Image

മനോരമയില്‍ നിന്നും മഴവില്‍ വിരിയുമ്പോള്‍ മത്സരം മുറുകുന്നു

Published on 01 November, 2011
മനോരമയില്‍ നിന്നും മഴവില്‍ വിരിയുമ്പോള്‍ മത്സരം മുറുകുന്നു
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കാന്‍ കേരളപ്പിറവി ദിനത്തില്‍ ഒരു എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനല്‍കൂടി എത്തിയിരിക്കുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ മനോരമയില്‍ നിന്നും മഴവില്‍ എന്ന പേരുമായി പുതിയ എന്റര്‍ടെയിന്റ്‌ചാനല്‍ എത്തുമ്പോള്‍ മലയാളിയുടെ സ്വീകരണമുറിയിലെ കൗതുകകാഴ്‌ചകളിലേക്ക്‌ ഒരു ജാലകം കൂടി തുറക്കപ്പെടുകയാണ്‌. ഓരോ മലയാളിയുടെയും എന്റര്‍ടെയിന്റ്‌മെന്റ്‌ രംഗത്തെ ഓപ്‌ഷനുകള്‍ വര്‍ദ്ധിക്കുന്നു എന്നതിനൊപ്പം ചാനല്‍ രംഗത്തെ മത്സരം വീണ്ടും മുറുകും എന്നതും ഇവിടെ ശ്രദ്ധേയമാണ്‌.

ഏറ്റവും മികച്ച ടെക്‌നിക്കര്‍ പെര്‍ഫെക്ഷന്‍ വാഗ്‌ദാനം ചെയ്‌തുകൊണ്ടും പരിപാടികളില്‍ വ്യത്യസ്‌തകളുടെ അവകാശവാദങ്ങള്‍ നിരത്തിക്കൊണ്ടുമാണ്‌ പ്രേക്ഷകരിലേക്ക്‌ മഴവില്‍ എത്തുന്നത്‌. ഇത്‌ കേരളത്തിലെ ദൃശ്യമാധ്യമരംഗത്തെ വിനോദ വിഭാഗത്തില്‍ കൂടുതല്‍ മികച്ച മത്സരമുണ്ടാക്കുമെന്ന്‌ തീര്‍ച്ച. എന്നാല്‍ ഈ മത്സരം കൂടുതല്‍ മെച്ചപ്പെട്ട കലാപരമായ മികവുകള്‍ പ്രകടമാകാന്‍ കാരണമാകട്ടെയെന്ന്‌ പ്രേക്ഷകന്‌ ആശംസിക്കാം.

എന്നാലിവിടെ ശ്രദ്ധേയമായ ചില സംശയങ്ങളും തീര്‍ച്ചയായും പ്രേക്ഷകന്റെ ഭാഗത്തു നിന്നും ഉണ്ടാകാം. നിലവില്‍ മലയാളത്തിലെ എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനലുകളിലെ കിടമത്സരം പ്രോഗ്രാമുകളില്‍ യാതൊരു പുതുമകളും നല്‍കാനാവാതെ ചാനലുകളെ ദുര്‍ബലപ്പെടുത്തുകയാണ്‌.

റിയാലിറ്റി ഷോ മലയാളത്തില്‍ ഒരു തരംഗമായതില്‍ പിന്നീട്‌ ഒരേ അച്ചുകൂടത്തില്‍ വാര്‍ത്തെടുത്ത റിയാലിറ്റി കാഴ്‌ചകളാണ്‌ നമ്മുടെ ചാനലുകള്‍ എമ്പാടും. ഇതിനൊപ്പം കണ്ണീര്‍പരമ്പരകളും മെഗാസീരിയലുകളും ചാനലുകളിലെ നല്ല സമയവും അപഹരിക്കുന്നു. ഇതിനൊപ്പമാണ്‌ സിനിമാധിഷ്‌ഠിത പരിപാടികളുടെ കുത്തൊഴുക്ക്‌. റിയാലിറ്റിഷോകളും, കണ്ണീര്‍പരമ്പരകളും പിന്നെ സിനിമാ താരസല്ലാപങ്ങളും ചേരുമ്പോള്‍ നമ്മുടെ ചാനലുകളിലെ ഒരു ദിവസം പൂര്‍ത്തിയാകുന്നു. ഇതില്‍ തന്നെ കാര്യമായ വ്യത്യസ്‌തതകള്‍ നല്‍കാന്‍ നമ്മുടെ ചാനലുകള്‍ക്ക്‌ കഴിയാറില്ല എന്നതാണ്‌ സത്യം. റിയാലിറ്റി ഷോകള്‍ മിക്കവയും ഏതെങ്കിലും ചാനലില്‍ വിജയിച്ച ഷോകളുടെ അനുകരണങ്ങള്‍ മാത്രമായി പോകുന്നതും ഒരു പ്രശ്‌നമാണ്‌. ഇവിടെയാണ്‌ ചാനലുകളില്‍ പുതുമകള്‍ നഷ്‌ടപ്പെടുന്നത്‌. പെരുപ്പിച്ച്‌ കാട്ടുന്ന റേറ്റിംഗ്‌ കണക്കുകള്‍ക്ക്‌ അപ്പുറം ചാനലുകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടോ എന്നത്‌ സ്വയമൊരു വിശകലനം നടത്തി നോക്കുന്നത്‌ നന്നായിരിക്കും.

നമ്മുടെ ചാനലുകള്‍ ഇപ്പോള്‍ പ്രേക്ഷകരുടെ അനുഭാവം കുറഞ്ഞത്‌ തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുമുണ്ട്‌. അണിയറയില്‍ ഒരുങ്ങുന്ന പുതിയ പോഗ്രാമുകള്‍ സൂചിപ്പിക്കുന്നത്‌ അത്‌ തന്നെയാണ്‌.

സൂപ്പര്‍താരത്തെ എത്തിക്കാന്‍ ഏഷ്യാനെറ്റ്‌

മഴവില്ല്‌ സൃഷ്‌ടിക്കാന്‍ പോകുന്ന മത്സരത്തെ മറികടക്കാന്‍ ഏഷ്യാനെറ്റ്‌ അണിയറയില്‍ പുത്തുന്‍ പോഗ്രാമുകളുമായി തയാറെടുക്കുകയാണ്‌. സ്റ്റാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തയാറെടുക്കാന്‍ പോകുന്ന കോന്‍ബനേഗാ ക്രോര്‍പതി മോഡല്‍ റിയാലിറ്റി ഷോയാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കേരളത്തിലെ ഒരു സൂപ്പര്‍താരത്തെ റിയാലിറ്റി ഷോ അവതാരകനായി എത്തിക്കാനാണ്‌ ഇവിടെ ഏഷ്യാനെറ്റിന്റെ ശ്രമം. ഹിന്ദിയില്‍ അമിതാഭ്‌ ബച്ചനും, ഷാരൂഖ്‌ ഖാനുമൊക്കെ ക്രോര്‍പതിയുടെ അവതാരകരായി എത്തി സിനിമയെ വെല്ലുന്ന പ്രകടനം കാഴ്‌ചവെച്ചത്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. അമിതാഭിന്റെയും ഷാരൂഖിന്റെ സാന്നിധ്യം ഈ റിയാലിറ്റിഷോയെ വലിയ ഉയരങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ റിയാലിറ്റി ഷോകളില്‍ സാധാരണ കാണുന്നത്‌ സിനിമയില്‍ അധികം സജീവമല്ലാത്ത താരങ്ങളെയാണ്‌. കൂടുതലും പഴയകാല നായികമാര്‍. സൂര്യാ ടിവിയില്‍ മുകേഷ്‌ ഡീന്‍ ഓര്‍ നോ ഡീന്‍ എന്ന പോഗ്രാം അവതരിപ്പിക്കുന്നുണ്ട്‌ എന്നതാണ്‌ ഒരു പ്രധാന ചലച്ചിത്രതാരം അവതാരകനാകുന്ന പരിപാടി. എന്നാല്‍ ഒരു സൂപ്പര്‍താരം നേരിട്ട്‌ അവതാരകനാകുന്ന പരിപാടി മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിരിക്കും.

മെഗാസ്റ്റാര്‍ മമ്മൂട്ടി, സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപി, യൂത്ത്‌ ഐക്കണ്‍ പൃഥ്വിരാജ്‌ എന്നിവരുടെ പേരുകള്‍ ഈ ഷോയിലേക്ക്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. എന്തായാലും അധികം വൈകാതെ തന്നെ ഈ ഷോ ഏതെങ്കിലുമൊരു സൂപ്പര്‍താരവുമായി തന്നെ പ്രേക്ഷകരിലേക്ക്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

മുകേഷ്‌ കഥകള്‍

മികച്ച ശ്രമങ്ങള്‍ എപ്പോഴും മിനിസ്‌ക്രിനിലും ഉണ്ടാകുന്നുണ്ട്‌. അമൃതാ ടിവിയിലെ കഥയല്ലിത്‌ ജീവിതം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ്‌ നേടുന്ന ഡീല്‍ ഓര്‍ ഡീല്‍ എന്നിവ ഇത്തരത്തിലുള്ള പോഗ്രാമുകളാണ്‌.

കൈരളി ടിവി ആരംഭിച്ചിരിക്കുന്ന മുകേഷ്‌ കഥകളും ഈ ശ്രേണിയില്‍ പെടുത്താവുന്ന പോഗ്രാമാണ്‌. പരമ്പരകളുടെ ലോകത്ത്‌ പുതിയൊരു അനുഭവമായിരിക്കും മുകേഷ്‌ കഥകള്‍ സൃഷ്‌ടിക്കുക. ചലച്ചിത്ര സംവിധായകനായ അനില്‍ സംവിധാനം ചെയ്യുന്ന മുകേഷ്‌ കഥകള്‍ പ്രശസ്‌ത ചലച്ചിത്രതാരം മുകേഷിന്റെ അനുഭവക്കുറിപ്പുകളില്‍ നിന്നും രൂപപ്പെടുത്തിയിരിക്കുന്നതാണ്‌. മുകേഷ്‌ കഥകള്‍ എന്ന പേരില്‍ പുസ്‌തകമായി പുറത്തെത്തിയ മുകേഷിന്റെ അനുഭവക്കുറിപ്പുകള്‍ ഇപ്പോള്‍ മിനി സ്‌ക്രീനിലേക്ക്‌ എത്തിയിരിക്കുന്നു. നാല്‌ എപ്പിസോഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കഥകള്‍ അണിയിച്ചൊരുക്കുന്നു എന്നതാണ്‌ ഈ പരമ്പരയുടെ പ്രത്യേകത.

ചലച്ചിത്രലോകത്തെ പ്രശസ്‌തനായ ഒരു വ്യക്തിയുടെ സത്യസന്ധവും നര്‍മ്മരസമുള്ളതുമായ അനുഭവക്കുറിപ്പുകള്‍ പരമ്പരയാകുന്നു എന്നത്‌ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ പുതുമയുള്ള കാര്യമാണ്‌. നടന്‍ മുകേഷും ഈ പരമ്പരയുടെ ഭാഗമായി എത്തുന്നുണ്ട്‌. മുകേഷിന്റെ അമ്മ അടക്കമുള്ള കുടുംബാഗങ്ങളും ഈ പരമ്പരയുടെ ഭാഗമായി എത്തുന്നു എന്നതും പ്രത്യേകത തന്നെ.

മഴവില്‍ കാഴ്‌ചകള്‍

സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ വോയ്‌സ്‌ എന്ന പോഗ്രാമാണ്‌ മഴവില്‍ ചാനലിന്റെ ഹൈലൈറ്റ്‌. ഗായകരായ സുജാതയും ശ്രീനിവാസനുമാണ്‌ പ്രധാന ജൂറി മെമ്പര്‍മാര്‍. ശങ്കര്‍ മഹാദേവന്‍, ശിവമണി, ശരത്‌, ഉണ്ണികൃഷ്‌ണന്‍, കമല്‍, ബ്ലസി തുടങ്ങി പ്രമുഖരെ സ്‌പെഷ്യല്‍ ജൂറിമാരായും പ്രതീക്ഷിക്കുന്നുണ്ട്‌. ഇവിടെയും മികച്ച ഗായകന്‌ കൊടുക്കുന്നത്‌ ഒരു കോടി രൂപ തന്നെ. കുട്ടികള്‍ നഷ്‌ടപ്പെട്ട പോയ കുടുംബങ്ങളിലൂടെ കടന്നു ചെന്ന്‌ അവരുടെ ദുഖങ്ങള്‍ പകര്‍ത്തുന്ന കാണാമറയത്ത്‌ എന്ന പരിപാടിയും മഴവില്ലിന്റെ പ്രധാന ഹൈലൈറ്റ്‌ തന്നെ. നടി രേവതിയാണ്‌ ഈ പോഗ്രാം അവതരിപ്പിക്കുന്നത്‌.

നടി രോഹിണി അവതാരകയായി എത്തുന്ന സെലിബ്രിറ്റി ടോക്‌ ഷോയാണ്‌ കഥ ഇതുവരെ. പ്രമുഖ വ്യക്തികള്‍ അവരുടെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമായി നടത്തുന്ന കൂടികാഴ്‌ചയാണ്‌ ഈ ടോക്‌ ഷോ. കെ.പിഎ.സി ലളിത, കാവ്യമാധവന്‍, സലിംകുമാര്‍, ഒ.രാജഗോപാല്‍ എന്നിവര്‍ ആദ്യ എപ്പിസോഡുകളില്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുന്നു.

ഫാമിലി റിയാലിറ്റിഷോയാണ്‌ വെറുതെയല്ല ഭാര്യയില്‍ അവതാരകയായി ചലച്ചിത്ര താരം ശ്വേതാമേനോന്‍ എത്തുന്നു. ഇതിനൊപ്പം പ്രശസ്‌ത സംവിധായകരായ എ.എം നസീറിന്റെ പരിണയം, കെ.കെ രാജീവിന്റെ കഥയിലെ രാജകുമാരി, കലാധരന്റെ മാനസവീണ, വിജി തമ്പിയുടെ ക്രൈം ത്രില്ലര്‍ മാസ്‌ക്‌, ആര്‍ ഗോപിനാഥിന്റെ മനസ്‌ പറയുന്ന കാര്യങ്ങള്‍ എന്നിവയും മഴവില്ലില്‍ പരമ്പരകളായി എത്തുന്നു. ഇതിനൊപ്പം ശ്രീകണ്‌ഠന്‍ നായരുടെ ടോക്‌ ഷോ സമദൂരം മഴവില്ലിലൂടെ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക