Image

ഇന്ത്യന്‍ സമൂഹത്തിന്‌ ഡോ. ദേവയാനി നന്ദി പറഞ്ഞു

Published on 24 December, 2013
ഇന്ത്യന്‍ സമൂഹത്തിന്‌ ഡോ. ദേവയാനി നന്ദി പറഞ്ഞു
ന്യൂയോര്‍ക്ക്‌: അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും കൊണ്ട്‌ വാര്‍ത്തയില്‍ നിറഞ്ഞുനിന്ന ഡോ. ദേവയാനി ഖോബ്രഗാഡയെ ഏതാനും സാമൂഹിക നേതാക്കള്‍ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണ അറിയിക്കുകയും ചെയ്‌തു.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. അറസ്റ്റിനെ തുടര്‍ന്ന്‌ ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യന്‍ പെര്‍മനന്റ്‌ മിഷനിലേക്ക്‌ സ്ഥലംമാറ്റപ്പെട്ട ഡോ. ദേവയാനി സംഘത്തെ കാണാനാണ്‌ കോണ്‍സുലേറ്റിലെത്തിയത്‌. ഐ.എന്‍.ഒ.സി ചെയര്‍ ജോര്‍ജ്‌ ഏബ്രഹാം, ഐ.എന്‍.ഒ.സി നേതാക്കളായ യു.എ നസീര്‍, സാഖ്‌ തോമസ്‌, മാലിനി ഷാ, മൊഹീന്ദര്‍ സിംഗ്‌, ജോണ്‍ ജോസഫ്‌ എന്നിവര്‍ക്കു പുറമെ ഗ്ലോബല്‍ ഓര്‍ഗനൈസോഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) പ്രസിഡന്റ്‌ അശൂക്‌ രാംചരണ്‍ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

അറസ്റ്റിനുശേഷം ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയക്ക്‌ ഡോ. ദേവയാനി നന്ദി പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും ജനങ്ങള്‍ നല്‍കുന്ന സ്‌നേഹാദരവുകള്‍ തന്നെ വീര്‍പ്പുമുട്ടിക്കുന്നു.

തങ്ങള്‍ എന്തുസഹായമാണ്‌ ചെയ്യേണ്ടെതെന്നു പറഞ്ഞാല്‍ അപ്രകാരം പ്രവര്‍ത്തിക്കാന്‍ മടിക്കില്ലെന്ന്‌ സംഘാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയും അമേരിക്കയിലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മാധ്യമങ്ങളില്‍ തലക്കെട്ട്‌ നേടുന്നതോ, പ്രചാരണങ്ങള്‍കൊണ്ടോ ഒന്നും ഒരു കാര്യവുമില്ലെന്നും അവര്‍ പറഞ്ഞു. സംസാരത്തിലുടനീളം വിവാദ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അതുപോലെ അവരുടെ സംസാരത്തില്‍ പ്രത്യാശാപൂര്‍ണ്ണമായ സമീപനമാണ്‌ കണ്ടതെന്ന്‌ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു. പ്രതിസന്ധി താമസിയാതെ വിട്ടൊഴിഞ്ഞു പോകുമെന്ന്‌ അവര്‍ വിശ്വസിക്കുന്നതായി തോന്നി.

സംഘം പിന്നീട്‌ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌യെ പോയി കണ്ടു. അദ്ദേഹവും ഇന്ത്യാ-യു.എസ്‌ ചര്‍ച്ചകള്‍ നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അത്യന്തം പ്രധാനമാണെന്നും അതിനു കോട്ടം തട്ടാന്‍ ഇരു വിഭാഗവും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസ-പാസ്‌പോര്‍ട്ട്‌ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.എല്‍.എസ്‌ ഇന്റര്‍നാഷണലിന്റെ കെടുകാര്യസ്ഥതയെപ്പറ്റി സംഘം മുലായുമായി ചര്‍ച്ച നടത്തി. ഈ പ്രശ്‌നത്തെപ്പറ്റി തനിക്ക്‌ വ്യക്തമായി അറായമെന്നും അവരുമായുള്ള കരാര്‍ റദ്ദാക്കണമെന്ന്‌ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 90 ദിവസമായി തുറന്നുനോക്കാത്ത അപേക്ഷകളുണ്ടെന്നകാര്യം തനിക്കറിയാം. വിസയ്‌ക്കുവേണ്ടി അപേക്ഷിക്കുന്ന അമേരിക്കക്കാരനും പരാതിപ്പെടുന്നുണ്ട്‌. അവര്‍ക്ക്‌ മോശമായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്‌ ഇന്ത്യയുടെ പ്രതിഛായയ്‌ക്കുതന്നെ കളങ്കമേല്‍പിക്കും. എന്തായാലും ഇതിനൊരു മാറ്റം വേണമെന്നതില്‍ തര്‍ക്കമില്ലെന്നദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാകണമെന്നാണ്‌ തന്റെ ആഗ്രഹം. പരാതികളും നിര്‍ദേശങ്ങളുമൊക്കെ തന്റെ ശ്രദ്ധയില്‍പ്പെടത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സമൂഹത്തിന്‌ ഡോ. ദേവയാനി നന്ദി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക