Image

വിസ്‌മൃതിയിലെ നാമ്പുകള്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 11 January, 2014
വിസ്‌മൃതിയിലെ നാമ്പുകള്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)
ബാല്യകാലങ്ങള്‍ എവിടെ കൊഴിഞ്ഞുപോയ്‌?
കൗമാരപ്രായവും കളഞ്ഞുപോയ്‌ എവിടെയോ
എത്രയോ സംവത്സരങ്ങള്‍ പിന്നിട്ടു ഞാന്‍
ഭൂമിയില്‍ എത്രയോ കാതങ്ങള്‍, ദൂരവും പിന്നിട്ടു
പല,പല ഭാവങ്ങളുണര്‍ത്തും കടലുകള്‍ പിന്നിട്ടു
ഒടുവില്‍ ഞാന്‍ എത്തിയെന്‍ വള്ളുവനാട്ടില്‍....

ബാല്യകാല സ്‌മരണകള്‍ വീണ്ടുമെന്‍ സ്‌മൃതികളില്‍
ഇന്നും, കിഴക്കു വെള്ളികീറുംപോലെ പൊട്ടിവിടരുന്നു
ആ വര്‍ണ്ണരാജികള്‍ പരത്തും ശോഭയില്‍
ഞാനിന്നെന്റെ നാടിന്റെ ഗന്ധം ശ്വസിക്കുന്നു.

അന്നുള്ള നമ്മള്‍തന്‍ കൊച്ചു പള്ളിക്കൂടത്തിന്റെ
ഓരം ചേര്‍ന്നുള്ളൊരിടവഴിയിലൂടെന്നും....
ഒഴുകു നടന്നൊരെന്‍ കൊച്ചു പൂമ്പാറ്റയ്‌ക്കു
അന്ന്‌ രണ്ട്‌ പാല്‍കവിളുകള്‍ ഉണ്ടായിരുന്നു.

ഓമനേ....ഞാന്‍ ഇന്നും കാണാന്‍ കൊതിക്കുന്ന
നിന്‍ പാല്‍കവിളിണകള്‍, എവിടെ കളഞ്ഞുപോയ്‌?
ഒരു ദേവനായ്‌ വിടര്‍ന്നൊരു പൂജാമലര്‍
നീ എന്തിനായിട്ടൊളിപ്പിച്ചുവച്ചു.....

പിന്നെ, പൂജതന്‍ നേരവും മറന്നുപോയോ നീ?
നിന്നെയൊട്ടാരുമതു ഓര്‍മ്മിപ്പിച്ചതുമില്ലേ?
കാലത്തിന്‍ ഘടികാര സൂചികള്‍ മുറപോലെ
പിന്നെയും എത്രയോ കാലം കറങ്ങി നീങ്ങി.

പണ്ടെത്ര കണ്‍കുളിര്‍ക്കെ കണ്ടു നിന്‍ പാല്‍ കവിളിണകള്‍
നിന്നെയോര്‍ത്തിട്ടെത്രയോ നിവൃതികൊണ്ടു ഞാന്‍
എന്നിട്ടും ഇഷ്‌ടമാണെന്നന്ന്‌ ഞാന്‍ പറഞ്ഞില്ലി നിന്നോടും....
പിന്നെ ഇഷ്‌ടമല്ലെന്ന്‌ നീയും പറഞ്ഞില്ല.

എത്രയോ സംവത്സരങ്ങള്‍ താണ്ടി, ഇന്നെത്തി നിന്‍മുന്നില്‍
വീണ്ടും കണ്ടുമുട്ടി, നാം ഈ സായംസന്ധ്യയില്‍
ഉല്‍ക്കടമായോരെന്‍ അഭിലാഷ പാല്‍ത്തിരകള്‍
നിന്‍ പാല്‍ കവിളിണകള്‍ തഴുകി തലോടട്ടെ.

നീലിമ വറ്റാത്ത നിന്‍ കണ്ണില്‍ നോക്കി ഞാന്‍
ഇന്നു സങ്കോചമില്ലാതെ ചൊല്ലീടട്ടെ സഖീ...

`അന്നും നിന്നെ എനിക്കിഷ്‌ടമായിരുന്നു.
വിസ്‌മൃതിയിലെ നാമ്പുകള്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)വിസ്‌മൃതിയിലെ നാമ്പുകള്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)
Join WhatsApp News
വിദ്യാധരൻ 2014-01-11 17:30:45
ചികഞ്ഞുനോക്കിൽ കാണാമെല്ലാ ഹൃത്തടത്തിലും 
സുഷപ്തിയിലാണ്ട് കിടക്കുന്ന പ്രണയ സ്മരണകൾ 
അടുത്തിടക്കതൊരു നിശ്വാസമായി പുറത്തുവന്നപ്പോൾ 
ഭാര്യ ചോദിച്ചു എന്ത് പറ്റി ചേട്ടാ 
"ഗ്യാസ് ട്രബ് ളായിരിക്കും" ഞാൻ പറഞ്ഞു 
കഴിച്ചിടൂ രണ്ടു 'ടം' ഗുളിക കുറവ് കിട്ടും അവൾ പറഞ്ഞു. 
കഴിഞ്ഞകാല സ്മരണകൾ കൈകാൽ നീട്ടി 
പുറത്തു ചാടാതിരുന്നാൽ മതിയായിരുന്നു 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക