Image

കഴുമരത്തിന്റെ വിലാപം (കഥ: ജെസി ജിജി)

Published on 01 January, 2014
കഴുമരത്തിന്റെ വിലാപം (കഥ: ജെസി ജിജി)
അന്ന്‌ വെള്ളിയാഴ്‌ചയായിരുന്നു. ദൈവപുത്രന്‍ കിരുശിലേറിയ വെള്ളിയാഴ്‌ച ആയിരുന്നില്ല അത്‌. ഭൂതപ്രേത പിശാചുക്കള്‍ അഴിഞ്ഞാടുന്നു എന്ന്‌ പറയപ്പെടുന്ന അമാവാസി വെള്ളിയാഴ്‌ചയും ആയിരുന്നില്ല അത്‌. പിന്നെന്താണ്‌ ആ വെള്ളിയാഴ്‌ചയുടെ പ്രത്യേക? പ്രത്യേകതകളില്ലാത്ത ആഴ്‌ചയിലെ മറ്റേതൊരു ദിവസവും പോലെ ആയിരുന്നോ അത്‌? അല്ല എന്ന്‌ പ്രത്യേകം എടുത്തുപറയേണ്ടതില്ലാത്തതിനാല്‍ തന്നെ ആ വെള്ളിയാഴ്‌ചയ്‌ക്ക്‌ സവിശേഷതകള്‍ ഏറെയായിരുന്നു.

അങ്ങ്‌ പടിഞ്ഞാറ്‌ സൂര്യന്‍ തന്റെ ചെങ്കിരണങ്ങളാല്‍ ഭൂമിയെ തലോടി, വിട പറയാന്‍ മടിച്ചു നില്‍ക്കുന്ന കമിതാവിനെപ്പോലെ, പതുക്കെ പതുക്കെ മറഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ കഴുമരമായിരുന്നു അന്ന്‌ ഏവരുടേയും ശ്രദ്ധാകേന്ദ്രം. ആ മങ്ങിയ സന്ധ്യാവേളയില്‍ ആ കഴുമരം ഏതോ പ്രാചീന യുഗത്തില്‍ നിന്നും, കാലചക്രത്തിന്റെ അദൃശ്യമായ ചരടുകള്‍ മുറിച്ച്‌, സമയവും കാലവും തെറ്റി, ദിക്കറിയാതെ പകച്ചു നില്‍ക്കുന്ന ഒരു ആജാനബാഹുവിനെപ്പോലെ കാണപ്പെട്ടു. ആ കഴുകുമരം അതിന്റെ ഈ ജീവിതചക്രത്തിലെ അവസാനത്തെ നിയോഗവും നിര്‍വഹിച്ചുകഴിഞ്ഞിരുന്നു. ആ വെള്ളിയാഴ്‌ച ഇരുണ്ടു മയങ്ങി പിറ്റേന്ന്‌ നേരം പുലരുമ്പോള്‍ ആ കഴുകുമരം അഗ്നിയില്‍ വെന്തുരുകും.

രാത്രിയിടെ നിശബ്‌ദത താഴ്‌വാരത്തെ കരിമ്പടം പുതപ്പിച്ചപ്പോള്‍ ആ കഴുമരം തന്റെ അവസാനത്തെ നിയോഗത്തെപ്പറ്റി ഓര്‍ക്കുകയായിരുന്നു. ദൈവപുത്രന്‍ കുരിശില്‍ ഏറിയപ്പോള്‍, തന്റെ ഓരോ അണുവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിര്‍വൃതിയില്‍ ലയിച്ചത്‌ ഇന്നലെ നടന്നതുപോലെ ഓര്‍ക്കുന്നു. എല്ലാവരും ഭയത്തോടെയും അമര്‍ഷത്തോടെയും നോക്കിയിരുന്ന, ഭൂമിയിലെ ഏറ്റവും നികൃഷ്‌ടമായി കരുതിയിരുന്ന തന്നെ മഹത്വത്തിലേക്ക്‌ ആയിരുന്നു അവന്‍ ഉയര്‍ത്തിയത്‌. തന്റെ അന്നുവരെ ഉണ്ടായിരുന്ന എല്ലാ അപമാനവും നീക്കപ്പെട്ടു. താനും ഒരു പൂജ്യവസ്‌തുവായി രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്നതൊക്കെ ഇന്നലെ എന്നുതുപോലെ കണ്‍മുന്നില്‍....

നൂറ്റാണ്ടുകള്‍ക്കുശേഷം പുതിയ രൂപത്തിലും ഭാവത്തിലും ഒരു കഴുമരമായി താന്‍ വീണ്ടും ജനിച്ചു. കാലചക്രം എത്ര വേഗമാണ്‌ ഉരുണ്ടുതിരിഞ്ഞത്‌. ദൈവപുത്രന്‍ വീണ്ടെടുത്ത ഭൂമിയിലേക്ക്‌ വീണ്ടും ജനിക്കുമ്പോള്‍ ഒരു അമ്പരപ്പായിരുന്നില്ലേ? ഇനിയും ഒരു കഴുമരത്തിന്‌ എന്താവശ്യം? ദൈവപുത്രന്‍ വിഭാവനം ചെയ്‌ത, രക്തത്താല്‍ വീണ്ടെടുത്ത ഭൂമിയില്‍ സന്തോഷവും സമാധാനവുമല്ലേ വിളയാടുന്നത്‌? ഇനിയും അവന്‍ കുരിശില്‍ മരിക്കണമോ? അതോ താന്‍ വീണ്ടും അപമാനത്തിന്റേയും നിന്ദയുടേയും ചിഹ്നമാകുമോ? ആരാവും തന്നെ ആശ്ശേഷിക്കുക?

എന്താവും തന്റെ നിയോഗം?

വീണ്ടും ഒരു വെള്ളിയാഴ്‌ച....പക്ഷെ ഈ വെള്ളിയാഴ്‌ച തന്റെ നെഞ്ചോടുചേര്‍ന്ന്‌ കിടന്നത്‌ ദൈവപുത്രന്‍ ആയിരുന്നില്ല, കള്ളനോ കവര്‍ച്ചക്കാരനോ ആയിരുന്നില്ല.

ഇന്ന്‌ താന്‍ അനുഭവിച്ച ആത്മനിന്ദയും വേദനയും.....

തന്റെ കഴിഞ്ഞകാല ജന്മങ്ങളില്‍ സ്വപ്‌നത്തില്‍ പോലും അനുഭവിക്കാത്ത അസഹനീയമായ വേദന. ...

സ്‌ത്രീയെ, അമ്മ, ഭാര്യ, സഹോദരി, മകള്‍ എന്നീ കണ്ണുകള്‍കൊണ്ടൊന്നും കാണാന്‍ പറ്റാത്ത ഒരു നികൃഷ്‌ടജീവി. മാതൃത്വത്തെ ചവുട്ടി മെതിച്ച ക്രൂരജന്മം. മകളെ ചവുട്ടിമെതിച്ച്‌ അവളുടെ നിഷ്‌കളങ്കമായ കണ്ണുകളെ എന്നന്നേയ്‌ക്കുമായി അടച്ചുകളഞ്ഞ നരാധമന്‍. അവന്‍ തന്റെ നെഞ്ചോടു പറ്റിച്ചേര്‍ന്ന്‌ അവസാന ശ്വാസം എടുത്തപ്പോള്‍ താനറിഞ്ഞു, താന്‍ ഇന്നോളം അറിഞ്ഞിട്ടില്ലാത്ത, പിശാചിന്റെ മനുഷ്യജന്മം.

ആ കഴുമരച്ചോട്ടില്‍ അവനായി ഒരിറ്റു കണ്ണീര്‍ തൂകാന്‍ അവന്റെ അമ്മയോ, അവളെ സ്വഗൃഹത്തില്‍ സ്വീകരിക്കാന്‍ അവന്റെ അനുയായിയോ ഇല്ല എന്ന സത്യം.

നാളെ തന്റെ ഓരോ കോശവും വെട്ടിനുറുക്കി അഗ്നിക്കിരയാക്കുമ്പോള്‍....

ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ അന്ന്‌ ഒരു കഴുമരത്തിന്റെ രൂപം തനിക്ക്‌ ലഭിക്കാതിരുന്നുവെങ്കില്‍....

ഒരുപക്ഷെ ഇനിയും ദൈവ പുത്രന്‍ ഭൂമിയില്‍ ജനിച്ചു കുരിശില്‍ മരിക്കണമെങ്കില്‍...ലോകത്തെ വീണ്ടും രക്ഷിക്കാന്‍ എങ്കില്‍ ഇനിയും ഒരു കഴുമരമായി മാറാം...

ദൈവപുത്രന്റെ കുരിശിനായി മാത്രം....
കഴുമരത്തിന്റെ വിലാപം (കഥ: ജെസി ജിജി)കഴുമരത്തിന്റെ വിലാപം (കഥ: ജെസി ജിജി)
Join WhatsApp News
Korah Cherian 2014-01-02 08:27:34
Beatiful presentation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക