Image

മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 26 December, 2013
മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സൈലന്റ്‌ വാലിയും സഹ്യനും പാദസ്വരം തീര്‍ക്കുന്ന പശ്ചിമഘട്ട പര്‍വ്വതനിരകളുടെ താഴ്‌വാരത്തില്‍, പാലക്കാട്ടു നിന്ന്‌ നാല്‌പത്തഞ്ചു കിലോമീറ്റര്‍ അകലെ മണ്ണാര്‍കാട്‌ എന്നൊരു നഗരം. ഡിസംബറിലെ കൊടും തണുപ്പില്‍ കുന്തിപ്പുഴയുടെ പരിലാളനത്തില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ മയങ്ങി കിടക്കാന്‍ മണ്ണാര്‍ക്കാട്ടുകരെ കിട്ടില്ല. ഒരു നൂറ്റാണ്ടോളമായി നിത്യചിലവുകള്‍ക്ക്‌ അവര്‍ക്ക്‌ താങ്ങായി നില്‍ക്കുന്നത്‌ അവിടുത്തെ റബ്ബറും ഏലവും കുരുമുളകും ജാതിയുമൊക്കെയാണ്‌. റബ്ബറിന്റെ വില കിലോയ്‌ക്ക്‌ 240 ല്‍ നിന്ന്‌ 140-ലേക്ക്‌ കൂപ്പുകുത്തിയത്‌ ഈ വര്‍ഷമല്ലേ!

മണ്ണാര്‍കാട്‌ നഗരത്തിന്‌ നടുവില്‍ നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ട ഒരു ലൈബ്രറിയുണ്ട്‌. ഈയിടെ നൂറാം ജന്മദിനം പിന്നിട്ട (2002-ല്‍ അന്തരിച്ചു) കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ കെ.ജെ.തോമസ്‌ സ്ഥാപിച്ച സഹൃദയ ലൈബ്രറി. കാഞ്ഞിരപ്പള്ളിയില്‍ താന്‍ മുന്‍കൈയെടുത്ത്‌ ആരംഭിച്ച സഹൃദയ ലൈബ്രറിയുടെ പുനരാവിഷ്‌കരണം തന്നെ. ഇരുപതിനായിരം പുസ്‌തകങ്ങളും അഞ്ഞൂറ്‌ സജീവാംഗങ്ങളുമുള്ള ലൈബ്രറി മണ്ണാര്‍കാട്ടിന്റെ സാംസ്‌ക്കാരിക വളര്‍ച്ചയ്‌ക്ക്‌ നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്‌. അതുകൊണ്ടു തന്നെ സ്ഥപകന്റെ ജന്മശതാബ്‌ധി നാട്ടുകാര്‍ ഒരു ഉത്സവമായി കൊണ്ടാടി.

``എന്റെ ഗ്രേറ്റ്‌ ഗ്രാന്റ്‌ ഫാദര്‍ (പ്രപിതാമഹന്‍) കരിപ്പാപ്പറമ്പില്‍ ജേക്കബ്ബ്‌ തോമസ്‌ 1926 -ല്‍ മണ്ണാര്‍കാട്ട്‌ എത്തി മൂപ്പില്‍ നായരുടെ മൂവായിരം ഏക്കര്‍ വനഭൂമി 99 വര്‍ഷത്തേക്ക്‌ പാട്ടത്തിനെടുത്ത്‌ റബ്ബര്‍ കൃഷി ആരംഭിച്ചു. തിരുവിതാംകൂറിനെ എല്ലാ അര്‍ത്ഥത്തിലും രക്ഷപ്പെടുത്തിയ മലബാര്‍ കുടിയേററത്തിന്റെ തുടക്കം അങ്ങിനെയായിരുന്നു.'' ലൈബ്രറിക്ക്‌ തൊട്ടുചേര്‍ന്ന്‌ പഴമയുടെ സൗന്ദര്യം ഒട്ടും കൈവിടാതെ നില്‍ക്കുന്ന തറവാട്ടു വീട്ടില്‍ അത്തിമരത്തിന്റെയും അരളിപ്പൂക്കളുടേയും തണലിലിരുന്ന്‌ കെ.ജെ.തോമസ്‌ ജൂനിയര്‍ ഓര്‍മ്മയുടെ താളുകള്‍ മറിച്ചു.

``ജേക്കബ്ബ്‌ തോമസ്‌ ഒരു അധൃഷ്യപുരുഷന്‍ തന്നെയായിരുന്നു. ഇംഗ്ലീഷുകാരില്‍ നിന്ന്‌ റബ്ബര്‍കൃഷി പഠിക്കാന്‍ അദ്ദേഹം സിലോണില്‍ പോയി. അവിടെ നിന്ന്‌ റബ്ബര്‍ പ്ലാന്റേഷനെ പറ്റിയുള്ള ഒരു ആധികാരിക ഗ്രന്ഥം തിരുവിതാം കൂറിലേക്ക്‌ കൊണ്ടു വന്നു'' - ലൈബ്രറിയില്‍ നിധിപോലെ സൂക്ഷിച്ചിരിക്കുന്ന ഒരു പുസ്‌തകം തോമസ്‌ എടുത്തു കാണിച്ചു.`റതര്‍ഫോര്‍ഡ്‌സ്‌ പ്ലാന്റേഴ്‌സ്‌ നോട്ട്‌ബുക്ക്‌ ' എഡിഷന്‍ 8, പ്രസാധകര്‍, ടൈംസ്‌ ഓഫ്‌ സിലോണ്‍ കമ്പനി ലിമിറ്റഡ്‌, 1924, വില രൂപ 25

പുത്രന്‍ കെ.ജെ.തോമസ്‌ ആകട്ടെ ദേശീയ, രാഷ്‌ട്രീയ, സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ രജതരേഖകള്‍ വാരി വിതറി. സ്വാതന്ത്ര്യസമരസേനാനിയായി ജയിലില്‍ കിടന്നു. പക്ഷേ താമ്രപത്രവും സ്വാതന്ത്യസമര പെന്‍ഷനും നിരാകരിച്ചു. കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ എം.എല്‍.എ ആയി , സഹൃദയ ലൈബ്രറികള്‍ സ്ഥാപിച്ചു. പുസ്‌തകങ്ങള്‍ എഴുതി. നാടകത്തിലും സിനിമയിലും അഭിനയിച്ചു. രണ്ട്‌ സുഹൃത്തുക്കളോടൊപ്പം ഏഷ്യയില്‍ ആദ്യത്തെ എഴുത്തുകാരുടെ സഹകരണസംഘം - എസ്‌.പി.സി.എസ്‌ - സ്ഥാപിച്ചു. തകഴിയുടേയും പൊന്‍കുന്നം വര്‍ക്കിയുടേയും മുട്ടത്തു വര്‍ക്കിയുടേയും സുഹൃത്തും ആയിരുന്നു.

ജേക്കബ്ബ്‌ തോമസും കെ.ജെ.തോമസും നട്ടുവളര്‍ത്തിയ റബ്ബര്‍ തോട്ടങ്ങള്‍ ഇന്നെവിടെ നില്‍ക്കുന്നു? തിരുവിതാംകൂറില്‍ നിന്ന്‌ മലബാറിലേക്കും ഹൈറേഞ്ചിലേക്കും വ്യാപിച്ച റബ്ബര്‍ കൃഷി പടര്‍ന്നു പന്തലിച്ച്‌ കേരളത്തിന്റെ യശസ്സ്‌ സപ്‌തസമുദ്രങ്ങള്‍ക്കപ്പുറത്തേയ്‌ക്ക്‌ വ്യാപിപ്പിച്ചു. ഇന്ന്‌ 5.24 ലക്ഷം ഹെക്‌ടറിലുള്ള റബ്ബര്‍ കൃഷിയില്‍ 90% കേരളത്തിലാണ്‌. ലോകത്തില്‍ റബ്ബര്‍ ഏറ്റവും കൂടുതല്‍ ഉത്‌പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം ഇന്‍ഡ്യയാണ്‌. പത്തു ലക്ഷത്തിലേറെ ചെറുകിട റബ്ബര്‍ കൃഷിക്കാരുടെ ജീവസന്ധാരണം#ം റബ്ബറിനെ മാത്രം ആശ്രയിച്ചാണ്‌.

കെ.ജെ.തോമസിന്റെ മകന്റെ മകനാണ്‌ 51 എത്തിയ കെ.ജെ.തോമസ്‌ ജൂനിയര്‍. റബ്ബര്‍ വില ഇടിഞ്ഞതില്‍ ഒട്ടും വേവലാതിപ്പെടാനില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. തായ്‌ലന്റും, മലേഷ്യയും, ഇന്‍ഡോനേഷ്യയും, വിയറ്റ്‌നാമും ഒക്കെ റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. തന്‍മൂലം ഇന്നത്തെ ആഗോളവല്‍കൃത യുഗത്തില്‍ അവിടുത്തെ വിലകള്‍ നമ്മെ സമ്മര്‍ദ്ദത്തിലാക്കും എന്നുറപ്പാണ്‌. ഒരു കാലത്ത്‌ കിലോയ്‌ക്ക്‌ ഇരുപത്തിനാലു രൂപയുണ്ടായിരുന്നത്‌ ഇരുനൂറ്റിനാല്‌പത്‌ രൂപയായി വര്‍ദ്ധിച്ചില്ലേ? ഇന്നത്തെ വിലയിടിവില്‍ ദു:ഖിക്കാതെ പഴയമരങ്ങള്‍ വെട്ടി പുതിയതു നട്ടുപിടിപ്പിച്ച്‌ ഉത്‌പാദനം കൂട്ടാനാണ്‌ ശ്രമിക്കേണ്ടത്‌ - തോമസ്‌ വാദിക്കുന്നു.

മലബാര്‍ കുടിയേറ്റത്തിന്റെ നാലാം തലമുറക്കാരനായ തോമസ്‌ ജൂനിയര്‍
എക്കാലവും ശുഭാപ്‌തി വിശ്വാസിയാണ്‌. വയനാട്‌, ഇടുക്കി, കാഞ്ഞിരപ്പുഴ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ഓര്‍ഗാനിക്‌ കൃഷിക്കാര്‍ ചേര്‍ന്ന്‌ സംഘടിപ്പിച്ച IOFPCL (Indian Organic Farmers Producer Company Ltd.) എന്ന സ്ഥാപനത്തിന്റെ സജീവ പ്രവര്‍ത്തകനാണ്‌ അദ്ദേഹം. സംഘടനാ പ്രസിഡന്റ്‌ പുല്‍പ്പള്ളിയിലെ പി.ജെ.ചാക്കോച്ചനുമൊത്ത്‌ ജര്‍മ്മനിയില്‍ ന്യൂറംബര്‍ഗിലുള്ള ലോകത്തിലെ ഏറ്റം വലിയ ഓഗ്‌ഗാനിക്‌ ഫാം ഫെസ്റ്റിവലില്‍ (ബയോഫാക്ക്‌) പങ്കെടുത്തു.

രാസവളവും മാരകമായ കീടനാശിനികളും ഉപയോഗിക്കാതെ ഉത്‌പാദിപ്പിക്കുന്ന ഏലം, കുരുമുളക്‌, ജാതി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ശേഖരിച്ച്‌ മൂല്യവര്‍ദ്ധന നടത്തി ആഗോളാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്ന സംഘടനയാണ്‌ ഐ.ഒ.എഫ്‌.പി.സി.എല്‍. തുടക്കമേ ആയിട്ടുള്ളൂ. ഇനിയും ഒരുപാട്‌ മുന്നോട്ട്‌ പോകാനുണ്ട്‌.

തോമസിന്റെ പത്‌നി റാണി വെറുതേ ഒരു ഭാര്യയല്ല. തോമസിനെപോലെ മാസ്റ്റേഴ്‌സ്‌ ബിരുദധാരിണിയാണ്‌. സാരികള്‍ ഡിസൈന്‍ ചെയ്‌ത്‌ വിപണിയിലിറക്കുന്നു. പക്ഷേ പൊതുപ്രവര്‍ത്തനത്തിനില്ല. ഗ്രാന്‍ഡ്‌ഫാദര്‍ യു.ജെ. മത്തായിയും അനുജന്‍ യു.ജെ.തര്യനും ദീര്‍ഘകാലം ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായിരുന്നു. തോമസ്‌-റാണി ദമ്പതിമാര്‍ക്ക്‌ രണ്ട്‌ പുത്രന്‍മാര്‍ അശോകും വിവേകും. വിദ്യാര്‍ത്ഥികള്‍. പക്ഷേ നാലു തലമുറകള്‍ മുമ്പ്‌ കരിപ്പാപ്പറമ്പില്‍ ജേക്കബ്ബ്‌ തോമസ്‌ മലബാറിലെ കാര്‍ഷികവൃദ്ധിയെപ്പറ്റി കണ്ട സ്വപ്‌നങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്ക്‌ ആകുമോ എന്ന കാര്യം കണ്ടറിയണം.
മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മലബാര്‍ കുടിയേറ്റം നൂറ്റാണ്ടോടടുക്കുന്നു; ന്യൂറംബര്‍ഗില്‍ നിന്നു പുതിയ തിരിനാളങ്ങള്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക