Image

അയല്‍ക്കാരെ സൃഷ്ടിക്കുന്ന ആഗോളീകരണം മനുഷ്യരെ സഹോദരങ്ങളാക്കുന്നില്ല

Published on 03 January, 2014
അയല്‍ക്കാരെ സൃഷ്ടിക്കുന്ന ആഗോളീകരണം മനുഷ്യരെ സഹോദരങ്ങളാക്കുന്നില്ല

ഡോ. സെബാസ്റ്റൃന്‍ പോള്‍ നല്കിയ പുതുവത്സരസന്ദേശം :
Merry Chrsitmas and Happy New Year!
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആശംസാവാക്കുകളാണ്. ക്രിസ്മസ്സും നവവത്സരവുമായി അത്രയേറെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവരും അക്രൈസ്തവരും ഒരുപോലെ സന്തമാക്കിയ ആശംസയാണിത്. സദ്വാര്‍ത്തയുടെ ആഘോഷമാണ് ക്രിസ്തുമസ്. സകല ജനത്തിനും രക്ഷ ലഭിക്കുമെന്ന സന്തോഷത്തിന്‍റെ വാര്‍ത്ത. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം ലഭിക്കുമെന്ന ശുഭവാര്‍ത്ത. 

ജനുവരി ഒന്ന് ലോക സമാധാന ദിനമായി ആഗോളസഭ ആചരിച്ചപ്പോള്‍ ക്രിസ്മസ് രാത്രിയിലെ സമാധാനത്തിന്‍റെ ആശംസയാണ് ലോകം നവീകരിക്കുന്നത്. എന്നാല്‍ ആശംസിക്കപ്പെട്ടവര്‍ക്ക് സദ്വാര്‍ത്ത ലഭിക്കുന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ടവര്‍ക്ക് സമാധാനം ലഭിക്കുന്നില്ല. സമാധാനം ദൈവത്തിന്‍റെ വാഗ്ദാനമാണ്. അത് ദൈവകൃപയാണ്. 
നല്ല മനസ്സുള്ളവര്‍ക്കാണ് ദൈവകൃപലഭിക്കുന്നത്. കായേന്‍ നഷ്ടപ്പെടുത്തിയ സാഹോദര്യത്തിന്‍റെ നല്ല മനസ്സ് വീണ്ടെടുക്കുവാനുള്ള ആഹ്വാനമാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ആദ്യ ലോകസമാധാനദിന സന്ദേശത്തില്‍ നല്കുന്നത്. സാഹോദര്യത്തില്‍ അധിഷ്ഠിതമാണ് സമാധാനമെന്ന് പാപ്പാ ലോകജനതയെ അനുസ്മരിപ്പിക്കുന്നു. സമയവും ദൂരവും കീഴ്പ്പെടുത്തിയ സാങ്കേതികവിദ്യ ലോകത്തെ ഒരാഗോള ഗ്രാമമാക്കി മാറ്റിയിരിക്കുന്നു. ദേശത്തിന്‍റെ അതിരുകളെ ഭേദിക്കുന്ന ആഗോളീകരണം വിദൂരദേശങ്ങളെ അയല്‍പക്കങ്ങളാക്കുകയും, വ്യത്യസ്ത ജനതകളെ അയല്‍ക്കാരാക്കുകയും ചെയ്തു. 

അയല്‍ക്കാരന്‍ ആര്, എന്ന ചോദ്യത്തിന് യേശു നല്കിയ ഉത്തരം ഇന്ന് അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നു. എന്നാല്‍ അയല്‍ക്കാരെ സൃഷ്ടിച്ച ആഗോളീകരണം മനുഷ്യരെ സഹോദരങ്ങളാക്കുന്നില്ല എന്ന വിമര്‍ശനമാണ് മുന്‍പാപ്പാ ബനഡിക്ട് പാപ്പാ ഉയര്‍ത്തിയത്. സഹോദര്യത്തിന്‍റെ ആഭാവമാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തെ ആകുലതയോടെ ഓര്‍മ്മിപ്പിക്കുന്നത്. 
ഇന്ന് ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സഹവര്‍ത്തിത്വം നിലനില്പിനുവേണ്ടിയുള്ള സ്വാര്‍ത്ഥമായ നിലപാടു മാത്രമാണെന്ന് പാപ്പാ കുറ്റപ്പെടുത്തുന്നു. അടുത്ത ലോക മഹായുദ്ധത്തിനുശേഷം മനുഷ്യന്‍ എവിടെ ആരംഭിച്ചുവോ അവിടെ എത്തിച്ചേരുമെന്ന് ഐന്‍സ്റ്റീന്‍ നല്കിയ മുന്നറിയിപ്പ് ലോകം ഓര്‍മ്മിക്കുന്നത് നല്ലതാണ്. അതുകൊണ്ടാണ് നിലനില്പിനുവേണ്ടിയുള്ള സഹവര്‍ത്തിത്വം എന്ന ആശയം സ്വീകാര്യമായത്. എന്നാല്‍ സമാധാനമെന്നത് പ്രായോഗികമായ സഹവര്‍ത്തിത്വമല്ല. അതിജീവനത്തിനുവേണ്ടിയുള്ള സഹവര്‍ത്തിത്വം സമസ്ത ജീവജാലങ്ങളെയും പ്രകൃതി പഠിപ്പിച്ച പാഠമാണ്. 

സോഹദര്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നത്. സാഹോദര്യത്തിലൂടെയാണ് ആയല്‍ക്കാര്‍ ഉണ്ടാകുന്നത്. സാഹോദര്യത്തില്‍ അധിഷ്ഠിതമായി അയല്‍ക്കൂട്ടങ്ങള്‍ വികസിക്കണം. എല്ലാവരും എല്ലാവരുടെയും കാവല്‍ക്കാരാകുമ്പോള്‍, യുദ്ധം ഒഴിഞ്ഞുപോകും. ഈ അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം. ദൈവത്തിന്‍റെ പിതൃത്വത്തെ ആധാരമാക്കി ഏകീഭവിക്കുന്ന മാനവ സാഹോദര്യമാണ് ദൈവകൃപയ്ക്ക് കാരണമാകുന്നത്. അങ്ങനെയുള്ള അവസ്ഥയില്‍ സമാധാനം എന്നത് ദൈവത്തിന്‍റെ കൃപയ്ക്കൊപ്പം മനുഷ്യന്‍റെ അവകാശവുമായി തീരുന്നു. 

സാഹോദര്യത്തിന്‍റെ മേശയ്ക്കുചുറ്റും ഉടമകളുടെയും വിമോചിതരായ അടിമയുടെയും മക്കള്‍ ഒരുമിച്ചിരിക്കുന്ന ദിനമാണ് മാര്‍ട്ടിന്‍ ലൂതര്‍ കീങ്ങ് 50 വര്‍ഷങ്ങള്‍‍ക്കുമുന്‍പ് സ്വപ്നംകണ്ടത്. Table of brotherhood എന്നത് മനോഹരമായ സങ്കല്പമാണ്. ധനികനോടൊപ്പം ലാസറിനും ഇടമുള്ള മേശയാണത്. അബ്രാഹത്തിന്‍റെ മടിയില്‍ ഇരുവര്‍ക്കും ഇടമുണ്ടാകും. ലോകസമാധാന ദിനംതന്നെ അപ്രത്യക്ഷമാകുന്ന ദൈവികവും മനോഹരവുമായ അവസ്ഥയായിരിക്കും അത്. 

സഹോദര്യത്തിന്‍റെ അഭാവത്തിലാണ് സമാധാനം ഇല്ലാതാകുന്നത്. സഹോദര്യത്തിന്‍റെ അഭാവത്തില്‍ത്തന്നെയാണ് അനീതിയുണ്ടാകുന്നത്. അനീതിയില്‍നിന്നാണ് ദാരിദ്ര്യം ഉണ്ടാകുന്നത്. ദാരിദ്ര്യമാണ് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശ ലംഘനം. സമസ്തവും സകലര്‍ക്കുമായി വാഗ്ദാനംചെയ്യപ്പെട്ടിരിക്കെ, എന്തുകൊണ്ടാണ് ബഹുഭൂരിപക്ഷവും പാവപ്പെട്ടവരായി കഴിയുന്നത്. ഈ ചോദ്യമാണ് ആഗോളീകരണ കാലത്ത് നിരന്തരമായും ഉയരുന്നത്. Wall street-ലെ പ്രക്ഷോഭകരും ആഗോളീകരണത്തിനെതിരെയുള്ള പ്രതിഷേധക്കാരും ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. 

അനീതിക്കെതിരായ ഉറച്ച നിലപാടാണ് ചരിത്രത്തില്‍ യേശുവിനെ വ്യത്യസ്തനാക്കുന്നത്. യേശുവിന്‍റെ സഭ ഏറ്റെടുത്തിരിക്കുന്ന ചിരത്രപരമായ ദൗത്യവും അതാണ്. ഉറയില്‍ സൂക്ഷിക്കാന്‍ ആജ്ഞാപിക്കപ്പെട്ട വാള്‍, പത്രോസിന്‍റെ സിംഹാസനത്തിന്‍റെ ഭാഗമാണ്. അവസരോചിതമായി പ്രയോഗിക്കാനുള്ളതാണ് വാള്‍. ഫ്രാന്‍സിസ് പാപ്പായെ മാര്‍ക്സിസ്റ്റായി കണ്ടവരുണ്ട്. ദാരിദ്ര്യത്തിനെതിരെയും അനീതിക്കെതിരെയും യേശുവിനെപ്പോലെ സംസാരിക്കുന്ന ആരെയും ലോകം അങ്ങനെ സംശയിക്കും. അങ്ങനെ ചെയ്താല്‍ എന്തുകിട്ടുമെന്ന ചോദ്യമില്ലാതെ 
അപരനെ അയല്‍ക്കാരനായി കണ്ട് അവനുവേണ്ടി പ്രവര്‍ത്തിക്കുന്നവാനാണ് യഥാര്‍ത്ഥ വിശ്വാസി. അവന്‍ തന്നെയാണ് യഥാര്‍ത്ഥ വിപ്ലവകാരിയും. യഥാര്‍ത്ഥ വിശ്വാസിയും യഥാര്‍ത്ഥ വിപ്ലവകാരിയും സഹോദരന്‍റെ കാവല്‍ക്കാരനാകുന്നു. മാര്‍ക്സിറ്റ്കാരിലും നന്മയുണ്ടെന്ന് പാപ്പാ പറഞ്ഞത് ഈ ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കണം. 

അന്നന്നുവേണ്ട ആഹാരത്തിനുള്ള പ്രാര്‍ത്ഥനയാണ് യേശു പഠിപ്പിച്ചത്. അനവന്‍റെ ആഹാരത്തിനുവേണ്ടിയുള്ളതല്ല ആ പ്രാര്‍ത്ഥന. പൊതുവായ ആഹാരത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണത്. അതുകൊണ്ടാണ് അത് ഞങ്ങളുടെ ആഹാരമായത്. നെറ്റിയിലെ വിയര്‍പ്പാണ് ആഹാരത്തിന്‍റെ അടിസ്ഥാനം. വിയര്‍ക്കുന്നവും വിശക്കുന്നവനും ആഹാരത്തിന് അര്‍ഹതയുണ്ട്. അത് അപഹിക്കപ്പെടരുത്. അനീതിക്കെതിരെയുള്ള ഏറ്റുമുട്ടലിലാണ് സമാനചിന്തയുള്ളവര്‍ സംയോജിക്കുന്നത്. കേരളത്തിലെ മലയോരങ്ങളിലും തീരദേശങ്ങളിലും അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കുമ്പോള്‍ നല്ലവരുമായി സഹകരിക്കുകയെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടിന് പ്രസക്തിയുണ്ടാകുന്നു. വിശ്വാസവും പ്രത്യായ ശാസ്ത്രവും സൃഷ്ടിക്കുന്ന ഭിന്നതകള്‍ മറന്ന് വടക്കനച്ചനും എകെജിയും കുടിയിറക്കപ്പെടുന്ന കര്‍ഷകര്‍ക്കുവേണ്ടി ഒരുമിച്ചത് വിശാലമായ മനുഷ്യസ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. 

ആഗോളീകരണം സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ അനീതികള്‍ക്കെതിരെ സംയുക്തമായ നീക്കം കാലം ആവശ്യപ്പെടുന്നുണ്ട്. സമാധാനത്തിന് ആധാരമാകുന്ന ദൈവകൃപ നല്ല മനസ്സുള്ളവര്‍ക്ക് ലഭിക്കപ്പെടും. പങ്കിലമായ ബാബിലോണുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ ദൈവത്തിന്‍റെ സമാധാനം ഭൂമിയില്‍ നിറയും. അപ്പോള്‍ സമാധാനം ഒരു ദിനാചരണം മാത്രമാകാത്ത അവസ്ഥയുണ്ടാകും. വത്തിക്കാന്‍ റേഡിയോ മാന്യശ്രോതാക്കള്‍ക്കേവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍!


 
അയല്‍ക്കാരെ സൃഷ്ടിക്കുന്ന ആഗോളീകരണം മനുഷ്യരെ സഹോദരങ്ങളാക്കുന്നില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക