Image

പുസ്‌തകം `സ്വന്തം കാലില്‍ നടക്കാന്‍' പ്രാപ്‌തമാകണം: പെരുമ്പടവം

Published on 09 December, 2013
പുസ്‌തകം `സ്വന്തം കാലില്‍ നടക്കാന്‍' പ്രാപ്‌തമാകണം: പെരുമ്പടവം
ന്യൂയോര്‍ക്ക്‌: ജനനി മാസികയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ ശില്‍പശാലയും ചെറുകഥാ മത്സരത്തില്‍ വിജയികളായ ബിജോ ജോസ്‌ ചെമ്മാന്തറ, സാംസി കൊടുമണ്‍, നീന പനയ്‌ക്കല്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ്‌ സമ്മാനവും വ്യത്യസ്‌തമായ സാഹിത്യാനുഭവമായി.

സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, കവി ചെറിയാന്‍ കെ. ചെറിയാന്‍, സതീഷ്‌ ബാബു പയ്യന്നൂര്‍, ഡോ. എം.വി പിള്ള എന്നിവര്‍ നയിച്ച ചര്‍ച്ചകളില്‍ സാഹിത്യരംഗത്തെ ഒട്ടറെ പ്രമുഖര്‍ പങ്കെടുത്തു. ഹൈക്കു കവിതകളെക്കുറിച്ച്‌ ചെറിയാന്‍ കെ. ചെറിയാനും, ആധുനിക ചെറുകഥകളെക്കുറിച്ച്‌ പെരുമ്പടവും പ്രഭാഷണം നടത്തി. ഭാവഗീതം മാത്രം കവിതയായി കാണുന്നവര്‍ക്ക്‌ ഹൈക്കു കവിതയായി തോന്നണമെന്നില്ലെന്ന്‌ ചെറിയാന്‍ കെ. ചെറിയാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കവിതാരംഗത്ത്‌ വളര്‍ച്ച പ്രാപിച്ചുവരുന്ന ഒരു പ്രവണത ഏറെ അനുവാചകരെ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു.

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഒന്നാം നൂറ്റാണ്ട്‌ മുമ്പ്‌ എഴുതിയ ആദ്യ ചെറുകഥ `വാസനാ വികൃതി' മുതലുള്ള കഥാചരിത്ര ലോകം പെരുമ്പടവം എടുത്തുകാട്ടി. ഈ വിഷയത്തെപ്പറ്റി തനിക്ക്‌ വിലിയ ജ്ഞാനമില്ലെന്നു പറഞ്ഞാണ്‌ അദ്ദേഹം തുടങ്ങിയത്‌.

മലയാളത്തിലെ ചെറുകഥ ആധുനിക സ്വഭാവം കൈവരിച്ചത്‌ നവോത്ഥാനകാലത്താണ്‌. സമൂഹത്തിന്റെ സ്ഥാനത്ത്‌ നവോത്ഥാന എഴുത്തുകാര്‍ മനുഷ്യനെ പ്രതിഷ്‌ഠിച്ചു. ലോക സാഹിത്യത്തിലെ മാറ്റം മലയാളത്തിലും എത്തിക്കാനാവര്‍ക്കായി.

ലോക മഹായുദ്ധങ്ങള്‍ ഏറ്റവുമധികം ബാധിച്ചത്‌ എഴുത്തുകാരെയാണ്‌. മൂല്യങ്ങളും ബന്ധങ്ങളും തകരുന്ന കാഴ്‌ച. അഗാധമായ അനുഭവങ്ങളാണ്‌ യുദ്ധങ്ങള്‍ മനുഷ്യരാശിക്ക്‌ നല്‍കിയത്‌. അത്‌ അവരെ ജീവിതത്തിലെ നിരര്‍ത്ഥകതയെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. വ്യക്തികള്‍ക്ക്‌ പ്രസക്തിയൊന്നുമില്ലെങ്കില്‍ പിന്നെ എന്താണുള്ളത്‌? മരണവും ദുരന്തബോധവും അവരെ വേട്ടയാടി. എല്ലാം വ്യര്‍ത്ഥമാണെന്ന ചിന്ത. ആത്മഹത്യയെ മനോഹര അനുഭവമായി കാമു വിവരിച്ചു. അന്വേഷണമെല്ലാം വ്യര്‍ത്ഥമെന്ന്‌
കാഫ്കയും പറഞ്ഞു.

സ്വയം ദ്വീപാകാനാഗ്രഹിക്കുമ്പോഴും ആരും ദ്വീപാകുന്നില്ല. സമൂഹത്തില്‍ തന്നെയാണവര്‍ കഴിയുന്നത്‌.

മലയാളത്തിലെ ആധുനികത കടന്നുവരുന്നത്‌ ഡല്‍ഹിയിലെ മലയാള സാഹിത്യകാരന്മാരില്‍ നിന്നായിരുന്നു ഒ.വി. വിജയന്‍, വി.കെ.എന്‍, ചെറിയാന്‍ കെ. ചെറിയാന്‍, മുകുന്ദന്‍ തുടങ്ങിയവര്‍.

അന്നത്തെ കേരളാ ക്ലബിലെ സാഹിത്യ സംവാദങ്ങള്‍ ചെറിയാന്‍ കെ. ചെറിയാന്‍ അനുസ്‌മരിച്ചു.

മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയാണ്‌ ചെറുകഥാലോകം. ഒട്ടേറെ പ്രതിഭാധനര്‍ ഈ രംഗത്തുണ്ട്‌. പക്ഷെ പഴയ പല പ്രമുഖരും ദയനീയമായി പരാജയപ്പെടുന്നതും നാം കാണുന്നു. പുതിയ എഴുത്തുകാരാകട്ടെ തഴക്കവും പഴക്കവും ചെന്നവരെപ്പോലെ അരങ്ങുവാഴുന്നു-
പെരുമ്പടവം പറഞ്ഞു 

മനുഷ്യനെയും പ്രപഞ്ചത്തേയും പറ്റി എഴുതിയ ബഷീറിന്റേയും കാരൂരിന്റേയും കൃതികള്‍ എടുത്തുപറയാതെ വയ്യ.

പ്രവാസി സാഹിത്യം എന്നൊന്നില്ല. ലോകത്ത്‌ എവിടെ ഇരുന്ന്‌ മലയാളത്തില്‍ എഴുതിയാലും അവര്‍ മലയാള സാഹിത്യകാരന്മാരാണ്‌. ഏദന്‍ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടപ്പോള്‍ മനുഷ്യകുലം തന്നെ പ്രവാസികളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവിതാനുഭവമാകുന്ന ഉപ്പ്‌ ചേര്‍ക്കുമ്പോഴാണ്‌ കഥകള്‍ക്ക്‌ ജീവന്‍ കൈക്കൊള്ളുന്നതെന്ന്‌ സതീഷ്‌ ബാബു പയ്യന്നൂര്‍ പറഞ്ഞു. ജീവിതാനുഭവങ്ങളാകുന്ന ഉപ്പു ചേര്‍ക്കാത്ത സാഹിത്യം നിലനില്‍ക്കില്ല. നീനാ പനയ്‌ക്കല്‍ വൃദ്ധ ദമ്പതികളെപ്പറ്റി എഴുതിയ സമ്മാനാര്‍ഹമായ കഥ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. കഥയിലെ മുഹൂര്‍ത്തങ്ങള്‍ എങ്ങനെ കാക്കണമെന്നവര്‍ക്കറിയാം. ക്രൈസ്‌തവര്‍ തമ്മിലുള്ള ഭിന്നതകള്‍ ജീവതത്തെ എങ്ങനെ അട്ടിമറിക്കുന്നുവെന്നാണ്‌
സാംസി  ചിത്രീകരിക്കുന്നത്‌. ബിജോ ജോസഫിന്റെ കഥയില്‍ ചാഞ്ചല്യമില്ലാത്ത ഭാഷയാണ്‌ ശക്തി. ഒരു തുടക്കക്കാരനെന്ന്‌ തോന്നിയതേയില്ല. ഒരു കൂട്ടിക്കൊടുപ്പുകാരന്റെ (പിമ്പ്‌) മനോവ്യാപാരത്തിലൂടെ ജീവിതത്തെ നോക്കിക്കാണുകയാണ്‌ ബിജോ.

പൂച്ചയ്‌ക്ക്‌ പുന്നുരുക്കുന്നിടത്ത്‌ എന്തു കാര്യമെന്നപോലെയാണ്‌ തന്റെ സാന്നിധ്യമെന്ന്‌ ഡോ. എം.വി. പിള്ള പറഞ്ഞു. (പൊതു സമ്മേളനത്തില്‍ ഡോ. എം.വി പിള്ള എഴുത്തിലേക്ക്‌ വരണമെന്ന പ്രമേയം പെരുമ്പടവം അവതരിപ്പിച്ചു. സദസ്‌ കയ്യടിച്ച്‌ അത്‌ അംഗീകരിക്കുകയും ചെയ്‌തു.)

ആധുനികത പത്തുവര്‍ഷങ്ങള്‍ക്കുശേഷം ചത്തു
പോയെന്നു എഴുത്തുകാര്‍ തന്നെ പറയുന്നതായി പെരുമ്പടവം ചൂണ്ടിക്കാട്ടി. ആധുനികതയ്‌ക്കുശേഷവും കഥ അപൂര്‍വ്വതേജസോടെ നില്‍ക്കുന്നു. ദുര്‍ഗ്രഹതയും ദുര്‍മേദസും ഭാഷയില്‍ നിന്ന്‌ വെട്ടിമാറ്റി പച്ച മലയാളത്തില്‍ കഥകള്‍ വരുന്നു.

അറുപതു വര്‍ഷം മുമ്പ്‌ ചെറിയാന്‍ കെ. ചെറിയാനുമായുള്ള ബന്ധം അനുസ്‌മരിച്ച പെരുമ്പടവം അദ്ദേഹം മലയാളത്തില്‍ നിന്ന്‌ ഒളിച്ചോടി എന്ന പരിഭവം മാത്രമേയുള്ളുവെന്ന്‌ പറഞ്ഞു.

ഉണ്ണി ആറിന്റെ `ലീല' മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ രതിവൈകൃതങ്ങളോടുള്ള ആസക്തി തന്മയത്വമായി അവതരിപ്പിച്ചതായി ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി.

പാമ്പാട്ടിയുടെ കസ്റ്റഡിയില്‍ കഴിഞ്ഞ പാമ്പ്‌ രക്ഷപെട്ട്‌ വനത്തില്‍ കടന്നപ്പോള്‍ തനിക്ക്‌ ഇര പിടിക്കുവാനുള്ള കഴിവ്‌ നഷ്‌ടപ്പെട്ടെന്നു കണ്ട്‌ തിരിച്ചുപോകുന്നു. ഇതു പ്രവാസിയുടെ അനുഭവം തന്നെയാണ്‌. നാട്ടില്‍ പോയശേഷം മടങ്ങിയെത്തുന്നവര്‍ നമ്മുടെ ചുറ്റിലും ധാരാളമുണ്ട്‌-

ഡോ. എം.വി. പിള്ള ചൂണ്ടിക്കാട്ടി.

പൊതുസമ്മേളനത്തില്‍ പക്ഷെ പെരുമ്പടവം, ഉണ്ണി ആറിന്റെ കഥ, മനസിലെ പ്രകാശം കെടുത്തിക്കളയുന്നുവെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. നേരേ മറിച്ച്‌ ബിജോയുടെ കഥയില്‍ മനുഷ്യത്വത്തിന്റെ പ്രകാശം വ്യക്തമായുണ്ട്‌. കാരൂരിന്റെ മോതിരം പോലുള്ള സൃഷ്‌ടികള്‍ അത്യന്തം മനോഹരവും.

താന്‍ നിഷേധിയൊന്നുമല്ലെന്നും അങ്ങേയറ്റം പാവപ്പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തനിക്ക്‌ തന്റേതായ കാഴ്‌ചപ്പാടുകളും ധാരണകളുമുണ്ട്‌. സാംസിയുടെ കഥ സമകാലിക ജീവിതത്തിന്റെ കഥയാണ്‌.

നീനയുടെ കഥ വാര്‍ദ്ധക്യജീവിതത്തിലും പരസ്‌പരം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹത്തിന്റെ ഗ
നതയാണ്‌ എടുത്തുകാട്ടുന്നത്‌. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എപ്പോഴും ഉടക്കിലാണ്‌. പക്ഷെ അസുഖമായി കിടക്കുന്ന ഭാര്യയെ വിട്ടുപോകാന്‍ അയാള്‍ക്കു കഴിയുന്നില്ല. സ്‌നേഹത്തിനു വയസാകുന്നില്ല എന്നാണ്‌ കഥാകൃത്ത്‌ സമര്‍ത്ഥിക്കുന്നത്‌. വളരെ നേര്‍മ്മയുള്ള ഭാഷയില്‍ കഥ പറഞ്ഞിരിക്കുന്നു.

വായനക്കാരെ സൃഷ്‌ടിക്കേണ്ട ബാധ്യത എഴുത്തുകാരന്റേതാണ്‌. ഇന്ന പുസ്‌തകം വായിക്കണമെന്ന്‌ ഒരു സര്‍ക്കാരിനും ഉത്തരവിടാനാകില്ല. അതുകൊണ്ട്‌ അതു വായിക്കപ്പെടണമെന്നില്ല. പുസ്‌തകം സ്വന്തംകാലില്‍ മുന്നോട്ടുപോകണം- അദ്ദേഹം പറഞ്ഞു.

പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച ജനനി പത്രാധിപര്‍ ജെ. മാത്യൂസ്‌ പ്രവാസികളുടെ എഴുന്നൂറില്‍പ്പരം സൃഷ്‌ടികള്‍ ജനനിയിലൂടെ വെളിച്ചം കണ്ടുവെന്നു അനുസ്‌മരിച്ചു. ജനനി മതനിരപേക്ഷമാണ്‌.
സ്ത്രീ സമത്വത്തിലല്ല സ്ത്രീ   സ്വാതന്ത്ര്യത്തിനാണ്‌ വിലകൊടുക്കുന്നത്‌. പത്രങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള വിഷമതകളും അദ്ദേഹം എടുത്തുകാട്ടി.

ഈ പരിപാടിയില്‍ പങ്കെടുത്ത താന്‍ തികച്ചും സന്തോഷവാനാണെന്ന്‌ ചെറിയാന്‍ കെ. ചെറിയാന്‍ പറഞ്ഞു. ഭൂതകാലത്തിലേക്ക്‌ തിരിച്ചുപോയ പ്രതീതിയാണ്‌ തനിക്ക്‌. അമേരിക്കയിലെ സാഹിത്യകാരന്മാര്‍ തമ്മില്‍
കേരളത്തിലെപ്പോലെ സ്പര്‍ധയില്ലെന്നും കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്രം നടത്തുന്നത്‌ ഒരു നിയോഗം തന്നെയാണെന്ന്‌ ഡോ. എം.വി. പിള്ള പറഞ്ഞു. കാഞ്ചീ
പുരത്തുള്ളയാള്‍  ഒരു തൂവാലയെങ്കിലും നെയ്യുമെന്നു പറയുന്നതുപോലെ കോട്ടയം മേഖലയില്‍ നിന്നുള്ളവര്‍ക്ക്‌ ഒരു പത്രം തുടങ്ങുക എന്നതു ഒരു നിയോഗം പോലെയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. നാട്ടിലെ ഭാഷയിലല്ല ജയന്‍ കെ.സി എഴുതുന്നത്‌. ഇവിടുത്തെ ജീവിതമൊക്കെ ചിത്രീകരിക്കുമ്പോള്‍ പോളിമോര്‍ഫിസം പോലുള്ള കൃതികളാണ്‌ അതു വരച്ചുകാട്ടുന്നത്‌.
ആഗോളീകരണത്തിനെതിരേയുള്ള പ്രസ്ഥാനം ശക്തിപ്പെടുമെന്നദ്ദേഹം പറഞ്ഞു.

കുലീനമായ മാസികയാണ്‌ ജനനി എന്ന്‌ പെരുമ്പടവം പറയുകയും എല്ലാ മംഗളങ്ങളും നേരുകയും ചെയ്‌തു.

ജനനി ലിറ്റററി എഡിറ്റര്‍ ഡോ. സാറാ ഈശോ ആയിരുന്നു എം.സി. മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ സ്വാഗതം ആശംസിച്ചു.

ജനനിയിലെ ജെ. മാത്യൂസിന്റെ മുഖപ്രസംഗം പുസ്‌തകമാക്കണമെന്ന്‌ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം നിര്‍ദേശിച്ചു.

രാജു മൈലപ്ര, എം.ടി. ആന്റണി, സരോജ വര്‍ഗീസ്‌, മനോഹര്‍ തോമസ്‌, ഡോ. എന്‍.പി. ഷീല, ബാബു പാറയ്‌ക്കല്‍, റീനി മമ്പലം തുടങ്ങിയവര്‍ ആശംകള്‍ നേര്‍ന്നു.
പുസ്‌തകം `സ്വന്തം കാലില്‍ നടക്കാന്‍' പ്രാപ്‌തമാകണം: പെരുമ്പടവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക