Image

കത്തോലിക്ക വൈദികരുടെ അനീതിക്കെതിരെ അന്തര്‍ദേശീയ ടെലിയോഗം

Joseph Padannamakkel Published on 25 December, 2013
കത്തോലിക്ക വൈദികരുടെ അനീതിക്കെതിരെ അന്തര്‍ദേശീയ ടെലിയോഗം

സ്വതന്ത്ര കത്തോലിക്കരുടെ ചര്‍ച്ചാവേദിയായ ഒരു ടെലിയോഗം വിജയകരമായി നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകനും വിവിധ മത സാംസ്‌ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ശ്രീ തോമസ് തോമസ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തിലായിരുന്നു യോഗം ആരംഭിച്ചത്. അമേരിക്കന്‍ മലയാളി സമൂഹങ്ങളില്‍ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോര്‍ജ് യോഗത്തിന്റെ മോഡറേറ്ററായി ചുമതലകള്‍ വഹിച്ചു.

പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും സത്യജ്വാല എഡിറ്ററുമായ ശ്രീ ജോര്‍ജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി. പാലായില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആര്‍.എം. സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ ഏതാനും ചിന്തകരായവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോര്‍ജ് സദസ്യരെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

യോഗത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളില്‍ തനതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചവരായിരുന്നു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസില്‍ പ്രകടമായത്. ബൌദ്ധിക തലങ്ങളില്‍ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചര്‍ച്ചകളില്‍ പ്രതിധ്വനിച്ചിരുന്നു. ഈ ടെലികൊണ്‌ഫെറന്‍സ് സ്വതന്ത്രമായി ചിന്തിക്കുന്ന അല്മായരുടെതായ നവമുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. സര്‍വ്വശ്രീ തോമസ് തോമസ് ന്യൂജേഴ്‌സി, എ.സി. ജോര്‍ജ് ടെക്‌സാസ്, ജോര്‍ജ് മൂലേച്ചാലില്‍, പാലാ എന്നിവരെക്കൂടാതെ ശ്രീമാന്മാരായ ജോസ് കല്ലിടിക്കില്‍ ഇല്ലിനോയ്, ഷാജി ജോസഫ് ന്യൂജേഴ്‌സി, തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്, ചാക്കോ കളരിക്കല്‍ മിച്ചിഗണ്‍, ജേക്കബ് കല്ലുപുരയ്ക്കല്‍ മസ്സാച്ചുസറ്റ്‌സ്, ജോണ്‍ തോമസ് ന്യൂജേഴ്‌സി, ജോസഫ് പടന്നമാക്കല്‍ ന്യൂയോര്‍ക്ക് എന്നിവരും അതീവ താല്പര്യത്തോടെ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സാമൂഹിക മതസാംസ്‌ക്കാരിക തലങ്ങളിലും സംഘടനാ തലങ്ങളിലും ഗ്രന്ഥ കൃതികളിലും മികവുകള്‍ പ്രകടിപ്പിച്ച ഓരോ വ്യക്തികളെയും പേരെടുത്തു വിളിച്ച് മോഡറേറ്റര്‍ ശ്രീ എ.സി. ജോര്‍ജ് സദസിനെ പരിചയപ്പെടുത്തുകയുണ്ടായി.

പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് സര്‍വ്വവിധ പിന്തുണകളും നല്‍കിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയര്‍ത്തി പരിവര്‍ത്തനങ്ങളുടെ പുത്തന്‍ യുഗത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാര്‍പാപ്പായുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാത്ത സീറോ മലബാര്‍ പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചര്‍ച്ചകളിലുടനീളം മുഴങ്ങി കേട്ടത്. അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ കാഠിന്യവും ശ്രീ കൂവള്ളൂര്‍ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി.

നാട്ടില്‍നിന്നും കുട്ടികളെ നോക്കാന്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അര്‍പ്പിക്കാന്‍ സ്ഥലത്തെ സീറോ മലബാര്‍ വികാരിയോട് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. വികാരിയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയന്‍ അച്ചനോട് ചോദിച്ചപ്പോള്‍ ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നല്‍കാന്‍ കാനോന്‍നിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹമായി മാറി. കാല്‍വരിയില്‍ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളില്‍ കണ്ണുകള്‍ ഉയര്‍ത്തി ഇവരോട് ക്ഷമിക്കണമേയെന്ന് സ്വര്‍ഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോന്‍ നിയമങ്ങള്‍ അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ അര്‍ത്ഥം സാര്‍വത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം. അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചന്‍ ദൈവശാസ്ത്രം ഉയര്‍ത്തി പണം വിഴുങ്ങാനുള്ള അടവുകള്‍ പ്രയോഗിക്കേണ്ടതെന്നും പുരോഹിതന്‍ മനസിലാക്കേണ്ടതായിരുന്നു.

ഇന്ന് സഭാനേതൃത്വം അലങ്കരിക്കുന്ന പുരോഹിതര്‍ വാരുണ്യഗണങ്ങളായും അല്മായര്‍ രണ്ടാം ക്ലാസ്സ് പൌരരായും സഭയുടെ ചട്ടങ്ങളനുസരിച്ച് വിശ്വസിക്കുന്നു. അല്മായരെ തന്നെ വിലയിരുത്തുന്നതും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരിക്കും. അമേരിക്കന്‍ സീറോമലബാര്‍ പള്ളികളില്‍ ആര്യകുലത്തിലെ വര്‍ണ്ണവിവേചനം പോലെ സംഭാവന കൊടുക്കുന്നവരുടെ അളവനുസരിച്ച് എ ബി സി ഡി യെന്ന് വിശ്വാസികളെ തരം തിരിച്ചിട്ടുണ്ട്. പരിഷ്‌കൃത രാജ്യമായ അമേരിക്കയിലെ മലയാളീ പള്ളികളില്‍ സമ്പത്തനുസരിച്ച് ഇത്തരം വകതിരിവുണ്ടെന്നറിയുമ്പോള്‍ അതിശയോക്തിയെന്ന് തോന്നാം. ഷിക്കാഗോ രൂപതയുടെ കത്തീഡ്രലിന്റെ മുമ്പിലെ ഫലകത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തവരുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന തത്ത്വം പുരോഹിത വചനങ്ങളില്‍നിന്ന് നീക്കം ചെയ്തുകഴിഞ്ഞു.
ശ്രീ ചാക്കോ കളരിക്കല്‍ ഡയറിയില്‍ കുറിച്ച ചര്‍ച്ചകളെ സംബന്ധിച്ച കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ മുഴങ്ങികേട്ട ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയില്‍ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.

1. അല്മായന്റെ പ്രശ്‌നങ്ങള്‍ ചെവികൊള്ളുകയെന്ന ഒരു കീഴ്വഴക്കം പുരോഹിതര്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്‌ന സങ്കീര്‍ണ്ണമായ ലോകത്തില്‍ അല്‌മേനിയുടെ പ്രശ്‌നങ്ങളുമായി ഇടപഴുകുവാന്‍ പുരോഹിത ലോകത്തിനും അഭിഷിക്തര്‍ക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കില്‍ അല്‌മേനിയുടെ അഭിപ്രായങ്ങളെ യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു തള്ളും.

2. ആരെങ്കിലും സഭയ്‌ക്കെതിരെ സംസാരിച്ചാല്‍, നവീകരണ ചിന്താഗതികള്‍ അവതരിപ്പിച്ചാല്‍ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു ദിക്കുകളില്‍നിന്നും അവരെ നശിപ്പിക്കാന്‍ ശ്രമിക്കും. സഭയ്‌ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ രക്തപ്പുഴകളുടെ കഥകള്‍ ചരിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.

3. അല്‍മായ സംഘടനകള്‍ എന്ന പേരുമായി പുരോഹിത നേതൃത്വത്തില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിലെ പ്രവര്‍ത്തകരും തീരുമാനങ്ങള്‍ എടുക്കുന്നവരും എന്നും പുരോഹിതരും അഭിഷിക്തരുമായിരിക്കും. പുരോഹിത കല്‍പ്പനകള്‍ എന്തായാലും അല്‌മേനി അനുസരിച്ചുകൊള്ളണം. അത്തരം സംഘടനകളില്‍നിന്നും വിഭിന്നമായി അല്‌മേനികളെ മാത്രം ഉള്‍പ്പെടുത്തി പാലായില്‍ ഒരു സംഘടന രൂപികരിച്ചതും ചര്‍ച്ചയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അല്‌മേനിക്ക് സംസാരിക്കാന്‍ അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്‌ക്കരിക്കുകയാണ് യുക്തമായുള്ളതെന്നും അഭിപ്രായങ്ങളുണ്ട്.

4. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ചെറുകുഞ്ഞുങ്ങളെ അബദ്ധങ്ങള്‍ പഠിപ്പിച്ച് പുരോഹിതര്‍ മസ്തിഷ്‌ക്ക പ്രഷാളനം ചെയ്തിരിക്കുകയാണ്. വരുന്ന തലമുറകളെ പുരോഹിതരുടെ മന്ത്രോപാസനങ്ങളില്‍നിന്നും മോചിതരാക്കേണ്ടതുമുണ്ട്. സഭ അല്‌മെനികളുടെതെന്ന ബോധവല്ക്കരണം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം. നന്മതിന്മകളെ വേര്‍തിരിച്ച് യേശുവിന്റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഹിത സ്വേച്ഛാധിപത്യത്തില്‍നിന്നും വിമുക്തിനേടി യുക്തിയില്‍ അധിഷ്ടിതമായ ഒരു സഭയാണ് ഭാവി തലമുറകള്‍ക്ക് ആവശ്യമായുള്ളത്.

5. സേവനമെന്നു പറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും എത്തുന്ന പുരോഹിതരില്‍ ഭൂരിഭാഗവും വിചിത്രങ്ങളായ ജീവിതമാണ് അനുഷ്ടിക്കുന്നത്. യാതൊരു തരത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സമൂഹമായി അവര്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ വരുന്ന മലയാളി പുരോഹിതരില്‍ അനേകരെ നാടിന് ശാപമായതുകൊണ്ട് കയറ്റി അയക്കുന്നതാണെന്നും തോന്നിപ്പോവും. സംസ്‌ക്കാരശൂന്യരും മാന്യതയുടെ പരിധി വിട്ട് പെരുമാറുന്നവരുമുണ്ട്. ആദ്യമായി വേണ്ടത് വിമാനം കയറി വരുന്ന ഇവരെ പ്രായമായ അല്‌മെനികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയെന്നതാണ്. എടാ, പോടാ, താന്‍ എന്നൊക്കെ പ്രായത്തില്‍ കൂടിയവരെയും വിളിക്കാന്‍ മടിക്കില്ല. ഇതിന് കാരണം സെമിനാരിയിലെ പരുക്കന്‍ ജീവിതത്തില്‍നിന്നും ഉള്‍ക്കൊണ്ട അപക്വമായ പെരുമാറ്റമായിരിക്കാം. സംസ്‌ക്കാരമുള്ളവരുമായി അത്തരക്കാര്‍ക്ക് ഒത്തുപോകാനും പ്രയാസമായിരിക്കും. അഹംബോധം തനിക്കുമാത്രമെന്ന് പുരോഹിതരും അഭിഷിക്തരും വിശ്വസിക്കുന്നു.

6. കുടുംബഭദ്രത തകര്‍ക്കുകയെന്നതും മലയാളീ പാസ്റ്റര്‍മാരുടെ ഹോബിയാണ്. ഭര്‍ത്താവിനെതിരെ ഭാര്യയേയും മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കന്‍ ഐക്യനാടുകളില്‍ പതിവായി തീര്‍ന്നിരിക്കുന്നു. ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങള്‍ തമ്മില്‍ ഇവര്‍മൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗംകൂടി എരിതീയില്‍ എണ്ണയൊഴിച്ച് എഷണികള്‍ പറയാന്‍ ചിലര്‍ നിപുണരുമാണ്.

7. വക്രബുദ്ധി നിറഞ്ഞ പുരോഹിതര്‍ക്ക് അല്‌മേനികളെയും അവരുടെ സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാന്‍ പ്രത്യേകമായ വിരുതുണ്ട്. പലരും സ്വന്തം പേരില്‍ കൊട്ടാരംപോലുള്ള വീടുകള്‍ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുര്‍ബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ പുരോഹിതരെക്കൊണ്ട് ചെറിയ തുകകള്‍ രൂപയായി കൊടുത്ത് കുര്‍ബാന അവിടെ ചൊല്ലിക്കും. അങ്ങനെ കുര്‍ബാനയെ ബിസിനസാക്കി വിയര്‍ക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.

8. പൊതുവേ കുടിയേറ്റക്കാരായ അല്‌മേനികള്‍ക്ക് അമേരിക്കയില്‍ വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ വര്‍ഷവും സീറോ മലബാര്‍ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിന്‍ റീത്തിലുള്ള അമേരിക്കന്‍ പള്ളികളില്‍ ചേര്‍ന്നു കഴിഞ്ഞു. ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ ധാര്‍മ്മികാധപതനം കുഞ്ഞുങ്ങളില്‍ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങള്‍ ഒന്നും തന്നെ വിലപ്പോകുന്നില്ല. ഒരു അല്‌മേനി ന്യായമായ എന്ത് കാര്യങ്ങള്ക്കായി പുരോഹിതനെ സമീപിച്ചാലും കാനോന്‍ നിയമം ഉയര്‍ത്തി പരിഹസിക്കുകയെന്നതും കല്‍ദായ അമൃതം കഴിച്ച പുരോഹിതരുടെ സ്ഥിരം പരിപാടിയാണ്.

9. അമേരിക്കയില്‍ വളരുന്ന രണ്ടാം തലമുറകള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ സീറോ മലബാര്‍ കുര്‍ബാനകളില്‍ സംബന്ധിക്കാറില്ല. എഫ്.ഓ ബി. (എൃലവെ ീി യീമ)േ എന്ന പേരും മലയാളിപ്പള്ളികള്‍ക്ക് പുതിയ തലമുറകള്‍ നല്കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാന്‍ അവര്‍ക്ക് സമയവുമില്ല. അമേരിക്കന്‍ പള്ളികളെപ്പോലെ സീറോമലബാര്‍ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിശയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരം പള്ളികളും അമേരിക്കയില്‍ ശൂന്യമാകുന്ന കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ നാട്ടിലേക്കിറക്കുമതി ചെയ്താല്‍ അവരുടെയിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുകയേയുള്ളൂ.

10. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങള്‍ പ്രവാസികളെ അടിച്ചേല്പ്പിക്കുന്ന പുരോഹിതരുടെ പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തില്‍ക്കുത്തുമില്ലാത്ത പള്ളികള്‍ ഷിക്കാഗോ രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്താല്‍ ആ പള്ളിയിലെ പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കിവിടുന്ന സംഭവങ്ങള്‍ സാധാരണമാണ്. വില കൂടിയ കര്‍ട്ടന്‍ ജര്‍മ്മനിയില്‍നിന്ന് വരുത്തുക, കുപിതരായ ഇടവക ജനം ആ കര്‍ട്ടന്‍ കീറിക്കളയുക, അള്‍ത്താരയില്‍ ക്ലാവര്‍ കുരിശ് പ്രതിഷ്ഠിക്കുക , അതില്‍ അതൃപ്തരായ മറ്റൊരു വിഭാഗം കുരിശിനെ തിരസ്‌ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ രൂപതാതിര്‍ത്തികളില്‍ നടന്ന കോലാഹലങ്ങള്‍ക്ക് കണക്കില്ല. ക്ലാവര്‍ കുരിശിന്റെ പേരില്‍ ഇന്നും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും അല്‌മേനികളും തമ്മില്‍ കയ്യേറ്റം വരെയുണ്ടായ കേസുകള്‍ കോടതികളുടെ പരിഗണനയില്‍ ഉള്ളതായ പള്ളികള്‍ വരെയുണ്ട്.
11. സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം വന്‍തുകകള്‍ സമാഹരിച്ച് നാട്ടില്‍ എത്തിക്കുകയാണ് പതിവ്. പുരോഹിതരുടെ ബന്ധുക്കള്‍ നടത്തുന്ന ബ്ലേഡ് കമ്പനികളില്‍ അവിടെ വിശ്വാസികളുടെ പണം നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ് പ്രമുഖ പത്രങ്ങളിലും ഈ വാര്‍ത്ത ഒരിക്കല്‍ അച്ചടിച്ചിട്ടുണ്ടായിരുന്നു.
12. ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ ഒരു രൂപത സ്ഥാപിതമായ നാളുമുതല്‍ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയില്‍ കഴിയുകയാണ്. വളരെയധികം സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ക്‌നനായി സമൂഹത്തിലും സീറോ മലബാര്‍ സമൂഹത്തിലും വിഭാഗീയ ചിന്തകളുണ്ടാക്കി പുരോഹിതര്‍ അവരുടെയിടയില്‍ വിദ്വേഷം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ക്‌നാനായ സമൂഹത്തിന്റെ പണം മുഴുവന്‍ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.
കോണ്‍ഫെറന്‍സില്‍ ശ്രീ ചാക്കോ കളരിക്കല്‍ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങള്‍ പ്രത്യേക ശ്രദ്ധയില്‍ വന്നു. ആദ്യത്തേത് പാലായില്‍ 2014 ഫെബ്രുവരി 20ന് നടക്കാന്‍ പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂര്‍ണ്ണ പിന്തുണ നല്കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചര്‍ച്ച് ആക്റ്റ് പ്രാബല്യമാക്കാന്‍ ശ്രീമതി ഇന്ദു ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തില്‍ ഒരിക്കല്‍ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോര്‍ജിന്റെയും തോമസ് തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം താല്ക്കാലികമായി പിരിയുകയും ചെയ്തു.
കേരളത്തില്‍നിന്ന് ഇവിടെ വന്നിട്ടുള്ള പുരോഹിതര്‍ ഭൂരിഭാഗവും അമേരിക്കന്‍ സംസ്‌ക്കാരത്തെ തികച്ചും തെറ്റായി ധരിച്ചിരിക്കുന്നു. പലരുടെയും ധാരണ ഈ രാജ്യം സ്വതന്ത്രമായ ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ നിറഞ്ഞതാണെന്നാണ്. അതുകൊണ്ട് ബലാല്‍സംഗം എന്ന കുറ്റകൃത്യങ്ങളുമായി പുരോഹിതരും കുടുങ്ങാറുണ്ട്. ബാലാല്‌സംഗത്തിന് അമേരിക്കയില്‍ കഠിനമായ ശിക്ഷ ലഭിക്കും. അത്തരം കേസുകള്‍ ഇന്ത്യയിലെങ്കില്‍ സ്വാധീനത്തില്‍ ഒതുക്കാന്‍ സാധിക്കും. എന്നാല്‍ ഈ നാട്ടില്‍ അത് നടക്കില്ല. ഒരു അമേരിക്കന്‍ കൗമാരപ്പെണ്ണിനെ ഉമ്മവെച്ച കേസ്സില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു പുരോഹിതന്‍ കുറ്റ വിസ്താരത്തിനായി ഇപ്പോഴും ജയിലിലാണ്. ചെയ്യാത്ത വകുപ്പുകളും അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

പെണ്‍പിള്ളേരോട് അതിരുവിട്ട പുരോഹിതരുടെ പെരുമാറ്റം എപ്പോഴാണ് അപകടത്തില്‍ എത്തിക്കുന്നതെന്നും പറയാന്‍ സാധിക്കില്ല. അടുത്ത കാലത്താണ് ഷിക്കാഗോ രൂപതയിലുള്ള വിവാഹിതയായ ഒരു സ്ത്രീയെ വികാരി വശീകരിച്ച് ഭര്‍ത്താവുമായി വേര്‍പ്പെടുത്തി കുപ്പായം ഊരി നാട്ടില്‍ കൊണ്ടുപോയി വിവാഹം കഴിച്ചത്. വിവാദ പുരോഹിതനായ അദ്ദേഹത്തെ അന്ന് അങ്ങേയറ്റം അരമന സംരക്ഷിക്കാനും ശ്രമിച്ചു. ഇങ്ങനെ അനേക സംഭവങ്ങള്‍വഴി മലയാളി പുരോഹിതര്‍ ഈ നാടിന്റെ മണ്ണില്‍ കളങ്കം ചാര്‍ത്തിക്കഴിഞ്ഞു.

കുഞ്ഞായിരുന്നപ്പോള്‍ സഭയ്ക്കും മാര്‍പാപ്പായ്ക്കും കീഴ്വഴങ്ങി ജീവിക്കാനാണ് വേദപാഠം ക്ലാസില്‍ പഠിപ്പിച്ചത്. അങ്ങനെതന്നെ മാതാപിതാക്കളും പഠിപ്പിച്ചു. ഇന്ന് അഭിഷിക്തരായവരും പുരോഹിതരും ആദ്യം മാര്‍പാപ്പായെ അനുസരിച്ചിട്ട് ഞങ്ങളെ ഉപദേശിക്കൂ. 'ഞാന്‍ ആര് വിധിക്കാന്‍' മാര്‍പാപ്പായുടെ അധരങ്ങളില്‍നിന്ന് ഉതിര്‍ന്നുവീണ മധുരപവിഴമായ വാക്കുകള്‍ ചരിത്രതാളുകളില്‍ തങ്കലിപികളില്‍ത്തന്നെ ഇടംപിടിച്ചു. 'ഞാന്‍ ആര് നിങ്ങളെ വിധിക്കാനെന്ന്' അഭിഷിക്തരും അങ്ങനെതന്നെ ഏറ്റു പറയണം. ചരിത്രം കണ്ടതില്‍ നല്ല പാപ്പാ അനീതിക്കെതിരെ സംസാരിക്കുന്നു. ഒരു കുഞ്ഞിന്റെ മനസുള്ള നിഷ്‌കളങ്കനായ വലിയ മുക്കവന്‍ കഴിഞ്ഞ ഡിസംബര്‍ പതിനാറാം തിയതി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 'പ്രഭോ, അവിടുത്തെ തിരുപ്പിറവിക്ക് കാത്തിരിക്കുന്ന ഈ ദിനങ്ങളില്‍ പ്രവാചക ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഞ്ഞടിയ്ക്കണമേ. നാഥാ, മനസിനുള്ളില്‍ നുഴഞ്ഞുകയറിയ പൌരാഹിത്യ ചൈതന്യത്തില്‍നിന്നും ഞങ്ങളെ സ്വതന്ത്രമാക്കൂ. സമസ്ത ജനങ്ങളുടെയും 'സത്ത' പ്രവാചക ചൈതന്യമായി രൂപാന്തരമാകാന്‍ അവിടുന്ന് വഴി കാണിച്ചാലും.' മാര്‍പാപ്പാ വത്തിക്കാനില്‍ തടിച്ചുകൂടിയ ജനത്തോടായി അന്ന് പറഞ്ഞു, 'യേശുവിന്റെ പിന്നാലെപോയവര്‍ പ്രവാചക ചൈതന്യം ഉള്‍ക്കൊണ്ടവരായിരുന്നു. ജനം അവിടുത്തെ സ്വാഗതം ചെയ്തു. പ്രവാചക ചൈതന്യമേശാത്തവര്‍ പൌരാഹിത്യവും കണ്ടെത്തി.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക