Image

പ്രതാപത്തെക്കാള്‍ വലുത്‌ പ്രഭാവം: ഡി. ബാബുപോള്‍

Published on 18 December, 2013
പ്രതാപത്തെക്കാള്‍ വലുത്‌ പ്രഭാവം: ഡി. ബാബുപോള്‍
കേരളത്തിന്‍െറ സൗന്ദര്യവും മഹത്ത്വവും പ്രകീര്‍ത്തിക്കുന്ന കവിതകള്‍ നമ്മുടെ മാതൃഭാഷയില്‍ ഏറെയുണ്ട്‌. എന്നാല്‍, അമൃതരസത്തെക്കാള്‍ ആസ്വാദ്യമാണ്‌ കേരളത്തിലെ ജലം എന്ന്‌ സൂചിപ്പിക്കുന്ന ഒരു ശ്‌ളോകം സംസ്‌കൃതത്തിലാണ്‌ കണ്ടിട്ടുള്ളത്‌.`സുധാരസസ്യാസ്യ' എന്ന്‌ തുടങ്ങുന്ന ആ വരികളില്‍ നാം ഇങ്ങനെ വായിക്കുന്നു: `അമൃതം ഭുജിക്കുന്ന ദേവന്മാരേ, നിങ്ങള്‍ അമൃതരസത്തിന്‍െറയും ഈ മണ്ണിലെ വെള്ളത്തിന്‍െറയും രുചി താരതമ്യം ചെയ്‌ത്‌ ഏതിനാണ്‌ മേന്മ കൂടുന്നത്‌ എന്ന്‌ പരിശോധിച്ചറിയുവിന്‍' എന്ന്‌ വെല്ലുവിളിച്ചുകൊണ്ട്‌ കേരളം സ്വന്തം വെള്ളം തേങ്ങയില്‍ നിറച്ച്‌ ഉയര്‍ത്തിപ്പിടിച്ച്‌ ദേവന്മാര്‍ക്ക്‌ കൊടുക്കുകയാണോ എന്ന്‌ തോന്നിപ്പോകും.

വാല്‌മീകിരാമായണത്തില്‍ സീതാന്വേഷണത്തിന്‌ സുഗ്രീവന്‍ നിര്‍ദേശിക്കുന്ന ഇടങ്ങളില്‍ കേരളത്തിന്‍െറ പേര്‌ കാണാം. സഹദേവന്‍ രാജസൂയത്തിന്‍െറ ഭാഗമായി കേരളം കീഴടക്കിയതായി മഹാഭാരതം പറയുന്നു. ഭാരതയുദ്ധത്തില്‍ കേരള ഭടന്മാര്‍ പാണ്ഡവപക്ഷത്ത്‌ യുദ്ധം ചെയ്‌തതായി വായിക്കുന്ന കാര്യം വടക്കുംകൂര്‍ എടുത്തുപറയുന്നുണ്ട്‌. രഘുവിന്‍െറ ദ്വിഗ്വിജയയാത്രയില്‍ കേരളസ്‌ത്രീകളുടെ പലായനത്തെക്കുറിച്ച്‌ കാളിദാസനും പലായനമായിരുന്നെങ്കില്‍ അളകങ്ങളില്‍ പൊടി ഉണ്ടാകുന്നതെങ്ങനെ, ഇതികര്‍ത്തവ്യതാമൂഢരും ചകിതരും ആയിരുന്നു എന്ന്‌ വ്യാഖ്യാനിച്ചാല്‍ പോരേ എന്ന്‌ മറ്റൊരു പക്ഷവും ഉണ്ട്‌ കേരളീയ സ്‌ത്രീകളുടെ കുചഭരശ്യാമഭാവത്തെക്കുറിച്ച്‌ ശംഭുമഹാകവിയും കടലുണ്ടിപ്പുഴക്കും കുമാരനല്ലൂര്‍ പുഴക്കും ഇടക്കുള്ള നാടിന്‍െറ സര്‍വോല്‍കൃഷ്ടതയെക്കുറിച്ച്‌ ഉദ്ദണ്ഡശാസ്‌ത്രികളും വര്‍ണിച്ചുപറയുന്നുണ്ട്‌.

കേരളം സംസ്‌കൃതത്തിന്‌ നല്‍കിയ സംഭാവനകളം അഭിമാനം പകരുന്നു. കാവ്യം, നാടകം, അലങ്കാരം, വൃത്തം, മീമാംസ, തന്ത്രം, ശില്‍പം, വൈദ്യം, ജ്യോതിശാസ്‌ത്രം, ഗണിതം, സംഗീതം തുടങ്ങി അനേകം മേഖലകളില്‍ അത്‌ പരന്നുകിടക്കുന്നു. വരരുചി, വാസുദേവഭട്ടതിരി, തോലന്‍, ശങ്കരാചാര്യന്‍, ശക്തിഭദ്രന്‍, ജ്യോതിശാസ്‌ത്രജ്ഞനും പാഴൂര്‍പടിപ്പുരയുടെ പ്രശസ്‌തിക്ക്‌ വഴി തുറന്ന മഹാനുമായ തലക്കുളത്തൂര്‍ ഭട്ടതിരി, നീലകണ്‌ഠന്‍, മാധവന്‍ ഇങ്ങനെ അനന്തമായി നീളുന്നു ഈ മേഖലകളിലൊക്കെ വ്യാപരിച്ച മഹത്തുക്കളുടെ പട്ടിക. ഐ.സി. ചാക്കോ, എന്‍. ഗോപാലപ്പിള്ള, ഡോ. പി.കെ. നാരായണപ്പിള്ള, മഹാകവി പി.സി. ദേവസ്യ, ഡോ. എന്‍.പി.ഉണ്ണി, ആര്‍. രാമചന്ദ്രന്‍നായര്‍ (ഐ.എ.എസ്‌) എന്നിങ്ങനെ ഡോ. കെ.ജി. പൗലോസില്‍ എത്തിനില്‍ക്കുന്നു ആ പരമ്പര. അക്കൂട്ടത്തില്‍ എത്രയും സവിശേഷമായ ഒരു സ്ഥാനത്തിന്‌ അര്‍ഹനാണ്‌ കൊച്ചിയിലെ അവസാനത്തെ രാജാവ്‌ പരീക്ഷിത്ത്‌ തമ്പുരാന്‍.

അമ്മയുടെ പ്രസവക്‌ളേശം ശിശുവിന്‍െറ മൃത്യുവോളം എത്തുമോ എന്ന ശങ്ക ഉണ്ടായതാണ്‌. ചെറിയമഠത്തിലെ വലിയ നാരായണന്‍ നമ്പൂതിരി (അടുത്ത കാലത്ത്‌ അന്തരിച്ച മഹാന്‍െറ ഒരു മുന്‍ഗാമി; പിതാമഹനാവാം, പ്രപിതാമഹന്‍ ആയിക്കൂടെന്നുമില്ല) ആണ്‌ സുഖപ്രസവം സാധ്യമാക്കിയത്‌. മരിച്ചു എന്ന്‌ വിചാരിച്ച ശിശുവാണല്‌ളോ ജനിച്ചത്‌. അതുകൊണ്ട്‌ മാതുലനായ മഹാരാജാവ്‌ പരീക്ഷിത്ത്‌ എന്ന പേര്‌ നിര്‍ദേശിക്കുകയായിരുന്നു. ഉത്തര പ്രസവിച്ച ചാപ്പിള്ളയെ ശ്രീകൃഷ്‌ണന്‍ ജീവിപ്പിച്ചെടുത്ത കഥ ഓര്‍മിക്കുമ്പോള്‍ തക്ഷകനാണോ വി.പി. മേനോന്‍െറ രൂപത്തില്‍ 1949ല്‍ കൊച്ചിമഹാരാജ്യത്തിന്‌ അന്ത്യം കുറിച്ചത്‌ എന്ന ആലോചനാമൃതമായ ആശയവും മനസ്സില്‍ ഉയരാതിരിക്കുന്നില്ല.
പരീക്ഷിത്ത്‌ തമ്പുരാന്‌ രാജ്യഭാരം മാത്രം ആണ്‌ നഷ്ടപ്പെട്ടത്‌. കേരളത്തിലെ സാംസ്‌കാരിക സാമ്രാജ്യത്തില്‍ ആ നേതൃത്വം അവസാനം വരെ തുടര്‍ന്നു. സംസ്‌കൃതത്തെയും മലയാളത്തെയും തമ്പുരാന്‍ ഒരുപോലെ സ്‌നേഹിച്ചിരുന്നു.

തമ്പുരാന്‍െറ കൃതികളില്‍ ഏറ്റവും പ്രശസ്‌തം `പ്രബന്ധത്രയം' ആണ്‌ എന്ന്‌ കരുതപ്പെടുന്നു. സുകന്യാചരിതം, അംബരീഷചരിതം, രാധാമാധവം എന്നിവയാണ്‌ കൃതികള്‍. ഇവയില്‍ രാധാമാധവം തമ്പുരാന്‍െറ സൃഷ്ടികളില്‍ പ്രഥമഗണനീയമാണ്‌ എന്ന്‌ വടക്കുംകൂര്‍ പറഞ്ഞിരിക്കുന്നു. അതിന്‌ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്ന കാരണങ്ങള്‍ സംസ്‌കൃതത്തില്‍ വലിയ അറിവില്ലാത്ത നാം സാധാരണക്കാര്‍ ശ്രദ്ധിക്കണമെന്നില്ല. അറിവുള്ളവര്‍ പറയുന്നു, നാം അംഗീകരിക്കുന്നു; അതു മതി.

പരീക്ഷിത്ത്‌ തമ്പുരാനെക്കുറിച്ച്‌ പറയാനുള്ള ഒരു പ്രധാനസംഗതി സ്‌ത്രീകള്‍ക്ക്‌ അദ്ദേഹം കല്‍പിച്ച തുല്യതയാണ്‌. പത്തറുപത്‌ കൊല്ലം മുമ്പ്‌ അമ്പാടി മീനാക്ഷിയമ്മക്ക്‌ `സാഹിത്യനിപുണ' എന്ന ബഹുമതി നല്‍കിയത്‌ അത്ര വലിയ കാര്യമല്ല എന്ന്‌ ഇന്ന്‌ തോന്നിയേക്കാമെങ്കിലും അന്ന്‌ അത്‌ ഒരു വലിയ കാര്യം തന്നെ ആയിരുന്നു. സ്‌ത്രീകള്‍ അതിനു മുമ്പ്‌ എഴുതിയിട്ടില്‌ളെന്നല്ല. വാസുദേവഭട്ടതിരിയുടെ കാലത്തുതന്നെ ഒരു വാരസ്യാരെ കുറിച്ച്‌ നാം വായിക്കുന്നുണ്ട്‌. എന്നാല്‍, ഭട്ടതിരി ഭുജിച്ച കദളിപ്പഴത്തിന്‍െറ തൊലി ഭുജിച്ചതിനാലാണ്‌ വാരസ്യാര്‍ക്ക്‌ `പാണ്ഡവചരിതം' എഴുതാനായത്‌ എന്ന പുരുഷാധിപത്യചിന്തയുടെ അകമ്പടിയോടെയാണ്‌ ആ അറിവ്‌ തലമുറകളിലൂടെ പകര്‍ന്നുവരുന്നത്‌. ബാലാമണിയമ്മയെയും ലളിതാംബിക അന്തര്‍ജനത്തെയും കേരളസമൂഹം ഉള്ളഴിഞ്ഞ്‌ ആദരിക്കാന്‍ തുടങ്ങിയത്‌ അവരുടെ രചനാവൈഭവം തെളിയിക്കപ്പെട്ടതിനുശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടാണല്‌ളോ. അങ്ങനെ ചിന്തിക്കുമ്പോഴാണ്‌ പരീക്ഷിത്ത്‌ തമ്പുരാന്‍െറ പുരോഗമനചിന്ത തെളിഞ്ഞുവരുന്നത്‌.

തമ്പുരാനെക്കുറിച്ച്‌ എടുത്തുപറയാന്‍ തോന്നുന്ന മറ്റൊരു സംഗതി പഴയ സംസ്‌കൃതഗ്രന്ഥങ്ങള്‍ തിരഞ്ഞുപിടിച്ച്‌ അച്ചടിപ്പിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ താല്‍പര്യമാണ്‌. നമ്മുടെ സര്‍വകലാശാലകള്‍ പോലും വേണ്ടത്ര കൗതുകം പ്രകടിപ്പിക്കാത്ത ഒരു മേഖലയിലാണ്‌ ചെങ്കോല്‍ നഷ്ടപ്പെട്ട ഈ രാജാവ്‌ അദ്വിതീയകൗതുകം പ്രകടിപ്പിച്ചത്‌ എന്ന്‌ നാം ഓര്‍ക്കണം.

തൃപ്പൂണിത്തുറയിലെ ശാസ്‌ത്രസദസ്സ്‌ നടത്തിയിരുന്ന വിധവും ആ മഹാന്‍െറ സ്വഭാവവൈശിഷ്ട്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. തമ്പുരാന്‍ ആ സദസ്സുകളില്‍ ആദ്യന്തം പങ്കെടുക്കുമായിരുന്നു. സാന്നിധ്യം മാത്രമല്ല, സംവാദങ്ങളിലും ഉള്‍പ്പെടും. എന്നാല്‍ താന്‍ മഹാരാജാവാണ്‌ എന്ന ഭാവം ഒരിക്കലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. പണ്ഡിതന്മാര്‍ തര്‍ക്കിക്കും. പലപ്പോഴും ശബ്ദം ഏറെ ഉയരും. മറ്റൊരു പണ്ഡിതനെ തീരെ ബഹുമാനിക്കാതിരിക്കുന്നതാണല്‌ളോ പല പണ്ഡിതരെയും നിര്‍വചിക്കുന്നത്‌ എക്കാലത്തും. `പലായധ്വം പലായധ്വം രേ! രേ! ദുഷ്‌കവികുഞ്‌ജരാ, വേദാന്തവനസഞ്ചാരി ആയാത്യുദ്ദണ്ഡകേസരി' എന്നത്‌ ഉദ്ദണ്ഡശാസ്‌ത്രികളുടെ മാത്രം മനസ്സായിരുന്നില്ല. തുളുമ്പാത്ത നിറകുടമായിരുന്ന പരീക്ഷിത്ത്‌ തമ്പുരാന്‍ വാദപ്രതിവാദങ്ങളൊക്കെ അക്ഷോഭ്യനായി കേട്ട്‌ അത്യാവശ്യമെങ്കില്‍ മാത്രം സ്വാഭിപ്രായം വെളിപ്പെടുത്തി ചര്‍ച്ചകള്‍ക്ക്‌ ഉപസംഹാരം കുറിക്കുകയായിരുന്നുവത്രെ ചെയ്‌തുവന്നത്‌.

സദസ്സില്‍ മാത്രം അല്ല, സ്വകാര്യസംഭാഷണങ്ങളിലും `അനുദ്വേഗകരം വാക്യം, സത്യം പ്രിയഹിതം' എന്ന പ്രമാണം തമ്പുരാന്‍ പാലിച്ചിരുന്നതായി നേരിട്ടറിവുള്ളവര്‍ പറഞ്ഞറിയാം നമുക്ക്‌. ജപ്പാന്‍കാരുടെ തര്‍ക്കം പോലെയായിരുന്നു തമ്പുരാന്‍െറ രീതി. `ഓഹോ, അങ്ങനെയാണല്‌ളേ? ശരി, ശരി. എങ്കിലും ഒരു ചെറിയ സംശയം തോന്നാതിരിക്കുന്നില്ല. അനുവദിച്ചാല്‍ പറയാം' എന്ന മട്ട്‌.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ തലമുറക്ക്‌ ഒരുപാട്‌ പാഠങ്ങള്‍ ബാക്കിയാക്കി കാലയവനിക കടന്നുപോയ മഹാത്മാവാണ്‌ പരീക്ഷിത്ത്‌ തമ്പുരാന്‍: അറിവിനോടുള്ള ആദരവ്‌, അധികാരത്തോടുള്ള നിസ്സംഗത, പൈതൃകത്തോടുള്ള പ്രതിപത്തി, കാലത്തിനു മുമ്പേ പറക്കുന്ന മനസ്സ്‌, സ്‌ത്രീകളോടുള്ള മനോഭാവം, താന്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്രസദസ്സുകളുടെ അവിഘ്‌നപുരോഗതി ഉറപ്പിക്കാന്‍ പോന്ന വിവേകപൂര്‍ണമായ ആത്മനിയന്ത്രണം, ജന്മസിദ്ധമായ വാസനകളെ സാധന ചെയ്‌ത്‌ ഉജ്ജ്വലതരമാക്കാന്‍ പോന്ന അധ്വാനശീലം എന്ന്‌ തുടങ്ങി ഓരോന്നിനെയും ഉദാഹരിക്കാന്‍ ഓരോ പ്രബന്ധം രചിക്കാവുന്നത്ര ഗുണഗണങ്ങള്‍ തികഞ്ഞ യുഗപ്രഭാവന്‍.

(തൃപ്പൂണിത്തുറയില്‍ പരീക്ഷിത്ത്‌ ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു നിര്‍വഹിച്ച പ്രഭാഷണത്തിന്‍െറ സംക്ഷിപ്‌തരൂപം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക