Image

വീണ്ടും ചില ആനക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)

Published on 29 November, 2013
വീണ്ടും ചില ആനക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കന്‍ മലയാളികള്‍ക്ക്‌ ആനകളോട്‌്‌ വലിയ കമ്പമാണ്‌. അവരുടെ സംഘടനകളുടെ പേരിലും, നാവിന്‍തുമ്പിലും ഒരു ഗജവീരന്‍ നെറ്റിപ്പട്ടം കെട്ടി സദാ നില്‍ക്കുന്നത്‌ കാണാം. ചില വീരപ്പന്മാരുടെ ഭീഷണിയുണ്ടെങ്കിലും ആനകള്‍ക്ക്‌ പൊതുവെ സൗഖ്യം തന്നെ. ആനകളുടെ മുമ്പിലുള്ള ചെണ്ട കൊട്ടിനും വളരെ പ്രാധാന്യം അമേരിക്കന്‍ മലയാളികള്‍ കൊടുക്കുന്നുണ്ട്‌. `ചെണ്ട കൊട്ടിക്കുക` എന്ന ഒരു ശൈലി മലയാളത്തില്‍ ഉള്ളത്‌കൊണ്ട്‌ ഈ ചെണ്ടയും ചെണ്ടകൊട്ടുമൊക്കെ കേരളീയ സംസ്‌കാരത്തിനു ഈ നാട്ടിലെ ആളുകളുടെ ഇടയില്‍ ഖ്യാതിയാണൊ അപഖ്യാതിയാണൊ ഉണ്ടാകുക എന്നറിയില്ല.

ആനകളില്‍ ആരും കാര്യമായി ഗൗനിക്കാത്ത ആനയാണു ല `ആന'. ഈ ആനയുടെ ശത്രു നിസ്സാരനാണെന്നു തോന്നാമെങ്കിലും അവ ഉറുമ്പുകളാണു. നമ്മുടെ കണ്ണില്‍ പെട്ടെന്നു പെടാത്ത ഈ പീക്കിരികള്‍ അത്താഴം മുടക്കികളാണ്‌. ഇവരുടെ യുദ്ധമുറയ്‌ക്ക്‌ ഈ ലേഖകന്‍ `പിപീലിക ദംശനം' എന്ന പേരു കൊടുക്കുന്നു. ഇവര്‍ എങ്ങനെ എഴുത്തുകാരെ അലട്ടുന്നുവെന്ന്‌ നോക്കാം! . ഉറുമ്പുകള്‍ക്ക്‌ ആനയെ കൊല്ലാന്‍ കഴിവുണ്ടെന്ന്‌ വായനക്കാര്‍ക്കറിയാമല്ലോ. എന്നാല്‍ ഇവിടത്തെ ഉറുമ്പുകളുടെ വിനോദം ആനയുടെ തുമ്പി കയ്യിലൂടെ കയറി ആനക്ക്‌ തൊന്തരവു കൊടുക്കുകയും അതിനെ കൊല്ലാതെ കൊല്ലുകയുമാണു. ആന ചത്താലും പന്തീരായിരം ജീവിച്ചാലും പന്തീരായിരം എന്നു ഉറുമ്പുകള്‍ക്ക്‌ അറിയുമോ ആവോ? എഴുത്തുക്കാരെ നിന്ദിക്കുന്നത്‌ അഭികാമ്യമല്ല. തെരുവില്‍ അലഞ്ഞു നടന്ന ഒരു പൊട്ടക്കണ്ണനെ ഗ്രീക്കിലെ ജനത ആട്ടിയോടിച്ചു. അദ്ദേഹം ആദികവി ഹോമര്‍ എന്നറിയപ്പെട്ടപ്പോള്‍ ഏഴുനഗരങ്ങള്‍ അദ്ദേഹം അവരുടേതാണെന്നു വീമ്പു പറയുകയുണ്ടായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ തുടങ്ങി അനേകം വിശിഷ്‌ട ബഹുമതികള്‍ കരസ്‌തമാക്കിയ സര്‍വ്വശ്രീ ജയന്‍ വര്‍ഗീസ്സും, (ഇദ്ദേഹത്തിനു അക്കാദമി അവാര്‍ഡ്‌ രണ്ടു തവണ ലഭിച്ചു) കെ.സി. ജയനും, പ്രശസ്‌ത കവി ശ്രീ ചെറിയാന്‍ കെ.ചെറിയാനും അമേരിക്കന്‍ മലയാളികള്‍ക്ക്‌ മുഴുവന്‍ അഭിമാനമാണെന്ന കാര്യം ഓര്‍ക്കുക.

ലോകത്തില്‍ ഒരു സമൂഹവും അവരുടെ എഴുത്തുകാരോട്‌ ഇവിടെ യുള്ളവരെപോലെ പെരുമാറിയിട്ടുണ്ടാകില്ല. എഴുത്തുക്കാര്‍ പല സന്ദര്‍ഭങ്ങളിലും ഇവിടെ അപഹസിക്കപ്പെട്ടിട്ടുണ്ടു.അത്തരം വിദ്ധ്വംസ ശക്‌തികളോട്‌ പങ്കുചേരാതെ ചില പ്രസിദ്ധീകരണങ്ങളെങ്കിലും എന്നും എഴുത്തുകാരുടെ നന്മയും, വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ടിരുന്നു.

എന്താണീ പിപീലികദംശനം? അതിങ്ങനെ വിവരിക്കാം. ഃ ***കയ്യില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കാം, ഒന്നുമറിയാത്ത കാലമാടന്മാര്‍, തല്ലിപ്പൊളികള്‍, ജളസമൂഹങ്ങള്‍, കുതിരകളായി നടിക്കുന്ന കഴുതകള്‍ ഇവരൊക്കെ എഴുത്തുകാരാണെന്നും പറഞ്ഞ്‌ നടക്കുന്നു, നാട്ടില്‍ പോയി കാശ്‌ കൊടുത്ത്‌ അവാര്‍ഡുകള്‍ വാങ്ങുന്നു, കൃഷ്‌ണന്‍ നായര്‍ എഴുതിയത്‌ വായിച്ചില്ലേ, ഇനിയും പേന കയ്യിലെടുക്കണോ, നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നും വരുന്നില്ലല്ലൊ, ഇവിടെ രണ്ടെ രണ്ടു എഴുത്തുകാരേ ഉള്ളു അവരുടെ രചനകള്‍ നാട്ടില്‍ വരുന്നുണ്ടു ബാക്കിയൊക്കെ ആ പേരും പറഞ്ഞ്‌ നടക്കുന്നവര്‍, നിങ്ങളുടെ രചനകള്‍ ഇന്നെവരെ കണ്ടിട്ടിക്ല, കണ്ടു പക്ഷെ വായിച്ചില്ല പൂച്ചയില്ലാത്തിടത്തു എലി ഗന്ധര്‍വ്വന്‍ എന്ന പോലെ വായനക്കാരില്ലാത്തേടത്ത്‌ എന്തെങ്കിലും എഴുതുന്നവര്‍ എഴുത്തുക്കാര്‍, ഇങ്ങനെപോകുന്നു അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ക്ക്‌ ലുബ്‌ധില്ലാതെ കിട്ടുന്ന `പിപീലിക ദംശനം'. ഏറ്റവും രസകരമായ സംഗതി എഴുത്തുകാരെപ്പറ്റി ഏമാന്മാര്‍ എന്തു പറഞ്ഞാലും മാളോരു അതപ്പടി വിശ്വസിക്കുന്നതാണു. പൊതു ജനം വായിക്കാന്‍ തുടങ്ങിയാല്‍ ഈ രാജവാഴ്‌ചക്കറുതി വരും. മറിച്ച്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ വായിച്ചിട്ടില്ല എന്നിട്ടല്ലേ ഈ വയസ്സാന്‍ കാലത്ത്‌ എന്ന നിലപാടു ജനങ്ങളും എടുത്താല്‍ എഴുത്തുകാരുടെ കാര്യം നമ്പൂരി പറയുന്ന പോലെ `കുന്തസ്യ'. ഇവിടെ പലരും ഒരു പക്ഷെ ധരിക്കുന്ന പോലെ നാട്ടില്‍ എഴുതുന്നവര്‍ മുഴുവന്‍ നല്ല എഴുത്തുകാരല്ല. ചുരുക്കം പേര്‍ക്കെ അംഗീകാരങ്ങളും ബഹുമതികളും ലഭിക്കുന്നുള്ളു. അത്‌ കൊണ്ട്‌ അവര്‍ മാത്രം എഴുതുകയും മറ്റുള്ളവര്‍ എഴുതാതിരിക്കുകയും ചെയ്യുന്നില്ല. ഈ ലേഖകന്‍ മുമ്പ്‌ സൂചിപ്പിച്ചിട്ടുള്ള പോലെ എഴുത്തുകാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയണം. എല്ലാവരേയ്യും ഒരു നുകത്തില്‍ കെട്ടികൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്‌ ശരിയല്ല.

നിരൂപണം ഒരു കലയാണെന്നു മനസ്സിലാക്കാത്തവര്‍ പരദൂഷണവും, നിരൂപണവും ഒന്നാണെന്ന ധാരണയില്‍ പുലമ്പുന്ന അപശബ്‌ദങ്ങളും എഴുത്തുകാരുടെ ഏകാഗ്രത നഷ്‌ടപ്പെടുത്തുന്നവയാണ്‌. നിരൂപണവും ലേഖനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവര്‍ നിരൂപകനെ ലേഖകനാക്കുന്നു. അതു വായിക്കുന്നവരും തെറ്റു മനസ്സിലാക്കുന്നില്ല. അന്ധന്മാര്‍ അന്ധരെ നയിക്കുന്ന അവസ്‌ഥ.

ഈ പിപീലിക ദംശനത്തില്‍ നിന്നും `ആന'യെ രക്ഷിക്കാന്‍ വര്‍ഷം തോറും കൊണ്ടാടുന്ന ത്രിദിന പൂരങ്ങള്‍ ഫലപ്രദമായേക്കാം. പൂരത്തിനു നല്ല വെടിക്കെട്ടുണ്ടെങ്കില്‍ ഉറുമ്പുകള്‍ ദഹിച്ചുപോകും!! ഉറുമ്പുകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനു വേണ്ടി അവര്‍ക്ക്‌ ചിലപ്പോള്‍ കടിക്കേണ്ടി വരുമെന്നും സമ്മതിച്ചുകൊടുത്താല്‍ കൂടി ആനക്ക്‌ ഉപദ്രവമില്ലാതെ നോക്കേണ്ടത്‌ പാപ്പാന്മാരുടെ ഉത്തരവാദിത്വമാണ്‌.

നവംബര്‍ 29,30, ഡിസമ്പര്‍ 1 തിയ്യതികളില്‍ ചിക്കാഗോയില്‍ വച്ച്‌ ലാന നടത്തുന്ന വാര്‍ഷികാഘോഷം മൂന്നു ദിവസം വരുന്നവര്‍ക്ക്‌ വയറിനുള്ള വിരുന്നായി മാറാതെ ഇവിടത്തെ എഴുത്തുകാരുടെ രചനകളേയും, അവരുടെ സര്‍ഗ്ഗ ശക്‌തിയേയും ഭാവിയേയുംപ്പറ്റി ഒരു കരട്‌ രൂപമെങ്കിലും കൊടുക്കാന്‍ സാധിക്കുന്നതായിരിക്കണം.
എഴുത്തുക്കാരേയും അവരുടെ രചനകളേയും കുറിച്ച്‌ പരന്നിട്ടുള്ള (***നാലാമത്തെ ഖണ്ഡിക കാണുക) അപവാദങ്ങളുടെ ഉറവ കണ്ടെത്തി അതു വറ്റിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തേണ്ടതാണു. പണം മുടക്കി അവിടെ വരുന്നവര്‍ അതിനു പകരം എന്തു കിട്ടി എന്നു തീര്‍ച്ചയായും ചിന്തിക്കും. ഭക്ഷണവും പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒത്തിരി പരദൂഷണങ്ങളും ഒഴിച്ചു കൂടാന്‍ വയ്യാത്തതാണെങ്കിലും പങ്കെടുക്കുന്നവര്‍ ആ തിരക്കില്‍ അല്‍പ്പം നേരം സാഹിത്യാവലോകനം നടത്തുന്നത്‌ നല്ലതാണ്‌ ഒരു സാഹിത്യ സംഘടനയുടെ സമ്മേളനം സുകുമാരകലകളുടെ സമ്മിശ്രാഘോഷം ആകണം. അമേരിക്കന്‍ മലയാളി എഴുത്തുകാരെ ഇവിടത്തെ ജനം തിരിച്ചറിയണം. അതിനുള്ള വാതായനങ്ങള്‍ ലാനക്ക്‌ തുറക്കാന്‍ കഴിയണം.നാട്ടിലെ പ്രശസ്‌ത എഴുത്തുകാരേയും മണമറഞ്ഞ മഹാന്മാരായ എഴുത്തുകാരേയും കുറിച്ചുള്ള അപദാനങ്ങള്‍ പാടുന്നതിനെക്കാള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്‌ അഭിലഷണീയം. അത്തരം ചര്‍ച്ചകളിലൂടെ ഇവിടത്തെ വായനക്കാര്‍ (നിര്‍ഭാഗ്യവശാല്‍ അവര്‍ എഴുത്തുകാരെക്കാള്‍ കുറവാണെങ്കിലും) ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെ കുറിച്ച്‌്‌ മനസ്സിലാക്കും. ഈ ലേഖകന്‍ ഇവിടത്തെ ചില എഴുത്തുകാരുടെ രചനകളെകുറിച്ച്‌ സംസാരിച്ചപ്പോള്‍ പലരും അങ്ങനെ ഒരു കാര്യം അറിയില്ലെന്ന്‌ തുറന്നു സമ്മതിച്ചു. അതില്‍ നിന്നും എന്താണു മനസ്സിലാകുന്നത്‌. എല്ലാവരും `കാലമാടന്‍' തല്ലിപൊളി' എന്ന ഉറുമ്പ്‌ കടിയുടെ ഇരകളാണെന്നാണു. അതായ്‌ത്‌ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ ഒന്നും നല്ലതല്ലെന്ന മുന്‍വിധി.

സമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ പ്രഗത്ഭരാണ്‌. അവര്‍ മുമ്പൊരുക്കിയ ലാന വാര്‍ഷികങ്ങള്‍ വമ്പിച്ച വിജയമാക്കിയപോലെ പുതിയ ഭാരവാഹികളുമായി ഇത്തവണയും ഭംഗിയാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ലാനയുടെ എല്ലാ ഭാരവാഹികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി നാട്ടില്‍ നിന്നും എത്തുന്ന ശ്രീ പെരുമ്പടവം ശ്രീധരനും മറ്റ്‌ മാന്യ അതിഥികള്‍ക്കും ലാനയുടെ വാര്‍ഷികാഘോഷത്തിനും സര്‍വ്വവിധ മംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു.

ശുഭം
വീണ്ടും ചില ആനക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)വീണ്ടും ചില ആനക്കാര്യങ്ങള്‍ (ആശംസ: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക