Image

ഫിലിബിസ്റ്റര്‍ അവകാശത്തിന്മേല്‍ നിയന്ത്രണം അസ്വീകാര്യ നടപടി- ജോസ് കല്ലിടിക്കില്‍ ചിക്കാഗോ

Published on 05 December, 2013
ഫിലിബിസ്റ്റര്‍ അവകാശത്തിന്മേല്‍ നിയന്ത്രണം അസ്വീകാര്യ നടപടി- ജോസ് കല്ലിടിക്കില്‍ ചിക്കാഗോ
രാഷ്ട്രീയ സമവായത്തിന്റെ അഭാവത്തില്‍ ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ കഴിയാതെ രണ്ടാഴ്ചയോളം ഏതാനും ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിയ്‌ക്കേണ്ടിവന്ന സംഭവം അമേരിക്കന്‍ ജനതയില്‍ തങ്ങളുടെ ജനാധിപത്യ വ്യവസ്ഥിയുടെ നിലനില്‍പ്പില്‍ ആശങ്കയും ഇടയാക്കി. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ പ്രൗഢിയ്ക്ക് കാര്യമായി ക്ഷതമേല്‍പിച്ച ഈ സംഭവത്തിന് കാരണം ദേശതാല്പര്യത്തിലുപരി പാര്‍ട്ടി താല്‍പര്യം സംരക്ഷിയ്ക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലേയും സ്വാധീനമുള്ള ചില കോണ്‍ഗ്രസ്സ് അംഗങ്ങള്‍ കൈക്കൊണ്ട ധാര്‍ഷ്ഠ്യ നിലപാടാണ്. ഭരണസ്തംഭനം ഒഴിവാക്കുവാന്‍ താല്ക്കാലികമായ പരിഹാരമാണ് കണ്ടെതെങ്കിലും, ഇത്തരം സാഹചര്യം ആവര്‍ത്തിയ്ക്കാതിരിയ്ക്കുവാന്‍ വിട്ട് വീഴ്ചയ്ക്കും അഭിപ്രായ സമന്വയത്തിനും രാഷ്ട്രീയ നേതാക്കള്‍ സന്നദ്ധരാകുവാനുള്ള വിവേകം ഭാവിയില്‍ പ്രകടിപ്പിയ്ക്കുമെന്ന ധാരണ പൊതുവേ ഉണ്ടായി. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിയ്ക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും, കക്ഷിതാല്പര്യങ്ങള്‍ക്ക് അപ്പുറം ചിന്തിയ്ക്കുവാനോ പ്രവര്‍ത്തിയ്ക്കുവാനോ തങ്ങള്‍ക്കാവില്ലെന്നുമുള്ള സന്ദേശമാണ് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തുടരുന്ന അസഹിഷ്ണുതയും അവസരവാദനിലപാടുകളും ജനങ്ങള്‍ക്ക് നല്‍കുന്നത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ കടുത്ത പ്രതിക്ഷേധത്തെ അവഗണിച്ചുകൊണ്ട് സെനറ്റര്‍മാരുടെ ഫിലിബിസ്റ്റര്‍ അവകാശത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സെനറ്റ് മജോറിട്ടി ലീഡര്‍ ഹാരി റീഡിന്റെയും ഭൂരിപക്ഷം ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരുടെയും നടപടി തികച്ചും ഏകപക്ഷീയവും അവസരവാദപരവുമായിരുന്നു. അമേരിക്കന്‍ സെനറ്റിന്റെ സവിശേഷതകളിലൊന്നാണഅ സെനറ്റര്‍മാരുടെ ഫിലിബിസ്റ്റര്‍ അവകാശം. പലപ്പോഴും ദുരുപയോഗപ്പെടുത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും അനാരോഗ്യപരമായ പല നിയമ നടപടികളും വിവാദമായ പല ന്യായാധിപന്മാരുടെയും വകുപ്പ് മേധാവികളുടെയും നിയമനങ്ങളും പുനപരിശോധിയ്ക്കുവാനും, തടയുവാനും ഫിലിബിസ്റ്റര്‍ നടപടി പ്രയോജനപ്പെട്ടിട്ടുണ്ട്.
നേരിയ സീറ്റുകളുടെ വ്യത്യാസത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സ്റ്റാറ്റസ് പലപ്പോഴും നിര്‍ണ്ണയിയ്ക്കപ്പെടുന്ന അമേരിക്കന്‍ സെനറ്റില്‍ ഏതേലും അംഗം ഫിലിബിസ്റ്റര്‍ നടപടിയ്ക്ക് മുതിര്‍ന്നാല്‍, അത് മിറകടക്കുവാന്‍ വേണ്ടിയ 60 സെനറ്റര്‍മാരുടെ പിന്തുണ ലഭിയ്ക്കുക ബുദ്ധിമുട്ടാണ്. ന്യൂനപക്ഷാവകാശം സംരക്ഷിയ്ക്കുവാനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ നടപടി സ്വാര്‍ത്ഥവും പക്ഷാപാതപരവുമായ പലനിയമനങ്ങളും അടിച്ചേല്‍പ്പിക്കുവാനുള്ള ഭൂരിപക്ഷ നിലപാട് വിഫലമാക്കിയിട്ടുണ്ട്. അപകടകരവും വിയോജിപ്പുമുള്ള നിയമനടപടികള്‍ ഉപേക്ഷിയ്ക്കുവാനും, സമവായത്തിലൂടെ പരിഷ്‌ക്കരിയ്ക്കുവാനും ഫിലിബിസ്റ്റര്‍ നടപടി ഹേതുവായിട്ടുണ്ട്. അധികാര ദുര്‍വിനിയോഗം തടയുവാനും, ന്യൂനപക്ഷാവകാസം സംരംക്ഷിയ്ക്കുവാനും അധികാര വികേന്ദ്രികരണം ഫലപ്രദമാക്കുവാനും സെനറ്റ് ഫിലിബിസ്റ്റര്‍ നിലനില്‌ക്കേണ്ടത് അനിവാര്യമാണ്.

പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നിരവധി എക്‌സിക്യൂട്ടീവ്- ജുഡീഷ്യല്‍ നിയമനങ്ങള്‍ ഫിലിബിസ്റ്റര്‍ ഉപയോഗിച്ച് അംഗീകാരം നല്‍കാതെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ തടഞ്ഞു വെച്ചതാണ് സെനറ്റ് ഡെമോക്രാറ്റിക്ക് അംഗങ്ങളെ പ്രകോപിപ്പിച്ചത്. പ്രസിഡന്റ് ബറാക്ക് ഒബാമയോട് വ്യക്തിപരമായി ശത്രുതാമനോഭാവവും, അദ്ദേഹത്തിന്റെ നിയമനങ്ങലോട് നിഷേധാത്മക സമീപനവുമാണ് ചില റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ക്കുള്ളത്. എന്നാല്‍ അത്തരം അംഗങ്ങളെ അനുനയിപ്പിച്ച് സമവായത്തിലൂടെ പ്രസിഡന്റിന്റെ നിയമനങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിന് പകരം, ഫിലിബിസ്റ്റര്‍ അധികാരത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അപകടകരവും അസ്വീകാര്യവുമായ നടപടിയാണ് സെനറ്റ് മജോറിട്ടി ലീഡര്‍ ഹാരിറീഡും ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരും അവലംബിച്ചത്. സെനറ്റിനുള്ള ന്യൂക്ലിയര്‍ ഓപ്ഷന്‍ ഉപയോഗിച്ച് പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് നിയമനങ്ങളും സുപ്രീംകോടതി ജഡ്ജിമാര്‍ ഒഴികെയുള്ള ജുഡീഷ്യല്‍ നിയമനങ്ങളും അംഗീകരിയ്ക്കുവാന്‍ 51 അംഗങ്ങളുടെ പിന്തുണ മതിയെന്ന ചട്ടഭേദഗതി 48ന് എതിരെ 52 അംഗങ്ങളുടെ പിന്തുണയോടു കൂടി സെനറ്റര്‍ ഹാരി റീഡ് പാസ്സാക്കിയെടുത്തു. പലപ്പോഴും സമവായത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള സെനറ്റ് മൈനോറിട്ടി ലീഡര്‍ മിച്ച് മക്കോണലിന്റെയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ തന്നെ 3 സെനറ്റര്‍മാരുടെയും പ്രതിഷേധങ്ങള്‍ ഹാരി റീഡ് അവഗണിയ്ക്കുകയായിരുന്നു. സെനറ്റര്‍ ഹാരി റീഡന്റെ നടപടിയ്ക്ക് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു. താല്ക്കാലിക ലാഭം ലക്ഷ്യം വച്ചുള്ള ഈ സെനറ്റ് നടപടിയ്ക്ക് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും അമേരിക്കന്‍ ജനതയും പില്‍ക്കാലത്ത് വലിയ വില നല്‍കേണ്ടി വന്നേക്കാം.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുവാനും തന്റെ നയപരിപാടികള്‍ നടപ്പിലാക്കുവാനും പ്രാപ്തരും വിശ്വസ്തരുമായ ഭരണാധികാരികലെ നിയമിയ്ക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ട്. എന്നാല്‍ പ്രസിഡന്റ് നിര്‍ദ്ദേശിയ്ക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിയ്ക്കുവാനും അസന്മാര്‍ഗ്ഗികളും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിട്ടുള്ളവരേയും ഉന്നതപദവികളില്‍ അവരോധിയ്ക്കപ്പെടാതിരിയ്ക്കുവാനുള്ള ചുമതല സെനറ്റിനുമുണ്ട്. വിവാദമില്ലാത്ത നിയമനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുവാന്‍ പ്രതിപക്ഷവും, തര്‍ക്കമുള്ളവ സമവായത്തിലൂടെ പരിഹരിയ്ക്കുവാന്‍ ഭൂരിപക്ഷവും പ്രകടിപ്പിയ്ക്കുന്ന വിശാല മനസ്‌കതയാണ് ജനാധിപത്യമര്യാദ. ജീവിത കാലം മുഴുവന്‍  തുടരുവാന്‍ അനുവദിയ്ക്കുന്ന ഫെഡറല്‍ അപ്പീല്‍ കോടതികളിലേയ്ക്കുള്ള ന്യായാധിപന്മാരുടെ നിയമനം സ്ഥിരീകരിയ്ക്കുമ്പോള്‍ അവരുടെ നിയമ പരിജ്ഞാനത്തിനും, അനുഭവത്തിനുമൊപ്പം സാമൂഹ്യ വീക്,ണവും സ്വതന്ത്രതയും സൂക്ഷമപരിശോധനയ്ക്ക് വിധേയപ്പെടണം.

സെനറ്റ് മജോറിട്ടി ലീഡര്‍ ഹാരി റീഡിന്റെ നടപടി ഏകപക്ഷീയമെന്നും അവസരവാദപരവുമെന്ന് ആക്ഷേപിയ്ക്കുവാനും, തീരുമാനത്തോട് വിയോജിയ്ക്കുവാനും കാരണങ്ങള്‍ ഏറെ സമാനമായൊരു സാഹചര്യത്തില്‍ ന്യൂനപക്ഷത്തിരുന്നപ്പോള്‍ അദ്ദേഹവും അന്ന് സെനറ്ററായിരുന്ന ബറാക്ക് ഒബാമ ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരും കൈക്കൊണ്ടൊരു നിലപാടിന് നേര്‍വിപരീതമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടി. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ പലതും കടുത്ത യാഥാസ്ഥിതകരാണെന്നാരോപിച്ച് ഫിലിബിസ്റ്റര്‍ നടപടിയിലൂടെ തടഞ്ഞുവെച്ചത് ഡെമോക്രാറ്റിക്ക് സെനറ്റര്‍മാരാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റിനൊപ്പം കോണ്‍ഗ്രസ്സിന്റെ ഇരുസഭകളുടെയും നിയന്ത്രണവുമായി ഇപ്പോഴത്തെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയ്ക്കുള്ളതിലേറെ ശക്തമായൊരു സ്ഥിതിയിലായിരുന്ന അന്നത്തെ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാര്‍ ഫിലിബിസ്റ്റര്‍ നിര്‍ത്തലാക്കാനുള്ള നടപടി ഗൗരവകരമായി പരിഗണിച്ചതാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും ലിബറല്‍ മാധ്യമങ്ങളുടെയും ശക്തമായ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടികളിലേയും മുതിര്‍ന്ന സെനറ്റര്‍മാര്‍ ഉള്‍പ്പെടുന്നൊരു കമ്മിറ്റി ഈ നീക്കത്തില്‍ നിന്ന് പിന്‍തിരിയുവാന്‍ സെനറ്റ് മജോറിട്ടി ലീഡറെ ഉപദേശിയ്ക്കുകയായിരുന്നു. വിരളമായും, ന്യായമായതും അടിസ്ഥാനമുള്ളതുമായ വിഷയങ്ങളില്‍ മാത്രമേ ഫിലിബിസ്റ്റര്‍ നടപടി സ്വീകരിയ്ക്കുകയുള്ളൂവെന്ന് അന്നത്തെ ഡെമോക്രാറ്റിക്ക് നേതൃത്വം റിപ്പബ്‌ളിക്കന്‍ സെനറ്റ് മജോറിട്ടി ലീഡര്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തത് പ്രശ്‌നപരിഹാരം സുഗമമാക്കി. ഒക്‌ടോബറിലെ ഗവണ്‍മെന്റ് സ്തംഭനത്തിനിടയില്‍ ടെക്‌സസില്‍ നിന്നുള്ള ടീപാര്‍ട്ടി അനുഭാവി സെനറ്റര്‍ ടെഡ്ക്രൂസ്സ് അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെതിരെ ഫിലിബിസ്റ്റര്‍ നടപടിയ്ക്ക് ഒരുബെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നടപടിയ്‌ക്കെതിരെ റിപ്പബ്‌ളിക്കന്‍ സെനറ്റര്‍മാരും രംഗത്ത് വരുന്നതും സെനറ്റര്‍ ഹാരി റീഡും കൂട്ടരും സ്മരിയ്‌ക്കേണ്ടിയിരുന്നു.

ബ്ലാക്ക്, ഹിസ്പാനിക്ക്, ലിബറല്‍ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലേയ്ക്ക് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ടീപാര്‍ട്ടി, യാഥാസ്ഥിതികര്‍, മതനേതൃത്വം എന്നിവരുടെ സ്വാധീനത്തിലേയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വഴുതിമാറുന്ന അമേരിക്കന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളിലും ഉള്‍പ്പെടുന്ന മിതവാദികള്‍ സ്വതന്ത്രമായ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിയ്ക്കുവാന്‍ കരുത്താര്‍ജ്ജിക്കണം. ദേശത്തിന്റെയും ജനതയുടെയും ക്ഷേമം കാംക്ഷിയ്ക്കുന്ന ഇക്കൂട്ടര്‍ക്ക് മാത്രമേ അമേരിക്കയുടെ ജനാധിപത്യ വ്യവസ്ഥിതിയെ സംരക്ഷിയ്ക്കുവാന്‍ കഴിയും. സമൂഹത്തിന്റെ പുരോഗതിയ്ക്ക് വിഘാതമാകുന്നതും കാലഹരണപ്പെട്ടതുമായ നിയമങ്ങള്‍ പൊളിച്ചെഴുതണം. എന്നാല്‍ അഴിമതിയും, സ്വജനപക്ഷപാതവും, അധികാര ദുര്‍വിനിയോഗവും പൂര്‍വ്വാധികം ശക്തിയായി തലഉയര്‍ത്തി വരുന്ന അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ സംശുദ്ധിയും, ലോകത്തിന് തന്നെ മാതൃകയായിട്ടുള്ള അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അന്തസന്തയും, പ്രസക്തിയും, വിശ്വാസ്യതയും നിലനിര്‍ത്തുവാന്‍ അതിനുതകുന്ന ഫിലിബിസ്റ്റര്‍ പോലുള്ള ചട്ടങ്ങള്‍ പൊളിച്ചെഴുതുകയല്ല, അവയോട് പൊരുത്തപ്പെടുകയാണ് വേണ്ടത്.
ഫിലിബിസ്റ്റര്‍ അവകാശത്തിന്മേല്‍ നിയന്ത്രണം അസ്വീകാര്യ നടപടി- ജോസ് കല്ലിടിക്കില്‍ ചിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക