Image

ജി-20: പ്രധാനമന്ത്രി കാനിലേക്ക് യാത്രതിരിച്ചു

Published on 02 November, 2011
ജി-20: പ്രധാനമന്ത്രി കാനിലേക്ക് യാത്രതിരിച്ചു
ന്യൂഡല്‍ഹി: നവംബര്‍ മൂന്നിനും നാലിനും കാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രതിരിച്ചു. കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ നികുതിവിവരങ്ങള്‍ സ്വമേധയാ കൈമാറുന്നതിനുള്ള വ്യവസ്ഥ ഇത്തവണത്തെ ജി-20യില്‍ ചര്‍ച്ചാവിഷയമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നു. ഇതു സംബന്ധിച്ച് ഒരു രൂപരേഖ കേന്ദ്രസര്‍ക്കാര്‍ ഫ്രാന്‍സിന് കൈമാറിയിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ വഴികള്‍ അടയ്ക്കാനുള്ള ചില നിര്‍ദേശങ്ങളും ഇന്ത്യ മുന്നോട്ടുവെക്കും. പൊതുവേ യൂറോപ്പിലെ സാമ്പത്തികമാന്ദ്യമായിരിക്കും സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം.

ലോകത്തെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 85 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന 20 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. സാമ്പത്തികമാന്ദ്യഭീഷണി നിലവിലുള്ളപ്പോള്‍, രാജ്യങ്ങള്‍ സ്വന്തം സമ്പദ്ഘടനയുടെ സംരക്ഷണത്തിനായി വ്യാപാര തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കും. 2008-ല്‍ വാഷിങ്ടണിലാണ് ജി 20-ന്റെ ആദ്യ ഉച്ചകോടി നടന്നത്. കാനില്‍ നടക്കുന്നത് ആറാമത്തെ ഉച്ചകോടിയാണ്. 2008 മുതല്‍ തുടര്‍ച്ചയായി എല്ലാ ജി-20 ലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പങ്കെടുത്തിട്ടുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസിയാണ് ഈ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ചൈന പ്രസിഡന്റ് ഹുജിന്റാവോ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പ്രധാന മധ്യസ്ഥന്‍ (ഷെര്‍പ എന്നാണ് ഇതിനു പറയുക) ആയി ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടേക്‌സിങ് അലുവാലിയ സംഘത്തോടൊപ്പമുണ്ട്. ബ്രസീല്‍, യു.എസ്., കാനഡ, ചൈന, അര്‍ജന്റീന, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ജര്‍മനി, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദിഅറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി-20ലെ മറ്റ് പങ്കാളികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക