Image

വലതുകാല്‍ 'വച്ചു' വരുന്നു, ഫഹദിന്റെ അനുജന്‍

Published on 21 December, 2013
വലതുകാല്‍ 'വച്ചു' വരുന്നു, ഫഹദിന്റെ അനുജന്‍

മലയാളികളുടെ ഇഷ്ടങ്ങളില്‍ ഇടം നേടാന്‍ ഫാസില്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം കൂടി വെളളിവെളിച്ചത്തിലേക്ക് ഇറങ്ങുന്നു. ഫഹദ് ഫാസിലിനു പിന്നാലെ അനുജന്‍ വച്ചു ഫാസില്‍ ആണ് അഭിനയത്തിന്റെ പുതിയ തിരയിളക്കങ്ങള്‍ സമ്മാനിക്കാനെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വച്ചു അഭിനയത്തില്‍ വലതുകാല്‍ വയ്ക്കുന്നത്. 

വച്ചു ഇപ്പോള്‍ എറണാകുളത്താണ്, രാജീവിന്റെ ഡിസ്‌കഷന്‍ ക്യാംപില്‍. സംവിധാനം രാജീവ് രവി ആണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. വച്ചു ഈ സിനിമ കമ്മിറ്റ് ചെയ്‌തേക്കും... മകന്റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് ബാപ്പ ഫാസിലിന് ആശങ്കകളില്ല. സുഹൃത്തും സമകാലീനനുമായ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഷാനു (ഫഹദ്) നായകനായതിലുളള സന്തോഷവും സംവിധായകന്‍ ഫാസില്‍ മനോരമ ഓണ്‍ലൈനിനോടു പങ്കുവച്ചു. സത്യന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുടെ പ്രിവ്യൂ ഷോ കുടുംബസമേതം കണ്ടു, നന്നായിരിക്കുന്നു. ഇനി പ്രേക്ഷകര്‍ പറയട്ടെയെന്ന് ഫാസില്‍.

ഛായാഗ്രഹകന്‍ കൂടിയായ രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം അന്നയും റസൂലും ഫഹദിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ്. അതേ സംവിധാന മികവില്‍ വച്ചു അഭിനയിച്ചു തുടങ്ങുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. കോയമ്പത്തൂരില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പാസായ വച്ചു പിന്നീട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലുളള ആക്ടര്‍ പ്രിപ്പയേഴ്‌സ് എന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അഭിനയത്തില്‍ മൂന്നു മാസത്തെ കോഴ്‌സ് പാസായിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയ നാള്‍ മുതല്‍ പുതിയ നടനെ തേടി സിനിമാക്കാര്‍ പലരും വീട്ടിലെത്തിയെങ്കിലും പിടികൊടുക്കാതെ നടക്കുകയായിരുന്നു വച്ചു. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന റോളില്‍ തുടങ്ങി വയ്ക്കണമെന്ന് തീരുമാനമാണ് വച്ചുവിന്റെ വരവ് അല്പം വൈകിച്ചത്. 

സിനിമയിലേക്കു വരുമ്പോള്‍ അനുപം ഖേറിന്റെ അഭിയക്കളരിയിലെ സിലബസ് മാത്രമല്ല വച്ചുവിന്റെ കൈമുതല്‍, ബാപ്പ ഫാസില്‍ കൈപിടിച്ചു നടത്തിയ അഭിനയത്തിന്റെ 'ബാല'പാഠങ്ങള്‍ കൂടി പുത്തന്‍ നായകന്റെ ആവനാഴിയിലുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കാക്കേ പൂച്ചേ... എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ചിരിത്രവുമുണ്ട് വച്ചുവിന്. രണ്ടര വയസുളളപ്പോഴാണ് വച്ചുവിന്റെ ആദ്യ അഭിനയം.ചേച്ചിമാരായ അമ്മു, കുക്കു, ഫഹദ് എന്നിവര്‍ക്കൊപ്പമായിരുന്നു അന്ന് വച്ചുവിന്റെ കുഞ്ഞ് അഭിനയം. പിന്നീട് ബാപ്പയുടെ ഹിറ്റ് ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പിലാണ് അഭിനയത്തില്‍ വീണ്ടുമൊരു തലവെട്ടം കാട്ടിയത്. ഇപ്പോള്‍ രാജീവിനൊപ്പം രാജീകമായ ഒരു വരവിന്റെ ആഹ്ലാദത്തിലാണ് വച്ചു.

അന്നയും റസൂലിനും ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. ചിത്രം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

വലതുകാല്‍ 'വച്ചു' വരുന്നു, ഫഹദിന്റെ അനുജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക