Image

ദൂതരെ സ്പര്‍ശിയ്ക്കപോലുമരുത് ( ലേഖനം - സുനില്‍ .എം.എസ് )

സുനില്‍ .എം.എസ് Published on 01 January, 2014
ദൂതരെ സ്പര്‍ശിയ്ക്കപോലുമരുത് ( ലേഖനം - സുനില്‍ .എം.എസ് )

മഹാഭാരതകഥയില്‍ യുദ്ധമൊഴിവാക്കാനായി ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ദൂതനായി കൌരവരുടെ അടുത്തേയ്ക്കു ചെല്ലുന്നുണ്ട്. ദൂതനായി വന്ന ശ്രീകൃഷ്ണനെ ഹസ്തിനപുരിയിലെ ധൃതരാഷ്ട്രമഹാരാജാവിന്റെ കൊട്ടാരത്തില്‍ വച്ച് ദുര്യോധനനും കൂട്ടരും കൂടി പിടിച്ചുകെട്ടാനൊരുമ്പെടുമ്പോള്‍ ദൂതനെ ഒരിയ്ക്കലും ഉപദ്രവിയ്ക്കരുതെന്ന തത്വം ഭീഷ്മരും വിദുരരുമടങ്ങുന്ന മഹാത്മാക്കളെല്ലാം ദുര്യോധനപ്രഭൃതികളോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്. പക്ഷേ, ആരു കേള്‍ക്കാന്‍! തന്നെ പിടിച്ചുകെട്ടാന്‍ കയറുമായി വന്നവരില്‍നിന്നു രക്ഷപ്പെടാനായി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപം പ്രദര്‍ശിപ്പിയ്‌ക്കേണ്ടി വന്നു. ക്രിസ്തുവിനും നാലു ശതാബ്ദം മുന്‍പ് മഹാഭാരതം എഴുതപ്പെട്ടെന്നാണു കണക്കാക്കപ്പെടുന്നത്. ദൂതരെ സ്പര്‍ശിയ്ക്കപോലും ചെയ്യരുതെന്ന തത്വം ഭാരതത്തില്‍ അക്കാലത്തുതന്നെ നിലവിലിരുന്നിരുന്നെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ആ തത്വത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട് ദൂതരെ പിടികൂടി തടവിലിടാന്‍ മടിയ്ക്കാത്തവര്‍ ഭാരതത്തില്‍ അന്നുണ്ടായിരുന്നെന്നും ഇതേ കഥയില്‍ നിന്നു തന്നെ മനസ്സിലാക്കാം.

അന്യരാജ്യത്ത് എത്തിപ്പെട്ടുപോയ ദൂതര്‍ നിസ്സഹായരാണ്. നിസ്സഹായരായ അന്യരാജ്യദൂതരെപ്പിടിച്ചു കുറ്റം ചുമത്തി ജയിലിലടയ്ക്കുക ഏതു രാജ്യത്തിനും എളുപ്പമാണ്. എന്നിട്ടും രാജ്യങ്ങള്‍ അങ്ങനെ ചെയ്യാറില്ല. രാജ്യങ്ങളെല്ലാം തന്നെ അന്യരാജ്യദൂതരെ ബഹുമാനിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാന്‍ ഭാരതത്തിനും, ഭാരതത്തിന്റെ ദൂതന്മാരെ പിടിച്ചു തടവിലിടാന്‍ പാക്കിസ്ഥാനും അനായാസേന കഴിയുമായിരുന്നെങ്കിലും ഈ രണ്ടു രാജ്യങ്ങളും പരസ്പരം ഘോരയുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍പ്പോലും ദൂതന്മാരെ പിടിച്ചു തടവിലിടുകയെന്നത് ഒരിയ്ക്കല്‍പ്പോലും ചെയ്തിട്ടില്ലെന്നതു ശ്രദ്ധേയമാണ്. പരസ്പരബന്ധങ്ങള്‍ വഷളാകുമ്പോള്‍ നയതന്ത്രപ്രതിനിധികളെ തിരിച്ചു വിളിയ്ക്കുകയോ തിരിച്ചുവിളിയ്ക്കാനാവശ്യപ്പെടുകയോ ആണ് ഇന്ത്യയും പാക്കിസ്ഥാനും ചെയ്തിട്ടുള്ളത്. 

രണ്ടാംലോകമഹായുദ്ധകാലത്ത്, 1941ല്‍ അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ ആക്രമിയ്ക്കുമ്പോള്‍ ആക്രമണത്തെപ്പറ്റിയുള്ള ഔപചാരികമായ ഒരു മുന്നറിയിപ്പും ജപ്പാന്‍ അമേരിക്കയ്ക്ക് നല്‍കിയിരുന്നില്ല. 2300ലേറെ അമേരിക്കന്‍ സൈനികര്‍ ആ ഒറ്റദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജപ്പാന്‍ ആ കൊടുംചതി ചെയ്തിട്ടും, ജപ്പാന്‍വിരുദ്ധ ജനവികാരം അമേരിക്കയില്‍ കൊടുമ്പിരിക്കൊണ്ടിട്ടും, അമേരിക്കയിലെ അന്നത്തെ ജാപ്പനീസ് അംബാസഡറായിരുന്ന നോമുറയേയോ മറ്റു നയതന്ത്രോദ്യോഗസ്ഥരേയോ അമേരിക്ക അന്നറസ്റ്റു ചെയ്തില്ല. നോമുറ ദൂതനാണ്, ദൂതന്മാരെ സംരക്ഷിയ്ക്കണം എന്ന തത്വമായിരുന്നു കാണണം അതിന്റെ പിന്നില്‍. അന്ന് അമേരിക്കയിലുണ്ടായിരുന്ന മറ്റ് ജപ്പാന്‍കാരെ അമേരിക്ക കരുതല്‍ത്തടങ്കലിലാക്കി (ഇതിന്ന് പില്‍ക്കാലത്ത് കോണ്‍ഗ്രസ് പാസ്സാക്കിയ ഒരു പ്രമേയത്തിലൂടെ അമേരിക്ക ക്ഷമായാചനം ചെയ്യുകയും ചെയ്തു). എന്നാല്‍ ജപ്പാന്റെ നയതന്ത്രപ്രതിനിധികളെ അമേരിക്ക സ്പര്‍ശിച്ചതേയില്ല.

അന്യരാജ്യത്തിന്റെ ദൂതര്‍ എന്നു പറയുമ്പോള്‍ ആ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിയെ   അംബാസഡറെ  മാത്രമല്ല ആ ഗണത്തില്‍ പെടുത്തുന്നത്. നയതന്ത്രകാര്യാലയത്തില്‍ സേവനമനുഷ്ഠിയ്ക്കുന്ന ഉദ്യോഗസ്ഥരും അക്കൂട്ടത്തില്‍ പെടും, പെടണം. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി മാത്രമല്ല, അമേരിക്കയിലെ വിവിധ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ ഇന്ത്യാഗവണ്മെന്റു നിയമിച്ചിരിയ്ക്കുന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥരും ഇന്ത്യയുടെ ദൂതര്‍ തന്നെ. ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന് അമേരിക്കയിലെ വിവിധസ്ഥലങ്ങളില്‍ വിവിധ തലങ്ങളിലുള്ള ഓഫീസുകളുണ്ടാകാം. അവിടങ്ങളില്‍ സേവനമനുഷ്ഠിയ്ക്കുന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥരും ദൂതര്‍ തന്നെ. കുറഞ്ഞ ദൂതര്‍, കൂടിയ ദൂതര്‍ എന്നിങ്ങനെ ദൂതരെ പല ശ്രേണികളിലായി വേര്‍തിരിയ്ക്കുന്നതു ശരിയല്ല. അവരെല്ലാം ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികള്‍ തന്നെ. ദേവയാനി ഖോബ്രഗഡെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അമേരിയ്ക്കയില്‍ ചെന്നിരിയ്ക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്രബന്ധം പുലര്‍ത്താനും ആ നയതന്ത്രബന്ധം ബലപ്പെടുത്താനുമാണ്. അതുകൊണ്ട് അവരെയെല്ലാം ഇന്ത്യയുടെ ദൂതരായിത്തന്നെ അമേരിക്ക കണക്കാക്കണം.

ഒരു രാജ്യത്തെ പൌരന്മാര്‍ ആ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയരാണ്. അമേരിക്കന്‍ പൌരന്മാര്‍ അമേരിക്കയിലെ നിയമങ്ങള്‍ക്കു വിധേയരാണ്. എന്നാല്‍ അമേരിക്കയുമായി നയതന്ത്രബന്ധം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്നവര്‍ അമേരിക്കന്‍ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കന്‍ നിയമങ്ങള്‍ അവര്‍ക്കു ബാധകമാകാന്‍ പാടില്ല. അമേരിക്കയില്‍ താമസിയ്ക്കുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പൌരന്മാരല്ല, ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളാണ്. അവര്‍ അമേരിക്കന്‍ നിയമങ്ങള്‍ക്കു വിധേയരല്ല, വിധേയരാകാന്‍ പാടില്ല. ചുരുക്കത്തില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് അമേരിക്കന്‍ നിയമങ്ങള്‍ ബാധകമാണ്, പക്ഷേ ആ നിയമങ്ങള്‍ ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ക്കു ബാധകമാകരുത്.

ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ലാത്ത, സ്വമേധയാ അമേരിക്കയില്‍ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യന്‍ പൌരന്മാരുണ്ട്. ഇവര്‍ ഇന്ത്യാഗവണ്മെന്റിനെ പ്രതിനിധീകരിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്ന നയതന്ത്ര പ്രതിനിധികളോ നയതന്ത്ര ഉദ്യോഗസ്ഥരോ അല്ല. സ്വമേധയാ അമേരിക്കയില്‍ ചെന്നു താമസിച്ച് അവിടെ സേവനമനുഷ്ഠിയ്ക്കുകയോ ബിസിനസ്സ് ചെയ്യുകയോ പഠനം നടത്തുകയോ ചെയ്യുന്ന ഇന്ത്യന്‍ പൌരന്മാര്‍ അമേരിക്കന്‍ നിയമങ്ങള്‍ അനുസരിയ്ക്കാന്‍ സമ്മതിച്ചിട്ടുള്ളവരും അതിനു ബാദ്ധ്യസ്ഥരുമാണ്. അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ അമേരിക്കന്‍ നിയമങ്ങളനുസരിച്ചുള്ള ശിക്ഷ അവര്‍ക്കു നല്‍കേണ്ടിവരുന്നതു സ്വാഭാവികവുമാണ്. എന്നാല്‍ അമേരിക്കന്‍ നിയമങ്ങള്‍ ലംഘിയ്ക്കുന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ ശിക്ഷിയ്ക്കപ്പെടാന്‍ പാടില്ല, കാരണം ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധികളാണ്, അവര്‍ അമേരിക്കന്‍ നിയമങ്ങള്‍ക്കു വിധേയരല്ല.

വലിപ്പത്തിലും സമ്പന്നതയിലും രാഷ്ട്രങ്ങള്‍ തമ്മില്‍ സാരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും നയതന്ത്രബന്ധങ്ങളുടെ കാര്യത്തില്‍ രാഷ്ട്രങ്ങള്‍ തുല്യരാണ്. രാഷ്ട്രങ്ങള്‍ നയതന്ത്രപ്രതിനിധികളെ പരസ്പരം ക്ഷണിയ്ക്കുകയുമാണു ചെയ്യുന്നത്: അമേരിക്ക ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു, ഇന്ത്യ അമേരിക്കന്‍ ഗവണ്മെന്റിന്റെ നയതന്ത്രപ്രതിനിധികളെ ക്ഷണിയ്ക്കുന്നു. രാഷ്ട്രങ്ങളുടെ പരസ്പര ക്ഷണമനുസരിച്ചു ചെന്നെത്തിയിരിയ്ക്കുന്നവര്‍ അഥവാ വന്നെത്തിയിരിയ്ക്കുന്നവരാണ് നയതന്ത്രപ്രതിനിധികള്‍. ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നവരെ ജയിലിലടയ്ക്കാനോ ശിക്ഷിയ്ക്കാനോ പാടില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഹാരി എസ് ട്രൂമാന്‍ ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 1949ല്‍ അമേരിക്കയുടെ ക്ഷണമനുസരിച്ച് ജവഹര്‍ലാല്‍ നെഹ്രു അമേരിക്ക സന്ദര്‍ശിച്ചു. 1959ല്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1961ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് നെഹ്രു വീണ്ടും അമേരിക്ക സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങള്‍ക്കിടയിലും അതിനു മുന്‍പുമെല്ലാം നടന്ന ചര്‍ച്ചകളില്‍ പലതും നയതന്ത്രബന്ധങ്ങള്‍ ബലപ്പെടുത്താനുദ്ദേശിച്ചുള്ളവ കൂടിയായിരുന്നു കാണണം. ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞുവരുന്നത്, നയതന്ത്രബന്ധങ്ങള്‍ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ മാത്രം താത്പര്യമനുസരിച്ചല്ല, പ്രത്യുത ഇരുരാജ്യങ്ങളുടേയും താത്പര്യമനുസരിച്ചാണു സ്ഥാപിയ്ക്കപ്പെടുന്നത്. നയതന്ത്രപ്രതിനിധികളായാലും നയതന്ത്രോദ്യോഗസ്ഥരായാലും നിലവിലിരിയ്ക്കുന്ന ഈ പരസ്പര ക്ഷണമനുസരിച്ചുതന്നെ ചെന്നിരിയ്ക്കുന്നവരും വന്നിരിയ്ക്കുന്നവരുമാണ്. ക്ഷണമനുസരിച്ചുവന്നെത്തിയിരിയ്ക്കുന്നവരെ അവര്‍ വന്നെത്തിക്കഴിയുമ്പോള്‍ നിയമമെടുത്തുയര്‍ത്തിക്കാട്ടി, അവയെല്ലാം അവര്‍ അനുസരിയ്ക്കണമെന്നു പറയുന്നതു ശരിയല്ല.

ഒരു രാജ്യത്തു താമസിയ്ക്കുന്ന അന്യരാജ്യദൂതര്‍ക്ക് വിയന്നാ കണ്‍വെന്‍ഷന്‍ പോലുള്ള അന്താരാഷ്ട്ര നിയമങ്ങളാണു ബാധകമായിട്ടുള്ളത്. അമേരിക്കയിലെ എല്ലാ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും നയതന്ത്രകാര്യാലയങ്ങളിലെ എല്ലാ ഇന്ത്യന്‍ ഉദ്യോഗസ്ഥരും അമേരിക്കന്‍ നിയമങ്ങളല്ല, അന്താരാഷ്ട്ര നിയമങ്ങളാണ് അനുസരിയ്‌ക്കേണ്ടത്. ഈ വ്യവസ്ഥകളും നിബന്ധനകളും തലമുടിനാരിഴ കീറി വ്യാഖ്യാനിയ്ക്കുമ്പോള്‍ നയതന്ത്രപ്രതിനിധികള്‍ക്കും നയതന്ത്രോദ്യോഗസ്ഥര്‍ക്കും അനുകൂലമായ നിലപാടെടുക്കണം; അവര്‍ ക്ഷണിയ്ക്കപ്പെട്ടവരാണ് എന്നതുതന്നെ കാരണം. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളോ നയതന്ത്രകാര്യാലയങ്ങളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരോ അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ചാല്‍, അമേരിയ്ക്കയ്ക്ക് ആകെക്കൂടി ചെയ്യാവുന്നത് ആ വ്യക്തികളെ അമേരിക്കയില്‍ നിന്നു പുറത്താക്കുക മാത്രമാണ്. ഒരമേരിക്കന്‍ പൌരന്‍ സ്വന്തം രാജ്യമായ അമേരിക്കയ്‌ക്കെതിരെ ചാരപ്പണി നടത്തുന്നെന്നു കരുതുക. അമേരിക്കയ്ക്ക് അയാളെ വിചാരണ ചെയ്ത്, അയാള്‍ക്ക് വധശിക്ഷ പോലും നല്‍കാന്‍ സാധിയ്ക്കും. അമേരിക്കയ്‌ക്കെതിരെ ചാരപ്പണി നടത്തുന്നത് അവിടുത്തെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയോ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനോ ആണെങ്കില്‍ അമേരിക്ക അയാളെപ്പിടിച്ച് ജയിലിലിടരുത്. അമേരിക്കയ്ക്ക് അയാളെ പുറത്താക്കാം, അല്ലെങ്കില്‍ അയാളെ പിന്‍വലിയ്ക്കാന്‍ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാം. ഏകപക്ഷീയമായി, ബലമായി പുറത്താക്കലല്ല, പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ഏറ്റവും ശരി. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയോ നയതന്ത്രഉദ്യോഗസ്ഥനോ കൊലപാതകം, ബലാല്‍ക്കാരം, മോഷണം, എന്നിങ്ങനെയുള്ള ഗുരുതരമായ ക്രിമിനല്‍ക്കുറ്റങ്ങള്‍ ചെയ്താല്‍പ്പോലും അയാളെ അനഭിമതനായി പ്രഖ്യാപിച്ച് പുറത്താക്കാനോ അയാളെ പിന്‍വലിയ്ക്കാന്‍ ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാനോ മാത്രമേ പാടുള്ളു.

നയതന്ത്രപ്രതിനിധികളേയും നയതന്ത്രഉദ്യോഗസ്ഥരേയും അറസ്റ്റുചെയ്ത് തടങ്കലിലിടുകയും ശിക്ഷിയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയാല്‍ അവര്‍ ഭയഭീതരാകുകയും, അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനശിലകളായ തത്വങ്ങളുടെ ലംഘനവുമാകും. ദേവയാനി ഖോബ്രഗഡെ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥയാണ്. ഇന്ത്യാഗവണ്മെന്റിന്റെ പ്രതിനിധിയാണ്. അവര്‍ അമേരിക്കയില്‍ ജീവിയ്ക്കാന്‍ വേണ്ടി സ്വമേധയാ ചെന്നിരിയ്ക്കുന്നതല്ല. ഇന്ത്യാഗവണ്മെന്റാണ് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥയായി അവരെ അമേരിക്കയിലേയ്ക്കയച്ചിരിയ്ക്കുന്നത്. അവര്‍ ക്രിമിനല്‍ക്കുറ്റം ചെയ്‌തെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടെങ്കില്‍ അമേരിക്ക ദേവയാനിയെ അനഭിമതയായി പ്രഖ്യാപിച്ച് പുറത്താക്കുകയോ, അവരെ പിന്‍വലിയ്ക്കാന്‍ ഇന്ത്യയോടാവശ്യപ്പെടുകയോ ആണു വേണ്ടിയിരുന്നത്. അതിനുപകരം ദേവയാനിയെ അറസ്റ്റു ചെയ്തത് നയതന്ത്രബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്.

ദൂതരെ സ്പര്‍ശിയ്ക്കപോലുമരുത് ( ലേഖനം - സുനില്‍ .എം.എസ് )
Join WhatsApp News
വിദ്യാധരൻ 2014-01-01 15:44:26
പിടിച്ചു കെട്ടപ്പെടുന്നത്  ദൂദരുടെ കയ്യിലിരുപ്പു കൊണ്ടാകാം ആതിഥേയന്റെ കയ്യിലിരിപ്പുകൊണ്ടുമാകാം.  ശ്രീകൃഷ്ണനെ ഹസ്തിനപുരിയിലെ ധൃതരാഷ്ട്രമഹാരാജാവിന്റെ കൊട്ടാരത്തില്‍ വച്ച് ദുര്യോധനൻ തുണി പറിച്ചു പരിശോധിച്ചോ കാവിറ്റിയിൽ കയ്യിട്ടു പരിശോധിച്ചോ എന്നൊന്നും മഹാഭാരതത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ദേവയാനി എന്ന ധൂദയെ സംമ്പന്ധിച്ചടത്തോളം, നമ്മളുടെ അറിവ് പ്രകാരം ഒരു നയതന്ത്രജ്ജ്ഞക്ക്  ഭാരതസർക്കാർ കൊടുക്കാത്ത ചില അവകാശങ്ങളെ വളച്ചൊടിച്ചു മറ്റൊരു രാജ്യത്തിന്റെ നിയമങ്ങളെ ലംഘിച്ചു എന്നതിന്റെ പേരിലാണ് പിടിച്ചു കെട്ടിയത്.  അമേരിക്കക്കാര് ഇതുപോലെയുള്ള അവസരങ്ങളിൽ അവരുടെ ദൂദരെ രായിക്കുരാമാനം രക്ഷപ്പെടുത്തിയ സംഭവങ്ങൾ ഉണ്ട്.  ഇന്ത്യക്ക് അത് കഴിഞ്ഞില്ല. ഇപ്പോൾ വീണടത്തുകിടന്നു ഉരുളുന്നു.  " സൂക്ഷിച്ചു പാർത്താൽ ചന്ദ്രനിലും കാണാം കരിപുള്ളികൾ" എന്ന കവി പാടിയിട്ടുണ്ട്, എന്ന് പറഞ്ഞാൽ ദേവന്മാരിലും ദേവതമാരിലും ദേവയാനിയും അവര് കൊണ്ടുവന്ന വേലക്കാരിയിലും എന്നല്ല നമ്മളിലും നിയമങ്ങളെ ലംഘിക്കാനുള്ള പ്രവണത നില നില്ക്കുന്നു. ' പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെപോലെ നിഷ്കളങ്കതയും' ഒക്കെ ഇത്തരം സന്ദർഭങ്ങളിൽ ഓരോ വ്യക്തികളും ഉപയോഗിക്കേണ്ടതാണ്.  മയക്കു മരുന്ന് കഴിച്ചു അറബി രാജ്യത്ത് ജയിലിൽ അടക്കപെട്ട മകനെ നിയമങ്ങള ലംഘിച്ചു രക്ഷപെടുത്തി കൊണ്ടുവന്ന വാര്ത്ത ഇ -താളുകളിൽ വായിക്കാം. ദൂധനിലും ദുരിയോധനനിലും നിയമങ്ങളെ ലംഘിക്കാനുള്ള പ്രവണത ഒളിഞ്ഞു കിടന്നിരുന്നതുപോലെ ദേവയാനിയിലും അവര് സാഹായിക്കാൻ ഒരുമ്പെട്ട വേലക്കാരിയിലും ആ പ്രവണത ഒളിഞ്ഞു കിടക്കുന്നു. സമയം ആകുമ്പോൾ അത് തലപൊക്കും. പക്ഷേ പാമ്പിനെ പോലെ ബുദ്ധിയും പ്രാവിന്റെ നിഷ്കളങ്കതയും ഒക്കെ സമയോചിതമായി പ്രയോഗിക്കുക.

Cherian Jacob 2014-01-01 16:25:22
സുനിൽ നിങ്ങൾ പറഞ്ഞതാണ് ശരി. ഒരു ശത്രു രാജ്യത്തെ പ്രതിനിധിയെപോലും മാന്യമായി സ്വീകരിക്കുന്ന ഒരു രാജ്യത്തെ പ്രധിനിധിയെ വെറും കൊലകുറ്റക്കാരെയും മയക്കുമരുന്ന് കച്ചവടക്കാരെയും പോലെ കൈകാര്യം ചെയ്ത രീതി ഒരിക്കലും അഭിമാനമുള്ള ഒരു രാജ്യത്തിനും വക വച്ച് കൊടുക്കാൻ പറ്റുന്നതല്ല. ഇന്ത്യയിലെ മുംബായ് ഭീകരാക്രമണത്തിന്റെ സൂത്രധാരകനെ ഡേവിഡ്‌ ഹെഡ്‌ലിയേയും അയാളുടെ കൂട്ടുകാരാന്‍ താഹാവൂര്‍ ഹുസൈന്‍ റാണയെയും വിട്ട് കൊടുക്കാതെ പരിരക്ഷിക്കുന്ന നാടാണിത്.  300 പരം ആളുകളെ വെടിവച്ചു കൊല്ലാൻ കൂട്ട് നിന്നവന് അമേരിക്കയിൽ കിട്ടിയത് വെറും 30 വർഷം. ചതിയിൽ പെടുത്തി അകത്താക്കിയ ആനന്ദ്‌ ജോണിന് 59 വർഷം മുതൽ ആജീവനാന്ത കാലം വരെ. ഇവരാണോ നീതി പ്രസങ്ങിക്കുന്നത്‌. 

അമേരിക്കക്ക് ഇന്ത്യ ഇപ്പോൾ കൊടുക്കുന്നതൊന്നും 'റെസിപ്രോസിറ്റി' അല്ല. ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ 
"നീ അളക്കുന്ന അളവിനാൽ നിനക്കും അളന്ന് കിട്ടും"

കൂടിവന്നാൽ 10 വർഷം ജയിലിലിടുമായിരിക്കും, പക്ഷേ ചതിയിൽ പെടുത്തി ആരെയൊക്കെ ശിക്ഷിചിട്ടുണ്ടോ ആ ആളുകളും രാജ്യവും അതിനു കൊടുക്കേണ്ടി വരുന്ന ശാപത്തിന്റെ ശിക്ഷ എല്ലാവരും ചേർന്ന് അനുഭവിക്കേണ്ടി വരും. അത് വരാതിരിക്കട്ടെയെന്നു മാത്രം പ്രാർത്ഥിക്കുന്നു. വീണ്ടും നല്ല ചിന്തകൾ പങ്ക് വയ്ക്കുവാൻ അദൃശ്യനായ ദൈവം നിങ്ങളുടെ കരങ്ങൾക്ക് ശക്തിയെകട്ടെയെന്നും. 
RAJAN MATHEW DALLAS 2014-01-03 01:42:05
 WHAT A JOKE? IF A DELEGATE KILL SOMEBODY OR ENTER INTO DRUG TRAFFICKING, WHAT SHOULD THE POLICE DO ?
Sunil M S 2014-01-04 00:51:03
I quote:

"WHAT A JOKE? IF A DELEGATE KILL SOMEBODY OR ENTER INTO DRUG TRAFFICKING, WHAT SHOULD THE POLICE DO ?" - Rajan Mathew, Dallas.

Raymond Davis, an American, shot and killed two native youths while waiting for traffic signal at a road crossing in Lahore. Pakistani police said it was clear murder. Saying that Davis was an official attached to the US Consulate in Lahore, USA claimed protection for him under the Vienna Convention, and demanded his immediate release. The stand US took in that incident fully endorses the view expounded in my article. Specific consent and permission by the diplomat\\\'s country should be a must before he/she is detained and proceeded against.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക