Image

കുവൈറ്റില്‍ സെപ്‌തംബര്‍ ഒന്നിനു മുമ്പ്‌ വിസിറ്റ്‌ വിസയിലെത്തിയവര്‍ക്ക്‌ തൊഴില്‍ വിസയിലേക്ക്‌ മാറാം

Published on 29 October, 2011
കുവൈറ്റില്‍ സെപ്‌തംബര്‍ ഒന്നിനു മുമ്പ്‌ വിസിറ്റ്‌ വിസയിലെത്തിയവര്‍ക്ക്‌ തൊഴില്‍ വിസയിലേക്ക്‌ മാറാം
കുവൈറ്റ്‌: സെപ്‌തംബര്‍ ഒന്നിനു മുമ്പ്‌ വിസിറ്റ്‌ വിസയിലെത്തിയവര്‍ക്കെല്ലാം തൊഴില്‍ വിസയിലേക്ക്‌ മാറാമെന്ന്‌ സാമൂഹിക, തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മന്ത്രി ഡോ. മുഹമ്മദ്‌ അഫാസിയാണ്‌ ഇക്കാര്യമറിയിച്ചത്‌. സെപ്‌തംബര്‍ ഒന്നിനുശേഷം വിസിറ്റ്‌ വിസ തൊഴില്‍ വിസയിലേക്ക്‌ മാറുന്നതിന്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനുമുമ്പ്‌ വിസിറ്റ്‌ വിസയിലെത്തിയവരോട്‌ മാനുഷിക പരിഗണന കാണിക്കുന്നതിന്‍െറ ഭാഗമായാണ്‌ ഈ ഇളവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ്‌ തൊഴില്‍ മന്ത്രാലയം വിസ ട്രാന്‍സ്‌ഫറിന്‌ വിലക്കേര്‍പ്പെടുത്തിയത്‌. വൈദഗ്‌ധ്യമില്ലാത്ത തൊഴിലാളികള്‍ വിസിറ്റ്‌ വിസയിലെത്തി തൊഴില്‍ വിസയിലേക്ക്‌ മാറുന്നതോടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുന്നുവെന്ന ആക്ഷേപവും തീരുമാനത്തിന്‌ കാണമായി. വിലക്ക്‌ നിലവില്‍ വന്നശേഷം വിസിറ്റ്‌ വിസയിലെത്തി തൊഴില്‍ വിസയിലേക്ക്‌ മാറാനാവാതെ ഒന്നര മാസത്തിനകം വിവിധ രാജ്യക്കാരായ 18,000 പേര്‍ രാജ്യംവിട്ടതായി തൊഴില്‍ മന്ത്രാലയം പറയുന്നു. ഈ വര്‍ഷാവസാനമാവുമ്പോഴേക്കും ഇത്‌ 25,000 എത്തുമെന്നാണ്‌ മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍.

അതിനിടെ, രണ്ടു വര്‍ഷമായി രാജ്യത്ത്‌ നിലവിലുള്ള വിസ നിയന്ത്രണം അടുത്ത വര്‍ഷം ആദ്യത്തോടെ നീക്കിയേക്കുമെന്ന്‌ തൊഴില്‍ മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ തൊഴില്‍ മന്ത്രാലയം തയാറാക്കിയ നിര്‍ദേശം ഉടന്‍ മന്ത്രിക്ക്‌ കൈമാറുമെന്ന്‌ അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിസ നിയന്ത്രണത്തെ തുടര്‍ന്നാണ്‌ വിദേശികള്‍ സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസയിലേക്ക്‌ മാറുന്ന പ്രവണത വ്യാപകമായത്‌. ഇതുകൊണ്ടാണ്‌ വിസ ട്രാന്‍സ്‌ഫറിന്‌ കഴിഞ്ഞമാസം മുതല്‍ വിലക്കേര്‍പ്പെടുത്തിയതും. എന്നാല്‍, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി 37 രാജ്യങ്ങള്‍ക്ക്‌ ഈ വിലക്കില്‍നിന്ന്‌ ഇളവ്‌ അനുവദിച്ച്‌ കഴിഞ്ഞദിവസം തൊഴില്‍ മന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇവര്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ തന്നെ വിസ മാറാം.

അതോടൊപ്പം മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ സര്‍വകലാശാല ബിരുദമോ ഡിപ്‌ളോമയോ ഉള്ളവരാണെങ്കില്‍ അവര്‍ക്കും വിസ ട്രാന്‍സ്‌ഫറിന്‌ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അല്‍ ദൂസരി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക