Image

മുട്ടത്തുവര്‍ക്കി റൊമാന്‍സ് നോവലുകളുടെ രാജകുമാരന്‍ :ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 26 December, 2013
മുട്ടത്തുവര്‍ക്കി റൊമാന്‍സ് നോവലുകളുടെ രാജകുമാരന്‍ :ജോസഫ് നമ്പിമഠം
(ലാനയുടെ ഒമ്പതാം ദേശീയ കണ്‍വന്‍ഷന്റെ ആദ്യദിനത്തിലെ മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി അനുസ്മരണത്തില്‍ ശ്രീ. ജോസഫ് നമ്പിമഠം ചെയ്ത പ്രഭാഷണത്തില്‍നിന്ന്)

ശ്രീ.മുട്ടത്തുവര്‍ക്കി ജനിച്ച്, ജീവിച്ച്, മരിച്ച അതേ ഗ്രാമത്തിലാണ് ഞാനും ജനിച്ചതും വളര്‍ന്നതും. അദ്ദേഹം പഠിച്ച അതേ പ്രൈമറി സ്‌ക്കൂളിലാണ് ഞാനും പഠിച്ചത്. ആ സ്‌ക്കൂളില്‍ എന്റെ പിതാവ് അദ്ധ്യാപകന്‍ ആയിരുന്നു. ശ്രീ. വര്‍ക്കി തുടര്‍ന്നു പഠിച്ച ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌ക്കൂളിലും എസ്ബി കോളേജിലുമാണ് ഞാനും തുടര്‍വിദ്യാഭ്യാസം നടത്തിയത്. ചുരുക്കി പറഞ്ഞാല്‍ മുട്ടത്തുവര്‍ക്കി എന്ന എഴുത്തുകാരനെയും, വര്‍ക്കിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ നോവലുകളിലെ ഗ്രാമീണതട്ടകവും, ആ നോവലുകളിലെ കഥാപാത്രങ്ങളും എനിക്ക് സുപരിചിതമാണ്. പ്രത്യേകിച്ചും "കരണകാണാക്കടല്‍" എന്ന നോവലിലെ കഥാപാത്രങ്ങള്‍. ആ നോവലിലെ പുറമ്പോക്കു ഭൂമിയും അതിലെ നിവാസികളും ചെത്തിപ്പഴപ്പള്ളിയുടെ ചുറ്റിനുമുള്ള പുറമ്പോക്കില്‍ ജീവിച്ചിരുന്ന യഥാര്‍ത്ഥ മനുഷ്യര്‍ തന്നെയാണ്.

കരകാണാക്കടലിലെ ഒരു കഥാപാത്രമായ പണ്ടാരത്തിപാറു, എന്റെ ചെറുകഥയായ പണ്ടാരത്തിയിലെയും നായികയാണ്. മുട്ടത്തുവര്‍ക്കി സ്മരണികക്കുവേണ്ടി മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും എന്ന ലേഖനം തയ്യാറാക്കുന്നതിന് കരകാണാക്കടല്‍ വായിച്ചപ്പോഴാണ് ശ്രീ.വര്‍ക്കി എനിക്കുമുമ്പുതന്നെ അവരെ കഥാപാത്രമാക്കിയിരുന്നു എന്ന് ഞാന്‍ അറിയുന്നത്.
ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യവുമായി സാഹിത്യരംഗത്തു കാല്‍വച്ച ശ്രീ. മുട്ടത്തുവര്‍ക്കി അടിസ്ഥാനപരമായി ഒരു കവിഹൃദയത്തിന്റെ ഉടമയാണ്. അദ്ദേഹത്തെ നോവല്‍ രചനയിലേക്ക് തിരിച്ചു വിട്ടത് മലയാള സാഹിത്യത്തിലെ പ്രശസ്ത നിരൂപകനായ ശ്രീ.എം.പി.പോള്‍ ആയിരുന്നു.
പൈങ്കിളി എഴുത്തുകാരന്‍ എന്ന പേരിട്ട് ശ്രീ.വര്‍ക്കിയെ ഒതുക്കാന്‍ ശ്രമിച്ചവര്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സാഹിത്യസംഭാവനകളെ മൂടിവയ്ക്കുകയാണ് ചെയ്തത്. 75ലധികം നോവലുകള്‍ രചിച്ച ശ്രീവര്‍ക്കിയുടെ 31 നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്. ഇത്രയും നോവലുകള്‍ സിനിമയാക്കപ്പെട്ട മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍തന്നെ ഉണ്ടോ എന്ന് സംശയമാണ്. പത്തുനാടകങ്ങളും പതിനഞ്ചു ചെറുകഥാസമാഹാരങ്ങളും പന്ത്രണ്ടുപ്രശസ്തകൃതികളുടെ വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളാണ്. നീണ്ട 26 വര്‍ഷം ദീപിക പത്രത്തിന്റെ പത്രാധിപസമിതിയംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലയളവില്‍ ജീന്‍ എന്ന തൂലികാനാമത്തില്‍ ദീപികയില്‍ എഴുതിയിരുന്ന 'നേരും നേരമ്പോക്കും' വളരെ വിപുലമായ വായനക്കാരെ സൃഷ്ടിച്ച പംക്തിയായിരുന്നു.

കാല്പനികത വര്‍ക്കിയുടെ നോവലുകളില്‍ മുന്തിനില്‍ക്കുന്നുണ്ടെങ്കിലും വര്‍ക്കി വെറും പൈങ്കിളികഥാകാരനായിരുന്നില്ല. ഒരു റിയലിസ്റ്റിനെയും അദ്ദേഹത്തിന്റെ നോവലുകളില്‍ കാണാം. പ്രത്യേകിച്ചും പാടാത്ത പൈങ്കിളിയിലും കരകാണാക്കടലിലും. വര്‍ക്കിയുടെ കൃതികളില്‍ ഏറ്റവും കൂടുതല്‍ റിയലിസം കാണുന്നത് കരകാണാക്കടല്‍ എന്ന നോവലിലാണ്. കാല്പനികത ഇതില്‍ ഒട്ടും തന്നെ ഇല്ലെന്നു പറയാം. ഈ നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് രചനയെന്ന് വിശേഷിപ്പിക്കാം.
സാഹിത്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ തഴയപ്പെടാനും, അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതിരിക്കാനും പലകാരണങ്ങളുണ്ട്. ഒന്നാമതായി വര്‍ക്കി ഇടതുപക്ഷ സഹചാരി ആയിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യലിസ്റ്റ് റിയലിസത്തെ ചട്ടുകമാക്കി സാഹിത്യ രചന നടത്തിയവരോട് വര്‍ക്കി അകലം പാലിച്ചു. അദ്ദേഹം ഇസങ്ങളുടെ പ്രചാരകനായി നിലകൊണ്ടില്ല. ക്രിസ്ത്യാനിയായി ജനിച്ചു ജീവിച്ചു രമിച്ച അദ്ദേഹത്തിന്റെ നോവലുകളിലെ കഥാനായകരും കഥാനായികമാരും ക്രിസ്ത്യാനികളായിരുന്നു. കടം കൊണ്ട ദാര്‍ശനികതയോട് അകലംപാലിച്ചുകൊണ്ട് തനിക്ക് സുപരിചിമായ ഗ്രാമകാഴ്ചകളും കഥാപാത്രങ്ങളും അവരുടെ ഭാഷയും ജീവിതശൈലികളും ആവിഷ്‌ക്കരിച്ചുകൊണ്ട് സ്വന്തമായ ഒരു ശൈലിയില്‍ സാധാരണക്കാരന്റെ ഭാഷയില്‍ കഥകള്‍ പറഞ്ഞു ശ്രീ വര്‍ക്കി.

വര്‍ക്കിയുടെ ഇസം എന്നത് ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇസമാണ്. വര്‍ഗ്ഗസമരങ്ങളിലൂടെയോ സംഘട്ടനങ്ങളിലൂടെയോ നേടുന്ന സമത്വമല്ല, മറിച്ച് സ്‌നേഹത്തില്‍ ഊന്നിയ സമത്വവും സഹവര്‍ത്തിത്തവുമാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്നത്. എന്നാല്‍ പള്ളിയുടെയും പട്ടക്കാരന്റെയും അന്ധരായ അനുയായികളല്ല അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.(കരകാണാക്കടലിലെ തോമ്മ ഒരു ഉദാഹരണം) വര്‍ക്കിയുടെ ഈ ഇസം അദ്ദേഹം ജനിച്ചു വളര്‍ന്ന യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും കുടുംബപാരമ്പര്യത്തില്‍ നിന്നും ആര്‍ജ്ജിച്ചതാണ്. വര്‍ക്കി സൃഷ്ടിച്ച ഗ്രാമീണ ലോകത്തിന്റെ അതി പ്രധാനവും അടിസ്ഥാനപരവുമായ സ്വഭാവം അതിന്റെ ജാതിസ്പര്‍ദ്ധയില്ലായ്മയും, സമഭാവനയും സാഹോദര്യവുമാണ്.

റോമാന്‍സ് നോവലുകള്‍ എന്നും ജനപ്രിയമായിരുന്നു. വിശ്വസാഹിത്യത്തിലെ തന്നെ ആദ്യ റൊമാന്‍സ് നോവലായ 'പാമില' 1740 ല്‍ പുറത്തിറങ്ങിയപ്പോള്‍ 11 മാസങ്ങളില്‍ അഞ്ചു പതിപ്പുകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നു. റൊമന്‍സ് നോവലുകള്‍ രചിക്കുന്നതിനു വേണ്ട ക്രാഫ്റ്റും, കാഥാപാത്രങ്ങളുടെയും വായനക്കാരന്റെയും മനസ്സും മനശാസ്ത്രവും അിറയുന്ന ഒരു നോവലിസ്റ്റിനേ ജനപ്രിയസാഹിത്യം എഴുതാനും വായനക്കാരെ സൃഷ്ടിക്കാനും കഴിയൂ. അങ്ങിനെ ജനപ്രിയമായ നോവലുകളെ ആധാരമാക്കി എടുത്ത ചലച്ചിത്രങ്ങള്‍ അക്കാലത്തു വന്‍ വിജയം കൈവരിച്ചു. ഈ ജനപ്രിയ നോവലുകളുടെ ക്രാഫ്റ്റ് നന്നായി അറിയാവുന്ന ചുരുക്കം ചിലരിലെ പ്രഥമസ്ഥാനീയനായിരുന്നു ശ്രീ. മുട്ടത്തുവര്‍ക്കി. ഇങ്ങിനെ നോക്കുമ്പോള്‍ ശ്രീ.വര്‍ക്കിയെ പൈങ്കിളി എഴുത്തുകാരന്‍ എന്നല്ല, റൊമാന്‍സ് നോവലുകളുടെ രാജകുമാരന് എന്നാണ് വിളിക്കേണ്ടത്.

(പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ "മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിസാഹവും" എന്ന ലേഖനം വായിക്കുക)


മുട്ടത്തുവര്‍ക്കി റൊമാന്‍സ് നോവലുകളുടെ രാജകുമാരന്‍ :ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക