Image

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം യുഡിഎഫിന്റെ മുഖം മിനുങ്ങുമോ? ബെന്നി പരിമണം

ഈമലയാളി എക്‌സ്‌ക്ലൂസീവ് Published on 01 January, 2014
ചെന്നിത്തലയുടെ മന്ത്രിസ്ഥാനം യുഡിഎഫിന്റെ മുഖം മിനുങ്ങുമോ? ബെന്നി പരിമണം
വളരെയധികം ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും വിധേയമായ രമേശ് ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശനം ഇന്ന് യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുന്നു. ഇനി അറിയേണ്ടത് ദിനംപ്രതി പ്രശ്‌നങ്ങളുടെ പടുകുഴിയില്‍ താണുകൊണ്ടിരിക്കുന്ന യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും, സംസ്ഥാന ഭരണത്തിലും ഇത് എത്രമാത്രം മാറ്റങ്ങള്‍ക്ക് വിധേയമായിത്തീരും എന്നാണ്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പോലെ സങ്കീര്‍ണമായ ഒരു പ്രശ്‌നം കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ ഇടപെടലിലൂടെ ഇത്ര നിസ്സാരമായി സാധിച്ചതില്‍ നേതൃത്വത്തിന് വളരെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വരാനിരിക്കുന്നത് പാളയത്തില്‍ നിന്നു തന്നെയുള്ള ആക്രമണം ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സത്യ പ്രതിജ്ഞയ്ക്കു മുന്‍പു തന്നെ അതിന്റെ സൂചനകളുമായി ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും, കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ മുദ്രണം ചെയ്യേണ്ട തന്റെ ഒന്നര വര്‍ഷത്തെ ആഭ്യന്തര ഭരണത്തില്‍ നിന്നും തന്നെ മാറ്റിയതിലുള്ള നീരസം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രകടിപ്പിച്ചു കഴിഞ്ഞു. ഒപ്പം തന്നെ പുതിയ വെളിപ്പെടുത്തലുമായി വിവാദ നായിക സരിതയുടെ മാതാവും രംഗത്ത് എത്തിക്കഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് പുതുവര്‍ഷം കോണ്‍ഗ്രസിലും യുഡിഎഫിലും പല പൊട്ടിത്തെറികളും സംഭവിക്കും എന്നു തന്നെയാണ്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ ഒക്കെ ആളിക്കത്തുമ്പോള്‍ അത് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വീണ്ടും വിധേയമാകുവാന്‍ സാധ്യതയുണ്ട്.
ഗവണ്‍മെന്റിനെതിരെ പ്രത്യേകിച്ച് സോളാര്‍ വിഷയത്തില്‍ പലവിധമായ സമരമുറകള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷം ഒന്നിലും സ്ഥായിയായ വിജയം കാണാതെ അണികള്‍ക്കു മുന്‍പില്‍ നാണം കെട്ടു നില്‍ക്കുന്ന ഈ വേളയില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഏതു വിധമാണ് പുതിയ സമര നാടകങ്ങള്‍ സ്വീകരിക്കുന്നത് എന്നത് നമുക്ക് കണ്ടറിയാം. എന്തുതന്നെയായാലും വീണ്ടും ഒരു സാഹസത്തിന് മുതിര്‍ന്ന് സ്വയം അപഹാസ്യരായിത്തീരില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
എന്തു തന്നെയായാലും ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റിന് കൂടുതല്‍ ഭീഷണി അനുഭവിക്കേണ്ടി വരുന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നല്ല, മറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമാണെന്നുള്ളത് പകല്‍ പോലെ സത്യം തന്നെയാണ്. എന്നാല്‍ ഈ ഗവണ്‍മെന്റിന്റെ ഇതുവരെയുള്ള കാലയളവില്‍ ഉയര്‍ന്നുവരുന്ന ചെറുതും വലുതുമായ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയശ്രീലാളിതനായി മുന്നോട്ടു യാത്ര ചെയ്യുന്ന ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ന്നും എല്ലാ തടസ്സങ്ങളെയും തട്ടി മാറ്റി മികച്ച ഭരണം കാഴ്ച്ചവെക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ പ്രശ്‌നങ്ങളുടെ എല്ലാം മധ്യത്തിലും സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ കൂടുതല്‍ തിളങ്ങുവാന്‍ ഇടയായി.
ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല വരുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ വളരെയധികം ആണ്. വരുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണത്തിന്റെയും യുഡിഎഫിന്റെയും ഭാവി ഭദ്രമാക്കുവാന്‍ ഈ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ടുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, രമേശിന്‌റെ രാഷ്ട്രീയ ജീവിതത്തില്‍ അത് ഒരു പൊന്‍ കിരീടം തന്നെ ആയിരിക്കും. മറിച്ചാണെങ്കില്‍ തന്റെ രാഷ്ട്രീയ ഭാവി മികച്ച രീതിയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അക്ഷീണം അദ്ദേഹത്തിന് പ്രയന്തിക്കേണ്ടിവരും. എന്തുതന്നെ ആയാലും കെ.എസ്.യു. മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില അടിസ്ഥാനമുറപ്പിച്ച സംഘടനാതലത്തിലും ഭരണത്തിലും പലവിധമായ പദവികളും അലങ്കരിച്ച ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം വിജയകരമായ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടെയാണ് ഈ പുതിയ മന്ത്രിസ്ഥാനം. തുടര്‍ച്ചയായി ഇത്രയും നാള്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടി നല്‍കി എന്നുള്ളതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ ഇനി നമുക്കറിയേണ്ടത് ഈ സ്ഥാനമാറ്റങ്ങള്‍ യു.ഡി.എഫില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെപ്പറ്റിയാണ്. ഇത് യുഡിഎഫിന്റെ പ്രതിച്ഛായ ഉയര്‍ത്തും എന്ന് അവകാശപ്പെടമ്പോള്‍ തന്നെ മറുവശത്ത് ഇതിന്റെ പരിണിതഫലങ്ങള്‍ ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പിനെ ദോഷമായി ബാധിക്കുമോ എന്നും നമുക്ക് കണ്ടറിയാം..


ചെന്നിത്തലയുടെ മന്ത്രിസ്ഥാനം യുഡിഎഫിന്റെ മുഖം മിനുങ്ങുമോ? ബെന്നി പരിമണം
Join WhatsApp News
RAJAN MATHEW DALLAS 2014-01-02 10:45:42
തീര്ച്ചയായും! ഇപ്പോൾ ഇടതുപക്ഷത്തെ സഹായിക്കുന്ന പോലീസ് ആ നിലപാട് മാറ്റിയെ പറ്റൂ!  കണ്ണൂരിലടക്കം കേരളം മുഴുവൻ കോണ്‍ഗ്രസ്‌ കൂടുതൽ ശക്തിപ്പെടുകയും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് കൂടുതൽ സീറ്റ് നേടുകയും ചെയും... 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക