Image

യുക്‌മ നാഷണല്‍ കലാമേള; അകമ്പടിയായി യുക്‌മ വെബ്‌ സൈറ്റും

ഷൈമോന്‍ തോട്ടുങ്കല്‍ Published on 26 October, 2011
യുക്‌മ നാഷണല്‍ കലാമേള; അകമ്പടിയായി യുക്‌മ വെബ്‌ സൈറ്റും
ലണ്‌ടന്‍: യൂണിയന്‍ ഓഫ്‌ യുകെ മലയാളി അസോസിയേഷന്‍സിന്റെ നാഷണല്‍ കലാമേളക്ക്‌ ആമുഖമായി യുക്‌മയുടെ എട്ടില്‍ ആറു റീജിയണുകളിലും കലാമേളകള്‍ നടന്നു കഴിഞ്ഞു. അവശേഷിക്കുന്ന രണ്‌ടു റീജിയണല്‍ കലാമേളകള്‍ കൂടി ഈയാഴ്‌ച നടക്കുന്നതോടെ യുക്‌മ നാഷണല്‍ കലാമേളയില്‍ മല്‍സരിക്കുവാനുള്ളവരുടെ പൂര്‍ണമായ ലിസ്റ്റ്‌ ലഭ്യമാകും. അവയെ സൗത്തെന്‍ഡ്‌ ഓണ്‍ സീയിലെ നാലു സ്‌റ്റേജുകളിലായി വിന്യസിച്ച്‌ മല്‍സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ശ്രമകരമായ ജോലിക്കു തുണയായി പുതിയ മുഖത്തോടെ യുക്‌മ വെബ്‌ സൈറ്റും രംഗത്തെത്തിയിരിക്കുന്നു.

ഓരോ റീജിയണുകളിലും നിന്ന്‌ നാഷണല്‍ കലാമേളയില്‍ മല്‍സരിക്കുന്നതിന്‌ അര്‍ഹത നേടിയിട്ടുള്ള മല്‍സരാര്‍ഥികളുടെ പേരു വിവരങ്ങള്‍ യുക്‌മയുടെ വെബ്‌ സൈറ്റില്‍ ലഭ്യമാകും. എല്ലാ അസോസിയേഷനുകള്‍ക്കും മല്‍സരാര്‍ഥികള്‍ക്കും വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ അറിയാവുന്നതാണ്‌. മല്‍സര കാര്യങ്ങളും നാഷണല്‍ കലാമേള പ്രോഗ്രാം ചാര്‍ട്ടും വെബ്‌ സൈറ്റില്‍ കൊടുക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ എന്ന്‌ യുക്‌മ വൈസ്‌ പ്രസിഡന്റും നാഷണല്‍ കലാമേള കോ-ഓര്‍ഡിനേറ്ററുമായ വിജി കെ.പി. അറിയിച്ചു. ഓരോ സ്‌റ്റേജിലും നടക്കുന്ന മല്‍സരങ്ങളും അവ നടക്കുന്ന സമയവും എല്ലാം വെബ്‌ സൈറ്റില്‍ കൊടുക്കാന്‍ പരിശ്രമിക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

36 ഇനങ്ങളില്‍ 300ല്‍ അധികം മല്‍സരങ്ങളിലായി 600ഓളം കലാകാരന്മാര്‍ മാറ്റുരക്കുന്ന ദേശീയ പരിപാടി ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്‌മക്ക്‌ മാത്രം അവകാശപ്പെടാന്‍ പറ്റുന്ന അഭിമാന സ്‌തംഭമാണ്‌. യുക്‌മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണും സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷനും ആതിഥേയത്വം അരുളുന്ന ഈ മഹാമേള ആവേശത്തിന്റെ അലയിളക്കം യുകെയിലുടനീളം ഉയര്‍ത്തിക്കഴിഞ്ഞു. റീജിയണല്‍ കലാമേളകളിലെ വിജയികളെ ഇതിനോടകം തന്നെ യുകെയിലെ പ്രശസ്‌തങ്ങളായ സാംസ്‌കാരിക സമ്മേളനങ്ങളിലേക്കും വരാനിരിക്കുന്ന സ്‌റ്റേജ്‌ ഷോകളിലേക്കും ബുക്കു ചെയ്‌തതായി അറിയാന്‍ കഴിഞ്ഞതു തന്നെ യുക്‌മക്കു പുറത്തു നിന്നു പോലും യുക്‌മ ഒരുക്കുന്ന കലാമാമാങ്കത്തിലെ വിജയികളെ വേദികളില്‍ അഭിനന്ദിക്കാനും അവരുടെ വിസ്‌മയാവഹമായ പരിപാടികള്‍ ആസ്വദിക്കാനും ഉള്ള സംഘടനകളുടെയും സംരംഭകരുടെയും ആവേശമായി കരുതണം.

ജന്മനാട്ടില്‍പ്പോലും അന്യമാകുന്ന മലയാളത്തനിമയെ കാത്തു പരിപാലിക്കാന്‍ പ്രവാസികളായ നമുക്കെങ്കിലും ശ്രമിക്കാം. നവംബര്‍ അഞ്ചിന്‌ സൗത്തെന്‍ഡ്‌ ഓണ്‍ സീയില്‍ നടക്കുന്ന യുക്‌മ നാഷണല്‍ കലാമേളയില്‍ ഭരതനാട്യവും, ഒപ്പനയും, മാര്‍ഗം കളിയും സിനിമാറ്റിക്‌ ഡാന്‍സുമെല്ലാം നമുക്ക്‌ പ്രോല്‍സാഹിപ്പിക്കാം. വിശദമായ എല്ലാ വിവരത്തിനും 'എന്ന' യുക്‌മ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക. ദിവസേന പുതുതായ കാര്യങ്ങള്‍ എല്ലാം അതില്‍ അപ്‌ ലോഡ്‌ ചെയ്യുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
യുക്‌മ നാഷണല്‍ കലാമേള; അകമ്പടിയായി യുക്‌മ വെബ്‌ സൈറ്റും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക