Image

'നിങ്ങള്‍ സഹോദരങ്ങളാണ്' മത്തായി 23, 8.

Published on 04 January, 2014
'നിങ്ങള്‍ സഹോദരങ്ങളാണ്' മത്തായി 23, 8.
പിതാവായ ദൈവം മനുഷ്യമനസ്സുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സാഹോദര്യത്തിന്റെ ഉള്‍വിളിയോട് മനുഷ്യന്‍ പൂര്‍ണ്ണമായി പ്രത്യുത്തരിക്കുമോ, എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അപരനിലുള്ള വൈവിധ്യങ്ങള്‍ അംഗീകരിച്ച്, പരസ്പരമുള്ള നിസംഗതയുടെയും സ്വാര്‍ത്ഥതയുടെയും വൈരാഗ്യത്തിന്റെയും മനോഭാവം മറികടക്കാന്‍ മനുഷ്യന് സ്വന്തം കഴിവിനാല്‍ ആകുമോ?

ക്രിസ്തുവിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍, 'നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങളെല്ലാം സഹോദരന്മാരാണ്' (മത്തായി 23, 89). അങ്ങനെ വിശ്വസാഹോദര്യത്തിന്റെ അടിത്തറ ദൈവത്തിന്റെ പിതൃത്വമാണ്. പിതൃത്വം വ്യംഗ്യമോ അവ്യക്തമോ സാമാന്യമോ അല്ല, വളരെ സ്പഷ്ടവും അനിതരസാധാരണവുമായ യഥാര്‍ത്ഥ്യമാണ്. പിതാവായ ദൈവത്തിന് നമ്മോട് ഓരോരുത്തരോടുമുള്ള സ്‌നേഹത്തെക്കുറിച്ചാണ് സുവിശേഷകന്‍ ഇവിടെ പ്രതിപാദിക്കുന്നത് (മത്തായി 6, 2530). ഫലവത്തായ സാഹോദര്യം വളര്‍ത്തുന്നത് പിതൃത്വമാണ്. കാരണം, ദൈവസ്‌നേഹം നാം ഒരിക്കല്‍ അനുഭവിച്ചാല്‍, അത് ക്ലേശകരമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും നമ്മെ അപരനോട് ഒന്നിപ്പിക്കുകയും, ആഴമുള്ള പരസ്പരബന്ധത്തിലൂടെ ഐക്യദാര്‍ഢ്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുംവഴി സാഹോദര്യത്തിന് നവമായൊരു കാഴ്ചപ്പാടു ലഭിച്ചിട്ടുണ്ട്. മനുഷ്യന് സ്വയമേ ആവിഷ്‌ക്കരിക്കാനും ജീവിക്കാനും സാധിക്കാത്ത സാഹോദര്യത്തിന്റെ അടിത്തറയും പ്രഭവസ്ഥാനവും ക്രിസ്തുവിന്റെ കുരിശാണ്. പാപപങ്കിലമായ ലോകത്തെ വീണ്ടെടുക്കുവാന്‍ മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവപുത്രനായ ക്രിസ്തു കുരിശു മരണത്തോളം പിതാവിനു കീഴ്‌പ്പെട്ടു.

തന്റെ പരസ്യജീവിതത്തിന്റെ ആരംഭംമുതലേ പിതാവിന്റെ പദ്ധതി ക്രിസ്തു ഏറ്റെടുക്കുകയും, സകലത്തിനും ഉപരിയായി പിതൃഹിതം നിറവേറ്റുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. മരണത്തോളം പിതാവിനു കീഴ്‌പ്പെട്ട ക്രിസ്തു നമ്മുടെ ജീവിതങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകവും നവവുമായ മാനദണ്ഡമായി മാറുന്നു. നാം ഒരേ പിതാവിന്റെ മക്കളാകയാല്‍ ക്രിസ്തുവില്‍ സഹോദരങ്ങളായിത്തീരുന്നു. ക്രിസ്തുതന്നെയാണ് ഉടമ്പടി, ആകയാല്‍ ദൈവവുമായും മനുഷ്യരുമായും നാം അവിടുന്നിലാണ് അനുരഞ്ജിതരാകുന്നത്.

ദൈവം വാഗ്ദാനംചെയ്ത ഉടമ്പടിയുടെ ഭാഗമാകാന്‍ കഴിയാതെ ആശയറ്റു കഴിഞ്ഞിരുന്ന വിജാതിയരും ഉടമ്പടിയുടെ ജനതയും തമ്മില്‍ ചരിത്രത്തില്‍ ഉയര്‍ന്നുനിന്ന വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തത് ക്രിസ്തുവാണ്. പൗലോസ് അപ്പസ്‌തോലന്‍ എഫേസിയരോടു പറയുന്നതുപോലെ, ക്രിസ്തു സകലരെയും തന്നില്‍ അനുരഞ്ജിതരാക്കുന്നു. അവിടുന്നാണു സമാധാനം. ഭിന്നിച്ചിരുന്നവരെ ഒന്നാക്കുവന്‍ അവിടുന്ന് ശത്രുതയുടെ മതിലുകള്‍ തകര്‍ത്തു. അങ്ങനെ നവമായൊരു ജനതയെ ക്രിസ്തു തന്നോടു ചേര്‍ത്തുകൊണ്ട്, അവിടുന്ന് പുതിയ ആകാശവും പുതിയ ഭുമിയും സൃഷ്ടിച്ചു (എഫേ. 2, 1416).

ക്രിസ്തുവിനെ അംഗീകരിക്കുകയും അവിടുന്നില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ പിതാവായി അംഗീകരിക്കുകയും, അവിടുത്തേയ്ക്കു തങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, എല്ലാറ്റിനും ഉപരിയായി അവിടുത്തെ സ്‌നേഹിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുവില്‍ അനുരഞ്ജിതരായവര്‍ ദൈവത്തെ പിതാവായി കാണുകയും, തല്‍ഫലമായി സാഹോദര്യത്തിന്റെ ജീവിതം നയിക്കുകയും ചെയ്യുന്നു. അവര്‍ അപരനെ ഒരിക്കലും പ്രതിയോഗിയോ ശത്രുവോ ആയിട്ടല്ല, ദൈവപുത്രനും പുത്രിയുമായി സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ജീവിതങ്ങള്‍ അലക്ഷൃമായി 'വലിച്ചെറിയാവുന്നതല്ല', എന്തെന്നാല്‍ വിശ്വവേദിയായ കുടുംബത്തില്‍ ഏവരും ദൈവപിതാവിന്റെ മക്കളാണ്. അവര്‍ ക്രിസ്തുവില്‍ ഒന്നായിരിക്കുന്നു. അങ്ങനെ സകലരും ക്രിസ്തുവില്‍ അതുല്യവും പവിത്രവുമായ അന്തസ്സ് ആസ്വദിക്കുന്നുണ്ട്. ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണു നാം. അതുകൊണ്ടുതന്നെ ആര്‍ക്കും അവരുടെ സഹോദരങ്ങളോട് നിസംഗരായിരിക്കുവാനോ, ഭിന്നിച്ചിരിക്കുവാനോ സാദ്ധ്യമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക