Image

യുഎസില്‍ ഹിമക്കാറ്റ്‌ തുടരുന്നു: മരണം 11 ആയി (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 01 November, 2011
യുഎസില്‍ ഹിമക്കാറ്റ്‌ തുടരുന്നു: മരണം 11 ആയി (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: നിനച്ചിരിക്കാതെയുണ്‌ടായ മഞ്ഞുവീഴ്‌ചയും കാറ്റും അമേരിക്കയുടെ കിഴക്കന്‍ തീരത്തെ 28 ലക്ഷം പേരെ ദുരിതത്തിലാക്കി. വിവിധ സ്ഥലങ്ങളിലായി 11 പേര്‍ മരിച്ചു. മേരിലാന്‍ഡ്‌ മുതല്‍ മസാച്ചുസെറ്റ്‌സ്‌ വരെ 30 ലക്ഷം വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടു. മണിക്കൂറില്‍ 111 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുന്ന കാറ്റില്‍ 31 ഇഞ്ചിലേറെ കനത്തിലാണ്‌ റോഡുകളില്‍ മഞ്ഞ്‌ വീണുകിടക്കുന്നത്‌.

ഞായറാഴ്‌ച വീശാന്‍ തുടങ്ങിയ ഹിമക്കാറ്റ്‌ വടക്കോട്ട്‌ നീങ്ങിക്കൊണ്‌ടിരിക്കുകയാണ്‌. ന്യൂജേഴ്‌സി, കണക്ടിക്കട്ട്‌, മസാച്ചുസെറ്റ്‌സ്‌, ന്യുയോര്‍ക്കിന്റെ ചിലഭാഗങ്ങള്‍ എന്നിവടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റെയില്‍, വ്യോമഗതാഗതത്തെയും ഹിമപാതം പ്രതികൂലമായി ബാധിച്ചു. 135 വര്‍ഷത്തിനിടെ മൂന്നാം തവണയാണ്‌ ഒക്ടോബറില്‍ ന്യുയോര്‍ക്കില്‍ ഇത്ര കനത്ത മഞ്ഞു വീഴ്‌ചയുണ്‌ടാകുന്നത്‌.

ഗൂഗിളിന്‌ വെല്ലുവിളി ഉയര്‍ത്തി ആപ്പിളിന്റെ സിരി

കാലിഫോര്‍ണിയ: ആപ്പിള്‍-ഗൂഗിള്‍ യുദ്ധം പുതിയതലത്തിലേക്ക്‌ നീങ്ങുന്നതായി സൂചന. ഐഫോണ്‍ 4 എസിലെ `സിരി' എന്ന സാങ്കേതികവിദ്യയാണ്‌ സേര്‍ച്ച്‌ എഞ്ചിന്‍ വിപണിയിലെ ഗൂഗിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നത്‌. ഉപയോക്താവിന്റെ ആവശ്യമനുസരിച്ച്‌ വോയ്‌സ്‌ കമാന്‍ഡിലൂടെ നിയന്ത്രിക്കാവുന്ന സംവിധാനമാണ്‌ സിരി. കഴിഞ്ഞില്ല സംശയമുള്ള കാര്യങ്ങള്‍ ഉപയോക്താവിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും ചെയ്യും ആപ്പിളിന്റെ `സിരി'. അതുകൊണ്‌ടു തന്നെ 'സിരിയാണ്‌ സെര്‍ച്ചിന്റെ ഭാവി' എന്നാണ്‌ ടെക്‌ ലോകത്തിന്റെ പുതിയ വിലയിരുത്തല്‍.

രണ്‌ടാഴ്‌ച മുമ്പ്‌ പുറത്തിറങ്ങിയ ഐഫോണ്‍ 4 എസിലെ പുതിയ സര്‍വീസായ സിരി ഒരു ഡിജിറ്റല്‍ സഹായി ആണെങ്കിലും ഇത്‌ യഥാര്‍ഥ സഹായി ഒരാള്‍ക്ക്‌ എന്തൊക്കെയാണോ അതുപോലെയാണ്‌ പ്രവര്‍ത്തിക്കുകയെന്നാണ്‌ ആപ്പിള്‍ പറയുന്നത്‌. മുന്നിലുള്ള വ്യക്തിയോടെന്ന പോലെ നിങ്ങള്‍ക്ക്‌ സിരിയുടെ സഹായത്തോടെ ഐഫോണിനോട്‌ സംസാരിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംശയമുള്ള കാര്യങ്ങള്‍ ഫോണ്‍ നിങ്ങളോട്‌ തിരിച്ച്‌ ചോദിച്ചു മനസിലാക്കും. എന്നിട്ട്‌ നിങ്ങളുടെ ആവശ്യം നിറവേറ്റും. പിന്നെ എങ്ങനെ ഗൂഗിള്‍ `സിരി'യെ ഭയക്കാതിരിക്കുമെന്നാണ്‌ ടെക്‌ ലോകം ചോദിക്കുന്നത്‌.

ഹെര്‍മന്‍ കെയ്‌നിനെതിരെ ലൈംഗികാരോപണം

വാഷിംഗ്‌ടണ്‍: 2012ല്‍ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥിയാവാന്‍ മല്‍സര രംഗത്തുള്ള ഹെര്‍മന്‍ കെയ്‌നെതിരെ ലൈംഗികാരോപണം. അദ്ദേഹത്തിന്റെ ബിസിനസ്‌ ഗ്രൂപ്പില്‍ ജോലിചെയ്‌തിരുന്ന രണ്‌ടു സ്‌ത്രീകളാണ്‌ കെയ്‌ന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌. എന്നാല്‍ ആരോപിക്കപ്പെട്ട പെരുമാറ്റം അടുത്തകാലത്തെങ്ങുമല്ല. 1990കളില്‍ കെയ്‌ന്‍ നാഷനല്‍ റസ്‌റ്ററന്റ്‌ അസോസിയേഷന്‍ തലവനായി പ്രവര്‍ത്തിക്കുമ്പോഴാണ്‌.

സംഭവത്തെ തുടര്‍ന്ന്‌ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ട്‌ പണം കൈപ്പറ്റി ഇരുവരും പിരിഞ്ഞു. വിട്ടുപോകുന്നതിന്റെ കാരണം പുറത്തുപറയരുതെന്നും കരാറില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നുവത്രേ. `പൊളിറ്റിക്കോ' ആണു സ്‌ത്രീകളുടെ പേരു വെളിപ്പെടുത്താതെ ഈ വാര്‍ത്ത പുറത്തുവിട്ടത്‌. കെയ്‌നിന്റെ സ്‌ഥാനാര്‍ഥിത്വശ്രമങ്ങളെ ദുര്‍ബലപ്പെടുത്താന്‍ തെളിവൊന്നുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ്‌ ഈ സ്‌ത്രീകളെന്ന്‌ അദ്ദേഹത്തിന്റെ പ്രചാരണവിഭാഗം പ്രതികരിച്ചു. മാസച്ചുസെറ്റ്‌സ്‌ ഗവര്‍ണര്‍ മിറ്റ്‌ റോമ്‌നെയാണ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിത്വത്തിന്‌ കെയ്‌നിന്റെ മുഖ്യ എതിരാളി. നേരത്തെ ഔദ്യോഗിക സ്‌ഥാനങ്ങളൊന്നും വഹിച്ചിട്ടില്ലെങ്കിലും അഭിപ്രായ വോട്ടെടുപ്പുകളില്‍ കെയ്‌ന്‍ ലീഡ്‌ ചെയ്യവെയാണ്‌ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയ യുഎസ്‌ സൈനികന്‌ തടവ്‌

സോള്‍: കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുഎസ്‌ സൈനികന്‌ ദക്ഷിണ കൊറിയയിലെ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഈ കേസുമായി ബന്ധപ്പെട്ട്‌ വിവാദം യുഎസ്‌ നയതന്ത്ര കേന്ദ്രങ്ങളുടെ ക്ഷമാപണത്തിന്‌ ഇടയാക്കിയിരുന്നു. ഡോംഗ്‌ഡുചിയോനിലെ പതിനെട്ടുകാരിയെ പല തവണ മാനഭംഗത്തിന്‌ ഇരയാക്കിയെന്നതാണ്‌ കേസ്‌. സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികനെ യുഎസ്‌ സേന ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കൈമാറുകയായിരുന്നു. യുഎസ്‌ സെക്കന്‍ഡ്‌ ഇന്‍ഫന്ററി ഡിവിഷന്റെ ബേസ്‌ പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയന്‍ അതിര്‍ത്തി മേഖല കൂടിയാണ്‌ ഡോങ്‌ഡുചിയോന്‍. കഴിഞ്ഞ മാസം ദക്ഷിണ കൊറിയ സന്ദര്‍ശിച്ച യുഎസ്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി കുര്‍ട്‌ കാംപ്‌ബെല്‍ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.

28,500 ഓളം യുഎസ്‌ സൈനികര്‍ ദക്ഷിണ കൊറിയയിലെ സൈനിക ബേസുകളില്‍ സേവനമനുഷ്‌ഠിക്കുന്നുവെന്നാണ്‌ കണക്കുകള്‍. യുഎസ്‌ സേനാ സാന്നിധ്യം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കുന്നുണെ്‌ടങ്കിലും ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി തടയാന്‍ ഈ സാന്നിധ്യം ആവശ്യമാണെന്നും പൊതു വിലയിരുത്തലുണ്‌ട്‌.

ഗൂഗിള്‍ മാപ്പ്‌സ്‌ ഇനി അകത്തളങ്ങളിലേക്കും

സാന്‍ഫ്രാന്‍സിസ്‌കോ: സ്‌ട്രീറ്റ്‌ വ്യൂ അഥവാ തെരുവുകളുടെ കാഴ്‌ച വരെയെത്തിയ ഗൂഗിള്‍ മാപ്പ്‌സ്‌ അടുത്ത പടി കടക്കുന്നു. കടകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍ തുടങ്ങി ചെറുകിട ബിസിനസ്‌ സ്‌ഥാപനങ്ങളുടെ ഉള്‍ക്കാഴ്‌ചയാണ്‌ ഗൂഗിളിന്റെ സൗജന്യ സേവനമായ ഗൂഗിള്‍ മാപ്പ്‌സ്‌ നല്‍കിത്തുടങ്ങിയത്‌. എപ്രിലില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ തുടങ്ങിയ ഈ സംവിധാനം പച്ചപിടിച്ചു തുടങ്ങിയെന്നാണ്‌ ഗൂഗിളിന്റെ വിലയിരുത്തല്‍. കടയുടമകളും മറ്റും സ്വമേധയാ നല്‍കുന്ന ചിത്രങ്ങളാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. 360 ഡിഗ്രി കാഴ്‌ച ഉള്‍പ്പെടുന്ന ഈ സംവിധാനം ആവേശകരമായ പ്രതികരണമാണ്‌ ഉളവാക്കുന്നതെന്ന്‌ ഗൂഗിള്‍ വക്‌താവ്‌ ഡയനാ യിക്ക്‌ പറഞ്ഞു.

ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്‌, അമേരിക്ക തുടങ്ങിയ സ്‌ഥലങ്ങളിലെ ചെറുകിട വ്യാപാരസ്‌ഥാപനങ്ങളാണ്‌ ഗൂഗിളിന്റെ സ്‌ട്രീറ്റ്‌ വ്യൂ ഫൊട്ടോഗ്രഫര്‍മാരെ അവരുടെ സ്‌ഥാപനങ്ങള്‍ക്കുള്ളിലെ ദൃശ്യങ്ങള്‍ കൂടി പകര്‍ത്താന്‍ അനുവദിച്ച്‌ അവ ഗൂഗിള്‍ മാപ്പ്‌സില്‍ ഉള്‍പ്പെടുത്തിയത്‌. ഉപഭോക്‌താക്കള്‍ക്ക്‌ സ്‌ഥാപനങ്ങള്‍ക്കുള്ളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായി വിലയിരുത്താന്‍ ഈ സൗകര്യം ഉപകാരപ്രദമാകുമെന്നും ഗുഗിള്‍ വക്‌താവ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്‌ട്രീറ്റ്‌ മാപ്പിങ്ങില്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങളില്‍ വരുന്ന വ്യക്‌തികളുടെ മുഖങ്ങള്‍ സ്വകാര്യതാ സംബന്ധമായ ആശങ്കകളെത്തുടര്‍ന്ന്‌ മങ്ങിയതാക്കാന്‍ ഗൂഗിള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.

ബ്രിട്ടന്‍, തുര്‍ക്കി യാത്ര ഹിലരി ഉപേക്ഷിച്ചു

വാഷിംഗ്‌ടണ മാതാവിന്റെ മോശം ആരോഗ്യസ്‌ഥിതി പരിഗണിച്ച്‌ ബ്രിട്ടനിലേക്കും തുര്‍ക്കിയിലേക്കും നടത്താനിരുന്ന യാത്ര യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഉപേക്ഷിച്ചതായി സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്‌മെന്റ്‌ വക്‌താവ്‌ അറിയിച്ചു. യാത്ര ഉപേക്ഷിച്ച്‌ വാഷിംഗ്‌ടണില്‍ മാതാവിനൊപ്പം തുടരാനാണ്‌ ഹിലരിയുടെ തീരുമാനം. ലണ്‌ടനില്‍ സൈബര്‍ സുരക്ഷ സംബന്ധമായ സമ്മേളനത്തിലും ഇസ്‌താംബൂളില്‍ അഫ്‌ഗാനിലെ സുരക്ഷ സംബന്ധിച്ച യോഗത്തിലുമാണ്‌ ഹിലരി പങ്കെടുക്കാനിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക