Image

മണിപ്പുരിലെ ദേശീയപാത ഉപരോധം പിന്‍വലിച്ചു

Published on 01 November, 2011
മണിപ്പുരിലെ ദേശീയപാത ഉപരോധം പിന്‍വലിച്ചു
ഇംഫാല്‍: മണിപ്പുരിലെ ദേശീയപാതകളില്‍ മൂന്നു മാസമായി തുടരുന്ന ഉപരോധം ഭാഗികമായി പിന്‍വലിച്ചു. ജില്ലാ പുനഃസംഘടനാ റിപ്പോര്‍ട്ട് ലഭിച്ചാലുടനെ സര്‍ദാര്‍ ഹില്‍സിനെ ജില്ലയായി ഉയര്‍ത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെതുടര്‍ന്നാണ് പ്രക്ഷോഭകാരികള്‍ ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സെനാപെട്ടി ജില്ലയില്‍ കുകികള്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ദാര്‍ ഹില്‍സ് പ്രദേശത്തെ പ്രത്യേക ജില്ലയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സര്‍ദാര്‍ ഹില്‍സ് ഡിസ്ട്രിക്ട് ഡിമാന്‍ഡ് കമ്മറ്റി ഉപരോധം സംഘടിപ്പിച്ചത്. ഇംഫാല്‍-ഗുവാഹട്ടി(എന്‍.എച്ച്-39), ഇംഫാല്‍ - സില്‍ചാര്‍(എന്‍.എച്ച്-53) എന്നീ ദേശീയ പാതകളിലാണ് സമിതി ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം സമിതിയുടെ ആവശ്യത്തിനെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഉപരോധം തുടരുകയാണ്.

ഉപരോധത്തെതുടര്‍ന്ന് മണിപ്പുരില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരുന്നു. വന്‍ക്ഷാമമുണ്ടായിരുന്ന പെട്രോള്‍ ലിറ്ററിനു 150 രൂപ വരെയാണ് കരിഞ്ചന്തയില്‍ ഈടാക്കിയിരുന്നത്. പാചകവാതകത്തിന് 1500 രൂപയും അരിക്ക് 80 രൂപയും പഞ്ചസാരയ്ക്ക് 70 രൂപയുമായിരുന്നു വില.

അയല്‍സംസ്ഥാനങ്ങളായ നാഗാലാന്‍ഡിലൂടെയും അസമിലൂടെയും കടന്നുപോകുന്ന 39, 53 ദേശീയപാതകളിലൂടെയാണ് മണിപ്പുരിലേയ്ക്ക് ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തിയിരുന്നത്. ഈ പാതകളാണ് കഴിഞ്ഞ മൂന്നു മാസമായി ഉപരോധിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക