Image

മിന്നാമിനുങ്ങും ഉണ്ണിയേശുവും (ക്രിസ്‌മസ്‌ കഥ: കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 23 December, 2013
മിന്നാമിനുങ്ങും ഉണ്ണിയേശുവും (ക്രിസ്‌മസ്‌ കഥ: കൊല്ലം തെല്‍മ, ടെക്‌സസ്‌)
മഞ്ഞു പെയ്യുന്ന രാവില്‍, മാലാഖമാരും ആട്ടിടയരും ഉണ്ണിയേശുവിനെ വാഴ്‌ത്തിപ്പാടി. ഉണ്ണിയേശു പിറന്ന കാലിത്തൊഴിത്തില്‍- ആഘോഷങ്ങള്‍ നടക്കുകയാണ്‌.

അങ്ങു ദൂരെ കിഴക്കുനിന്ന്‌ മൂന്ന്‌ വിദ്വാന്മാര്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൊണ്ടുവന്നു. കുന്തിരക്കവും, സ്വര്‍ണ്ണവും, മീറയും, രത്‌നങ്ങളും!

ഇതുകണ്ട്‌ ആഹ്ലാദത്തില്‍ മതിമറന്ന ഓരോ മൃഗങ്ങളും അവരുടെ കഴിവനനുസൃതമായ സമ്മാനങ്ങള്‍ ഉണ്ണിയേശുവിന്‌ കാഴ്‌ചവെച്ചു. മുയല്‍ സമ്മാനമായി ഉണ്ണിയേശുവിന്‌ ക്യാരറ്റുകള്‍ കൊണ്ടുവന്നു. അണ്ണാറക്കണ്ണന്‍ കുറച്ച്‌ നട്‌സ്‌ കാഴ്‌ചവെച്ചു. ആനകള്‍ തുമ്പിക്കൈയിലേന്തിയത്‌ പഴക്കുലകള്‍!, ജിറാഫ്‌ ഒരു കുല ആപ്പിള്‍, ചിത്രശലഭങ്ങള്‍ പൂമ്പൊടിയും!

വൗ..! അവര്‍ നിരനിരയായി ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലേക്ക്‌ ഘോഷയാത്ര ചെയ്യുന്നതു കാണാന്‍ എന്തു രസമായിരുന്നെന്നോ?

പക്ഷെ, ഒരു ചെറു പ്രാണി തേങ്ങിക്കരഞ്ഞു. ചെറു പ്രാണിക്ക്‌ പൊന്നീച്ചകളെപ്പോലെ ചിറകുകളുണ്ട്‌. വായുവിലെമ്പാടും പാറിപ്പറന്ന്‌ കളിക്കാം. ചെറുപ്രാണി തേങ്ങിക്കരയാന്‍ കാരണം, ഉണ്ണിയേശുവിന്‌ സമ്മാനിക്കാന്‍ ഒന്നും സ്വരൂപീക്കാന്‍ കഴിഞ്ഞില്ലല്ലോ. അല്ലെങ്കില്‍ തന്നെ അത്രയ്‌ക്ക്‌ വിരൂപിയായ ഈ ചെറുപ്രാണിക്ക്‌ എന്തു സമ്മാനം കൊടുക്കാന്‍ സാധിക്കും?

ഇരുട്ടില്‍ ഇളം ചിറകുവിരിച്ച്‌ പറക്കുമ്പോഴും, തന്നെ ആരും ശ്രദ്ധിക്കാറില്ലല്ലോ. താനത്രയ്‌ക്ക്‌ വിരൂപിയാണല്ലോ. പൊന്നീച്ചകള്‍ക്കുപോലും അല്‌പം സൗന്ദര്യമുണ്ട്‌. പക്ഷെ താനോ?

പെട്ടെന്ന്‌ അണ്ണാറക്കണ്ണന്റെ മേനിയിലെ വെളുത്ത വരകളെക്കുറിച്ച്‌ ഓര്‍മ്മവന്നു. ഒരു ഐതീഹ്യ കഥയാണെങ്കിലും അത്‌ ഉത്തേജനം നല്‍കുന്നവയാണല്ലോ.

അതായത്‌ `അണ്ണാറക്കണ്ണനും തന്നാലയത്‌'. അണ്ണാറക്കണ്ണന്‍ തന്നാലായത്‌ നല്‌കി സഹായിച്ചപ്പോള്‍ ഐതീഹ്യ പുരുഷന്‍ തന്റെ കൈവിരലുകള്‍കൊണ്ട്‌ അതിന്റെ മേനിയില്‍ തടവിയതുകൊണ്ടാണല്ലോ അണ്ണാറക്കണ്ണന്റെ മേനിക്ക്‌ വരകള്‍കൊണ്ട്‌ സൗന്ദര്യം കൂടിയത്‌.

ചെറുപ്രാണി തന്നാലായത്‌ ചെയ്യാന്‍ തീരുമാനിച്ചു. തന്റെ കുഞ്ഞരി കൈകളില്‍ ഒരു `നെന്മണി' (നെല്ല്‌) കൂട്ടിപ്പിടിച്ച്‌ പക്ഷിമൃഗാദികളുടെ നിരയില്‍കൂടി മന്ദം മന്ദം ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തില്‍ പ്രവേശിച്ചു.

തന്റെ ഊഴം വന്നപ്പോള്‍ ചെറുപ്രാണി ഉണ്ണിയേശുവിന്റെ മൃദുലമായ കൈകളില്‍ `നെന്മണി' സമര്‍പ്പിച്ചു. ഉണ്ണിയേശുവിന്റെ ആനന്ദം പറഞ്ഞറിയിക്ക വയ്യായിരുന്നു. ഈ എളിയ ജീവി പോലും തന്റെ ജനനം മഹത്വപ്പെടുത്താന്‍ നന്നേ പണിപ്പെട്ടിരുന്നു. `എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍' എന്ന വചനം ഇവിടെ നിറവേറുവാന്‍ പോകുന്നു.

ഉണ്ണിയേശു ആ എളിയ പ്രാണിയെ ആദരിച്ചു. ഉണ്ണിയേശു ആ `നെന്മണി' ചെറുപ്രാണിയുടെ ചെറു മേനിയില്‍ തിരുകിവെച്ചു. ആശ്ചര്യം! ആ നിമിഷം മുതല്‍ `നെന്മണി' പ്രകാശിക്കാന്‍ തുടങ്ങി. ചെറുപ്രണി നന്ദിയോടെ പാറിപ്പറന്നു.

പില്‍ക്കാലത്ത്‌ ചിലയാളുകള്‍ അതിനെ മിന്നാമിനുങ്ങ്‌ എന്നു വിളിച്ചു. ചില കുട്ടികള്‍ വിളിച്ചു `ഗ്ലോവേം', മറ്റു ചിലര്‍ വിളിച്ചു `ലൈറ്റ്‌ അപ്‌ ബഗ്‌്‌'.

എതായാലും മിന്നാമിനുങ്ങിന്‌ സന്തോഷം തന്നെ. അതിന്‌ നിധികിട്ടിയാലെന്നപോലെയാണ്‌ ആഹ്ലാദം! വിരൂപയാണെന്നു പറഞ്ഞു ഇനി ആരും കളിയാക്കില്ലല്ലോ.

കുട്ടികളെ, ഇതില്‍ നിന്ന്‌ നാം മനസിലാക്കേണ്ടതെന്താണ്‌? അത്‌ ഞാനിവിടെ പ്രത്യേകിച്ച്‌ എഴുതേണ്ടതില്ലല്ലോ.

എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും എന്റെ ക്രിസ്‌മസ്‌ ആശംസകള്‍

കൊല്ലം തെല്‍മ, ടെക്‌സസ്‌
മിന്നാമിനുങ്ങും ഉണ്ണിയേശുവും (ക്രിസ്‌മസ്‌ കഥ: കൊല്ലം തെല്‍മ, ടെക്‌സസ്‌)മിന്നാമിനുങ്ങും ഉണ്ണിയേശുവും (ക്രിസ്‌മസ്‌ കഥ: കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക