിന്ദിയും മലയാളവും അറിയാമെങ്കിലും രണ്ടുംകൂടി ഉപയോഗിക്കുന്ന വിദ്യവശമായിരുന്നില്ല. ചാക്കോച്ചനു ഇതിലും വലിയനാണക്കേട്‌ വരാനില്ല. എന്തായാലും എടുത്ത്‌ ചാടി ഒന്നും ചെയ്യാതിരുന്നത്‌ നന്നായി.സൂസിയെ കുറിച്ചു്‌ എന്തൊക്കെവേണ്ടാത്തത്‌ ചിന്തിച്ചു.

അവള്‍ പറഞ്ഞത്‌ ഓര്‍മ്മിച്ചപ്പോള്‍ ചാക്കോച്ചനു ചിരിയും സങ്കടവും വന്നു.വളരെ സങ്കോചത്തോടെ അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ കരളില്‍ പെരുമ്പറകൊട്ടി. സിരകളിലൂടെ ആയിരം മിന്നല്‍പിളരുകള്‍ തെന്നിപോയി. അവള്‍ പറഞ്ഞു. ചാക്കോച്ചാഎന്റെ മനസ്സ്‌ ചോദ്യമാണ്‌ അടുത്ത ആഴ്‌ച. അതിനുമുമ്പ്‌ ചില വിരുന്നുകാര്‍ വരുന്നുണ്ട്‌. ചാക്കോച്ചന്‍താമസിക്കുന്നസ്‌ഥലത്ത്‌ നാടന്‍ ആടുകളെവെട്ടുന്നുണ്ടല്ലോ?കുറച്ച്‌്‌ ഇറച്ചിവാങ്ങി കൊണ്ടുവരാമോ? ചക്കോച്ചനോട്‌്‌ എങ്ങനാ ഈ കാര്യം പറയുക എന്നാലോചിച്ച്‌ വിഷമിക്കയായിരുന്നു. മറിയമ്മാമ്മ അറിഞ്ഞാ ഇഷ്‌ടപ്പെടുകയില്ലായിരിക്കും. ചാക്കോച്ചനും വിരുന്നുകാരുടെ ഒപ്പം ഭക്ഷണം കഴിക്കാന്‍ വരണം.

വിഷണ്ണനായ ചാക്കോച്ചനു അപ്പോഴാണു കാര്യം പിടി കിട്ടിയത്‌.ചാക്കോച്ചനോടൊരുകാം (ജോലി) ഉണ്ട്‌. അതങ്ങ്‌ വേഗത്തില്‍പറഞ്ഞപ്പോള്‍ കേട്ടതോ ചാക്കോച്ചനോടൊരു കാമമുണ്ട്‌. മനസ്സ്‌ കേള്‍ക്കാന്‍ കൊതിച്ചതും അത്‌തന്നെ. ഇങ്ങനെതൊന്തരവുള്ള വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടെ?

ഏറെമോഹിച്ചുപോയല്ലോകൊച്ചേ എന്നു മനസ്സില്‍ അടക്കം പറഞ്ഞ്‌്‌ ചാക്കോച്ചന്‍ യേശുദാസിന്റെ ഹിന്ദിപാട്ടുപാടിനിന്നു. ദില്‍ക്കെ ടുക്കഡെ ടുക്കഡെ കര്‍ക്കെ, മുസ്‌കുരാത്തെ ചല്‍ ദിയേ... ( കരളിനെ കഷണം കഷണമാക്കി പുഞ്ചിരിച്ചുകൊണ്ട്‌ കടന്നു കളഞ്ഞല്ലോ).
ചാക്കോച്ചനോടൊരു കാമം.... (നര്‍മ്മം: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക