Image

നഷ്‌ട സൗഭഗങ്ങള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 13 December, 2013
നഷ്‌ട സൗഭഗങ്ങള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
അലഞ്ഞുതിരിഞ്ഞു ഞാന്‍ ഒടുവില്‍ വന്നെത്തിയാ
വലിയനഗരത്തിന്‍ വിശാലവീഥി തന്നില്‍
ഉത്തംഗസൗധമെങ്ങും മത്സരിച്ചുയരുന്നു
എത്തിപിടിച്ചീടുവാന്‍ നഭസ്സില്‍ താരങ്ങളെ
കത്തുന്നവയറുമായി കയറി ഇറങ്ങി ഞാന്‍
എത്രയോ പടിപ്പുര വിശപ്പിന്നന്നം തേടി
കൊടുപ്പാന്‍ മനസ്സുള്ളോര്‍ വിരളം നഗരത്തില്‍
കടുത്ത നിരാശയാല്‍ നിറുത്തി ഭിക്ഷാടനം,
എറിഞ്ഞു തന്ന ചില ധാന്യത്തിന്‍ മണികളെ
പെറുക്കി സഞ്ചിക്കുള്ളില്‍ ഒതുക്കി വച്ചശേഷം,
ഓലയില്‍ മെടഞ്ഞുള്ള കുടിലു പൂകിടാനായ്‌
കാലുകള്‍ വലിച്ചു ഞാന്‍ നടന്നു തുടങ്ങുമ്പോള്‍
കേട്ടതാ ദൂരത്തൊരു തേരിന്റെ തെളിക്കല്‍ പോല്‍
ചാട്ടവാറടിയുടെ ശബ്ദവും കേള്‍പ്പാറായ്‌
മനസ്സിനുള്ളിലൊരു കുളിര്‍ കാറ്റടിച്ചുടന്‍
കനിവിന്‍ പേരുകേട്ട രാജാവിന്‍ വരവാണ്‌
`തീരുവാന്‍ സമയമായ്‌ ദാരിദ്ര്യദുഃഖം പാടെ
കോരിതരിച്ചു മേനി കോള്‍മയിര്‍ കൊണ്ടു ചിത്തം
ചിലപ്പോള്‍ ചില സ്വപ്‌നം സത്യമായ്‌ ഭവിച്ചിടും
അലച്ചില്‍ വിട്ടുപോകും ജീവിതം ധന്യമാകും
കനവുകണ്ടതാണി സുദിനം ഒരുനാളില്‍
അണഞ്ഞു ഒടുവിലാ വലിയ നിമിഷവും'
തലകള്‍ വണക്കി ഞാന്‍ ഒതുങ്ങി വഴിവക്കില്‍
അലിവു തോന്നീടുവാന്‍ ഭജിച്ചു ഉള്ളത്തിലും
പതിഞ്ഞാ തൃക്കണ്‍രണ്ടും എന്‍മുഖത്താശ്വാസമായ്‌
കുതിച്ചു വന്ന തേരും നിന്നുടന്‍ ശബ്ദത്തോടെ
ഇറങ്ങി വന്നുരാജന്‍ അരികില്‍ നിന്നുമുദാ
വിറങ്ങലിച്ചു നില്‌ക്കും എന്‍ നേരെ കരം നീട്ടി
`തരുവാന്‍ നിന്റെ കയ്യില്‍ എന്തുണ്ടു പറയുക
തരുവിന്‍ ഉടന്‍ തന്നെ പോകുവാന്‍ തിടുക്കമായ്‌'
കൊഴിഞ്ഞുപോയി എന്റെ പ്രതീക്ഷ ക്ഷണം തന്നെ
പഴിച്ചു സ്വയം എന്നെ `ഭിക്ഷുവിന്‍ സ്വപ്‌നത്തെയും!'
തിടുക്കം കൂട്ടിടുന്നു രാജാവ്‌ ഭിക്ഷക്കായി
ഒടുവില്‍ തുറന്നെന്റെ പഴഞ്ചന്‍ സഞ്ചി മെല്ലെ
ചെറുതാം ഒരു മണി അരി ഞാനെടുത്തിട്ട്‌
നിറയും മിഴിയോടെ കൊടുത്തു രാജേന്ദ്രന്‌
വിടര്‍ന്നു മന്ദഹാസം പരന്നു വദനത്തില്‍
വിടയും പറഞ്ഞിട്ടു മറഞ്ഞു രാജന്‍ വേഗം
ശപിച്ചു ഞാനെന്റെയാ ദുരയെ ഓര്‍ത്തോരല്‌പം
തപിച്ചു നഷ്‌ടമായ അരിയെ ചൊല്ലി ഏറെ
മറഞ്ഞു സൂര്യദേവന്‍ പശ്ചിമാബ്‌ധിയിലങ്ങു
മറഞ്ഞു ഞാനുമെന്റെ കുടിലില്‍ അതിവേഗം
ഇരുന്നൊരല്‌പനേരം തറയില്‍ തളര്‍ന്നു ഞാന്‍
ചൊരിഞ്ഞു സഞ്ചിയിലെ ഭിക്ഷയാ നിലത്തായി
മിന്നുന്നു അരികളില്‍ സ്വര്‍ണ്ണത്തിന്‍ ഒരുതരി
മിന്നിമറഞ്ഞു മുന്നില്‍ നടന്ന സംഭവങ്ങള്‍
കഷ്‌ടം!ഞാന്‍ പൂര്‍ണ്ണമായി കൊടുക്കാന്‍ മടിച്ചതാല്‍
നഷ്‌ടമായ്‌ സൗഭഗങ്ങള്‍ കൂട്ടമായ്‌ എന്നില്‍ നിന്നും.

* * * * *
മനുഷ്യ ജീവിതത്തെ മഹിതമാക്കാനായ്‌
നിനയാതിരിക്കുമ്പോള്‍ എത്തുന്നു ഗുരുഭൂതര്‍
ലിഖിതം ചെയ്‌തിടുവിന്‍ ഹൃദയെ ഇതിന്‍ സാരം
സുഖത്തെ ഏകീടുന്നു കൊടുപ്പോര്‍ക്കെന്നുമീശന്‍

(`ഗീതാഞ്‌ജലിയോട്‌' കടപ്പാട്‌)
നഷ്‌ട സൗഭഗങ്ങള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)നഷ്‌ട സൗഭഗങ്ങള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Sudhir Panikkaveetil 2013-12-14 15:40:24
ലാളിത്യത്തിന്റെ ഗാംഭീര്യം ! മഹത്തായ ആശയങ്ങൾ പലപ്പോഴും ദുഷ്കരമായ ആവിഷ്ക്കാര രീതിയിലൂടെ കവികൾ നഷ്ടപ്പെടുത്തുമ്പോൾ ശ്രീ പുത്തങ്കുരിശ് അത് സരളമായ ശൈലിയിലൂടെ പുതുമ യാർന്ന കഥാ രൂപത്തിൽ സാധിച്ചിരിക്കുന്നു. മതത്തിന്റെ പുകമറ ക്കുള്ളിൽ അന്ധനായി കഴിയുന്ന മനുഷ്യൻ ഈശ്വരനെ മനസ്സിലാക്കിയിട്ടില്ല. അവന്റെ ഭിക്ഷാടനത്തിൽ ഈശ്വരനെ കണ്ടുമുട്ടുന്നുണ്ടെങ്കിലും അറിയുന്നില്ല.

സ്വന്തം കഴിവനുസരിച്ച് ഒരു പിടി അവിലുമായ് പോയ കുചേ ലനോട് ഭഗവൻ കൃഷ്ണൻ ചോദിച്ചു എന്താണു നീ എനിക്ക് കൊണ്ടു വന്നിട്ടുള്ളത്.  സ്നേഹത്തോടും ഭക്തിയോടും കൂടി ഒരാൾ എനിക്ക് ഒരു ഇലയോ, പുഷ്പമോ, പഴമോ, ജലമോ നല്കിയാലും ഞാൻ അത് സ്വീകരിക്കും. (ശ്രീമദ് ഭാഗവതം  10.8:14, ഗീതയിലും പറയുന്നുന്റ്റ്) എന്നിട്ടും  ലജ്ജയാൽ കുചേ ലൻ കയ്യിലുള്ള അവിൽ പൊതി  കൊടുക്കാൻ അമാന്തിച്ചു, അത് മനസ്സിലാക്കിയ ഭഗവൻ ആ പൊതി വാങ്ങി പറഞ്ഞു . ഈ കൊച്ചു പൊതി അവൽ എന്നെ സംരുപ്തനാക്കുന്നപോലെ ഈ ലോകത്തെ മുഴുവൻ തൃപ്തിപ്പെടുത്തുന്നു. 

ജീവിതത്തിൽ ഒന്നും സൗജന്യമായി ആഗ്രഹിക്കരുത് എന്ന് ഒരു പാഠവും ഈ കഥയിലുണ്ട്. അതേപോലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും അർച്ചനകൾ ഈശ്വരനു ഒന്നുപോലെ.

അഭിനന്ദനം ശ്രീ പുത്തൻകുരിശ് ! ഈ പവിത്ര മാസത്തിൽ വായനക്കാരുടെ മനസ്സിലേക്ക് ഉത്കൃഷ്ട ചിന്തകൾ കൊടുക്കുന്നത് തന്നെ ഈശ്വരനു ഇഷ്ടമുള്ള പ്രവർത്തിയാണ്.

സ്നേഹപുരസ്സരം, സുധീർ
G. Puthenkurish 2013-12-14 17:37:13
ആത്മാർത്ഥതനിറഞ്ഞ വാക്കുകളുടെ സ്നേഹപുരസ്സരമായ തലോടലുകൾ. ഒരു എഴുത്തുകാരൻ ഉദ്ദേശ്യക്കുന്നതിലുമുപരി വായനക്കാരൻ മനസിലാക്കുകയും ചെയ്യുമ്പോൾ അത് ഒരു പുണ്യമായി മാത്രമേ കരുതാനാവുകയുള്ള് . ശ്രി .സുധീർ പണിക്കവീട്ടിലിന്റെ നല്ല വാക്കുകൾക്ക് നന്ദി '
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക