Image

ഗാഡ്ഗില്‍ സമിതിയംഗങ്ങളുടെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Published on 08 January, 2014
 ഗാഡ്ഗില്‍ സമിതിയംഗങ്ങളുടെ വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: ഗാഡ്ഗില്‍ സമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചവരുടെയും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യക്തികളുടെയും ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും വിദേശബന്ധങ്ങളും സാമ്പത്തിക സ്രോതസുകളും അന്വേഷണവിധേയമാക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍.

    ലോകബാങ്ക്, യൂറോപ്യന്‍ കമ്മീഷന്‍, കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍, ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി, ഫ്രാന്‍സ് ഡെവലപ്പ്‌മെന്റ് ഫെസിലിറ്റി എന്നിവയുടെ സംയുക്തസംരംഭമായ ക്രിട്ടിക്കല്‍ എക്കോസിസ്റ്റം പാര്‍ട്ട്ണര്‍ഷിപ്പ് ഫണ്ട് (സിഇപിഎഫ്) എന്ന വിദേശ സാമ്പത്തിക ഏജന്‍സിയാണ് പശ്ചിമഘട്ടത്തില്‍ വന്‍ സാമ്പത്തിക നിക്ഷേപം ഇതിനോടകം നടത്തിയിരിക്കുന്നത്.  ഇവരില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതിവാദികളും പശ്ചിമഘട്ട സംരക്ഷണത്തിന്റെപേരില്‍ സഹായം സ്വീകരിച്ചതായി വ്യക്തമായ കണക്കുകളുണ്ട്.  സിഇപിഎഫ് -ന്റെ അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടവിദഗ്ദ്ധ സമിതിയുമായി സഹകരിച്ചവരില്‍ പലരും സിഇപിഎഫ്‌ന്റെ സഹായം സ്വീകരിച്ചവരാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ഗൗരവമായി കാണണം.  ഗാഡ്ഗില്‍ സമിതിയുടെ ഗൂഢലക്ഷ്യം പശ്ചിമഘട്ടസംരക്ഷണമായിരുന്നില്ലെന്നും ഇതിന്റെ മറവില്‍ വിദേശകാര്‍ബണ്‍ പണമായിരുന്നുവെന്നും വ്യക്തമാക്കുന്ന ഒട്ടനവധി രേഖകളും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

    സിഇപിഎഫ്-ല്‍ നിന്ന് കാലങ്ങളായി വന്‍തുകകള്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ സ്വീകരിച്ച ബാംഗ്ലൂര്‍ ആസ്ഥാനമായ അശോക ട്രസ്റ്റിന്റെ അഡൈ്വസറി ബോര്‍ഡംഗമായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ഡോ.ജയറാം രമേശ്.  2010 മാര്‍ച്ച് 4ന് ഡോ.ജയറാം രമേശാണ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി പശ്ചിമഘട്ട വിദഗ്ദ്ധ സമിതി രൂപീകരിച്ചത്.  സമിതിയുടെ പ്രവര്‍ത്തനങ്ങളിലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലും സിഇപിഎഫ്-ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ലോകപൈതൃകസമിതിയുടെ നിബന്ധനകള്‍ക്കും അശോക ട്രസ്റ്റിന്റെ പങ്കാളിത്തത്തിനും വ്യക്തമായ തെളിവുകളുണ്ട്.  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിവിധ പരിസ്ഥിതി കമ്മറ്റികളില്‍ ഉന്നതസ്ഥാനം വഹിച്ചവര്‍ സിഇപിഎഫ്-ന്റെ പശ്ചിമഘട്ടത്തിലെ നിക്ഷേപപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് സാമ്പത്തികസഹായം സ്വീകരിച്ചിട്ടുണ്ട്. സിഇപിഎഫ്-നെ കൂടാതെ ജപ്പാന്‍ കേന്ദ്രമായ കെഎന്‍സിഎഫ്, ബ്രിട്ടണിലെ റഫോര്‍ഡ് ഫൗണ്ടേഷന്‍, അമേരിക്കയിലെ വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി (ജിഇഎഫ്) എന്നീ വിദേശ രാജ്യ ഏജന്‍സികളില്‍ നിന്ന് ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ വന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്.  വിദേശരാജ്യങ്ങളുടെ പശ്ചിമഘട്ട സംരക്ഷണതാല്‍പര്യങ്ങളുടെ പിന്നാമ്പുറങ്ങള്‍ പൊതുസമൂഹത്തിന് ഇതിനോടകം ബോധ്യപ്പെട്ടിരിക്കുമ്പോള്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും ഹരിതവാദികളുടെയും രഹസ്യഅജണ്ടകള്‍ ജനം തിരിച്ചറിയും. 

    പശ്ചിമഘട്ടമൊന്നാകെ വിദേശശക്തികള്‍ക്ക് തീറെഴുതപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ കമ്മിറ്റി രൂപീകരണവും, സമര്‍പ്പിച്ച റിപ്പോര്‍ട്ടും, സമയബന്ധിത നടപടികളില്ലാതെ വലിച്ചുനീട്ടുന്ന ചര്‍ച്ചകളും പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രമായിരുന്നുവെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 
   
ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി

Join WhatsApp News
Cyriac Scaria 2014-01-08 16:20:13
"Intellectual corruption" is the new business model which many of our "elete" personalities shamelessly embraced upon.whether its the nutrition story of complain/horlicks  or its about new drug studies/thesis development  "intellectual corruption" has different faculties.its a global phenomenon and countries like India is a safe haven for its proponents.if any one can unravel the financial numbers involved in kastoori/gadgilgate that will be a big help!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക