Image

. 'നിന്റെ സഹോദരനെവിടെ?' ഉല്പത്തി 4, 9

Published on 04 January, 2014
. 'നിന്റെ സഹോദരനെവിടെ?' ഉല്പത്തി 4, 9
സാഹോദര്യത്തിന്റെ വിളി കേള്‍ക്കുവാനും, അതിനു പ്രതിബന്ധമായി നില്ക്കുന്ന കാര്യങ്ങള്‍
കൂടുതല്‍ മനസ്സിലാക്കുവാനും, അവയെ മറികടക്കുവാനുള്ള വഴികള്‍ കണ്ടെത്തുവാനും ദൈവികപദ്ധതി ചുരുളഴിയുന്ന വിശുദ്ധഗ്രന്ഥത്തിലേയ്ക്കാണ് എത്തിനോക്കേണ്ടത്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരും ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വായുടെയും പൊതുവായ പൈതൃകത്തില്‍നിന്നും ഉരുവായതാണെന്ന് ഉല്പത്തി പുസ്തകം പഠിപ്പിക്കുന്നു (ഉല്പത്തി 1, 26). അവരില്‍നിന്നും ജനിച്ച ഭൂമിയിലെ ആദ്യ സഹോദരന്മാരാണ് കായേനും ആബേലും. ആദ്യകുടുംബത്തിന്റെ ചരിത്രത്തില്‍നിന്നും സമൂഹത്തിന്റെയും വ്യക്തികളുടെയും പിന്നെ ജനതകളുടെയും പരസ്പരബന്ധത്തിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നു. ആബേല്‍ ഇടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. പ്രവൃത്തിയിലും സ്വഭാവത്തിലുമുള്ള വൈവിധ്യങ്ങള്‍ക്കും, ദൈവത്തോടും സൃഷ്ടികളോടും ബന്ധപ്പെട്ട രീതികള്‍ക്കുമപ്പുറം, അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതിയില്‍ അവര്‍ സഹോദരങ്ങളാണ്. ആബേലിനെ കൊലപ്പെടുത്തിയതോടെ കൂട്ടായിരിക്കുവാനും അവന്റെ കാവലാളായിരിക്കുവാനുമുള്ള മൗലികമായ സാഹോദര്യത്തിലേയ്ക്കുള്ള വിളി കായേന്‍ തിരസ്‌ക്കരിക്കുകയായിരുന്നു.

പരസ്പരം ആദരിച്ചും മാനിച്ചും സഹായിച്ചും ഈ ഭൂമിയില്‍ ജീവിക്കേണ്ടതും, എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞതും ക്ലേശപൂര്‍ണ്ണവുമായ സാഹോദര്യത്തിന്റെ ജീവിതമാണ് ഉല്പത്തിപ്പുസ്തകം കായേന്റെ ക്രൂരതയിലൂടെ വരച്ചുകാട്ടുന്നത് (ഉല്പത്തി 4, 116). തന്റെ അദ്ധ്വാനത്തിന്റെ നല്ലഭാഗം സമര്‍പ്പിച്ചതിനാല്‍ ആബേല്‍, കായേനെക്കാള്‍ ദൈവത്തിനു പ്രീതിതനായിത്തീരുന്നു. 'അവന്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ദൈവത്തിനു കാഴ്ചവച്ചു. ആബേലിലും അവന്റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്റെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചില്ല' (ഉല്പത്തി 4, 45). പിന്നെ ആബേലിനെ സഹോദരനായി സ്വീകരിക്കാനും, അവനോടു ഇടപഴകുവാനും കായേന്‍ വിസമ്മതിക്കുന്നു. ദൈവതിരുമുമ്പില്‍ അവനെ സഹോദരനായി മാനിക്കുവാനും, സംരക്ഷിക്കുവാനും അയാള്‍ വിമുഖനായിത്തീരുന്നു. അവസാനം, അസൂയമൂത്ത കായേന്‍ ആബേലിനെ ഒരു ദിവസം കൊലപ്പെടുത്തുന്നു. 'നിന്റെ സഹോദരന്‍, ആബേല്‍ എവിടെ?' എന്ന ചോദ്യത്തോടെ കായേന്റെ ക്രൂരതയ്ക്ക് ദൈവം കണക്കുചോദിക്കുന്നു. കായേന്‍ പ്രത്യുത്തരിച്ചു, 'എനിക്കറിഞ്ഞുകൂടാ, ദൈവമേ. ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ?' (ഉല്പത്തി 4,9). പിന്നെ ഉല്പത്തി പുസ്തകം പറയുന്നത് കായേന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും ഓടിയൊളിച്ചു എന്നാണ് (ഉല്പത്തി 4, 16).

കായേനെ ആബേലുമായി ഒന്നിപ്പിച്ചിരുന്ന പാരസ്പര്യത്തിന്റെയും കൂട്ടായ്മയുടെയും കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ്, സഹോദര്യത്തിന്റെ ബന്ധം വിച്ഛേദിക്കാന്‍ അവനെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തെണെന്ന് നമ്മോടുതന്നെ ചോദിക്കുന്നതു നല്ലതാണ്. 'നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം നിന്റെ വാതിലില്‍ പതിയിരിക്കുന്നു' (ഉലപ്ത്തി 4, 7) എന്നു പറഞ്ഞ ദൈവം, കായേന്റെ ഗൂഢാലോചനയെ ശാസിക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്നു. തിന്മയില്‍നിന്നും തിരിയുന്നതിനു പകരം,
കായേന്‍ തന്റെ സഹോദരനില്‍നിന്നും അകന്ന് തിന്മയുമായി സന്ധിചേരുകയും ദൈവത്തിന്റെ പദ്ധതിയെ പുച്ഛിക്കുകയുമാണ് ചെയ്തത്. (ഉല്പത്തി 4, 8). അങ്ങനെ ഈ ഭൂമിയില്‍ ദൈവപുത്രസ്ഥാനത്ത് സഹോദര്യത്തിലും സ്‌നേഹത്തിലും ജീവിക്കുവാനുള്ള മൗലികമായ വിളിയെ കായേന്‍ ധ്വംസിച്ചു.

സാഹോദര്യത്തിലേയ്ക്കുള്ള മനോഹരമായ വിളി മനുഷ്യനുണ്ടെങ്കിലും, അത് തിരസ്‌ക്കരിക്കുവാനുള്ള വളരെ നീചമായ മനോഭാവവും അവനുണ്ടെന്ന് കായേന്റെയും ആബേലിന്റെയും കഥ നമ്മെ പഠിപ്പിക്കുന്നു. ഇന്നു നമുക്കു ചുറ്റുംകാണുന്ന യുദ്ധത്തിന്റെയും അധര്‍മ്മത്തിന്റെയും മൂലകാരണം അനുദിന ജീവിതത്തിലുള്ള മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. കൂട്ടായ്മയിലൂടെയും പരാസ്പര്യത്തിലൂടെയും മനുഷ്യന്‍ സാഹോദര്യത്തിലേയ്ക്കു വിളിക്കപ്പെട്ടവനാണെന്ന സത്യത്തിനു കാതോര്‍ക്കാത്തവരുടെ കരങ്ങളില്‍ അവരുടെതന്നെ സഹോദരങ്ങള്‍ ഇന്ന് കൊലചെയ്യപ്പെടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക