Image

4500 ഡോളര്‍ ദേവയാനിയുടെ ശമ്പളം; ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന്‌ അറ്റോര്‍ണി

Published on 25 December, 2013
4500 ഡോളര്‍ ദേവയാനിയുടെ ശമ്പളം; ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന്‌ അറ്റോര്‍ണി
ന്യൂയോര്‍ക്ക്‌: ഡോ. ദേവയാനി ഖോബ്രഗഡേയുടെ ശമ്പളം ജോലിക്കാരിയുടെ ശമ്പളമായി യു.എസ്‌ ഉദ്യോഗസ്ഥന്‍ തെറ്റിദ്ധരിപ്പിച്ചതാണ്‌ അവരുടെ അറസ്റ്റില്‍ കലാശിച്ചതെന്ന്‌ ദേവയാനിയുടെ അഭിഭാഷകന്‍ ഡോ. ഡാന്‍ അര്‍ഷാക്ക്‌.

ജോലിക്കാരിയുടെ വിസയ്‌ക്ക്‌ (എ-3) അപേക്ഷ നല്‍കിയത്‌ സംഗീത റിച്ചാര്‍ഡാണ്‌. (അവര്‍ മലയാളിയാണോ, അല്ലയോ എന്ന്‌ തനിക്കറിയില്ലെന്ന്‌ ഡോ. ദേവയാനി ഈ ലേഖകനോട്‌ പറഞ്ഞു. താന്‍
അതൊട്ട് അന്വേഷിച്ചിട്ടില്ല. എവിടെ നിന്നുള്ള ആളായാലും തനിക്ക്‌ പ്രശ്‌നമല്ല. അവരുടെ ലാസ്റ്റ്‌ നെയിം നേരത്തെ വര്‍മ്മ എന്നായിരുന്നു. പിന്നീടാണ്‌ റിച്ചാര്‍ഡായത്‌.)

വിസ അപേക്ഷയില്‍ ജോലിക്കെടുക്കുന്ന ആളുടെ വരുമാനം എത്രയെന്ന കോളത്തിലാണ്‌ പ്രതിമാസം 4500 ഡോളര്‍ എന്ന്‌ സംഗീത എഴുതിയത്‌. ഡോ. ദേവയാനിയുടെ അടിസ്ഥാന ശമ്പളമാണത്‌. പക്ഷെ യു.എസ്‌ ഉദ്യോഗസ്ഥന്‍ അത്‌ സംഗീതയ്‌ക്ക്‌ നല്‍കാമെന്നു പറഞ്ഞ ശമ്പളമാണെന്ന്‌ കണക്കാക്കി. അല്ലെങ്കില്‍തന്നെ 4500 ഡോളര്‍ പ്രതിമാസം ശമ്പളം കിട്ടുന്ന എത്ര വീട്ടുജോലിക്കാരികള്‍ അമേരിക്കയിലുണ്ട്‌?

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലി മണിക്കൂറിന്‌ 9.75 ഡോളറാണ്‌. ആഴ്‌ചയില്‍ 40 മണിക്കൂറിന്‌ 390 ഡോളര്‍. പ്രതിമാസം 1560 ഡോളര്‍. താമസവും ഭക്ഷണവും കഴിഞ്ഞ്‌ അത്രയും കിട്ടുക എന്നതു ഒട്ടും മോശമല്ല. മണിക്കൂറിന്‌ 9.75 ഡോളര്‍ വെച്ചുള്ള തുക ഡോ. ദേവയാനി നല്‍കുമായിരുന്നു എന്ന്‌ അര്‍ഷാക്‌ പറഞ്ഞു. എന്നാല്‍ മണിക്കൂറിന്‌ 3.30 ഡോളര്‍ വച്ചുള്ള തുക മാത്രമേ നല്‌കിയിട്ടുള്ളു എന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌.

4500 ഡോളര്‍ പ്രതിമാസം കൊടുക്കാമെന്ന്‌ ഡോ. ദേവയാനി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്‌ അവരുടെ പിതാവും റിട്ട. ഐ.എ.എസ്‌ ഉദ്യോഗസ്ഥനുമായ ഉത്തം ഖോബ്രഗഡേ പറഞ്ഞു.
മുംബയിലുള്ള അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ദുരനുഭവങ്ങളില്‍ നിന്ന്‌ ഡോ. ദേവയാനി പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവരുമെന്നതിലും അദ്ദേഹത്തിന്‌ സംശയമില്ല.

ഏതാനും ദിവസത്തിനകം അദ്ദേഹം അമേരിക്കയിലെത്തുന്നുണ്ട്‌. ദേവയാനിയുടെ അറസ്റ്റിലും മോശമായ പെരുമാറ്റത്തിലും രാജ്യം ഒറ്റക്കെട്ടായി രോഷംകൊള്ളുന്നു. പാര്‍ലമെന്റും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു- അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ച തനിക്ക്‌ ഈ സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന്‌ തികച്ചും ബോധ്യമായിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥകളെല്ലാം ലംഘിച്ചുള്ള അറസ്റ്റായിരുന്നു അത്‌. കൊലപാതകിയോ, കൊള്ളക്കാരിയോ ആയിരുന്നോ ഈ രീതിയില്‍ അറസ്റ്റ്‌ ചെയ്യാന്‍? നടന്നതൊക്കെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്തതാണ്‌- അദ്ദേഹം പറഞ്ഞു.

ഡോ. ദേവയാനിയുടെ ഭര്‍ത്താവ്‌ ആകാശ്‌ സിംഗ്‌ റാത്തോഡ്‌ യു.എസ്‌ പൗരനായതിനാല്‍ ഈ സംഭവങ്ങള്‍ അവരുടെ വ്യക്തിജീവിതത്തെ ബാധിക്കുമെന്നു കരുതുന്നില്ല.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേവയാനിയുടെ മൂന്നും ആറും വയസുള്ള പുത്രിമാരെ ഭര്‍തൃവീട്ടിലേക്ക്‌ കൊണ്ടുപോയി.

രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലാണെന്നും അതിനാല്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നു കരുതുന്നതായും ഡോ. ദേവയാനി പറഞ്ഞു.

ദേവയാനിയെ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ ശക്തമായ വാദഗതികളുമായി രംഗത്തുവന്നത്‌ അവരുടെ സഹോദരി ശര്‍മ്മിഷ്‌ടയാണ്‌. തനിക്കിവിടെ പരമ സുഖമാണെന്നു കാട്ടി സംഗീത എഴുതിയ കത്തു പുറത്തുവിട്ടത്‌ ശര്‍മ്മിഷ്‌ടയാണ്‌.

മഹാഭാരതത്തിലെ `യയാതി' മഹാരാജാവിന്റെ ഭാര്യമാരാണ്‌ ദേവയാനിയും ശര്‍മ്മിഷ്‌ടയും. മറാഠി എഴുത്തുകാരനായ ജ്ഞാനപീഠം ജേതാവ്‌ വി.എസ്‌
ഖണ്ഡേക്കറുടെ അനശ്വര കൃതി `യയാതി'യില്‍ ഇവരാണ്‌ മുഖ്യ കഥാപാത്രങ്ങള്‍. ഖണ്ഡേക്കറുടെ ആരാധകനായ ഉത്തം ഖോബ്രഗഡേ യയാതില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ പുത്രിമാര്‍ക്ക്‌ പൗരാണിക നാമം നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക