Image

സര്‍ഗ്ഗ കിരണങ്ങളുടെ സൂര്യന്‍ (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)

Published on 03 December, 2013
സര്‍ഗ്ഗ കിരണങ്ങളുടെ സൂര്യന്‍ (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
ഒരാളുടെ പേര്‌ എല്ലാവരുടേയും ചുണ്ടില്‍ ഉള്ള കാലത്തോളം അയാള്‍ മരിച്ചിട്ടില്ലെന്നാണ്‌ ബ്രിട്ടിഷ്‌ നോവലിസ്‌റ്റ്‌ സര്‍ ടെറിപ്രാഷെറ്റ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അമേരിക്കന്‍ മലയാളസാഹിത്യലോകത്ത്‌ തന്റേതായ ഒരു വ്യക്‌തിമുദ്രപതിപ്പിച്ച ശ്രീ പനമ്പില്‍ ദിവാകരന്‍ നമ്മെവിട്ടുപിരിഞ്ഞിട്ട്‌ നവമ്പര്‍ ഏഴിനുരണ്ട്‌ വര്‍ഷം തികയുന്നു. എന്നാല്‍ ഉറ്റവരുടേയും പ്രിയപ്പെട്ടവരുടേയും ഓര്‍മ്മകളില്‍നിന്നും അദ്ദേഹം വിട്ടുപോയിട്ടില്ല. അദ്ദേഹത്തിന്റെ മിക്കവാറും രചനകള്‍ വെളിച്ചം കണ്ട കൈരളി പബ്ലിക്കേഷന്‍സ്‌ അദ്ദേഹത്തോടുള്ള ആദരവുപ്രകടിപ്പിക്കാന്‍ ഒരു പ്രത്യേക പതിപ്പ്‌ ഇറക്കുന്നത്‌തന്നെ ശ്രീപനമ്പില്‍നമ്മുടെ കൂടെ ഇപ്പോഴുമുണ്ടെന്നതിനു തെളിവല്ലേ.

സംസ്‌കൃതത്തിലും മലയാളത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ശ്രീ പനമ്പില്‍ ഇവിടത്തെ എഴുത്തുകാരുടെ രചനകള്‍ സശ്രദ്ധം വായിക്കുകയും സാഹിത്യവേദികളില്‍ ചിലപ്പോഴെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. അങ്ങനെ ഒരു വേദിയില്‍വച്ച്‌ കുറച്ച്‌ സാഹിത്യകാരന്മാര്‍കൂടി ഋഷഭം എന്ന വാക്കിന്റെ അര്‍ഥം കഴുതയാണെന്ന്‌ പറയുന്നത്‌കേട്ട്‌ അമ്പരന്നതും ഇവരൊക്കെ എഴുതിയാല്‍ അമേരിക്കന്‍ മലയാളസാഹിത്യം പടുകുഴിയില്‍ വീഴുമെന്നും മറ്റുമുള്ള തമാശകള്‍ ഈ ലേഖകനുമായി പങ്ക്‌വച്ചതും വ്യക്‌തമായി ഓര്‍ക്കുന്നു. ധാര്‍മ്മിക രോഷത്തിന്റെ ഒരു അഗ്നി ജ്വാല അദ്ദേഹത്തിന്റെമനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. അനീതിക്കും അക്രമങ്ങള്‍ക്കും നേരെതന്റെ തൂലിക ചലിപ്പിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടി. അപ്പോള്‍ മുഖം നോക്കുന്ന പതിവില്ലാത്തത്‌കൊണ്ട്‌ ഒരു പക്ഷെ കുറച്ച്‌ശത്രുക്കള്‍ ഉണ്ടായിരിന്നുരിക്കാം.അതൊന്നും അദ്ദേഹം കണക്കിലെടുത്തില്ല. നാട്ടില്‍നിന്നും ധാരാളം മലയാളം പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്ന അദ്ദേഹത്തിനു നാട്ടിലെ കാലിക പ്രാധാന്യമുള്ള വാര്‍ത്തകള്‍ അപ്പോഴപ്പോള്‍ അറിയാമായിരുന്നു. അതിനെല്ലാം പ്രതികരണങ്ങള്‍ എഴുതിയിരുന്നു. ഈ ലേഖകനോട്‌ വളരെ സ്‌നേഹവും വിശ്വാസവും വച്ചു പുലര്‍ത്തിയിരുന്നു. വ്യക്‌തിപരവും സാഹിത്യപരവുമായ കാര്യങ്ങള്‍ എല്ലാം തന്നെ എന്നോട്‌ പറഞ്ഞിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഏതോ ശക്‌തമായ ഒരു ലേഖനം കൈരളിയില്‍ പ്രത്യക്ഷപ്പെട്ടത്‌ വായിച്ച ചേച്ചിയുടെ (ശ്രീമതി ദിവാകരന്‍) ഒരു സഹപ്രവര്‍ത്തക ചേച്ചിയോട്‌ പറഞ്ഞു :`ചേട്ടന്‍ കലക്കീട്ടുണ്ട്‌.' ചേട്ടന്‍ എഴുതുന്നത്‌ എല്ലാം വായിക്കാത്ത ചേച്ചി ജോലി കഴിഞ്ഞ്‌ വന്നു ചേട്ടനോട്‌ ചോദിച്ചു. `എന്താണെഴുതിയത്‌'.

നിശിതമായ വിമര്‍ശനങ്ങള്‍ എഴുതുന്നത്‌ ചേച്ചിക്ക്‌ താല്‍പ്പര്യമല്ലെന്ന്‌ അറിയാമെങ്കിലും അദ്ദേഹം തന്റെ തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും എപ്പോഴും ഉറച്ചു നിന്നു. വളരെയധികം നന്മകള്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ആരെയും കുറിച്ച്‌ തെറ്റായ ഒരു ധാരണ ഒരിക്കലും വച്ചു പുലര്‍ത്തിയിരുന്നില്ല. മുഖം നോക്കാതെ ഉള്ളത്‌ ഉള്ളത്‌പോലെപറയുക എന്ന ആദര്‍ശത്തില്‍ അദ്ദേഹം എന്നും നിലയുറപ്പിച്ചു.വാത്സല്യനിധിയായ ഒരു അച്‌ഛനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകള്‍ക്ക്‌ ഒരിക്കല്‍ ഇവിടത്തെ ടി.വി.യില്‍ വാര്‍ത്തകള്‍ വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതെക്കുറിച്ച്‌ വളരെസന്തോഷത്തോടെ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇവിടെ കൊച്ചു കുട്ടികള്‍ മലയാളം പറയുമ്പോള്‍ വരുന്നതെറ്റുകള്‍ അദ്ദേഹം ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനെ `എടാ, മോനെ എന്ന്‌ വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മൂന്നു വയസ്സായ മകന്‍ `എടാ അച്‌ഛാ എന്നുവിളിച്ചുവെന്ന വിവരം പറയുമ്പോള്‍ മുഖം നിറയെ തെളിയുന്ന ചിരി ഇപ്പോഴും കാണുന്ന പോലെ. ഉണ്ണികള്‍ കാല്‍ പിഴച്ച്‌ വക്കിലും കൗതുകമുണ്ടാം പിതാക്കള്‍ക്ക്‌ എന്ന വള്ളത്തോളിന്റെ കവിത ഞാനോലിചിക്കുകയും അദ്ദേഹത്തോട്‌ അപ്പോള്‍ അതേക്കുറിച്ച്‌ പറയുകയുംചെയ്‌തു. മൂര്‍ച്ചയുള്ള വിമര്‍ശനങ്ങള്‍ എഴുതുമ്പോഴും അതില്‍ ഹാസ്യം കലര്‍ത്തുന്ന ഒരു രീതി അദ്ദേഹദ്ദേഹത്തിന്റെതിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പക്കാലത്ത്‌ നടന്ന സംഭവങ്ങളില്‍ കലാപരമായ ഒരു നര്‍മ്മം ചാലിച്ച്‌ പറയുന്ന വിഷയത്തെ വായനക്കാര്‍ക്ക്‌ രസ്‌പ്രദമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ പ്രശംസനീയമാണ്‌. ദിവാകരന്‍ എന്ന്‌ പേരുള്ള ഒരാള്‍ അത്‌ `ദി വാക്കര്‍' എന്നാക്കി എന്ന വിവരം ഈ ലേഖകന്‍ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ അത്‌ വളരെ ഇഷ്‌ടപ്പെടുകയും താനും ഒരു `വാക്കര്‍'ആണു്‌ എന്നാല്‍ `ജോണി വാക്കറല്ല്‌' എന്ന്‌പറഞ്ഞ്‌ ചിരിച്ചതൂം ഓര്‍ക്കുന്നു. ഉരുളക്ക്‌ ഉപ്പേരി എന്നപോലെ എന്തിനും മറുപടിപെട്ടെന്ന്‌ പറയാന്‍ സമര്‍ഥനാണദ്ദേഹം.

സാഹിത്യപരമായ വാദപ്രതിവാദങ്ങള്‍ ശ്രീ പനമ്പില്‍ നടത്തിയിരുന്നു. അദ്ദേഹത്തിനു ശരിയെന്ന്‌ ബോധ്യമുള്ള കാര്യങ്ങള്‍ വിശദീകരിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. പലര്‍ക്കും അത്‌വ്യക്‌തിപരമായി തോന്നിയെങ്കിലും അദ്ദേഹം അത്‌പരിഗണിച്ചില്ല. അതെക്കുറിച്ച്‌്‌ എന്നോട്‌പറഞ്ഞത്‌ തെറ്റുകള്‍ മനുഷ്യ സഹജമാണ്‌.സാഹിത്യത്തിലെ എത്രവലിയ മഹാനായാലും അയാള്‍ക്കും തെറ്റുവരാം. അയാള്‍ മഹാനായത്‌കൊണ്ട്‌ തെറ്റ്‌ വായനകാര്‍ക്ക്‌ ചൂണ്ടി കാണിച്ച്‌ കൊടുകൊടുക്കാതിരിക്കുന്നത്‌ ആത്മവഞ്ചനയാണ്‌്‌. മഹാകവി കുമാരാനാശന്റെക്രുതികളെ ശ്രീപനമ്പില്‍ വിമര്‍ശിക്കുകയും `ആശാനില്‍ അപ്രമാദിത്യം അടിച്ചേല്‍പ്പിക്കരുത്‌' എന്ന ലേഖനം എഴുതുകയും ചെയ്‌തു. സാഹിത്യ നിരൂപണത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ശ്രീപനമ്പിലിന്റെ എതിര്‍പ്പുകള്‍.സാഹിത്യനിരൂപണങ്ങളില്‍ മണ്ഡനവും, ഖണ്ഡനവും വേണമെന്ന്‌വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. വിമര്‍ശനം സത്യനിര്‍ദ്ധാരണമാണ്‌. മറ്റുള്ളവരുടെ രചനകളെക്കുറിച്ച്‌, സമൂഹത്തിലെവ്യവസ്‌ഥകളെകുറിച്ചൊക്കെ എഴുതുമ്പോള്‍ അവയെ സശ്രദ്ധം പഠനവിധേയമാക്കിയതിനുശേഷമാണു അഭിപ്രായങ്ങള്‍ എഴുതുന്നത്‌. ഇവിടത്തെ എഴുത്തുകാരുടെ രചനകളെക്കുറിച്ച്‌, പ്രത്യേകിച്ച്‌ പുതിയ എഴുത്തുകാരുടെ രചനകളെപ്പറ്റി എഴുതുമ്പോള്‍ വിമര്‍ശിക്കുന്നതിനോടൊപ്പം തന്നെ അവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചിരുന്നു.സര്‍ഗ്ഗ ശക്‌തിയും സര്‍ഗ്ഗാസ്വാദനശക്‌തിയുമുള്ള ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. അത്‌കൊണ്ട്‌ അദ്ദേഹം കൂടുതലും തന്റെ കഴിവുകള്‍ വിമര്‍ശനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തി. സാഹിത്യത്തിന്റെ അധ:പതനം സമൂഹത്തിന്റെ അധ്‌:പതനമാണെന്ന്‌ അദ്ദേഹം കരുതി. അദ്ദേഹത്തിനെ പ്രതികരണമനോഭാവം നന്മയെവീണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു.എഴുത്തിലും പ്രവര്‍ത്തിയിലുമുള്ളനിഷ്‌പക്ഷത അദ്ദേഹത്തെമറ്റുള്ളവരില്‍നിന്നും വ്യത്യസ്‌തനാക്കുന്നു.

ഒരു ജ്യേഷ്‌ഠസഹോദരനെപോലെ സ്‌നേഹം പകര്‍ന്ന്‌ തന്ന, അനുഗ്രഹീതനായ ആ എഴുത്തുകാരന്റെ, പ്രിയങ്കരനായ ദിവാകരേട്ടന്റെ ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ഈ വരികള്‍സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനുദൈവം നിത്യശാന്തി നല്‍കട്ടെ
സര്‍ഗ്ഗ കിരണങ്ങളുടെ സൂര്യന്‍ (അനുസ്‌മരണം: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2013-12-04 14:05:28
"അങ്ങനെ ഒരു വേദിയില്‍വച്ച്‌ കുറച്ച്‌ സാഹിത്യകാരന്മാര്‍കൂടി ഋഷഭം എന്ന വാക്കിന്റെ അര്‍ഥം കഴുതയാണെന്ന്‌ പറയുന്നത്‌കേട്ട്‌ അമ്പരന്നതും ഇവരൊക്കെ എഴുതിയാല്‍ അമേരിക്കന്‍ മലയാളസാഹിത്യം പടുകുഴിയില്‍ വീഴുമെന്നും മറ്റുമുള്ള തമാശകള്‍ ഈ ലേഖകനുമായി പങ്ക്‌വച്ചതും വ്യക്‌തമായി ഓര്‍ക്കുന്നു." ഒരു പക്ഷേ അമേരിക്കൻ മലയാള സാഹിത്യകാരന്മാർ വിഷ്ണുവിന്റെ അവധാരം എന്ന് അർത്ഥമുള്ള 'ഋഷഭൻ' എന്ന് കേട്ടിരിക്കാനാണ് സാധ്യത  അങ്ങനെ കുലുങ്ങി ഇളകി  ചിരിക്കുമ്പോൾ ആയിരിക്കും ശ്രീ പനമ്പില്‍ ദിവാകരന്‍ യഥാർത്ഥ അർഥം വെളിപെടുത്തിയതും  കേട്ടുകൊണ്ടിരുന്ന പോത്തുകൾ അദ്ദേഹത്തെ കുത്താൻ ചെന്നതും.  അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ നിലവാരം ഉയർത്തണം എന്ന് കരുതിയായിരിക്കും അദ്ദേഹം ഇത്തരം പ്രയോഗങ്ങൾ നടത്തിയത്. പക്ഷെ ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക