Image

ദേവയാനി പ്രശ്‌നം: ജോലിക്കാരിയുടെ ഭര്‍ത്താവിനെയും കുട്ടിയേയും നേരത്തെ യു.എസില്‍ എത്തിച്ചു

EXCLUSIVE Published on 19 December, 2013
ദേവയാനി പ്രശ്‌നം: ജോലിക്കാരിയുടെ ഭര്‍ത്താവിനെയും കുട്ടിയേയും നേരത്തെ യു.എസില്‍ എത്തിച്ചു
പരിഹരിക്കാമായിരുന്ന ഒരു കാര്യം വഷളാക്കിയതിന്റെ ഉത്തമോദാഹരണമാണു ഡോ. ദേവയാനിയുടെ അറസ്റ്റില്‍ കലാശിച്ചതെന്നു പലരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ ഗവന്മെന്റോ ഉദ്യോഗസ്ഥരൊ ഇക്കാര്യം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എന്നു മാത്രമല്ല, ഇന്ത്യന്‍ കോടതികളുപയോഗിച്ച് ഒരു വീട്ടു വേലക്കാരിയെ ഭീഷണിപ്പെടുത്താനാണു ശ്രമം നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ കാര്യം രണ്ടു മാസം മുന്‍പു തന്നെ ഇന്ത്യന്‍ എംബസിയെ ആറിയിച്ചിരുന്നതായി അസിസ്റ്റന്റ് സ്‌ടേറ്റ് സെക്രട്ടറി, ഇന്ത്യാക്കാരിയായ നിഷ ദേശായി ബിസ്വാള്‍ തന്നെ വ്യക്തമാക്കി. പക്ഷേ എംബസിയൊ ഇന്ത്യാ ഗവണ്മെണ്ടോ അനങ്ങിയില്ല. ഡോ. ദേവയാനിയെ തിരിച്ചു വിളിക്കുകയോ നിയമ പരമായ മുന്‍ കരുതലെടുക്കുകയോ ചെയ്യാമായിരുന്നു. അതുണ്ടായില്ല.

ഡോ. ദേവയാനിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്താവും കുട്ടിയും അമേരിക്കയിലെത്തിയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പോള്‍ എല്ലാം ആസൂ{തിതമായിരുന്നു എന്നു വ്യക്തം.

ഇതിനിടെ യു.എസ്. അറ്റോര്‍ണി ഇന്ത്യാക്കാരനായ് പ്രീത് ഭരാരക്കു നേരെയും വിമര്‍ശനം ഉയറ്ന്നു. ഭരാര, ഇന്ത്യാക്കാരെ മാത്രമാണു ഉന്നം വയ്ക്കുന്നതെന്നും വന്‍പന്മാര്‍ രക്ഷപ്പെടുകയാണെന്നുമാണു ആരോപണം.

അറസ്റ്റ് ചെയ്ത രീതിയും വിവസ്ത്രയാക്കി പരിശോധിച്ചതും (ഇക്കാര്യം യു.എസ്. മാര്‍ഷല്‍ സര്‍വീസ് സമ്മതിച്ചു) പരക്കെ അപലപിക്കപ്പെടുമ്പോള്‍ തന്നെ അത് 'സ്റ്റാന്‍ഡാര്‍ഡ് പ്രൊസിഡ്യുവര്‍' മത്രമാണെന്നാണു അമേരിക്കന്‍ നിലപാട്. മാര്‍ഷല്‍ സര്‍വീസും അതു തന്നെ പറയുന്നു. ഒരു കുറ്റവാളി (അത് ആരായിരുന്നാലും) അറസ്റ്റ് ചെയ്യുമ്പോള്‍ കൈ പുറകിലേക്കു വച്ച് കൈയ്യാമം വയ്ക്കണം. അതു പോലെ ലോക്കപ്പിലിടും മുന്‍പ് ദേഹ പരിശോധന നടത്തി ആയുധമോ മയക്കു മരുന്നോ ഒക്കെ ഉണ്ടോ എന്നു നോക്കണം. ഇതാണു പതിവു നടപടിക്രമം. ഇതാണു ചെയ്തതെന്നാണു അവരുടെ വാദം.
അമേരിക്കയില്‍ നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നതിനു തെളിവായി ഒരു വിഭാഗം ഇതിനെ ചിത്രീകരിക്കുന്നു.
എന്നാല്‍ ഇത് ഇന്ത്യയെതന്നെ അപമാനിക്കുന്നതാണെന്നു എതിര്‍ വിഭാഗവും പറയുന്നു

കഴിഞ്ഞവര്‍ഷം നവംബര്‍ 23-നാണ് സംഗീതാ റിച്ചാര്‍ഡ്‌സ്, ഡോ. ദേവയാനിയുടെ വേലക്കാരിയായി എത്തുന്നത്. അതിനു മുമ്പ് ഏതാനും ദിവസം ഇന്ത്യയില്‍ വെച്ച് ദേവയാനിയുടെ വീട്ടില്‍ അവര്‍ ജോലി ചെയ്തു. അവരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നു കണ്ടാണ് വിസയ്ക്ക് (എ.3) അപേക്ഷിക്കുന്നത്. അതില്‍ പ്രതിമാസം 4500 ഡോളര്‍ കൊടുക്കാമെന്ന് എഴുതി. ഉന്നത ഐ.എഫ്.എസ് ഓഫീസറായ ഡോ. ദേവയാനി തന്നെ എഴുതിയതോ, അതോ ഓഫീസിലെ ക്ലാര്‍ക്കുമാര്‍ എഴുതിയതോ എന്നതു വ്യക്തമല്ല.

എന്തായാലും അമേരിക്കയിലെത്തിയ സംഗീത നാലുമാസം കഴിഞ്ഞപ്പോള്‍ അവധി ദിനങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഡോ. ദേവയാനി നല്‍കിയ പരാതിയില്‍ പറയുന്നത്. പക്ഷെ അത് നിയമപരമല്ലെന്നവരെ പറഞ്ഞു മനസിലാക്കി.

ജൂണ്‍ 23-ന് ഗ്രോസറി വാങ്ങാന്‍ പോയ സംഗീത പിന്നെ തിരിച്ചുവന്നില്ല. പിന്നീട് ജൂലൈ എട്ടിന് മന്‍ഹാട്ടനിലെ ഇമിഗ്രേഷന്‍ അറ്റോര്‍ണി ഓഫീസില്‍ അവരെത്തി. പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന അവരെ ആരോ അവിടെ എത്തിക്കുകയായിരുന്നുവെന്നാണ് അറ്റോര്‍ണി ഓഫീസില്‍ ആ സമയത്തുണ്ടായിരുന്ന മലയാളി പറഞ്ഞത്.

വിവരമറിഞ്ഞ് ഡോ. ദേവയാനിയും കോണ്‍സുലേറ്റില്‍ നിന്ന് മറ്റ് മൂന്നുപേരും കൂടി എത്തിയതായി പ്രസ്തുത മലയാളി പറഞ്ഞു. ശമ്പള ഇനത്തില്‍ 10,000 ഡോളറും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആണ് സംഗീത ആവശ്യപ്പെട്ടത്. പക്ഷെ ഇതേ സമയത്തുതന്നെ അവരുടെ ഭര്‍ത്താവിനേയും കുട്ടിയേയും ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ഒരു താക്കീതെന്ന നിലയിലായിരുന്നു അത്. അവരുമായി ജോലിക്കാരി സംസാരിക്കുകയും ചെയ്തു. അതോടെ അവര്‍ പേടിച്ചു.

ഡോ. ദേവയാനിയുടെ പിതാവും അടുത്തയിടെ മാത്രം റിട്ടയര്‍ ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ തിരിച്ചു നാട്ടില്‍ ചെന്നാലും താന്‍ വിഷമത്തിലാകുമെന്നു ജോലിക്കാരി പേടിച്ചു. അതോടെ അവര്‍ പുറത്തിറങ്ങാന്‍ വിസമ്മതിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പുറത്തു കാവലും നിന്നു. ഒടുവില്‍ അഞ്ചരയോടെ പോലീസിനെ വിളിച്ചു. ബന്ധുക്കളുടെ സുരക്ഷയോര്‍ത്ത് അറ്റോര്‍ണിമാര്‍ നിശബ്ദത പാലിച്ചു.

അതേ ദിവസം തന്നെ ജോലിക്കാരിയുടെ ഔദ്യോഗിക പാസ്‌പോര്‍ട്ട് ഇന്ത്യാ ഗവണ്‍മെന്റ് റദ്ദാക്കി. അതോടെ ജോലിക്കാരി അമേരിക്കയില്‍ ഇല്ലീഗലായി. തുടര്‍ന്ന് അവരെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോടാവശ്യപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതി, ജോലിക്കാരിയോട് ഡോ. ദേവയാനിക്കെതിരേ കേസ് കൊടുക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.

ഡല്‍ഹി മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് അവര്‍ക്കെതിരേ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചതായി എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. വഞ്ചന, പണം തട്ടല്‍, ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ് വാറന്റ്. സംഗീത ഇന്ത്യയില്‍ കാല്‍ കുത്തിയാല്‍ അറസ്റ്റിലാകും.

ഇത്രയുമൊക്കെ പരാക്രമം കാട്ടിയാല്‍ ഒരു സാധാരണ സ്ത്രീ എങ്ങനെ നാട്ടിലേക്ക് മടങ്ങും? ഇന്ത്യാ ഗവണ്‍മെന്റും കോടതികളും അവരുടെ ഭാഗം കേള്‍ക്കാതെ ഉത്തരവിടുകയായിരുന്നില്ലേ?

അമേരിക്കയിലെത്തി 6 മാസത്തിനകം ജോലിക്കാരി പിണങ്ങിപ്പോയതിലും സന്ദേഹമുണ്ട്.
ആറു മാസം കൊണ്ട് ന്യു യോര്‍ക്കിലെ വഴികള്‍ പോലുംപഠിച്ചു എന്ന് വരില്ല. അപ്പോള്‍ പിന്നെ വിസ കിട്ടാന്‍ വേണ്ടി ചാടിയതാകാം എന്ന സാധ്യത കുറയുന്നു. അപ്പോള്‍ പിനെ ചാടിപ്പോകാന്‍ കാരണമെന്ത് എന്നതും അന്വേഷിക്കേണ്ട കാര്യമാണു. അവര്‍ക്കു പറഞ്ഞുറപ്പിച്ച ശമ്പളം പോലും കൊടുത്തില്ല എന്നതും ഓര്‍ക്കണം.
ഒന്നുമില്ലെങ്കില്‍ അവര്‍ക്ക് അമേരിക്കന്‍ നിയമങ്ങളില്‍ നല്ല ധാരണയുണ്ട്. അല്ലെങ്കില്‍ ജോലിസ്ഥലത്ത് മോശപ്പെട്ട പെരുമാറ്റമായിരിക്കാം ലഭിച്ചത്. എന്താണ് സത്യമെന്നത് വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക