Image

വിശ്വാസം ലോകത്തിന്‌ പകര്‍ന്നേകുകയാണ്‌ സഭയുടെ ലക്ഷ്യം: ആര്‍ച്ച്‌ബിഷപ്‌ ജോര്‍ജ്‌ കോച്ചേരി

Published on 26 October, 2011
വിശ്വാസം ലോകത്തിന്‌ പകര്‍ന്നേകുകയാണ്‌ സഭയുടെ ലക്ഷ്യം: ആര്‍ച്ച്‌ബിഷപ്‌ ജോര്‍ജ്‌ കോച്ചേരി
കാഞ്ഞിരപ്പള്ളി: അടിയുറച്ച വിശ്വാസം ലോകത്തിന്‌ പകര്‍ന്നേകി ദൈവീകതയുടെയും നന്മയുടെയും തലങ്ങളിലേയ്‌ക്ക്‌ സമൂഹത്തെ കൈപിടിച്ചുയര്‍ത്തുകയാണ്‌ സഭയുടെ ലക്ഷ്യമെന്ന്‌ ആഫ്രിക്കയിലെ .സിംബാബെയിലെ വത്തിക്കാന്‍ സ്ഥാനപതി മാര്‍ ജോര്‍ജ്‌ കോച്ചേരി പ്രസ്‌താവിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന 8-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മാര്‍ കോച്ചേരി. കുട്ടികള്‍ എത്രവേണമെന്നു തീരുമാനിക്കാനുള്ള ദമ്പതിമാരുടെ അവകാശത്തെ നിയമംകൊണ്ട്‌ കൂച്ചുവിലങ്ങിടുന്നത്‌ ക്രൂരതയാണ്‌. ചൈനയെക്കാള്‍ കിരാതമായ ചിന്തകള്‍ കേരളത്തിലുണ്ടാവുന്നത്‌ ഉല്‍ക്കണ്‌ഠ ഉളവാക്കുന്നതും വേദനാജനകവുമാണ്‌. ഇത്തരം നിയമ നിര്‍മ്മാണത്തിനെതിരെ സമൂഹമന:സാക്ഷി ഉണരണം. സഭയോടൊപ്പം ജീവിക്കാനും ചിന്തിക്കാനുമുള്ള ഉത്തരവാദിത്വം അല്‌മായര്‍ നിര്‍വ്വഹിക്കണം. സഭയെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുവാന്‍ ചിലസഭാവിരുദ്ധ ശക്തികള്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കെതിരെ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്റെ അവസരോചിതമായ പ്രതികരണങ്ങള്‍ അഭിനന്ദനീയമാണെന്നും മാര്‍ കോച്ചേരി സൂചിപ്പിച്ചു.

മാര്‍ മാത്യു അറയ്‌ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി രൂപതയുടെ വളര്‍ച്ചയ്‌ക്ക്‌ നിസ്വാര്‍ത്ഥ സേവനങ്ങള്‍ നല്‍കിയ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെ മാര്‍ മാത്യു അറയ്‌ക്കല്‍ അഭിനന്ദിച്ചു. സമൃദ്ധമായ ദൈവാനുഗ്രഹത്തിന്റെ ദിനങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയും ഉയര്‍ച്ചയും കൈവരിക്കുവാന്‍ സാധിച്ചത്‌ കൂട്ടായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തി. `പുനര്‍നവീകരണവും വിശ്വാസിസമൂഹവും' എന്ന വിഷയത്തെക്കുറിച്ച്‌ പ്രോട്ടോ സിഞ്ചെല്ലൂസ്‌ റവ.ഡോ.മാത്യു പായിക്കാട്ട്‌ ക്ലാസെടുത്തു. രൂപതയുടെ സ്‌നേഹോപഹാരം മാര്‍ കോച്ചേരിക്ക്‌ സമര്‍പ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ ഫാ.തോമസ്‌ തെക്കേമുറി രചിച്ച `അണ്‍വീലിംഗ്‌ ദി അപ്പോക്ലപ്‌സ്‌' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മവും നടന്നു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായി സേവനമനുഷ്‌ഠിച്ച പ്രതിനിധികള്‍ക്ക്‌ സ്‌നേഹോപഹാരങ്ങള്‍ നല്‍കി. വികാരി ജനറാള്‍ റവ.ഡോ.ജോസ്‌ പുളിയ്‌ക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
വിശ്വാസം ലോകത്തിന്‌ പകര്‍ന്നേകുകയാണ്‌ സഭയുടെ ലക്ഷ്യം: ആര്‍ച്ച്‌ബിഷപ്‌ ജോര്‍ജ്‌ കോച്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക