Image

അകാരണമായി തിരിച്ചറിയല്‍ കാര്‍ഡ്‌ പിടിച്ചുവയ്‌ക്കരുത്‌: അധികൃതര്‍

Published on 27 October, 2011
അകാരണമായി തിരിച്ചറിയല്‍ കാര്‍ഡ്‌ പിടിച്ചുവയ്‌ക്കരുത്‌: അധികൃതര്‍
അബുദാബി: കോടതിയുടെ നിര്‍ദേശമില്ലാതെ തിരിച്ചറിയല്‍ കാര്‍ഡ്‌ പിടിച്ചുവയ്‌ക്കാനോ സുരക്ഷാ രേഖയായി തടഞ്ഞുവയ്‌ക്കാനോ പാടില്ലെന്ന്‌ എമിറേറ്റ്‌സ്‌ ഐഡന്റിറ്റി അതോറിറ്റി അധികൃതര്‍. തിരിച്ചറിയല്‍ കാര്‍ഡ്‌ സംബന്ധിച്ച്‌ ഇഐഡിഎ പുറത്തിറക്കിയ നിയമാവലിയിലാണു ജനങ്ങളുടെ ഔദ്യോഗിക രേഖ കാര്യാലയങ്ങളില്‍ തടഞ്ഞുവയ്‌ക്കരുതെന്ന നിര്‍ദേശമുള്ളത്‌. വിവിധ സ്‌ഥാപനങ്ങള്‍ ദൈനംദിന ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനായി ഐഡി കാര്‍ഡ്‌ പിടിച്ചുവയ്‌ക്കുന്നതായി പരാതിയുണ്ട്‌. റെന്റ്‌ എ കാര്‍ സ്‌ഥാപനങ്ങളില്‍നിന്നു വാഹനങ്ങള്‍ വാടകയ്‌ക്കു ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കണമെന്നു വ്യവസ്‌ഥയുണ്ട്‌.

ഓട്ടം കഴിഞ്ഞു വാഹനം സ്‌ഥാപനത്തിലെത്തിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ തിരിച്ചുനല്‍കാറുള്ളത്‌. 2006ലെ യുഎഇ ഫെഡറല്‍ നിയമം ഒന്‍പതാം നമ്പര്‍ പ്രകാരം തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളിലോ ഫോട്ടോയിലെ മാറ്റം വരുത്താനോ മായ്‌ക്കാനോ വിശദാംശങ്ങളില്‍ അവ്യക്‌തത വരുത്താനോ പാടില്ല. എല്ലാ സമയത്തും കാര്‍ഡ്‌ കൈവശമുണ്ടാകണം. നിയമം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഉടമകള്‍ കാര്‍ഡ്‌ കാണിക്കണം. കോടതിയുടെ ഉത്തരവുപ്രകാരമല്ലാതെ ഒരു കേന്ദ്രത്തിലും തിരിച്ചറിയല്‍ കാര്‍ഡ്‌ സൂക്ഷിക്കാന്‍ നല്‍കേണ്ടതില്ലെന്നാണു കാര്‍ഡ്‌ ഉടമകള്‍ക്കുള്ള നിയമാവലിയിലെ നിര്‍ദേശം.

കാര്‍ഡിന്‌ അപേക്ഷിക്കുന്ന സന്ദര്‍ഭത്തില്‍ നല്‍കിയ വിവരങ്ങളില്‍ മാറ്റം വരുന്ന സന്ദര്‍ഭങ്ങളില്‍ കാര്‍ഡ്‌ കാര്യാലയങ്ങളിലെത്തി പുതിയ കാര്‍ഡിന്‌ അപേക്ഷിക്കണം. ഭേദഗതി നിലവില്‍ വന്ന്‌ ഒരു മാസത്തിനകം അപേക്ഷ നല്‍കണമെന്നാണു ചട്ടം. ഇതിനു തയാറാകാതെ കാര്‍ഡിനു മുകളില്‍ കൃത്രിമം കാണിച്ചു ഭേദഗതി വരുത്താന്‍ ശ്രമിക്കുന്നതു കുറ്റകരമാണ്‌. കാര്‍ഡ്‌ നഷ്‌ടപ്പെട്ടാല്‍ ഏഴു ദിവസത്തിനകം അധികൃതരെ അറിയിച്ച്‌ നിലവിലുള്ള കാര്‍ഡ്‌ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കാര്‍ഡ്‌ നഷ്‌ടപ്പെട്ടാലും നാശമായാലും നിര്‍ദിഷ്‌ട ഫീസടച്ചു കാര്‍ഡിന്‌ അപേക്ഷിച്ചിരിക്കണം. നഷ്‌ടപ്പെട്ട കാര്‍ഡ്‌ ആരെങ്കിലും കണ്ടെത്തിയാല്‍ അതു സൂക്ഷിച്ചുവയ്‌ക്കാതെ തൊട്ടടുത്ത തിരിച്ചറിയല്‍ കാര്‍ഡ്‌ കാര്യാലയത്തിലോ പൊലീസ്‌ സ്‌റ്റേഷനിലോ ഏല്‍പിക്കണം. ഈ നിയമങ്ങള്‍ പാലിക്കേണ്ടതു കാര്‍ഡ്‌ ഉടമകളുടെയും രക്ഷിതാക്കളുടെയും ബാധ്യതയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക