Image

ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ

Published on 01 November, 2011
ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാരം: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ജന്‍ലോക് പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം തുടരുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനയച്ച കത്തിലാണ് ശീതകാല സമ്മേളനം അവസാനിക്കുന്ന ദിവസം മുതല്‍ നിരാഹാം തുടങ്ങുമെന്ന് ഹസാരെ വ്യക്തമാക്കിയിട്ടുള്ളത്.

മൂന്നോ നാലോ ദിവസത്തിനകം മൗനവ്രതം അവസാനിപ്പിക്കുമെന്നും അഴിമതിവിരുദ്ധ പ്രചാരണത്തിന് തനിക്കു പിന്തുണ നല്‍കുന്ന എല്ലാവരെയും കാണുന്നതിന് രാജ്യത്തൊട്ടാകെ പര്യടനം നടത്തുമെന്നും ഹസാരെ അറിയിച്ചിട്ടുണ്ട്.

മൗനവ്രതം അവസാനിപ്പിച്ചശേഷം സംസ്ഥാനങ്ങള്‍ തോറും പര്യടനം നടത്തി ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ജനപിന്തുണ നേടി ഊര്‍ജം സംഭരിക്കുകയാണ് ഹസാരെയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തള്ളാനും തിരിച്ചുവിളിക്കാനും ഉള്ള അവകാശം നേടിയെടുക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ജനാഭിപ്രായം സ്വരൂപിക്കുകയെന്ന ഉദേശ്യം കൂടിയുണ്ട്- തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ ഹസാരെ വിശദീകരിച്ചത്.

മൗനവ്രതം വൈകാതെ അവസാനിപ്പിക്കാനുള്ള ആഗ്രഹം അടുത്ത അനുയായികളായ അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, കിരണ്‍ ബേദി എന്നിവരെ ഹസാരെ അറിയിച്ചു കഴിഞ്ഞു. തന്റെ ഗ്രാമമായ റാലേഗാന്‍ സിദ്ധിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം സംഘത്തിലെ പ്രധാനികളെ ധരിപ്പിച്ചത്. ഹസാരെയുടെ അഴിമതി വിരുദ്ധ സംഘത്തിന് സ്വന്തമായി ഭരണഘടന നിര്‍മിക്കാനും ഉന്നത സമിതി പുനഃക്രമീകരിക്കാനും കുടിക്കാഴ്ചയില്‍ ധാരണയായി. മനഃശാന്തി വേണമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ഹസാരെയുടെ മൗനവ്രതം ഒക്ടോബര്‍ 16-നാണ് തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക